മോക്ഷം - പ്രീത രാജ് എഴുതിയ കഥ malayalam story AI Image
Pen Drive

അവനെ ഓര്‍ക്കാതെ ഒരു ദിനവുമില്ല ഈ അമ്മയുടെ ജീവിതത്തിലെന്ന് അവന്‍ അറിഞ്ഞില്ലല്ലോ!

മോക്ഷം - പ്രീത രാജ് എഴുതിയ കഥ

പ്രീത രാജ്

'നിദ്രയെ ആവാഹിക്കാനൊരു മന്ത്രം സ്വായത്തമായിരുന്നെങ്കില്‍!! ' കാടിന്റെ നിശാശബ്ദങ്ങള്‍ ശ്രവിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കുന്തീദേവി ചിന്തിച്ചു. കടുത്ത വരള്‍ച്ചയിലാണ് കാനനം. ഉണങ്ങിയ ഇലകളുടെ അലോസരപ്പെടുത്തുന്ന കിരുകിരുപ്പാണ് സദാ. രാത്രിയുടെ നിശ്ശബ്ദതയില്‍ അത് കൂടുതല്‍ വ്യക്തമായി കേള്‍ക്കാം. ജലം തേടി അലയുന്ന മൃഗക്കൂട്ടങ്ങളെ മിക്കവാറും കാണാം. വനത്തിലെ നീരുറവകളും തടാകങ്ങളുമെല്ലാം വറ്റി വരണ്ടിരിക്കുന്നു. ഗംഗയാണ് ഏക ആശ്രയം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും.

പര്‍ണ്ണശാലയുടെ മറുപുറത്ത് നിന്ന് ദീര്‍ഘ നിശ്വാസങ്ങള്‍ ഉയരുന്നുണ്ട്. ഗാന്ധാരീ ദേവിയും ഉറങ്ങിയിട്ടില്ല. പുത്രദുഃഖത്തിന്റെ ഹോമകുണ്ഡങ്ങള്‍ പേറുന്ന വൃദ്ധമാനസങ്ങളില്‍ നിന്നുയരുന്ന നിശ്വാസങ്ങള്‍ ധൂപം പോലെ നിറയുന്നുണ്ട് ഈ പര്‍ണ്ണശാലയില്‍. നിണം പുഴയായൊഴുകിയ രണഭൂമിയില്‍ നിന്ന് ഗാന്ധാരീദേവി ഭീമസേനനോട് ചോദിച്ചു, 'നൂറില്‍ ഒരുവനെയെങ്കിലും കൊല്ലാതെ അവശേഷിപ്പിക്കാമായിരുന്നില്ലേ?'

നൂറു പുത്രന്മാര്‍ നഷ്ടപ്പെട്ടാലും ഒരു പുത്രന്‍ നഷ്ടപ്പെട്ടാലും ദുഃഖം ഒരു പോലെയായിരിക്കുമോ? അതോ തന്റെ ദുഃഖത്തിന്റെ നൂറിരട്ടിയായിരിക്കുമോ ഗാന്ധാരിയുടെ ദു:ഖം. ദുഃഖത്തിന്റെ തീവ്രത അളക്കാന്‍ ഏത് മാപിനി? ഒരുപക്ഷെ ഓരോരുത്തര്‍ക്കും അവനവന്റെ ദുഃഖമായിരിക്കാം വലുത്.

മാതൃനഷ്ടത്തിന്റെ നോവും പുത്ര നഷ്ടത്തിന്റെ വേവും അറിഞ്ഞവളാണല്ലോ കുന്തി. സദാ നീറിയെരിഞ്ഞിരുന്ന ദുഃഖക്കനലുകള്‍ രാജകുമാരിയുടെ വര്‍ണ്ണശബളമായ ഉടയാടകളിലും മഹാറാണിയുടെ പ്രൗഢ അലങ്കാരങ്ങളിലും വൈധവ്യത്തിന്റെ ശുഭ്ര വസ്ത്രത്തിലുംപൊതിഞ്ഞു പിടിച്ചവള്‍!

അമ്മ തന്നെ ഓര്‍ത്ത് കരഞ്ഞിട്ടുണ്ടാവുമോ എന്ന് കുന്തി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കുന്തിഭോജന് നല്കിയ പൃഥയെ യാത്രയാക്കാന്‍ അമ്മ വന്നിരുന്നില്ല. കണ്ണുനീര്‍ കാഴ്ച മറച്ച കണ്ണുകളോടെ അമ്മയെ തേടിയ കുഞ്ഞു പൃഥയോട് മഹാറാണി പൂജാമുറിയിലാണെന്നാണ് ധാത്രി പറഞ്ഞത്. ഒരു പക്ഷെ അമ്മ കരയുകയായിരുന്നിരിക്കും. ഒടുവില്‍ മകളെ എന്നായാലും നല്‍കേണ്ടതാണല്ലോ എന്ന് സമാധാനിച്ചിരിക്കാം. ദാനമായോ സമ്മാനമായോ നല്‍കാനുള്ളതാണല്ലോ പുത്രി !

മഥുരയിലെ കൊട്ടാരത്തിലും ഉദ്യാനത്തിലും ഓടിക്കളിച്ചിരുന്ന പൃഥ കുടുകുടാ ചിരിച്ചിരുന്നു. പക്ഷെ, പൃഥ പൂര്‍വ്വ ജന്മം പോലെ വിദൂരം, അവ്യക്തം! കൃത്യമായി എവിടെയാണ് ബാല്യം കളഞ്ഞു പോയതെന്നറിയില്ല. രഥത്തില്‍ നിറകണ്ണുകളോടെ ധാത്രിയുടെ മേല്‍ ചാരിയിരുന്ന് മഥുരയില്‍ നിന്നുള്ള യാത്രയിലോ? അതോ പുതിയ രാജധാനിയിലെ ഇരുള്‍ വീണ ഇടനാഴികളിലോ? പൃഥയ്ക്ക് ബാല്യം നഷ്ടമായത് ആരും അറിഞ്ഞില്ല, തിരഞ്ഞതുമില്ല.

കുന്തി എപ്പോഴെങ്കിലും പൊട്ടിച്ചിരിച്ചിട്ടുണ്ടോ എന്ന് ഓര്‍മയില്‍ ചിക്കിച്ചികഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടായിട്ടില്ല, അല്ലെങ്കില്‍ ദുഃഖങ്ങളുടെ വിചിത്രമായ ഘോഷയാത്രയില്‍ അത് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നില്ല. വികാരങ്ങളെല്ലാം മനസ്സിലൊതുക്കുകയായിരുന്നല്ലോ എന്നും പതിവ്.

അനുസരണയുള്ള വളര്‍ത്തുമകളായിരിക്കാനായിരുന്നു, ശ്രമം. ധര്‍മ്മാധര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഹൃദിസ്ഥമാക്കി. എല്ലാം നിഷ്ഠയോടെ പാലിച്ചു ജീവിച്ചു. പിതാവിന്റെ നിയോഗത്താല്‍ ക്ഷിപ്രകോപിയായ മഹാമുനിയെ വരെ പരിചരിച്ച് സംപ്രീതനാക്കി.. കൗമാരത്തിന്റെ കുതിപ്പില്‍ ഒരിക്കല്‍ മാത്രം ചപലയായി. അതിന് വിധിയുടെ ക്രൂരമായ ശിക്ഷയും ഏറ്റുവാങ്ങി. കന്യാഗര്‍ഭം!

'എന്നെ മാതാവ് ഉപേക്ഷിച്ചതല്ലേ?' എന്നാണ് കര്‍ണന്‍ ചോദിച്ചത്. അനുജന്മാര്‍ക്കെതിരായി യുദ്ധം ചെയ്യുന്നതില്‍ നിന്ന് പിന്മാറാന്‍ അപേക്ഷിച്ചപ്പോളാണത്. അതല്ലാതെ മറ്റൊരു പോംവഴിയുണ്ടായിരുന്നില്ലെന്ന് അവനെ ബോധിപ്പിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചു. കന്യകയായ ഒരമ്മയ്ക്കും കുഞ്ഞിനും ഒരു രാജധാനിയിലും ജീവിക്കാനാവില്ലെന്ന് നിശ്ചയം! അവനനുഭവിച്ച ഓരോ അപമാനവും ചാട്ടവാറടി പോലെ താനും അനുഭവിച്ചിരുന്നല്ലോ! ഭാഗ്യഹീനയായ ഈ അമ്മയുടെ അപമാനമായിരുന്നല്ലോ ആ സൂര്യപുത്രന്‍ പേറിയിരുന്നതും! മനസ്സിലാവാതെ ആവില്ല, അവനും സൗഹൃദത്തിന്റെ തടവിലായിരുന്നല്ലോ! വ്യത്യസ്ത കാലങ്ങളില്‍ സാഹചര്യങ്ങളുടെ തടവുകാരായിപ്പോയ അമ്മയും മകനും!

അവനെ ഓര്‍ക്കാതെ ഒരു ദിനവുമില്ല ഈ അമ്മയുടെ ജീവിതത്തിലെന്ന് അവന്‍ അറിഞ്ഞില്ലല്ലോ! അവന്‍ ജീവനോടെയിരിക്കുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു എന്നും. അതിരഥനും രാധയും കോരിച്ചൊരിഞ്ഞിരുന്ന സ്‌നേഹം നേരില്‍ കണ്ടതാണ്. ധാത്രിയുടെ കൂടെ ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന അതിരഥന്റെ ഗ്രാമത്തില്‍ പോയിരുന്നു. രാധയോടുള്ള അവന്റെ സ്‌നേഹാദരങ്ങള്‍ കണ്ട് അസൂയയും സന്തോഷവും തോന്നി. അന്ന് ഭാഗ്യഹീനരായ അവന്റെ അനുജന്മാര്‍ പിറന്നിട്ടില്ലായിരുന്നു.

മക്കളുടെ ജീവന്‍ സംരക്ഷിക്കാനുള്ള നിരന്തര സാഹസമായിരുന്നു കുന്തിയുടെ ജീവിതം എക്കാലവും. എന്നിട്ടും എന്റെ മകനേ, നീ സ്വന്തം സഹോദരന്റെ ബാണത്താല്‍ മൃത്യു വരിച്ചപ്പോള്‍ ഈ അമ്മയുടെ ഹൃദയത്തില്‍ വീണ കനലുകള്‍ ഇപ്പോഴും നീറിയെരിയുകയാണല്ലോ!. ഈ അഭിശപ്ത ജന്മമൊടുങ്ങും വരെ അതങ്ങനെ എരിഞ്ഞു കൊണ്ടിരിക്കും.

ഭര്‍ത്താവിന്റെ ചിതയില്‍ സതിയനുഷ്ഠിച്ച് സുന്ദരിയായ സപത്‌നി ജീവന്‍ വെടിഞ്ഞപ്പോള്‍ അഞ്ചു കുഞ്ഞുങ്ങള്‍ ചുറ്റുമുണ്ടായിരുന്നു. പിന്നീടവര്‍ മാത്രമായിരുന്നു, ജീവന്റെ ആധാരം. ജീവിച്ചതും അവര്‍ക്കു വേണ്ടി മാത്രം!

അഞ്ചു പേരുടെയും പ്രകൃതം വ്യത്യസ്തമാണ്. യുധിഷ്ഠിരന്‍ വിവേകവും ക്ഷമയും ഉള്ള ശാന്തശീലന്‍. ധര്‍മ്മരാജന്റെ പുത്രന്‍. ഒരനുഷ്ഠാനം പോലെ നടന്ന സമാഗമത്തില്‍ പിറന്നവന്‍.

കൊടുങ്കാറ്റില്‍ ചുഴറ്റിയെറിയപ്പെട്ട പോലെ വിവശയായിപ്പോയ സമാഗമമാണ് വായുപുത്രന്റെ ജന്മത്തിന് നിദാനം. ആ ഭീമസേനന്‍ ചപലനാവാതെങ്ങനെ! സംയമനം തീരെയില്ല ശക്തനായ വൃകോദരന്! പാവം! വാരണാവതത്തില്‍ നിന്നുള്ള യാത്രയിലുടനീളം അവശയായിരുന്ന തന്നെ ചുമലിലെടുത്താണ് അവന്‍ നടന്നത്!

സുഭഗനായ അര്‍ജ്ജുനന്‍ സൗമ്യനെങ്കിലും പ്രകോപനം ഉണ്ടായാല്‍ സംയമനം പാലിക്കുമെന്ന് പറയാന്‍ വയ്യ! പൂമരങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയിരുന്ന കുന്നില്‍ ചെരുവില്‍ അവന്റെ ജന്മത്തിന് നിദാനമായ സമാഗമം നടക്കുമ്പോള്‍ മഴനൂലുകള്‍ മെയ്യില്‍ ഇക്കിളിയിട്ടിരുന്നു. ആ വേളയില്‍ തന്നിലെ സ്ത്രീ ഉണരുന്നതറിഞ്ഞിരുന്നു. ഉണരുന്ന മൃദുലവികാരങ്ങള്‍ ഒരേ സമയം ആശ്ചര്യവും ആനന്ദവും ഭയവും ഉളവാക്കി. ഇനി ഒരിക്കല്‍ കൂടി വയ്യെന്ന് അന്ന് ഉറപ്പിച്ചു. മാദ്രിക്ക് മന്ത്രം കൈമാറി.

മാദ്രീസുതന്മാര്‍ അവരുടെ അമ്മയെ പോലെ തന്നെ ഏറെ അഴകുള്ളവര്‍. ഇളയവരായ ആ അശ്വനീദേവപുത്രന്മാരാണ് മിക്കവാറും തന്നെ ചുറ്റിപ്പറ്റി നടന്നിരുന്നത്. ഏറെ ലാളിച്ചതും അവരെ തന്നെ.

കുട്ടികളെയും കൊണ്ട് ഹസ്തിനപുരത്തില്‍ എത്തിയ ദിവസം തന്നെ ഒന്നും അത്ര സുഗമമായിരിക്കില്ലെന്ന് സന്ദേഹം തോന്നിയിരുന്നു. പിതാമഹന്റെയും വിദുരരുടെയും പുറകില്‍ നിന്നിരുന്ന ദുര്യോധനന്റെയും അവനെ ചേര്‍ത്തു പിടിച്ചിരുന്ന ശകുനിയുടെയും കണ്ണുകളിലെ പ്രകടമായ വെറുപ്പ് ആകുലത വര്‍ദ്ധിപ്പിച്ചു. ധൃതരാഷ്ട്രമഹാരാജാവ് സഹോദരന്റെ മക്കളെ ആശീര്‍വദിക്കാന്‍ അടുത്ത് വിളിച്ച് അവരുടെ ശരീരഘടന വിരലുകളാല്‍ പരിശോധിക്കുന്നത് കണ്ടപ്പോള്‍ പതിയിരിക്കുന്ന അപകടം മനസ്സില്‍ നിഴല്‍ വീഴ്ത്തിത്തുടങ്ങിയിരുന്നു.

അന്ന് രാത്രി അവരെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞു. 'ഇത് വനമല്ല. രാജധാനിയാണ്. ഇവിടെ സ്വച്ഛന്ദം വിഹരിച്ചു കൂടാ. മിത്രമാര് ശത്രുവാര് എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെയാണ് തുണ. അഞ്ചു പേരും ഒരുമിച്ച് നിന്നാല്‍ നിങ്ങള്‍ ശക്തരാണെന്ന് ഓര്‍ക്കുക.'

തന്റെ സന്ദേഹം ശരിയായിരുന്നെന്ന് ഉറപ്പിച്ച ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഈശ്വരാധീനത്താല്‍ പലതും അതിജീവിച്ചു. എങ്കിലും എത്ര ഭാഗ്യഹീനരാണ് തന്റെ പുത്രന്മാര്‍. യുദ്ധം ജയിച്ച് അവകാശപ്പെട്ട രാജ്യം നേടിയപ്പോഴേക്കും പുത്രരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവര്‍! രാജ്യമെമ്പാടും വൃദ്ധരുടെയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും രോദനമാണ്. ഭാഗ്യവാന്മാരെയാണ് പ്രസവിക്കേണ്ടത്. വീരന്മാരെയോ പണ്ഡിതരെയോ അല്ല.

കഴിഞ്ഞു പോയ ഓരോ സന്ദര്‍ഭങ്ങളും കുന്തീ ദേവിയുടെ മനസ്സിലൂടെ കടന്നു പോയി. ഒരിടത്തു നിന്നാട്ടിയാല്‍ മറ്റൊരിടത്തേക്ക് കൂട്ടമായി പറന്നിറങ്ങുന്ന വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെ പറന്നിറങ്ങുന്ന ഓര്‍മകളുടെ ദംശനമേറ്റ് കുന്തീദേവി ക്ഷീണിതയായി. നിദ്രാവിഹീനമായി രാത്രി നീണ്ടു പോയി.

പുലര്‍കാലേ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങളും സന്ധ്യാവന്ദനവും കഴിച്ച് കുന്തീദേവി ഹോമത്തിനുള്ള സംഭാരങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതയായി. പുല്ലെല്ലാം ഉണങ്ങിവരണ്ടുപോയിരിക്കുന്നു. ദര്‍ഭയോ കറുകയോ കിട്ടാനില്ല എങ്ങും. ഉണങ്ങിയവ കൊണ്ട് തന്നെ ഹോമ പൂജാദികള്‍ ചെയ്യുകയേ വഴിയുള്ളൂ.

ഹോമകുണ്ഡത്തില്‍ നിന്ന് ഉയരുന്ന പുകനോക്കിയിരുന്നപ്പോള്‍ കുന്തിദേവി ഓര്‍ത്തു, ചിന്തകളും ഈയിടെയായി ഇങ്ങനെയാണ്. ഒരു വ്യവസ്ഥയുമില്ലാതെ പിടി തരാതെ ചിതറിപ്പോകുന്നു. വാനപ്രസ്ഥം മനസ്സിനെ ഏകാഗ്രമാക്കേണ്ടതാണ്. ബന്ധങ്ങളുടെ കെട്ടുകള്‍ വേര്‍പെടുത്തി ഏകാഗ്രമനസ്സോടെ ധ്യാനിച്ചാലേ ബ്രഹ്മജ്ഞാനവും മോക്ഷവുമൊക്കെ സിദ്ധിക്കൂ. ധ്യാനിക്കുമ്പോഴും ഹോമിക്കുമ്പോഴും പൂജിക്കുമ്പോഴുമൊക്കെ ഏകാഗ്രത വേണ്ടതു തന്നെ. പക്ഷെ അടക്കമില്ലാതെ ചിതറിത്തെറിക്കുന്ന ചിന്തകളെ അതിന്റെ പാട്ടിന് വിട്ട് ആ വഴിയെ സഞ്ചരിക്കലാണ് ഇപ്പോള്‍ പതിവ്. ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയാണ് മിക്കവാറും ചിന്തയില്‍ ഉയര്‍ന്നു വരുന്നത്. എന്തൊക്കെയോ കാട്ടിക്കൂട്ടി ജീവിതത്തെ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നു മനുഷ്യര്‍. ഒടുവില്‍ മോക്ഷവും കാത്ത് കഴിയുമ്പോഴാണ് അതിന്റെയൊക്കെ വ്യര്‍ത്ഥത മനസ്സിലാവുന്നത്. അപ്പോഴാണ് എല്ലാം മറ്റൊരു തരത്തിലാവാമായിരുന്നല്ലോ എന്ന ചിന്ത മനസ്സിനെ മഥിക്കുന്നത്. പ്രപഞ്ചമെന്ന വലിയ ചതുരംഗപ്പലകയില്‍ വിധിയുടെ കരുനീക്കങ്ങള്‍ക്കനുസരിച്ച് വെട്ടിയും മാറിയും കളങ്ങളിലൂടെ നീങ്ങുന്ന വെറും കരുക്കള്‍ മാത്രമാണ് മനുഷ്യര്‍ എന്ന ചിന്ത ഒരു പക്ഷെ കുറച്ചാശ്വാസമേകും. അങ്ങനെയാവുമ്പോള്‍ എല്ലാം വിധി എന്ന് സമാധാനിക്കാം.

ഹോമം കഴിഞ്ഞ് എഴുന്നേറ്റ് ആചാര്യ വന്ദനം ചെയ്ത് മെല്ലെ ഗംഗയിലേക്ക് നടന്നു എല്ലാവരും. യുധിഷ്ഠിരന്‍ എത്തിച്ചു തന്ന ദേവദാരുവിന്റെ ദണ്ഡുകള്‍ വേണം ഗംഗയിലേക്കുള്ള പാത താണ്ടാന്‍. കണ്ണുകളും കാലുകളും വരുതിയിലല്ലാതായിത്തുടങ്ങിയിരിക്കുന്നു.

വനത്തിലേക്ക് പോകാനാണ് തന്റെ തീരുമാനമെന്നറിഞ്ഞ് മക്കളഞ്ചു പേരും മറ്റുള്ളവരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഭീമസേനന്‍ പൊട്ടിത്തെറിച്ചു. 'യുദ്ധം ജയിച്ച് രാജ്യം നേടിയപ്പോള്‍ അമ്മക്ക് വനവാസമാണോ താത്പര്യം? എങ്കിലെന്തിന് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു? വനത്തില്‍ തന്നെ കഴിയാമായിരുന്നല്ലോ! '

അടക്കിപ്പിടിച്ചിരുന്ന ദുഃഖം പരുഷ വചനങ്ങളിലൂടെ പുറത്തു വന്നു.

'ഹാ! കഷ്ടം! യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചത് അമ്മയ്ക്ക് രാജ്യസുഖമനുഭവിക്കാനെന്നു നിനച്ചോ എന്റെ പുത്രന്മാര്‍?? അധര്‍മത്തിനെതിരെ പൊരുതുന്നതാണ് ക്ഷത്രിയ ധര്‍മം. രജസ്വലയായി ഒറ്റ വസ്ത്രമണിഞ്ഞ സ്വന്തം പത്‌നിയെ രാജ്യസഭയില്‍ വലിച്ചിഴച്ച് അപമാനിച്ചത് പൊറുത്ത് ഭിക്ഷാം ദേഹികളായി അലയുന്നതോ ക്ഷത്രിയ ധര്‍മ്മം? യുദ്ധമോ ആയുധ പരീക്ഷണങ്ങളോ വിജയിച്ച് നേടുന്ന അലങ്കാരമോ, ചൂതില്‍ പണയം വക്കാനുള്ള വെറുമൊരു വസ്തുവോ ആണോ ക്ഷത്രിയന് പത്‌നി? എന്റെ സ്‌നുഷയുടെ കണ്ണുനീര്‍ എനിക്ക് സഹിക്കാനാവില്ലായിരുന്നു. അവളെ അഞ്ചു വീരന്മാരുടെ പത്‌നിയാക്കിയവളാണല്ലോ ഞാന്‍? വീരരായ എന്റെ പുത്രന്മാര്‍ അപമാനിതരായി വനത്തിലലയുന്നതും എനിക്ക് സ്വീകാര്യമായിരുന്നില്ല. യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നില്ല. അധര്‍മികളുടെ ആ സഭയുടെ നാശം അനിവാര്യമായിരുന്നു. എനിക്കിത് മോക്ഷ പ്രാപ്തിക്കായുള്ള വാന പ്രസ്ഥം. എന്നെ തടയരുത്. ധര്‍മത്തിലൂന്നി പ്രജാക്ഷേമതത്പരരായി രാജ്യം ഭരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ!'

പുത്രന്മാര്‍ തലതാഴ്ത്തി മൗനം പൂണ്ടു. കൂപ്പുകൈയോടെ വന്ദിച്ച ദ്രൗപദിയുടെ നീരണിഞ്ഞ കണ്ണുകള്‍ തിളങ്ങിയിരുന്നു. അവള്‍ തന്നോട് പൊറുത്തിരിക്കുന്നു എന്നാണോ ആ കണ്ണുകളുടെ ആ തിളക്കത്തിന്റെ അര്‍ത്ഥം? വിചിത്രമായ വിധി ദ്രൗപദിയുടെ തലയില്‍ കെട്ടിവച്ചത് മക്കള്‍ ഒരുമിച്ച് നില്‍ക്കാന്‍ പുത്രസ്‌നേഹാന്ധയായ കുന്തി കണ്ടെത്തിയ ഉപായമായിരുന്നല്ലോ.! എന്തു സ്വാര്‍ത്ഥത!

ഗംഗയിലേക്കുള്ള വഴിയില്‍ ഗാന്ധാരീദേവിയുടെ കരം തോളിലമര്‍ന്നു. ധൃതരാഷ്ടര്‍ സഞ്ജയന്റെ തോളിലും കൈവച്ചു. മുമ്പീ വഴി ഇത്ര ദുര്‍ഘടമായി തോന്നിയിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ പരാധീനതയോ അത്യുഷ്ണത്തിന്റെ തളര്‍ച്ചയോ എന്നറിയില്ല. മെല്ലെ നീങ്ങുമ്പോള്‍ ചിന്തിച്ചു,

ഗാന്ധാരീദേവി ഭര്‍ത്താവിന്റെ അന്ധകാരത്തെ സ്വയം വരിച്ചില്ലായിരുന്നെങ്കില്‍ ദുര്യോധനാദികളെ നേര്‍വഴി നടത്താന്‍ കഴിയുമായിരുന്നോ? കഴിഞ്ഞു പോയ കാലത്തെ വിശകലനം ചെയ്യുന്നത് വ്യര്‍ത്ഥമാണ്. എങ്കിലും അന്ധനായ ഭര്‍ത്താവിന് വെളിച്ചമാവാമായിരുന്നു, സാധ്വിയായ ഗാന്ധാരീ ദേവിക്ക്. അതായിരുന്നില്ലേ ഉചിതം?

വാനപ്രസ്ഥത്തിന്റെ തുടക്കത്തിലൊരുനാള്‍ ഇത്തരമൊരു ചിന്ത സൂചിപ്പിച്ചപ്പോള്‍ ഗാന്ധാരീ ദേവി പറഞ്ഞു. 'കുന്തീ, കണ്ണുകള്‍ മൂടിക്കെട്ടിയത് അബദ്ധമായിരുന്നോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷെ സഭയില്‍ അപമാനിതയായ ദ്രൗപദി യാത്ര ചോദിക്കാന്‍ മുന്നില്‍ വന്നപ്പോഴാണ് ഈ അന്ധത അനുഗ്രഹമാണെന്ന് തോന്നിയത്. അവളുടെ കണ്ണുകളുടെ തീക്ഷ്ണതയും അഴിഞ്ഞുലഞ്ഞ കേശഭാരവും കാണേണ്ടി വന്നില്ലല്ലോ. കണ്ടിരുന്നെങ്കില്‍ മാതൃശാപവും ഏറ്റുവാങ്ങിയേനെ അഭിശപ്തരായ എന്റെ പുത്രന്മാര്‍!'

പാദങ്ങളില്‍ ജലസ്പര്‍ശമേല്‍ക്കുമ്പോള്‍ എന്തൊരാശ്വാസം! പാപനാശിനിയായ ഗംഗ. ഗംഗയില്‍ മുങ്ങുമ്പോഴാണ് മനസ്സേറ്റവും ധ്യാനനിരതമാവുന്നത്. ഒരോ തവണ മുങ്ങുമ്പോഴും പാപഭാരം അല്പാല്‍പമായി ഗംഗയില്‍ വിലയിക്കുന്നതായി സങ്കല്‍പിക്കാറുണ്ട്. സങ്കല്‍പങ്ങളാണല്ലോ മനസ്സിന് ഊന്നുവടിയാവുന്നതും.

അരക്കിന്റെയും നെയ്യിന്റെയും ഗന്ധമായിരുന്നു വാരണാവതത്തിലെ വിശ്രമമന്ദിരത്തില്‍. അരക്കില്ലത്തില്‍ പതിയിരിക്കുന്ന അപകടം വിദുരര്‍ ദൂതന്‍ മുഖേന അറിയിച്ചപ്പോള്‍ ചതിയുടെ കാഠിന്യമോര്‍ത്ത് തളര്‍ന്നു പോയി. ദുര്യോധനന്റെ സേവകന്‍ അഗ്‌നിക്കിരയാക്കുന്നതിന് മുമ്പ് തീയിട്ട് രക്ഷപ്പെടാനായിരുന്നു പദ്ധതി. കാട്ടു ഫലങ്ങള്‍ ശേഖരിക്കാന്‍ നടന്നിരുന്നതാണ് ആ കാട്ടുപെണ്ണും മക്കളും. ദൂതനോട് അവരെ വിളിക്കാന്‍ നിയോഗിച്ചു. ഭാംഗ് എത്തിച്ച് തന്നതും ആ ദൂതന്‍ തന്നെ. ധാരാളം ഭക്ഷണമുണ്ടാക്കി. വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ കറപിടിച്ച പല്ലുകള്‍ പുറത്തു കാട്ടി അവള്‍ മുഖത്തു നോക്കി ചിരിച്ചു. മക്കള്‍ക്ക് അവള്‍ വീണ്ടും വീണ്ടും വിളമ്പിക്കൊടുക്കുന്നത് നോക്കിയിരുന്നു. അവര്‍ അവിടെത്തന്നെ കിടന്നുറങ്ങിക്കോട്ടെ എന്ന് നിര്‍ദ്ദേശിച്ചതും താന്‍ തന്നെ! നേരത്തെ തയ്യാറാക്കിയിരുന്ന തുരങ്കത്തിലൂടെ രക്ഷപ്പെടുമ്പോള്‍ സ്വന്തം മക്കളുടെ രക്ഷമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ! സ്വാര്‍ത്ഥത! വഞ്ചന! കൊടുംപാപം!. പുത്രസ്‌നേഹത്താല്‍ അന്ധനായ ധൃതരാഷ്ടരേക്കാള്‍ പാപിയല്ലേ ഈ കുന്തി! നാരായണാ! ഇനിയുമെത്ര ഹോമകുണ്ഡങ്ങളില്‍ ദഹിക്കണം, എത്രവുരു ഗംഗയില്‍ മുങ്ങണം പാപമോചനത്തിനായി ?

സ്‌നാനം കഴിഞ്ഞ് മെല്ലെ മുകളിലേക്ക് കയറി. കുറച്ചു നടന്നപ്പോള്‍ അസഹ്യമായ ചൂട് അനുഭവപ്പെട്ടു. കരിഞ്ഞ ഇല പടലങ്ങള്‍ കാറ്റില്‍ പാറുന്നു. അങ്ങു ദൂരെ അഗ്‌നിജ്വാലകള്‍ ഇളകിയാടിയുയരുന്നു. അഗ്‌നിയില്‍ ഇലകളും കമ്പുകളും ചെറിയ പ്രതിഷേധ സ്വരങ്ങളുയര്‍ത്തി എരിഞ്ഞടങ്ങുന്നു. പര്‍ണ്ണശാലയുടെ ഭാഗത്തു നിന്നാണ് തീ പടരുന്നത്. ഹോമകുണ്ഡത്തില്‍ നിന്ന് ഒരു തീപ്പൊരി തെറിച്ച് വരണ്ടുണങ്ങിയ ഇലകളിലേക്ക് വീണതാവാം. സഞ്ജയന്‍ തിരികെ ഗംഗയിലേക്കിറങ്ങാന്‍ തിടുക്കം കൂട്ടി.

കുന്തീദേവി ആളിയടുക്കുന്ന അഗ്‌നി നാളങ്ങളെ നോക്കി. അവക്ക് നടുവില്‍ കണ്ടു, അവള്‍ അഞ്ചുമക്കളെ ചേര്‍ത്തു പിടിച്ച്. അവളുടെ കണ്ണുകളില്‍ അഗ്‌നി ജ്വാലകള്‍ നൃത്തം ചെയ്യുന്നു. അധരങ്ങളില്‍ അതേ സംതൃപ്തിയുടെ ചിരി. ഇതു തന്നെ മോക്ഷമാര്‍ഗ്ഗം എന്നറിഞ്ഞ് കുന്തീദേവി കൈകൂപ്പി കണ്ണുകള്‍ പൂട്ടി ധ്യാനനിരതയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

SCROLL FOR NEXT