പ്രദീപ് പേരശ്ശനൂര്‍ എഴുതിയ കഥ AI Image
Pen Drive

ശരിക്കും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീശന്റെ മരണം എങ്ങനെയാണ് സംഭവിച്ചത്?

സൂകരവേട്ട - പ്രദീപ് പേരശ്ശനൂര്‍ എഴുതിയ കഥ

Author : പ്രദീപ് പേരശ്ശനൂര്‍

1

കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന പ്രമാദമായൊരു ക്രൈമിന്റെ വിവരണമാണിത്. ക്രൈമിന്റെ സ്‌ക്രിപ്റ്റ്, ആസൂത്രണം, നടത്തിപ്പ്... ഇതിലെല്ലാം തികഞ്ഞ കയ്യടക്കം പാലിക്കപ്പെട്ട ഈ സംഭവം സിനിമ, നോവല്‍ തുടങ്ങിയ ആവിഷ്‌കാരങ്ങള്‍ക്ക് നല്ല സാധ്യതയുള്ളതാണ്.

പേരാവൂര്‍ പഞ്ചായത്തിലെ മുരിങ്ങോടിയില്‍ മാര്‍ച്ച് പതിനേഴിന് വിളകള്‍ നശിപ്പിക്കുന്ന പന്നികളെ വെടിവെക്കാന്‍ ചാക്കോ എന്ന ലൈസന്‍സ്ഡ് ഷൂട്ടര്‍ എത്തുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തന്നെ ഏര്‍പ്പാട് ചെയ്തതാണ്. സാധാരണ, പന്നികളെ വെടിവെച്ചു കൊല്ലുന്ന ഏര്‍പ്പാട് ഒരു ഷൂട്ടര്‍ക്ക് ഒറ്റക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. നാട്ടുകാരുടെ സഹകരണം കൂടി വേണം. പന്നി ഏറെ അപകടകാരിയും വേഗതയുമുള്ള മൃഗമാണ്. വെടിയേറ്റാലും കുറെ നേരം അക്രമാസക്തമാകും. അത്തരം ഉദ്യമത്തിന് പ്രദേശത്തെപ്പറ്റി നല്ല ധാരണയുള്ള സാഹസികരും കരുത്തരുമായ ചെറുപ്പക്കാര്‍ തന്നെ ഷൂട്ടര്‍ക്കൊപ്പം വേണം. മിക്കവാറും ഏതെങ്കിലും യുവജന സംഘടനകളുടെ അംഗങ്ങളും രാഷ്ട്രീയക്കാരായ ചെറുപ്പക്കാരുമെക്കെയാണ് ഇതിന് സഹായിക്കുക. സമൂഹത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒരു അവസരമായി കണ്ട് ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാറുണ്ട്. രാത്രി ഒരു പത്തിന് ശേഷമൊക്കെയാണ് പന്നിവേട്ട നടക്കുക. അതിന് മുമ്പുതന്നെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. വെടി ശബ്ദം കേട്ടാലും പന്നിയുടെ രോദനവും പരക്കം പാച്ചിലുമുണ്ടായാലുമൊന്നും ആരും പുറത്തിറങ്ങരുത്.

അന്ന് ഷൂട്ടര്‍ ചാക്കോയെ സഹായിക്കാന്‍ മുരിങ്ങോടിയില്‍ പതിനൊന്ന് പേര്‍ രംഗത്തിറങ്ങി. എല്ലാവരും പാര്‍ട്ടി പ്രവര്‍ത്തകരാണ്. ചാക്കോ പഞ്ചായത്തില്‍ കൊടുത്തിരുന്ന കണക്ക് പ്രകാരം ഏഴ് ഷെല്‍ വെടിവെപ്പ് നടക്കുകയും പതിമ്മൂന്ന് മുഴുത്ത പന്നികള്‍ ചാവുകയും ചെയ്തിരുന്നു.

പന്നിവേട്ടയുടെ പിറ്റേന്ന് രാവിലെയാണ് സംഭവത്തിന്റെ ഗതി മാറിയത്. തലേന്ന് രാത്രി ചാക്കോയെ സഹായിക്കാന്‍ കൂടിയ സംഘത്തിലെ ശ്രീശന്‍ എന്ന ചെറുപ്പക്കാരന്‍ വെടിയേറ്റ് നേന്ത്രവാഴത്തോട്ടത്തിന് സമീപം മരിച്ച് കിടക്കുന്നു. പന്നിവേട്ട എന്ന അഡ്വഞ്ചറില്‍ ചാക്കോയില്‍ നിന്ന് അബദ്ധത്തില്‍ വെടി കൊണ്ടാണ് മരണം!

സംഭവം ഒച്ചപ്പാടായി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചാക്കോയുടെ പശ്ചാത്തലം, ഗണ്‍ ലൈസന്‍സ് ഒക്കെ പൊലീസ് പരിശോധിച്ചു. ചാക്കോ വിമുക്തഭടനാണ്. ലൈസന്‍സ് കൃത്യമായി പുതുക്കിയിട്ടുണ്ട്. സന്നദ്ധസേവനം എന്ന നിലയിലാണ് പഞ്ചായത്തുമായി സഹകരിച്ച് ഷൂട്ടിങ്ങിനിറങ്ങുന്നത്. തികഞ്ഞ ഉന്നക്കാരനാണ്. പേരാവൂര്‍ പഞ്ചായത്തിലെ പല വാര്‍ഡിലും മുമ്പ് പന്നിവേട്ട നടത്തിയിട്ടുമുണ്ട്. ചാക്കോക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. ചാക്കോയും ശ്രീശനും തമ്മില്‍ മുന്‍പരിചയവുമില്ല.

ശ്രീശന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. നെഞ്ചത്തും അടിവയറിലുമായി മൂന്ന് പെല്ലറ്റുകള്‍ തുളച്ചു കയറിയിട്ടുണ്ട്. പന്നിയുടെ പിന്നാലെ ഓടുമ്പോള്‍ ശ്രീശന്‍ എങ്ങനെയോ മുമ്പില്‍ തോക്കിന്റെ റേഞ്ചില്‍ പെട്ടിട്ടുണ്ടാവും. അങ്ങനെയാകാം ചിതറിയ മൂന്ന് പെല്ലറ്റുകള്‍ ദേഹത്ത് തറച്ചത്. ഷൂട്ടര്‍ ചാക്കോയുടെ 12 ബോര്‍ സിംഗിള്‍ ബാരല്‍ ഷോട്ട് ഗണ്ണിലെ അതേ പെല്ലറ്റുകള്‍ തന്നെയാണ് മൃതശരീരത്തില്‍ നിന്ന് കിട്ടിയത്. സംഗതി അബദ്ധത്തില്‍ പറ്റിയത് തന്നെ. മറ്റ് ദുരൂഹതകള്‍ ഇല്ല.

പാര്‍ട്ടി പ്രവര്‍ത്തകനായതുകൊണ്ട് ഒരുതരം രക്തസാക്ഷി പരിവേഷമാണ് ശ്രീശന് കിട്ടിയത്. വലിയ ജനപങ്കാളിത്തത്തോടെ മൃതദേഹം സംസ്‌കരിച്ചു.

എന്നാല്‍ മരണം മൂന്നാംമാസം പിന്നിട്ടപ്പോള്‍ ശ്രീശന്റെ കുടുംബം പാര്‍ട്ടിതലത്തില്‍ ജില്ലാ സെക്രട്ടറിക്ക് ഒരു പരാതി നല്‍കി. ശ്രീശന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ട്. അത് അബദ്ധത്തില്‍ സംഭവിച്ചതല്ല. കൊലപാതകമാണ് എന്ന് സംശയിക്കുന്നു. പാര്‍ട്ടി പാര്‍ട്ടിയുടേതായി രീതിയില്‍ അന്വേഷണം നടത്തിയിട്ട് അത് തള്ളുകയാണ് ചെയ്തത്. പക്ഷേ ശ്രീശന്റെ പിതാവ് കുട്ടിശങ്കരക്കുറുപ്പ് എസ്പിക്ക് നേരിട്ട് പരാതി നല്‍കി.

അപ്രകാരം സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു.

ശരിക്കും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീശന്റെ മരണം എങ്ങനെയാണ് സംഭവിച്ചത്?

2

ശ്രീശന്‍ മരിക്കുമ്പോള്‍ മുപ്പത്തിയെട്ട് വയസ്സ്. വിവാഹിതന്‍. മുറപ്പെണ്ണിനെ തന്നെയാണ് പങ്കാളിയാക്കിയത്. രണ്ടു കുട്ടികള്‍. എല്‍ഐസി ഏജന്റൊയിരുന്നു കക്ഷി. എന്നാല്‍ പ്രധാന മേഖല പൊതുപ്രവര്‍ത്തനം തന്നെ. പരമ്പരാഗതമായി തന്നെ ശ്രീശന്റെ കുടുംബം രാഷ്ട്രീയപ്രവര്‍ത്തന തല്‍പരരാണ്. പഞ്ചായത്ത് ഇലക്ഷനിലൊക്കെ സ്ഥാനാര്‍ത്ഥിയുടെ ജയപരാജയങ്ങള്‍ സ്വാധീനിക്കാന്‍ കഴിവുള്ള, വലിയ അംഗസംഖ്യയുള്ള വോട്ട്ബാങ്കാണ് കുറുപ്പന്‍ ഫാമിലി. ശരിക്കും ആയോധനകലയായ കളരി പാരമ്പര്യമായി പഠിപ്പിക്കുന്ന കുറുപ്പന്മാരായിരുന്നു ഇവര്‍. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് വരെ നാലോ അഞ്ചോ കളരികള്‍ കുറുപ്പന്‍ ഫാമിലിക്കുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ അത് നിന്നു. ശ്രീശന്‍ എക്കണോമിക്‌സില്‍ ബിരുദമുള്ളയാളാണ്. വിദ്യാര്‍ത്ഥിക്കാലത്തേ കലാലയ രാഷ്ട്രീയത്തില്‍ സജീവം. എല്‍ഐസി ഏജന്റിന്റേത് ദൈനംദിന ജോലിയല്ലാത്തതുകൊണ്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ശ്രീശന് ധാരാളം സമയം കിട്ടിയിരുന്നു. അതുകൊണ്ടയാള്‍ നല്ല രാഷ്ട്രീയ ബലമുള്ള വ്യക്തിയായി. രാഷ്ട്രീയത്തില്‍ ഒരു ഭാവിയുണ്ട് എന്ന് സമൂഹവും ഉറപ്പിച്ചിരുന്ന ആള്‍.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോഹന്‍രൂപ് എഫ്‌ഐആര്‍ ഇട്ടശേഷം ശ്രീശന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക്കുമൊക്കെ ഒന്നുകൂടി പരിശോധിച്ചു. അസ്വാഭാവികത ഒന്നും കണ്ടില്ല. അനന്തരം ശ്രീശന്റെ പ്രാദേശികമായ രാഷ്ട്രീയ എതിരാളികളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ പോയി. സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ കക്ഷികള്‍ക്കും സ്വാധീനമുള്ള പ്രദേശമാണ് മുരിങ്ങോടി. കണ്ണന്‍, ജോമോന്‍ തുടങ്ങിയ ഏതാനും പേരായിരുന്നു ശ്രീശന്റെ സമപ്രായക്കാരായ എതിര്‍ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍. ഇതില്‍ ജോമോന്‍ നിലവില്‍ പഞ്ചായത്ത് മെമ്പറാണ്. ജോമോന്‍ മത്സരിച്ച സമയത്ത് ശ്രീശന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ശ്രീശന്റെ വലിയച്ഛന്‍ ചിന്നന്‍ കുറുപ്പിന്റെ മകന്‍ സുഭാഷ് ആയിരുന്നു. ജോമോന് ചില റിമാര്‍ക്കുകള്‍ ഉണ്ടായിരുന്നു. ആയതിനാല്‍ സുഭാഷായിരിക്കും ജയിക്കുക എന്നായിരുന്നു പൊതുവായ കണക്കുകൂട്ടല്‍. പക്ഷേ ആ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് നൂറ്റിപ്പതിനഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജോമോന്‍ ജയിച്ചു കയറി. ചില രാഷ്ട്രീയ അടിയൊഴുക്കുകള്‍ ആയിരുന്നു അതിന് കാരണം.

അവിടെ മുതല്‍ സിഐ സോഹന്‍രൂപിന്റെ ഫോക്കസ് ജോമോനില്‍ നിന്നും കണ്ണനില്‍ നിന്നും സുഭാഷിലേക്ക് മാറി. അദ്ദേഹം മനസ്സിലാക്കി. പുറം കാഴ്ചക്കപ്പുറം യഥാര്‍ത്ഥത്തില്‍ ശ്രീശന്റെ രാഷ്ട്രീയ എതിരാളി ജോമോനോ കണ്ണനോ ആയിരുന്നില്ല. അത് സ്വന്തം പാര്‍ട്ടിക്കാരനും കുടുംബാംഗവും രക്തബന്ധുവുമായ സുഭാഷ് ആയിരുന്നു!

3

ശ്രീശനേക്കാള്‍ നാല് വയസ്സിന് മൂത്തയാളായിരുന്നു സുഭാഷ്. കളരിയിലെ അടിയും തടയുമെല്ലാം രണ്ട് പേരും പഠിച്ചിട്ടുണ്ട്. നാട്ടിലെ ഏറെ പെരുമയുള്ള ജ്വാലാ ക്ലബ്ബ് ആയിരുന്നു ശ്രീശന്റേയും സുഭാഷിന്റേയും തുടക്കകാല പ്രവര്‍ത്തനമേഖല. സുഭാഷ് ആര്‍മിയില്‍ ജോലി കിട്ടി പോകും വരെ അയാളായിരുന്നു ക്ലബ്ബ് സെക്രട്ടറി. സുഭാഷ് പോയപ്പോള്‍ ജ്വാലയുടെ കടിഞ്ഞാണ്‍ ശ്രീശനില്‍ വന്നുചേര്‍ന്നു. ജോയിന്റ് സെക്രട്ടറിയില്‍ നിന്നയാള്‍ സെക്രട്ടറിതലത്തിലേക്കുയര്‍ന്നു. വ്യത്യസ്തമായ പ്രോഗ്രാം നടത്തിപ്പുകള്‍ കൊണ്ട് ക്ലബ്ബിനെ ശ്രീശന്‍ കൂടുതല്‍ ജനകീയമാക്കി. ശ്രീശന്റെ ഊണും ഉറക്കവുമൊക്കെ ക്ലബ്ബില്‍ തന്നെ.

പട്ടാളത്തില്‍ ജോലി ചെയ്യുമ്പോഴും സുഭാഷിന്റെ മനസ്സ് നാട്ടിലും രാഷ്ട്രീയത്തിലുമായിരുന്നു. അത് കാരണം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ സുഭാഷ് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജോലി റിസൈന്‍ ചെയ്ത് നാട്ടിലെത്തി.

അപ്പോഴേക്കും ശ്രീശന്‍ രാഷ്ട്രീയമായി ആഴത്തില്‍ വേരോടിയിരുന്നു. നിലവില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയും മേല്‍ക്കമ്മിറ്റി അംഗവും. ജ്വാലാ ക്ലബ് സാമൂഹിക സ്ഥാപനമായി കൂടുതല്‍ വളര്‍ന്നിരിക്കുന്നു. ക്ലബ്ബിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വായനശാല ലൈബ്രറി കൗണ്‍സില്‍ അംഗത്വമുള്ള, സര്‍ക്കാര്‍തലത്തില്‍ അംഗീകരിക്കപ്പെട്ട വായനശാലയായിരിക്കുന്നു. ശ്രീശന്‍ സോഷ്യല്‍ മീഡിയയിലും വളരെ ആക്റ്റീവ്, ഉജ്ജ്വല പ്രഭാഷകനും.

സുഭാഷ് പിന്നെ ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിലച്ച് പോയിരുന്ന പരമ്പരാഗതമായിരുന്ന തങ്ങളുടെ കുടുംബകളരി പുനസ്ഥാപിച്ചു. നാട്ടുകാരില്‍ നിന്ന് അത്ഭുതപ്പെടുത്തുന്ന സഹകരണമായിരുന്നു അപ്പോള്‍ അതിന് ലഭിച്ചത്. ധാരാളം കുട്ടികള്‍ ആയോധനകല പഠിക്കാനെത്തി. സുഭാഷ് കളരിയാശാനായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അയാള്‍ അതിനായി ഒരുക്കിയെടുത്തു. പക്ഷേ അപ്പോഴും അയാളുടെ ലക്ഷ്യം രാഷ്ട്രീയം തന്നെയായിരുന്നു.

പഞ്ചായത്ത് ഇലക്ഷന്‍ അടുത്തു. വാര്‍ഡില്‍ ശ്രീശന്‍ സ്ഥാനാര്‍ത്ഥിയാകും എന്നുറച്ചതായിരുന്നു. പക്ഷേ സുഭാഷ് നാട്ടില്‍ സെറ്റിലായപ്പോള്‍ ആ സ്ഥാനാര്‍ത്ഥിത്വം സീനിയോറിറ്റിയുടെ പേരും പറഞ്ഞ് സുഭാഷിലേക്ക് മാറി. അത് ശ്രീശന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവിടെ മുതല്‍ അവര്‍ ഒരേ രാഷ്ട്രീയപാര്‍ട്ടിയിലെ പ്രതിയോഗികളായി.

ഈ സമയത്ത്, അഞ്ച് വര്‍ഷം മുമ്പ് മിലിട്ടറിയില്‍ ആയിരുന്ന കാലത്ത് സുഭാഷ് ലീവിന് വന്നപ്പോള്‍ മദ്യപാനം മൂലമുണ്ടായ ഒരു പുകില്‍ ശ്രീശന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.

കുറുപ്പന്‍ ഫാമിലിയില്‍ ആണ്ടില്‍ രക്ഷസ്സിനും ഗുളികനും വെച്ചുകൊടുക്കുക എന്നൊരു മന്ത്രവാദ ആചാരമുണ്ട്. രാത്രിയിലാണത് നടക്കുക. ആ സമയത്ത് മദ്യം ഓവറായി സുഭാഷിന്റെ കൂടി മുറപ്പെണ്ണായിരുന്ന ശ്രീശന്റെ ഭാര്യ സബിതയെ സുഭാഷ് കയറിപ്പിടിച്ചു. മദ്യലഹരിയില്‍ പറ്റിയ ഒരു പിശകായി കണ്ട് കാരണവന്മാര്‍ അത് ശാസിച്ച് ഒതുക്കി തീര്‍ത്തതായിരുന്നു. എന്നാല്‍ ഇലക്ഷന്‍ അടുത്തപ്പോള്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ശ്രീശന്‍ അത് പൊക്കിക്കൊണ്ടുവന്ന് ഭാര്യയെ കൊണ്ട് പാര്‍ട്ടി മേല്‍ഘടകത്തിലേക്കൊരു പരാതി കൊടുപ്പിച്ചു. തനിക്കുറപ്പിച്ച് വെച്ചിരുന്ന സ്ഥാനാര്‍ത്ഥിത്വം ഇപ്രകാരം സുഭാഷില്‍ നിന്ന് വഴുതിക്കുക എന്നതായിരുന്നു ശ്രീശന്റെ ലക്ഷ്യം. പക്ഷേ ദുഷ്‌പേര് ചാര്‍ത്തി ചര്‍ച്ചയായെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം സുഭാഷിന് തന്നെ കിട്ടി.

കുറുപ്പന്‍ ഫാമിലിയില്‍ സുഭാഷിനെക്കാള്‍ സ്വാധീനം ശ്രീശനായിരുന്നു. തിരഞ്ഞെടുപ്പില്‍ ബ്രാഞ്ച് സെക്രട്ടറിയും ജ്വാലാ ക്ലബ് സെക്രട്ടറിയുമായി ശ്രീശന്‍ നന്നായി 'പ്രവര്‍ത്തി'ച്ചു. അപ്രതീക്ഷിതമായി സുഭാഷ് നൂറ്റിപ്പതിനഞ്ച് വോട്ടിന് തോറ്റു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അവലോകനം നടത്തിയപ്പോള്‍ ശ്രീശന്‍ തന്റെ കാല് വാരിയതാണെന്ന് സുഭാഷിന് മനസ്സിലായി. കുറുപ്പന്‍ ഫാമിലിക്ക് മാത്രം വാര്‍ഡില്‍ നൂറ്റിമുപ്പത്തിരണ്ട് വോട്ടുണ്ട്. അതില്‍ തന്റെ സ്വന്തം വീട്ടുകാരൊഴികെ ബാക്കി പേര്‍ ജോമോനാണ് വോട്ട് ചാര്‍ത്തിയിരിക്കുന്നത്!

താന്‍ പന്ത്രണ്ട് വര്‍ഷം നാട്ടില്‍ നിന്ന് വിട്ടുനിന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സുഭാഷിന് മനസ്സിലായി. അതരുതായിരുന്നു. തന്റെ അഭാവത്തിലാണ് ശ്രീശന്‍ വളര്‍ന്നത്. തന്റെ രാഷ്ട്രീയ ഭാവിക്ക് ശ്രീശന്‍ എന്നും വിഘാതമാകും. പ്രസംഗത്തില്‍ സുഭാഷിന് ചില പരിമിതികളുണ്ടായിരുന്നു. എങ്ങനെ വലിച്ച് നീട്ടിയാലും പത്ത് മിനിറ്റില്‍ കൂടുതല്‍ സുഭാഷിന് മൈക്കിനു മുന്നില്‍ സംസാരിക്കാനാകില്ല. ശ്രീശനാണെങ്കില്‍ മണിക്കൂറുകള്‍ വാഗ്‌ധോരണി നടത്താന്‍ പ്രയാസമേതുമില്ല. നല്ല വായന ശ്രീശനുണ്ട്. സുഭാഷിനാണെങ്കില്‍ പുസ്തകം കണ്ടാലേ ഉറക്കം വരും. വെറും ഒരു കളരിയാശാനായി കാലം കഴിഞ്ഞുപോകാനാണോ തന്റെ വിധിയെന്ന് സുഭാഷ് ആധി പൂണ്ടു. തനിക്ക് വേരോടെ പറിച്ചു കളയാനുള്ള രാഷ്ട്രീയ വളര്‍ച്ച പിന്നിട്ട് കഴിഞ്ഞിരിക്കുന്നു ശ്രീശന്‍. സുഭാഷ് ദുഃഖിതനും വിഷാദനുമായി.

4

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോഹന്‍രൂപ് ഷൂട്ടര്‍ ചാക്കോയയെ സ്റ്റേഷനിലേക്ക് വരുത്തി വിവരങ്ങള്‍ ആരാഞ്ഞു. ഒന്നും ഒളിച്ചുവെക്കാതെ ചാക്കോ ഉള്ളത് ഉള്ളതുപോലെ പറഞ്ഞു. നിയമപരമായി മാത്രം പന്നിവേട്ട നടത്തിയാല്‍ പ്രായോഗികമായി അത് വിജയിക്കണമെന്നില്ല. അതുകൊണ്ട് ഗൗരവകരമല്ലാത്ത ചില നിയമലംഘനങ്ങള്‍ പന്നിവേട്ടയില്‍ പുലര്‍ത്തിയിരുന്നു.

അന്ന് സംഭവിച്ചതിന്റെ ചാക്കോയുടെ വിവരണത്തിന്റെ ചുരുക്കം ഇതാണ്:

പ്രദേശവാസികളുടെ അറിവില്‍ മുരിങ്ങോടിയില്‍ വിള നശിപ്പിക്കാന്‍ ഇരുപത്തഞ്ച് മുതല്‍ മുപ്പത്തിയഞ്ച് വരെ പന്നികളുണ്ട്. അതില്‍ കുട്ടികളും ഗര്‍ഭിണികളുമായ പന്നികളും ഉണ്ടാകും. അവയെ കൊല്ലരുത് എന്ന കണക്കില്‍ പഞ്ചായത്ത് ഇരുപത് പന്നികളെ വരെ കൊല്ലാനുള്ള അനുമതിയാണ് നല്‍കിയിരുന്നത്. ഷോട്ട് ഗണ്ണില്‍ എട്ട് ഷെല്‍ വെടിവെപ്പ് നടത്താം. കൊന്ന പന്നികളെ ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കരുത്. സംസ്‌കരിക്കുന്നതിന് മുമ്പ് പഞ്ചായത്ത് പ്രതിനിധി വന്നുകണ്ടു ബോധ്യപ്പെടണം.

രാത്രി പത്ത് മണിക്കാണ് ഷൂട്ടര്‍ വേട്ടക്കിറങ്ങിയത്. സഹായത്തിന് സ്ഥലപരിചയമുള്ള പതിനൊന്ന് പേര്‍ ചാക്കോക്കൊപ്പം ഉണ്ടായിരുന്നു. ധൈര്യത്തിനും ഉഷാറിനും വേണ്ടി ചെറിയ രീതിയില്‍ ഷൂട്ടറും സംഘവും മദ്യപിച്ചിരുന്നു. ശ്രീശനും അയാളുടെ പക്ഷക്കാരായ ഏഴ് പേരും, ജോമോനും കണ്ണനുമടക്കം ആ പക്ഷക്കാര്‍ നാല് പേരും. എല്ലാവരുടേയും പേര് ചാക്കോക്കറിയില്ല.

ബ്രൈറ്റ് വെളിച്ചം കണ്ടാല്‍ പന്നികള്‍ ഒളിക്കും എന്നതിനാല്‍ ചുവന്ന ഫില്‍റ്ററുകള്‍ വെച്ച എല്‍ഇഡി ടോര്‍ച്ചുകളും ലാമ്പുകളുമായാണ് സംഘം ഉദ്യമത്തിനിറങ്ങിയത്. ചുവന്ന വെളിച്ചം പന്നികള്‍ക്ക് തിരിച്ചറിയാനാവില്ല. വാഴത്തോട്ടവും തണ്ണിമത്തന്‍ പാടവുമായിരുന്നു പന്നികളുടെ പ്രധാന ശല്യമേഖല. മുരിങ്ങോടിയിലാണെങ്കില്‍ ഏക്കര്‍ കണക്കിന് വാഴത്തോപ്പും പച്ചക്കറിത്തോട്ടവുമുണ്ട്. ഇതുകൂടാതെ റബ്ബര്‍ കാട്ടിലും വന്ന് പന്നികള്‍ വിളയാടാറുണ്ട്.

ആദ്യം ആന്തൂര്‍ക്കളം എന്ന ഭാഗത്തേക്കാണ് പോയത്. കൂടുതല്‍ വാഴക്കൃഷി അവിടെയാണ്. ആറോ ഏഴോ പന്നികള്‍ കൃഷിയിടത്തിലുണ്ടായിരുന്നു. അഞ്ചെണ്ണത്തിനെ അവിടെ വെടിവെച്ചിടാന്‍ പറ്റി. ബാക്കിയെണ്ണം കടന്നുകളഞ്ഞു. പിന്നെ പോയ സ്ഥലങ്ങളിലൊന്നും പന്നികളെ കണ്ടുകിട്ടിയില്ല.

അനന്തരം കൂട്ടത്തിലെ കണ്ണന്റെ അഭിപ്രായപ്രകാരം റബ്ബര്‍ത്തോട്ടത്തിന് പിന്നിലെ താഴ്വരയിലേക്ക് ഞങ്ങള്‍ പോയി. അവിടെ ഒരു നീര്‍ച്ചോല ഒഴുകുന്നുണ്ട്. ചോലയുടെ അരികിലെ ചതുപ്പിലും ചെളിക്കുണ്ടിലും പാറയിടുക്കിലുമാണ് പന്നികള്‍ പാര്‍ക്കുന്നത്. പക്ഷേ പന്നികളെ ഒന്നിനേയും എങ്ങും കണ്ടില്ല. ആ സമയം ഞങ്ങള്‍ കരുതിവെച്ചിരുന്ന പഴയ ടയര്‍ കഷണങ്ങള്‍ കത്തിച്ച് പലയിടത്തേക്കായി എറിഞ്ഞു. ടയര്‍ കത്തുന്ന രൂക്ഷഗന്ധവും പുകയും പന്നികള്‍ക്ക് അലര്‍ജിയാണ്. ശരിക്കും ഇങ്ങനെ ചെയ്യാനോ പന്നിയുടെ വാസസ്ഥലങ്ങളില്‍ ചെന്ന് വെടിവെക്കാനോ നിയമം അനുവദിക്കുന്നില്ല. പക്ഷെ അത് പാലിച്ചാല്‍ ലക്ഷ്യം കാണാനാകാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. രാത്രി മെനക്കെട്ടതും ഉറക്കമിളച്ചതും ഒക്കെ വെറുതെ.

ടയര്‍ കത്തിയ മണം വന്നപ്പോള്‍ പന്നികള്‍ ചെളിക്കുണ്ടില്‍ നിന്നും മറ്റും കൂട്ടമായി ഇളകി വിറളി പിടിച്ച് പുറത്തുവന്നു. അതൊരു റിസ്‌കുള്ള ടാസ്‌ക്കായിരുന്നു. നാല് ഷെല്‍ വെടിവെപ്പ് അവിടെ തന്നെ നടന്നു. അങ്ങനെ മൊത്തം പതിന്നാല് പന്നികളെ കൊന്നു. അതില്‍ മൂപ്പ് കുറഞ്ഞ ഒരെണ്ണത്തെ ജോമോനും സംഘവും ഇറച്ചിക്കായി മാറ്റി. പതിമ്മൂന്ന് എണ്ണത്തിന്റെ കണക്കാണ് ഔദ്യോഗികമായി കാണിച്ചുള്ളൂ. പന്നികള്‍ പ്രകോപിതരായി ഒന്നിച്ച് പുറത്തേക്കിരമ്പി വന്നപ്പോള്‍ ഞങ്ങളുടെ സംഘം ചിതറിപ്പോയിരുന്നു. ഇതിനിടയില്‍ എപ്പോഴാണ് ശ്രീശന്‍ കൂട്ടത്തില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് മനസ്സിലാകുന്നില്ല. പിറ്റേന്ന് ആദ്യം വെടിവെപ്പ് നടന്ന ആന്തൂര്‍ക്കളത്തിലെ നേന്ത്രവാഴത്തോട്ടത്തിനരുകില്‍ ശ്രീശന്‍ മരിച്ച് കിടക്കുന്നതാണ് കാണുന്നത്.

എല്ലാം കേട്ട ശേഷം സിഐ സോഹന്‍രൂപ് ഷൂട്ടര്‍ ചാക്കയോട് തിരക്കി:

'അന്ന് നിങ്ങളെ സഹായിച്ച സംഘത്തില്‍ ശ്രീശന്റെ വലിയച്ഛന്റെ മകന്‍ സുഭാഷ് ഇല്ലായിരുന്നുവെന്ന് ഉറപ്പല്ലേ?'

'ഇല്ലായിരുന്നു. പക്ഷേ?'

'പക്ഷെ?!'

5

സുഭാഷിന്റെ ഭാര്യാവീട് പേരാവൂര്‍ പഞ്ചായത്തിലെ തന്നെ കൊളക്കാട് എന്ന ഗ്രാമത്തിലായിരുന്നു. ഭാര്യാപിതാവിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന് പോയതായിരുന്നു സുഭാഷ്. പിറന്നാളാഘോഷം കഴിഞ്ഞ് സുഭാഷ് അന്നവിടെ തങ്ങി. അപ്പോഴാണ് ആ രാത്രി ഉപദ്രവകാരികളായ പന്നികളെ വെടിവെക്കാനുള്ള ഒരുക്കങ്ങളും ചര്‍ച്ചയും സുഭാഷിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഭാര്യാവീടിന് തൊട്ടടുത്തുള്ള ഒരു വീട്ടിലായിരുന്നു ഷൂട്ടര്‍ക്ക് ഭക്ഷണവും സൗകര്യവും ഒരുക്കിയിരുന്നത്. ഷൂട്ടര്‍ക്ക് വേണ്ട ശ്രമക്കാരുടെ കൂട്ടത്തില്‍ സുഭാഷും ചേര്‍ന്നു. പൊതുവേ ഇക്കാര്യങ്ങളിലൊക്കെ ആ പ്രദേശത്ത് സഹകരിക്കാന്‍ ചെറുപ്പക്കാര്‍ കുറവായിരുന്നു. അങ്ങനെയാണ് ഷൂട്ടര്‍ ചാക്കോയെ സുഭാഷ് പരിചയപ്പെടുന്നത്. ചാക്കോയുടെ തോക്കിന്റെ മോഡലും വേട്ടയുടെ രീതികളുമൊക്കെ സുഭാഷ് അന്ന് മനസ്സിലാക്കി. പേരാവൂര്‍ പഞ്ചായത്തിലെ ഷൂട്ടര്‍ ചാക്കോയാണെന്നും തിരിഞ്ഞു.

കൊളക്കാട്ടിലെ പന്നിവേട്ടയില്‍ സഹകരിച്ച് പിറ്റേദിവസം മടങ്ങുമ്പോള്‍, സാഹസികമായ ആ ഉദ്യമം ഒരു സാധ്യതയായി സുഭാഷിന്റെ മനസ്സില്‍ ഇടംപിടിച്ചു. അബോധമായിത്തന്നെ ഒരു ക്രൈം സ്‌ക്രിപ്റ്റ് അയാളില്‍ രൂപം കൊള്ളുകയായിരുന്നു. സാക്ഷാത്കാരത്തിന് വേണ്ടിയുള്ള അതിന്റെ തിക്കുമുട്ടല്‍ സുഭാഷിന് അവഗണിക്കാനായില്ല.

തന്റെ രാഷ്ട്രീയ ശത്രുവായ ശ്രീശന്‍ ഇല്ലാതായല്ലാതെ തനിക്ക് രാഷ്ട്രീയത്തില്‍ മുന്നേറാനാവില്ല. അടുത്ത പഞ്ചായത്ത് ഇലക്ഷനില്‍ ശ്രീശന്‍ സ്ഥാനാര്‍ത്ഥിയാകും. ഒരിക്കല്‍ പരാജയപ്പെട്ട സ്ഥിതിക്ക് തനിക്കിനി പാര്‍ട്ടി സീറ്റ് തരാന്‍ സാധ്യതയില്ല. ശ്രീശന്‍ മത്സരിച്ചാല്‍ ജയിക്കുക തന്നെ ചെയ്യും. അവന്‍ തനിക്കിട്ട് പണിത പോലെ കുറുപ്പന്‍ ഫാമിലിയിലെ വോട്ടുകള്‍ അവനെതിരാക്കാന്‍ തനിക്ക് സാധിക്കുകയില്ല. എങ്ങാനും ശ്രീശന്‍ ഇല്ലാതായാലോ, വീണ്ടും ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ത്ഥിത്വം നേടാന്‍ ഉത്സാഹിച്ചാല്‍ തനിക്ക് കഴിയും. ശ്രീശന്‍ പ്രവര്‍ത്തിക്കാനില്ലാഞ്ഞാല്‍ ജയിക്കാനും പറ്റും.

അതിന് പന്നിവേട്ട മറയാക്കി ഒരു സംശയത്തിനും ഇട കൊടുക്കാതെ ശ്രീശനെ അവസാനിപ്പിക്കുക തന്നെ വേണം. ഒറ്റക്ക് പ്രായോഗികമാക്കാന്‍ പ്രയാസമുള്ള കാര്യമായതുകൊണ്ട് തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഒരേ പാര്‍ട്ടി പ്രവര്‍ത്തകനുമായ അനൂപിനെ സുഭാഷ് കൂടെ കൂട്ടി. നിലവില്‍ ജ്വാലാ ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറിയാണ് അനൂപ്. ശ്രീശന്‍ ഇല്ലാതായാല്‍ ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് പിന്നെ ചാന്‍സ് അനൂപിനാണ്. കാലം കുറെയായി ആ സ്ഥാനം അനൂപ് കൊതിക്കുന്നു. സ്വാര്‍ത്ഥ ലക്ഷ്യങ്ങളും രാഷ്ട്രീയ മോഹങ്ങളും അനൂപിനുമുണ്ട്. പ്രദേശത്തിന്റെ പ്രത്യേകത വെച്ച് അവരുടെ പാര്‍ട്ടിയില്‍ തെളിഞ്ഞ് വന്നവരെല്ലാം ജ്വാലാ ക്ലബ് സെക്രട്ടറിയായവരാണ്. അത്ര രാശിയുള്ള സ്ഥാനമാണ് ആ ക്ലബ്ബിന്റെ സെക്രട്ടറി സ്ഥാനം.

പട്ടാളത്തില്‍ ജോലി ചെയ്തിരുന്നതുകൊണ്ട് സുഭാഷിന് തോക്കുപയോഗിക്കാനും അതിന്റെ രീതികളുമക്കെ വശമായിരുന്നു. സുഭാഷ് ഷൂട്ടര്‍ ചാക്കോയുടെ കയ്യിലുള്ള അതേ തരം 12 ബോര്‍ ഷോട്ട് ഗണ്ണും അതിലേക്ക് വേണ്ട രണ്ട് ഷെല്ലുകളും സംഘടിപ്പിച്ചു. നിയമവിരുദ്ധവും രഹസ്യവുമായാണ് തോക്ക് സമ്പാദിച്ചത്. സ്വന്തം ലൈസന്‍സ് പുതുക്കാനും മറ്റും മുതിര്‍ന്നില്ല. വെടിവെച്ചാല്‍ ശബ്ദമുണ്ടാകാതിരിക്കാനായി ഷോട്ട് ഗണ്ണില്‍ പിടിപ്പിക്കാനുള്ള സൈലന്‍സറും തരമാക്കി. ടാക്‌സി ഡ്രൈവറായ അനൂപിന്റെ പരിചയത്തിലുള്ള വിദഗ്ധനായ ലെയ്ത്തുവര്‍ക്കറെ കൊണ്ടാണ് സൈലന്‍സര്‍ പണിയിപ്പിച്ച് തോക്കില്‍ ഫിറ്റ് ചെയ്തത്. ഒരു ഷെല്ല് വെറുതെ വെടിവെച്ച് സുഭാഷ് തോക്ക് പരീക്ഷിക്കുകയും ചെയ്തു.

പിന്നീട് പന്നികളുടെ വിള നാശത്തിന് ഇരകളും പ്രദേശത്തുകാരുമായ കര്‍ഷകരുടെ ഒപ്പ് വാങ്ങി പഞ്ചായത്ത് സെക്രട്ടറിക്ക് സുഭാഷ് അനൂപിനെ കൊണ്ട് പരാതി നല്‍കിച്ചു. അനന്തര നടപടികള്‍ പഞ്ചായത്തില്‍ നിന്നുമുണ്ടാകാഞ്ഞപ്പോള്‍ പരാതി വീണ്ടും വീണ്ടും നല്‍കി. ഒടുവില്‍ പന്നികളെ വെടിവെക്കാന്‍ ഉപാധികളുടെ പഞ്ചായത്തില്‍ നിന്ന് ഓര്‍ഡറായി.

6

സിഐ സോഹന്‍രൂപും സ്ഥലം പഞ്ചായത്ത് മെമ്പര്‍ ജോമോനും.

സിഐ: 'ചോദിക്കുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കണം. ജോമോന്‍ അന്ന് പന്നിവേട്ടയില്‍ ഷൂട്ടര്‍ക്കൊപ്പം ആക്ടീവായിരുന്ന ആളാണ്. എപ്പോള്‍ മുതലാണ് സംഘത്തില്‍ നിന്ന് ശ്രീശന്‍ അപ്രത്യക്ഷമായത്?'

'അങ്ങനെ കൃത്യമായി പറയാന്‍ പറ്റുകയില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമായി ശ്രീശനും കൂട്ടരും മൈലേജ് നേടരുത് എന്ന് കരുതിയാണ് ഞങ്ങളും കൂടെ ചേര്‍ന്നത്. ഇരുട്ടായതുകൊണ്ട് ആരൊക്കെ എപ്പോഴൊക്കെ എവിടൊക്കെയായിരുന്നുവെന്ന് തിട്ടപ്പെടുത്തുക വയ്യ. ചോലക്ക് സമീപം ടയര്‍ കത്തിച്ച് പുകച്ചപ്പോള്‍ പന്നികള്‍ കൂട്ടത്തോടെ പുറത്തുചാടി ഞങ്ങളെ ആക്രമിക്കാന്‍ വന്നു. ആ സമയം എല്ലാവരും ചിതറിയോടി. ഷൂട്ടര്‍ വെടിവെക്കുകയും ചെയ്തു.'

'ശ്രീശന്‍ മരിച്ച് കിടന്നിരുന്നത് ആന്തൂര്‍ക്കളത്തിലെ വാഴത്തോപ്പിലാണ്. ആദ്യം വെടിവെപ്പ് നടന്നതും അവിടെ. അവിടെനിന്ന് അരക്കിലോമീറ്റര്‍ ദൂരമെങ്കിലുമുണ്ട് റബ്ബര്‍ തോട്ടത്തിലേക്കും ചോലയിലേക്കും. അബദ്ധത്തില്‍ ശ്രീശന് വാഴത്തോപ്പില്‍ വെച്ച് വെടി കൊണ്ടിരുന്നെങ്കില്‍ നിലവിളിയും മറ്റുമായി സംഘം അറിയാതിരിക്കാന്‍ നിര്‍വാഹമില്ല.'

'അതെ. അങ്ങനെ തന്നെയാണ്.'

'അവിടെ നിന്ന് അടുത്ത സ്‌പോട്ടിലേക്ക് സംഘം നീങ്ങുമ്പോള്‍ ശ്രീശന്‍ ഒപ്പമുണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാന്‍ ആകുന്നില്ല?'

'ഇല്ല. എന്റെ പാര്‍ട്ടിയിലുള്ള ആളുകളുടെ കാര്യത്തില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചിരുന്നത്. ഒന്നിച്ചാണെങ്കിലും ശരിക്കും രണ്ട് കൂട്ടരും സഹകരിച്ചായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്.'

'ശ്രീശന്റെ ഗ്രൂപ്പില്‍ തന്നെ രണ്ടഭിപ്രായക്കാരുണ്ട്. ശ്രീശന്‍ സെക്കന്‍ഡ് സ്‌പോട്ടിലേക്ക് വന്നിരുന്നുവെന്നും ഇല്ലെന്നും. അതവിടെ നില്‍ക്കട്ടെ. പ്രധാനപ്പെട്ട മറ്റൊരു കാര്യം. ശ്രീശന്റെ മരണം കൊലപാതകമായിരുന്നെന്ന് ജോമോന് സംശയമുണ്ടായിരുന്നില്ലേ?'

'കൊലപാതകമാണോ അബദ്ധമാണോ? രണ്ടും പറയാന്‍ പറ്റാത്ത മാനസികാവസ്ഥയിലാണ് ഞാന്‍.' ജോമോന്‍ ന്യൂട്രലടിച്ചു.

'ശ്രീശന്റെ മരണത്തില്‍ ആദ്യമൊന്നും അയാളുടെ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞാണ് അവര്‍ക്ക് വീണ്ടുവിചാരം വന്നതും പൊലീസില്‍ പരാതി നല്‍കിയതും. അതിന് കാരണം ശ്രീശന്റെ പിതാവിന് വന്ന ഫോണ്‍ കോള്‍ ആയിരുന്നു; ഒരു അനോണിമിസ് കോള്‍. ആ വിളിച്ചയാളാണ് ശ്രീശന്റെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്ന് ശ്രീശന്റെ പിതാവിനെ അറിയിക്കുന്നത്. ആ കോള്‍ ചെയ്തത് ജോമോന്റെ സുഹൃത്തും വലംകൈയും ഇവിടുത്തെ ബൂത്ത് പ്രസിഡന്റുമായ ദിലീപ് ആണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ജോമോന്‍ അറിയാതെ ദിലീപ് അത് ചെയ്യില്ല. അപ്പോള്‍ ശ്രീശന്റെ മരണത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു എന്നല്ലേ അര്‍ത്ഥം? അതോ ഇനി ദിലീപിനെ മുന്നില്‍ നിര്‍ത്തി പൊലീസ് ചോദ്യം ചെയ്യുന്ന രീതിയില്‍ ചോദിച്ചാലേ സത്യം പറയൂ എന്നാണോ?'

'ക്ഷമിക്കണം സാര്‍.' ജോമോന്‍ നിലപാട് മാറ്റി. 'വെറുതെ എന്തിന് തലവേദന ഉണ്ടാക്കണം എന്ന് കരുതിയാണ് ഞാന്‍ പറയാതിരുന്നത്. ശ്രീശന്റെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു.'

'കാരണം?'

'സംഭവം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോള്‍ ഞാനും ദിലീപും മണ്ഡലം കമ്മിറ്റി കൂടി മടങ്ങി വരുകയായിരുന്നു. ഞങ്ങള്‍ ടൗണിലെ ബാറിലൊന്ന് കയറി. ആ സമയം ബാറില്‍ ശ്രീശന്റെ പാര്‍ട്ടിയിലെ അനൂപും വേറൊരാളും തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയില്‍പ്പെട്ടു. സ്വാഭാവികമായും എതിര്‍ പാര്‍ട്ടിക്കാരെ നാറ്റിക്കാന്‍ കിട്ടുന്ന ഒരവസരവും രാഷ്ട്രീയപ്രവര്‍ത്തകര്‍ പാഴാക്കുകയില്ലല്ലോ. അനൂപ് ചില്ലറയെന്തോ കൊടുത്ത് ബാറില്‍ നിന്ന് തടി തപ്പിയപ്പോള്‍ ഞങ്ങള്‍ ആ ആളെ സമീപിച്ച് കാര്യം തിരക്കി. ഞങ്ങടെ വക ഒരു പെഗ്ഗും നല്കി. അയാള്‍ ഒരു ലെയ്ത്ത് വര്‍ക്കറായിരുന്നു. അനൂപ് അയാളെ കൊണ്ട് ഒരു തോക്കിന് എക്‌സ്ട്രാ ഫിറ്റിംഗ് പണി കഴിപ്പിച്ചിരുന്നു. സാധനം കൈപ്പറ്റിയപ്പോള്‍ മതിയായ പണം നല്‍കാതെ അനൂപ് ലെയ്ത്ത് വര്‍ക്കറെ പറ്റിച്ചു. അതിന്റെ കശപിശയാണ് നടന്നത്. ലെയ്ത്ത് വര്‍ക്കര്‍ പണികഴിപ്പിച്ച എക്‌സ്ട്രാ ഫിറ്റിംഗ് വെടി വെക്കുമ്പോള്‍ ശബ്ദം കുറക്കാനുള്ള സൈലന്‍സര്‍ ആണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചിലത് സംശയിക്കുകയും അനുമാനിക്കുകയും ചെയ്തു. ഞങ്ങള്‍ ചിന്തിച്ചതില്‍ ഇനി കാമ്പൊന്നുമില്ലായെങ്കിലും എതിര്‍പ്പാര്‍ട്ടിയില്‍ പുകിലുകളുണ്ടാക്കുകയും പ്രവര്‍ത്തകരുടെ ഇമേജ് നശിപ്പിക്കുലുമായിരുന്നു ലക്ഷ്യം. അത് വെച്ചാണ് ശ്രീശന്റെ അച്ഛന് അനോണിമിസ് കോള്‍ ചെയ്തത്.'

7

മാര്‍ച്ച് - 17 - തിങ്കള്‍.

അന്നാണ് പന്നിവേട്ടക്ക് ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ട തീയതി.

സുഭാഷും അനൂപും ധാരണയായി ഒരുങ്ങി കഴിഞ്ഞിരുന്നു. ഷൂട്ടറെ സഹായിക്കാന്‍ അനൂപും സംഘത്തിലുണ്ട്. സുഭാഷ് സംഘത്തിലില്ല. തങ്ങളുടെ പ്ലാന്‍ മുഴുവന്‍ വിചാരിച്ച രീതിയില്‍ തന്നെ നടന്നുകൊള്ളണമെന്നില്ല. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് തയ്യാറാക്കിയ രൂപരേഖയില്‍ വ്യതിയാനം ഉണ്ടാകാമെന്ന് ഇരുവരും കണക്കുകൂട്ടിയിരുന്നു.

ഒന്നുമിനുങ്ങിയ ശേഷം പത്ത് മണിക്ക് തന്നെ ചാക്കോ തോക്കുമായിറങ്ങി. ആദ്യം പന്നികള്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കുന്ന ആന്തൂര്‍ക്കളത്തിലേക്ക്. ആ സംഘത്തെ രഹസ്യമായി സുഭാഷും പിന്തുടര്‍ന്നു. രാത്രി പത്തിന് ശേഷം നിശ്ചയിച്ചുറപ്പിച്ച ആളുകളല്ലാതെ മറ്റാരും വീടിന് പുറത്തിറങ്ങരുത് എന്ന മെസ്സേജ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടേയും മറ്റും നാട്ടുകാരിലേക്ക് എത്തിയിരുന്നതിനാല്‍ അക്ഷരംപ്രതി ആളുകള്‍ അനുസരിച്ചു. അത് നല്ല സൗകര്യമായി സുഭാഷിന്.

അയിനിമരച്ചോട്ടിലൂടെ വാഴത്തോട്ടത്തിലേക്ക് പ്രവേശിച്ച സംഘം ആദ്യത്തെ വെടിവെപ്പ് കഴിഞ്ഞ് വേറൊരു വഴിയിലൂടെ അവിടെ നിന്ന് പുറത്തേക്ക് കടന്ന് അടുത്ത സ്‌പോട്ടിലേക്ക് നീങ്ങിയപ്പോള്‍ സുഭാഷ് അനൂപിന് മെസ്സേജ് കൈമാറി: 'പറഞ്ഞതുപോലെ അയിനിമരച്ചോട്ടിലേക്ക് ശ്രീശനെ എത്തിക്കുക.'

അനൂപ് ഇരുട്ടില്‍ ശ്രീശനെ മാറ്റിനിര്‍ത്തി സ്വകാര്യമോതി: 'ഒരു കാര്യമുണ്ട്. ഇപ്പോള്‍ കിട്ടിയ വിവരമാണ്. പന്നിവേട്ടയുടെ മറവില്‍ ജോമോനും കണ്ണനും ഒരു സംഭവം ആസൂത്രണം ചെയ്തിട്ടുണ്ട്. നമുക്കത് കലക്കണം. അതിന് ആന്തൂര്‍ക്കളത്തിലേക്ക് ഒന്നുപോയി നോക്കണം.'

'എന്താ സംഗതി' എന്ന ശ്രീശന്റെ ചോദ്യത്തിന് അനൂപ് ഉത്തരം നല്‍കാതെ തിടുക്കവും പരിഭ്രമവും ഭാവിച്ച് ശ്രീശനെ സംഘത്തില്‍ നിന്നടര്‍ത്തി: 'വേഗം വാ.'

എന്തോ ഗൗരവപ്പെട്ട കാര്യമാണെന്നുറപ്പിച്ച് ശ്രീശന്‍ അനൂപിന്റെ പിന്നാലെ. ഇരുവരും നടത്തവുമല്ല ഓട്ടവുമല്ലായെന്ന രീതിയില്‍ ചലിച്ചു.

അയിനിമരത്തിന് അടുത്തെത്തിയപ്പോള്‍ മരത്തിന് ചുവട്ടില്‍ നേര്‍ത്ത വെട്ടം കണ്ടു.

'അവിടെയാളുണ്ട്. നീ ചെന്ന് നോക്ക്. ഞാന്‍ ഇവിടെ നില്‍ക്കാം.' അനൂപ് ശ്രീശനോട് മന്ത്രിച്ചു.

'അതെന്താ സംഭവം, കാര്യം പറ?'

'എടാ, ജോമോന്റെ ഭാര്യ റിന്‍സിയും അവന്റെ കൂട്ടുകാരന്‍ ദിലീപും തമ്മിലുള്ള ഡിങ്കിഡോങ്കിടിയാണ് അവിടെ നടക്കുന്നത്. ഡെയ്ഞ്ചര്‍ സോണിലിരുന്ന് കളിയൊപ്പിക്കുക എന്നത് ചിലരുടെ വീക്‌നെസാണ്. രഞ്ജിത്തിന്റെ 'ലീല' സിനിമയിലൊക്കെ പോലെ. ഞാന്‍ ആരെങ്കിലും വരുമോന്ന് നോക്കാം. നീ ചെന്ന് സംഭവം മൊബൈലിലാക്ക്. പിന്നീടത് വെച്ച് നമുക്കൊരു കളി കളിക്കാം. ജോമോനിനി തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും.'

ഭാവി സാധ്യതകളോടൊപ്പം വൈകാരിക തൃഷ്ണയും ശ്രീശനിലുണര്‍ന്നു. അയാള്‍ മൊബൈലെടുത്ത് മരച്ചോട്ടിലേക്ക് പതുങ്ങിച്ചെന്നു.

അനൂപ് പറഞ്ഞുറപ്പിച്ച ഒരു ശബ്ദമുണ്ടാക്കി സിഗ്‌നല്‍ നല്‍കി നിലത്ത് കമിഴ്ന്നു കിടന്നു.

അയിനി മരത്തിന്റെ മറവില്‍ നിന്നും ഒരു പെന്‍ടോര്‍ച്ച് വെട്ടം ശ്രീശന്റെ നേര്‍ക്ക് വന്നു. അയാളുടെ കണ്ണുകള്‍ മഞ്ഞളിച്ചു. ശ്രീശനെന്ന് ഉറപ്പുവരുത്തി സുഭാഷ് ഷോട്ട് ഗണ്ണില്‍ ഒറ്റ തവണ വിരലമര്‍ത്തി. മുഴുവന്‍ പെല്ലറ്റുകളും ദേഹത്ത് തുളച്ച് കയറാത്ത രീതിയില്‍ വിദഗ്ധമായാണ് സുഭാഷ് തോക്കുപയോഗിച്ചത്.

ഈ സമയം റബര്‍ക്കാട്ടില്‍ നിന്നും ചാക്കോയുടെ തോക്കിന്റെ വെടിവെപ്പ് ശബ്ദവും ഉയര്‍ന്നു. ശ്രീശന്റെ നിലവിളിയും സൈലന്‍സര്‍ അടക്കിയിട്ടും സുഭാഷിന്റെ തോക്കില്‍ നിന്നും വന്ന അവശേഷിച്ച് ശബ്ദവും അതില്‍ ലയിച്ചുപോയി.

8

സുഭാഷിന്റെ സുഹൃത്ത് അനൂപിന് പണം കടം വാങ്ങിയാല്‍ തിരികെ കൊടുക്കാത്തതും, എടുത്ത പണിക്ക് വേണ്ട പ്രതിഫലം നല്‍കാത്തതുമായ എച്ചിത്തരം ഉണ്ടായിരുന്നു. അയാളുടെ ആ ദുഃസ്വഭാവമാണ് ശ്രീശന്റെ കൊലപാതകത്തില്‍ തുമ്പായി മാറിയത്. അപ്രകാരം ബാറില്‍ വെച്ച് നടന്ന ലെയ്ത്ത് വര്‍ക്കറുമായുള്ള അനൂപിന്റെ വഴക്ക് ജോമോനും ദിലീപും കണ്ടില്ലായിരുന്നുവെങ്കില്‍ സംശയമുയരുകയോ അപകടമരണമായി തള്ളിയ ശ്രീശന്റെ മര്‍ഡര്‍ പൊതുശ്രദ്ധയില്‍ വരുകയോ ചെയ്യുമായിരുന്നില്ല.

പൊലീസ് ആദ്യം അനൂപിനെയാണ് പൊക്കിയത്.

തനിക്കൊന്നുമറിയില്ല, താന്‍ തോക്കില്‍ ലെയ്ത്ത് വര്‍ക്ക് ചെയ്യിപ്പിച്ചില്ല എന്നൊക്കെ പറഞ്ഞ് അനൂപ് നിരപരാധി ചമഞ്ഞെങ്കിലും ലെയ്ത്ത് വര്‍ക്കറുമായുള്ള പൊലീസിന്റെ സംഭാഷണത്തിന്റെ വീഡിയോ കാണിച്ചപ്പോള്‍ അയാള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.

അനൂപിന്റെ കുറ്റസമ്മതത്തോടെയുള്ള വീഡിയോയുമായി പഴുതകളില്ലാതെയാണ് പൊലീസ് സുഭാഷിനെ അഭിമുഖീകരിച്ചത്.

രാഷ്ട്രീയജീവിതത്തിലെ തടസ്സങ്ങള്‍ തട്ടി നീക്കാന്‍ വേണ്ടി തന്റെ അര്‍ദ്ധസഹോദരനെ ഇല്ലാതാക്കിയിട്ടും സുഭാഷില്‍ കുറ്റബോധത്തിന്റെ ലാഞ്ഛനകളൊന്നുമില്ലായിരുന്നു.

സൂകരവേട്ടക്ക് പിന്നിലെ മറ്റൊരു വേട്ടയുടെ കഥ അങ്ങനെ പുറംലോകമറിഞ്ഞു.

Malayalam short story written by Pradeep Perassannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

ഫുൾ ഫാമിലി 'കറുപ്പിൽ' ആണല്ലോ! സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക; വൈറലായി വിഡിയോ

ജലനിരപ്പ് ഉയരുന്നു, കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം

'ആ ഫയലിൽ തൊട്ടാ എന്ത് സംഭവിക്കുമെന്നാ നീ പറഞ്ഞേ!'; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ടീസർ

ആസ്മ നിയന്ത്രിക്കാൻ ഇവ കഴിക്കാം

SCROLL FOR NEXT