നെല്‍കൃഷി ലാഭകരമല്ലാത്ത സാഹചര്യത്തില്‍ ലാഭകരമായ മറ്റു വിളകളിലേക്ക് കേരളം പോകുന്നത് നല്ലതാണോ? ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ചോദ്യത്തിന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഡോ. എം.എസ്. സ്വാമിനാഥന് അക്കാര്യത്തില്‍ വ്യക്തമായൊരു നിലപാടുണ്ട്. അദ്ദേഹം, അത് ഇങ്ങനെ വിശദീകരിക്കുന്നു. ''താങ്ങാനാവാത്ത കൂലിച്ചെലവുകൊണ്ടാവണം തരംകിട്ടിയാല്‍ ആളുകള്‍ തോട്ടവിളകളിലേക്ക് മാറുന്നത്. നെല്‍കൃഷിക്ക് ചെലവും അദ്ധ്വാനവും കൂടുതല്‍ വേണം. ലാഭവും കുറവ്. മറിച്ച് മറ്റു കൃഷികളാവുമ്പോള്‍ കൂടുതല്‍ വരുമാനം കിട്ടുന്നു. കേരളത്തിന് അത് ഗുണകരമാകും.
അതേസമയം കേരളത്തില്‍ നെല്ലിന്റെ കമ്മി തുടരും. ഈ നിലയ്ക്ക്, ഇന്നത്തെ പല പ്രത്യേക സ്ഥിതിവിശേഷങ്ങളും കണക്കിലെടുത്തുകൊണ്ട്, 'റീജിയണല്‍ ഫുഡ് സെക്യൂരിറ്റി ഗ്രിഡുകള്‍' രൂപീകരിക്കുകയാവും എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്രദമാകുക.''
ഉദാഹരണത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഒന്നിച്ച് ഒരണിയാക്കുകയാണെങ്കില്‍, സ്ഥലവും ജലവും വിഭവങ്ങളും ലാഭവും അന്യോന്യം പങ്കുവയ്ക്കാം. നദീജലത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടാകുകയില്ല. നെല്ലധികം വിളയുന്ന ആന്ധ്രയെപ്പോലുള്ള സംസ്ഥാനത്തിന് അന്യസംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയുമാവാം. പകരം അവര്‍ക്കാവശ്യമുള്ളവ അന്യസംസ്ഥാനങ്ങളില്‍നിന്ന് എടുക്കുകയും ചെയ്യാം. അന്യോന്യമുള്ള കൊടുക്കല്‍ - വാങ്ങലുകളും തുല്യപങ്കാളിത്തവും കൃഷിയുടെ വൈവിധ്യത്തിനും മികച്ച വിളവിനും ഉപകരിക്കുകയും ചെയ്യും.
മലേഷ്യയും തായ്ലണ്ടുമായുള്ള ഇത്തരത്തിലുള്ളൊരു കരാര്‍ ഇന്നും വിജയകരമായി തുടരുന്നു. 60 ശതമാനം മാത്രം നെല്ലു വിളയുന്ന മലേഷ്യക്ക് വേണ്ടത്ര അരി തായ്ലണ്ട് നല്‍കുമ്പോള്‍, തായ്ലണ്ടിനു വേണ്ട പാമോയില്‍ മലേഷ്യയും നല്‍കുന്നു.
അഡയാറിലുള്ള താരാമണിയിലെ എം.എസ്. റിസര്‍ച്ച് ഫൗണ്ടേഷനില്‍വച്ച് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹരിതവിപ്ലവവും ഇന്ത്യയുടെ ഭാവിയും ഇന്ത്യയുടെ നഷ്ടപ്പെട്ട അവസരങ്ങളുമെല്ലാം ചര്‍ച്ചാവിഷയമായി. ഒരു ശാസ്ത്രജ്ഞന്റെ കണിശതയോടെ, അതേസമയം മണ്ണിനോടും മനുഷ്യനോടുമുള്ള തന്റെ ആത്മബന്ധത്തിന്റെ ചൂടോടെ അദ്ദേഹം സംസാരിച്ചു. ദീര്‍ഘമായ ആ സംസാരത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സ്വാന്ത്ര്യസമരത്തിനും അതിനു മുന്‍പുള്ള കാലത്തിനും സാക്ഷിയായതിനുശേഷം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ തല്‍ക്കാലസ്ഥിതി കാണുമ്പോള്‍ മനസ്സിലെന്തു തോന്നുന്നു?
''ഖേദം തോന്നുന്നുണ്ട്. പ്രതീക്ഷകള്‍ക്കു വിരുദ്ധമായ സ്ഥിതിയാണിന്ന്. പഴയകാല ജീവിതം വളരെ ലളിതമായിരുന്നു. ആവശ്യങ്ങളും ആവലാതികളും തീരെ കുറവായിരുന്നു. ഇന്നും ഒരൊറ്റ മുണ്ടും അത്യാവശ്യത്തിനുമാത്രം ഷര്‍ട്ടും ഇട്ടു നടക്കുന്ന തകഴി ശിവശങ്കരപ്പിള്ളയെ നോക്കൂ! പഴയ തലമുറക്കാരുടെ യഥാര്‍ത്ഥ ചിത്രമായിരുന്നു.
സ്വാതന്ത്ര്യസമരകാലത്താണെങ്കില്‍, സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തില്‍ കവിഞ്ഞൊരു കര്‍മ്മവും പൊതുവെ ഇല്ലായിരുന്നു. ആഗ്രഹങ്ങളും ദുരാഗ്രഹങ്ങളും കുമിഞ്ഞുതുടങ്ങിയത് സ്വാതന്ത്ര്യത്തിനുശേഷം. സ്വാതന്ത്ര്യലഹരി വഴിമാറിക്കൊടുത്തത് അത്യാഗ്രഹങ്ങള്‍ക്കായി. രാജ്യവും ജനങ്ങളും നേതാക്കന്മാര്‍ക്ക് പ്രശ്‌നമല്ലാതായി. ജനങ്ങളില്‍നിന്ന് എങ്ങനെ എത്രത്തോളം പിഴിയാം എന്നല്ലാതെ, ഏതുതരത്തില്‍ എങ്ങനെ അങ്ങോട്ട് ചെയ്യണമെന്നുള്ള വിചാരം തന്നെ നേതാക്കന്മാര്‍ക്കില്ലാതായി. അധികാരങ്ങളെയും അവകാശങ്ങളെയും പറ്റിയല്ലാതെ അവനവന്റെ കടമകളെപ്പറ്റി ആര്‍ക്കുമില്ല ബോധം. അലസതയും സുഖലോലുപതയുമാണ് എവിടെയും കാണുന്നത്. 'ടെര്‍മിനേറ്റര്‍' വിത്തുകളെപ്പറ്റി തലങ്ങും വിലങ്ങും പ്രസംഗിക്കുന്ന നമ്മള്‍ ആദ്യം വേണ്ടത് ഭോഗാലസത 'ടെര്‍മിനേറ്റ്' ചെയ്യാന്‍ എന്തുചെയ്യണമെന്നാലോചിക്കുകയാണ്. പ്രയത്‌നിച്ച് ഒന്നാംനിരയിലെത്തണമെന്ന ചിന്തയോ മോഹമോ മനഃസ്ഥിതിയോ ഉള്ളവര്‍ വളരെ വിരളം. ഉണ്ടെങ്കില്‍ത്തന്നെ പ്രോത്സാഹനം തീരെയില്ല. ഓട്ടത്തിനൊരു മെഡല്‍ വേണമെങ്കില്‍ ഉഷ തന്നെ ഓടണമെന്ന സ്ഥിതി മാറാത്തതില്‍ അത്ഭുതപ്പെടേണ്ടതില്ല. ആര്‍ക്കുമിന്ന് അദ്ധ്വാനിക്കണമെന്നില്ല. നമ്മുടെ പേരക്കുട്ടികളെ ഓര്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. അവരും ഇതുകണ്ടാണ് വളരുന്നത്. ആരുപറഞ്ഞു, എന്തുപറഞ്ഞു, എന്നതിനെച്ചൊല്ലിയുള്ള വഴക്കുകള്‍ക്കിടയില്‍ അവരുടെ കാര്യം ആരു ശ്രദ്ധിക്കുന്നു... ചുരുങ്ങിയത് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവകളിലെങ്കിലും കക്ഷിമത്സരങ്ങള്‍ക്കതീതമായ ഒരു മിനിമം പ്രോഗ്രാമുണ്ടാക്കുവാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്‌നിച്ചിരുന്നെങ്കില്‍...''
അന്‍പതുകൊല്ലമെന്നത് ചെറിയ കാലയളവല്ല. അത്രയും കാലം കൊണ്ട് എത്രയോ അഭിവൃദ്ധിപ്പെടേണ്ടതായിരുന്നു നമ്മള്‍!
സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പാഴായെന്നു തോന്നുന്നുണ്ടോ?
''ഉവ്വ്. പലപ്പോഴും തോന്നാറുണ്ട്. ഭക്ഷണരംഗത്തും ശാസ്ത്രരംഗത്തും പുരോഗതി ഉണ്ടായിട്ടുണ്ട്. ശരിയാണ്, എന്നാല്‍ ഏതു പുരോഗതിയും നിലനിര്‍ത്താനും വരുംതലമുറയ്ക്ക് പകരാനും ഭരണാധികാരികളുടെ ഭാഗത്തുനിന്നുകൂടി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വേണം. രാഷ്ട്രീയക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ പേടിയുണ്ട്. ആശങ്കയുണ്ട്.
അന്‍പതുകൊല്ലമെന്നത് ചെറിയ കാലയളവല്ല. അത്രയും കാലം കൊണ്ട് എത്രയോ അഭിവൃദ്ധിപ്പെടേണ്ടതായിരുന്നു നമ്മള്‍! അന്‍പതാം വാര്‍ഷികം കൊണ്ടാടുന്ന ഇപ്പോഴെങ്കിലും രാജ്യം ഉണര്‍ന്നെങ്കില്‍...
മുഴത്തിനു മുഴത്തിനു സെമിനാറുകളും ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നതിനിടയില്‍ ജയാപജയങ്ങളുടെ കാരണങ്ങളെക്കുറിച്ചും അവലോകനങ്ങള്‍ നടത്തിയിരുന്നെങ്കില്‍...
ഇനിയും വൈകിയിട്ടില്ല. അന്വേഷണം സ്‌കൂള്‍തലങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. കുട്ടികളെ കുറേക്കൂടി ആത്മപരിശോധനയില്‍ പങ്കാളികളാക്കാം. തെറ്റും ശരിയും ബലവും ദൗര്‍ബല്യവും അവരും അറിയേണ്ടതാണ്. ഭാവിയെപ്പറ്റിയുള്ള ശരിയായ ബോധമുണ്ടാകാനും മുന്‍ഗാമികള്‍ക്കു പറ്റിയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും ആ അറിവ് ആവശ്യമാണ്. അവരുടെ നല്ല ഭാവിയും അതിനെ ആശ്രയിച്ചിരിക്കുന്നു.''
ഭാരതത്തെ 'ഭിക്ഷാപാത്ര'ത്തില്‍നിന്ന് 'ഭക്ഷണക്കൂട'യാക്കി മാറ്റാനിടയായ 'ഹരിതവിപ്ലവ'ത്തെക്കുറിച്ച് വിശദീകരിക്കാമോ?
''അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോക്ടര്‍ വില്യംഗോഡായിരുന്നു 'ഹരിതവിപ്ലവ'മെന്ന പേരിന്റെ കര്‍ത്താവ്, ചെടിക്ക് പച്ചനിറം കൊടുക്കുന്ന ക്ലോറോഫില്‍ കൂടുതല്‍ സൗരോര്‍ജം സംഭരിക്കാനും അതുവഴി ധ്യാനോല്പാദനം ഇരട്ടിയാകാനും ഇടയാകുന്ന പ്രക്രിയയെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ആ പ്രയോഗം. 1968-ലായിരുന്നു അത്. ഗോതമ്പുല്പാദനം അഭൂതപൂര്‍വമായി വര്‍ദ്ധിച്ചത് അക്കൊല്ലമായിരുന്നു. ഏതാണ്ട് പതിനേഴു കോടിയിലേറെ ടണ്ണായിരുന്നു അക്കൊല്ലത്തെ വിളവ്. ഗോതമ്പു വിപ്ലവത്തിന്റെ പേരില്‍ ഇന്ദിരാഗാന്ധി ഒരു പുതിയ സ്റ്റാമ്പിറക്കാനും അതുകാരണമായി. നെല്ലുല്പാദനവും അക്കൊല്ലം ഏറെ വര്‍ദ്ധിച്ചു.
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് എന്നതായിരുന്നു ഹരിതവിപ്ലവത്തിന്റെ ഒരു വലിയ പ്രത്യേകത. അതിനു മുന്‍പ്, അധികവിളവിന് അധികസ്ഥലം എന്ന തത്ത്വപ്രകാരം, വനഭൂമി കൂടുതല്‍ കൂടുതലായി വികസിപ്പിച്ചെടുത്തും കൃഷി ചെയ്യേണ്ടിയിരുന്നു. എന്നാല്‍, 'ഹരിതവിപ്ലവം'കൊണ്ട് ഏതാണ്ട് മുപ്പത്തിയേഴോളം കോടി ഹെക്ടര്‍ വനഭൂമിയാണ് സംരക്ഷിക്കപ്പെടാനിടയായിട്ടുള്ളത്. പല ഗവേഷണ-നിരീക്ഷണങ്ങള്‍ക്കും ശേഷം 'മെന്‍ഡേലിയന്‍' ജനിതകതത്വപ്രകാരം വികസിപ്പിച്ചെടുത്ത മേല്‍ത്തരം വിത്തുകളും അനുയോജ്യമായ വളങ്ങളും ഹരിതവിപ്ലവത്തിന്റെ വിജയഘടകങ്ങളായി. പുതിയ വിത്തിന്റെ ചെടികള്‍ക്ക് ഉയരം കുറവായിരുന്നു. അതുകൊണ്ട് നീളംവെച്ച് വീഴാനുള്ള സാദ്ധ്യതയുണ്ടായിരുന്നില്ല. അധികം സ്ഥലവും വേണ്ടിയിരുന്നില്ല. പോഷകങ്ങള്‍ ചെടിയുടെ പുഷ്ടിക്കെന്നതിനേക്കാള്‍ ധാന്യങ്ങളുടെ മേന്മയ്ക്കും ഗുണത്തിനും ഉപയുക്തമാവുകയും ചെയ്തിരുന്നു.''
കൃഷി വികസനത്തിനും ഉല്പാദന വര്‍ദ്ധനവിനും പുതിയ നിര്‍ദ്ദേശങ്ങളെന്തൊക്കെയാണ്?
കണിശമായ, കൃത്യമായ തോതിലുള്ള കൃഷിമുറ. അതാണ് പ്രധാനം. അതായത്, വിത്തിന്റെ കാര്യത്തില്‍ നിന്നു തുടങ്ങി വിളവെടുപ്പുവരെയുള്ള ഘട്ടങ്ങളില്‍ അധികച്ചെലവോ ഏതൊന്നിന്റേയും അമിതമായ ഉപയോഗമോ ഇല്ലാതെ ശ്രദ്ധാപൂര്‍വ്വം ശാസ്ത്രീയമായി മെച്ചപ്പെടുന്ന കൃഷിമുറ. അതിന് ആദ്യമായി വേണ്ടത് സ്ഥലത്തിനനുസരിച്ചുള്ള വിളവിനെക്കുറിച്ചും ജലം, വളം എന്നിവയെക്കുറിച്ചുമുള്ള വിദഗ്ദ്ധമായ നിര്‍ദ്ദേശങ്ങള്‍ വേണ്ടപ്പോള്‍ കിട്ടാറാക്കുകയാണ്. അതാതുസമയത്ത് ആവശ്യത്തിനുമാത്രമുഴുത് വേണ്ടത്ര ജലസൗകര്യം ലഭ്യമാക്കി, കണക്കില്‍ കവിയാതെ കീടനാശിനികള്‍ ഉപയോഗിച്ച്, കൃത്യമായ അളവില്‍ വളംചേര്‍ത്ത് കൃഷി നടത്തണമെങ്കില്‍ സമയാസമയങ്ങളില്‍ ഏറ്റവും പുതിയ സമ്പൂര്‍ണ്ണമായ വിവരങ്ങള്‍ കര്‍ഷകന് ലഭ്യമാവുകതന്നെ വേണം. അതിനായി റേഡിയോ, ടെലിവിഷന്‍ എന്നതുപോലെ ആധുനിക കംപ്യൂട്ടര്‍ സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്. ആ വകകളുടെ ചുമതല, തൊഴില്‍രഹിതമായ ഗ്രാമീണരേയും പാവപ്പെട്ട സ്ത്രീകളേയും ഏല്പിക്കുകയാണെങ്കില്‍ ഏറെ നന്ന്. ഗവണ്‍മെന്റ് സേവനക്കാരേക്കാള്‍ നല്ലത് മറ്റുള്ളവരാണ്. കാരണം, ഇത്തരം കാര്യങ്ങള്‍ കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ അവരുടെ നിയന്ത്രണത്തില്‍ നടത്താന്‍ സന്മനസ്സുള്ളവരായാലേ വിജയകരമാകുകയുള്ളു. യാന്ത്രികമായ സേവനത്തേക്കാള്‍, കൃഷിയില്‍ താല്പര്യമുള്ള കര്‍ഷകരുടെ മുന്നേറ്റത്തില്‍ വിശ്വസിക്കുന്ന ഗ്രാമീണരുടെ ആത്മാര്‍ത്ഥസേവനമായിരിക്കും നല്ലത്.
കൃഷിയിലെ കൂട്ടായ്മയും ഇന്നത്തെ കാലത്തിനു യോജിച്ച ഒരു സംവിധാനമാണ്. ജലവും സ്ഥലവും സൗകര്യങ്ങളും പങ്കുവെച്ചുള്ള കൂട്ടുകൃഷി പരീക്ഷിച്ചു വിജയിച്ചുകണ്ട നല്ലൊരേര്‍പ്പാടാണ്. കര്‍ഷകരുടെ സഹകരണ സംഘടനകളേക്കാള്‍ നമുക്കിന്നാവശ്യം അവരുടെ അന്യോന്യമുള്ള സഹകരണമാണ്. സഹകരണ സംഘടനകള്‍ അധികാരവടംവലികളുടെ അരങ്ങാവാറാണ് പതിവ്. തരിശുനിലങ്ങള്‍ കൃഷിക്കുപയുക്തമാക്കുന്നതും നല്ലൊരു പദ്ധതിയാണ്. 80 തൊട്ട് 90 വരെ കോടി ഹെക്ടര്‍ തരിശുഭൂമിയാണ് നമുക്കുള്ളത്. ജലസേചന സൗകര്യങ്ങള്‍ അതിനത്യാവശ്യമാണ്. നദീജലം പങ്കുവയ്ക്കുന്നതിനെക്കുറിച്ച്, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഉറച്ച പരസ്പരധാരണ, ഇതിനു കൂടിയേ കഴിയൂ.
വരള്‍ച്ചയുള്ള സ്ഥലങ്ങളില്‍ മഴവെള്ളം സംഭരിച്ച് കൃഷിചെയ്യുന്ന സമ്പ്രദായവും വളരെ ഫലവത്താണ്. പുതുക്കോട്ടയില്‍, അത്തരത്തില്‍ നടത്തിവരുന്ന പയറുകൃഷി ഏറെ വിജകരമായി കാണുന്നു.''
പുരുഷന്‍ മുഴുവയര്‍ നിറയ്ക്കുമ്പോഴും സ്ത്രീ അരപ്പട്ടിണിയോ മുഴുപ്പട്ടിണിയോയായി തുടരുന്ന സ്ഥിതിയാണത്. നമ്മുടെ സാമൂഹ്യവ്യവസ്ഥിതി ഇനിയും അക്കാര്യത്തില്‍ ഭേദപ്പെട്ടിട്ടില്ല.''
രാഷ്ട്രീയ സ്ഥിതിയും കൃഷിക്കാരുടെ മുന്നേറ്റത്തെ ആത്യന്തികമായി ബാധിക്കുമെന്നത് എത്രത്തോളം ശരിയാണ്? നമ്മുടെ ഇന്നത്തെ കൂട്ടുകക്ഷി ഭരണത്തെക്കുറിച്ച് എന്തുപറയുന്നു?
രാഷ്ട്രീയാന്തരീക്ഷം കൃഷിയേയും കൃഷിക്കാരേയും ബാധിക്കുക തന്നെ ചെയ്യും. തീരുമാനങ്ങള്‍ എടുക്കാനാവാത്ത നേതാക്കന്മാരും പൊതുനന്മയെ ഉദ്ദേശിച്ചല്ലാതെ എടുക്കുന്ന തീരുമാനങ്ങളും ദോഷം മാത്രമേ ചെയ്യൂ. ഇത്തവണ കേന്ദ്രത്തില്‍ പുതിയ കൂട്ടുകക്ഷിഭരണം വന്നപ്പോള്‍ ഏറെ പ്രതീക്ഷിച്ചു. വിവിധ കക്ഷികളുടെ പ്രാതിനിധ്യവും കൂട്ടായ്മയും പ്രയോജനം ചെയ്‌തേക്കും എന്നാശിച്ചു. എന്നാല്‍, കൂട്ടുത്തരവാദിത്വത്തിനും കൂട്ടായ്മയ്ക്കും പകരം അന്യോന്യമുള്ള ഉരസലുകളും സഹകരണത്തിനുപകരം സ്പര്‍ദ്ധയും മാത്രമേ ഇന്നു കാണുന്നുള്ളു. സ്പര്‍ദ്ധയുടെ ജീനുകള്‍ പെരുകിവരുന്ന ഇക്കാലത്ത് സഹകരണത്തിന്റെ ജീന്‍ വികസിപ്പിച്ചെടുക്കാന്‍ വല്ല വഴിയും കണ്ടെത്തിയെങ്കില്‍ എന്നു തോന്നാറുണ്ട്. വിദ്യാര്‍ത്ഥികളോടു തമാശയ്ക്കു പറയാറുള്ള ഇക്കാര്യം സത്യമായും യാഥാര്‍ത്ഥ്യമായെങ്കില്‍, എന്നാശിച്ചുപോവാറുണ്ട്! കാരണം, നമുക്കിന്ന് വേണ്ടത് സഹകരണത്തിന്റെ ജീനുകളാണ്.''
ഭക്ഷണരംഗത്തെ ഇന്നത്തെ സ്ഥിതിയില്‍ സംതൃപ്തി തോന്നുന്നുണ്ടോ. ഹരിതവിപ്ലവത്തിനുശേഷവും പട്ടിണി പാടെ മാറ്റിയിട്ടില്ലല്ലോ?
ഭക്ഷണരംഗത്ത് സ്വയംപര്യാപ്തത നേടി, എന്നു പറയാമെന്നേയുള്ളു. ഇരുന്നൂറ്റി അന്‍പതു കോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാകുന്ന സ്ഥിതിയില്‍ അര്‍ഹിക്കുന്നവര്‍ക്കെല്ലാം ഭക്ഷണമെത്തുന്നില്ലെന്നു സമ്മതിക്കുന്നു.
സാമ്പത്തികശേഷി കൂട്ടുക മാത്രമേ ഇതിനു പ്രതിവിധിയായുള്ളു. ജനപ്പെരുപ്പം, തൊഴിലവസരങ്ങളില്ലായ്മ ഇവ പ്രധാന പ്രശ്‌നങ്ങളാണ്. യന്ത്രവല്‍ക്കരണം ഉള്ള അവസരങ്ങള്‍ തന്നെ കുറക്കുകയും ചെയ്യുന്നു.
മനുഷ്യപ്രയത്‌നം ആവശ്യമായ, ഫലപ്രദമായി ഉപയോഗിക്കാവുന്ന, പുതിയ തുറകള്‍ കണ്ടെത്തിയേ തീരൂ. അതല്ലെങ്കില്‍ വാങ്ങാനുള്ള ശേഷിയില്ലാതെ, ഭക്ഷണം എന്നും കൈയെത്തായകലത്തില്‍ തന്നെ തുടരുന്ന അവസ്ഥയാവും ഫലം.
ഇതിനൊക്കെപ്പുറമെ, എളുപ്പത്തില്‍ നശിക്കുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റും ശാസ്ത്രീയമായ രീതിയില്‍ സംഭരിക്കാനും സംരക്ഷിക്കാനും നേരാംവണ്ണം വിതരണം ചെയ്യാനുമുള്ള സൗകര്യങ്ങളും കുറവാണ്. അദ്ധ്വാനിച്ചുണ്ടാക്കുന്നവ വെറുതെ പാഴാക്കുകയെന്നത് കര്‍ഷകര്‍ക്കെന്നല്ല, മറ്റുള്ളവര്‍ക്കും ബാധകമാവുന്ന നഷ്ടമാണ്.
മറ്റൊരു കാര്യവും എടുത്തുപറയേണ്ടതുണ്ട്. ശരാശരിക്കാരായ ഇടത്തട്ടുകാര്‍ക്കിടയിലും നന്നെ താഴെക്കിടയിലുള്ളവര്‍ക്കിടയിലും സ്ത്രീകളെ സംബന്ധിച്ച് ഒരു വലിയ പ്രത്യേകതയുണ്ട്. പുരുഷന്‍ മുഴുവയര്‍ നിറയ്ക്കുമ്പോഴും സ്ത്രീ അരപ്പട്ടിണിയോ മുഴുപ്പട്ടിണിയോയായി തുടരുന്ന സ്ഥിതിയാണത്. നമ്മുടെ സാമൂഹ്യവ്യവസ്ഥിതി ഇനിയും അക്കാര്യത്തില്‍ ഭേദപ്പെട്ടിട്ടില്ല.''
കര്‍ഷകര്‍ക്ക് സബ്‌സിഡി കൊടുക്കുന്നതിനെക്കുറിച്ചെന്തു പറയുന്നു?
സബ്‌സിഡിയുടെ സഹായമില്ലാതെത്തന്നെ കര്‍ഷകന് മുന്നേറാന്‍ സാധിച്ചെങ്കില്‍ അതാണ് ഏറ്റവും നല്ലത്. സബ്‌സിഡിയേക്കാള്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകനാവശ്യം കൃഷിക്കുള്ള സൗകര്യങ്ങളാണ്. മേല്‍ത്തരം വിത്തും വളവും ജലവും സമയാസമയങ്ങളില്‍ കിട്ടാറായാല്‍ അതാവും വലിയ കാര്യം.
ഇന്നത്തെ കാലത്ത് ഒരു കുഴല്‍ക്കിണറിന്റെ കാര്യമെടുത്താല്‍പോലും കടമായി പതിനായിരം കിട്ടാമെന്നുണ്ടെങ്കില്‍ത്തന്നെ അത്രയും കൈക്കൂലിയും അക്കാര്യത്തിന് ചെലവാക്കേണ്ടി വന്നേയ്ക്കും. സൗജന്യങ്ങളേക്കാള്‍ കര്‍ഷകന്‍ മതിക്കുക ആവശ്യമായ സൗകര്യങ്ങളാവും.''
'എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍' ഗ്രാമീണ കാര്‍ഷിക രംഗത്തേയ്‌ക്കൊരു മുതല്‍ക്കൂട്ടാവുമെന്ന് എങ്ങനെ പറയാം?
''പ്രകൃതി, പാവപ്പെട്ടവര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള മൂന്ന് ഘടകങ്ങളിലൂന്നിയാണ് ഇവിടത്തെ എല്ലാ പ്രവര്‍ത്തനങ്ങളും. പരമ്പരാഗതവും പുരോഗമനപരവുമായ ശാസ്ത്രസങ്കേതങ്ങളുടെ സമന്വയത്തിലൂടെ, കൃഷിയുടെയും ഗ്രാമങ്ങളുടെയും അവിടത്തെ തൊഴില്‍രഹിതരായ പാവങ്ങളുടെയും ഉന്നമനമാണ്, ലാഭലക്ഷ്യമില്ലാത്ത, രാഷ്ട്രീയ താല്പര്യങ്ങളില്ലാത്ത ഈ കേന്ദ്രംകൊണ്ടുദ്ദേശിക്കുന്നത്.
കൃഷിയുടെ നാനാവശങ്ങളെപ്പറ്റിയും നിരന്തരമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തിവരുന്ന ഈ കേന്ദ്രത്തില്‍, അവയുടെ നല്ല ഫലങ്ങള്‍ കര്‍ഷകന്റെ അറിവിലേയ്ക്കും കൃഷിയിടങ്ങളിലേയ്ക്കും എത്തിക്കാനുള്ള സംവിധാനങ്ങള്‍ക്കും സ്ഥാനമുണ്ട്.
ഗവേഷണഫലം കര്‍ഷകന് കിട്ടുമ്പോഴേ യഥാര്‍ത്ഥത്തില്‍ അത് വിജയമാകുന്നുള്ളു. ശാസ്ത്രത്തെ മനുഷ്യനന്മയ്ക്കും പ്രകൃതിയുടെ പരിപാലനത്തിനും ഉപയുക്തമാക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതില്‍ ഈ കേന്ദ്രം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. സ്ഥലമുടമകള്‍ക്കു മാത്രമല്ലാതെ, ഒരു സെന്റുപോലുമില്ലാത്തവര്‍ക്കും, പരമാവധി വരുമാനത്തിനുള്ള അവസരങ്ങള്‍ ഒരുക്കാന്‍ ഈ സ്ഥാപനം സഹായിക്കുന്നു.''
കൃഷിശാസ്ത്രത്തില്‍ ഇത്രയേറെ താല്പര്യമുണ്ടായതെങ്ങനെയായിരുന്നു?
''വളര്‍ന്നുവന്ന ചുറ്റുപാടുകള്‍ ഒരു കാരണമാകാം. കുട്ടനാട്ടിലെ കോള്‍കൃഷി തഞ്ചാവൂരിലെ കൃഷിയിടങ്ങളും കണ്ടുകൊണ്ടായിരുന്നു കുട്ടിക്കാലം.
പിന്നെ ക്ഷാമകഥകള്‍... അതായിരുന്നു അന്നത്തെ പ്രധാന വാര്‍ത്തകള്‍. ബംഗാളിലെ ക്ഷാമവിവരങ്ങള്‍ക്കു പുറമെ, ചുറ്റും കണ്ടിരുന്ന പട്ടിണിയുടെ ചിത്രങ്ങളും ദയനീയമായിരുന്നു. ദേശീയബോധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. സ്വദേശി പ്രസ്ഥാനത്തിന്റെ വിജയത്തിന്, നമുക്കു വേണ്ടത്ര വിഭവങ്ങള്‍, എങ്ങിനെ, ഇവിടെത്തന്നെ ഉണ്ടാക്കാം എന്നുള്ളത് എപ്പോഴും ആലോചിക്കുമായിരുന്നു. കൃഷിയാണേറ്റവും നല്ലത് എന്ന് ഒടുവില്‍ തീര്‍ച്ചയാക്കി. അച്ഛന്റേത് തികഞ്ഞ കര്‍ഷക കുടുംബമായിരുന്നതുകൊണ്ട് ആ നിലയ്ക്കും താല്പര്യമുണ്ടാവാന്‍ സന്ദര്‍ഭം കിട്ടി.''
ടെര്‍മിനേറ്റര്‍ വിത്തുകളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്താണ്?
''ഒരു പ്രത്യേക ജനിതകമുറയനുസരിച്ച് യൂറോപ്പിലും അമേരിക്കയിലുമൊക്കെ വികസിപ്പിച്ചെടുത്തിട്ടുള്ള അത്യുല്പാദനശേഷിയുള്ള ഒരു പ്രത്യേക സങ്കരയിനമാണിത്. ഒരു വിളവിനുശേഷം ഇതിന്റെ വിത്തുകള്‍കൊണ്ട് പ്രയോജനമില്ല.
നമ്മുടെ കര്‍ഷകരാണെങ്കില്‍ മിക്കവരും ചെറുകിടക്കാരാണ്. അവനവന്റെ സ്ഥലത്തെ വിത്ത് അടുത്ത തവണയിലേയ്ക്കും സൂക്ഷിച്ചുവച്ച് ശീലിച്ചവരാണ്. പുതിയത് വാങ്ങണമെന്നുണ്ടെങ്കില്‍ പ്രയാസമാണവര്‍ക്ക്. പിന്നെ സമയത്തിന് ലഭ്യമല്ലാതെ വന്നാല്‍ അത്തവണത്തെ കൃഷിയും പോയതുതന്നെ.
പിന്നൊന്ന് രോഗാണുബാധയുണ്ടായാല്‍ പരക്കെ പടരുന്നു എന്നതാണ്. ഒരേതരം കൃഷിയാകുമ്പോള്‍ എല്ലാവരുടേതും ഒന്നിച്ച് നശിക്കാനിടയാകുന്നു.
മറ്റൊരു കാര്യം ഇതിന്റെ പരാഗം അബദ്ധവശാല്‍ ഉദ്ദേശിക്കാത്ത ഏതെങ്കിലും വിളവിനത്തിലെത്തിയെങ്കില്‍ അതും പാടേ നശിച്ചുപോകുകയാവും ഫലം.
ഇതിന്റെ വിത്തുകള്‍ ടെട്രാസൈക്ലിന്‍ ലായനിയിലാണിട്ടുവയ്ക്കുന്നത്. അതാണെങ്കില്‍ കര്‍ഷകരുടെ സഹായികളായ കൃമികീടങ്ങള്‍ക്കും ദോഷകരമാണ്.
അതുകൊണ്ട്, കര്‍ശനമായ കരുതല്‍നടപടിയും സൂക്ഷ്മമായ സംരക്ഷണവും കഠിനമായ പരിശോധനയും വേണ്ടിവരുന്ന സ്ഥിതിയില്‍ നമ്മുടെ കര്‍ഷകര്‍ക്കിതു തല്‍ക്കാലം വേണ്ടെന്നുവയ്ക്കുകയാവും നല്ലത്. അതല്ലെങ്കില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുമുള്ള പൂര്‍ണ്ണമായ ശ്രദ്ധ കര്‍ഷകനു കിട്ടാറാക്കണം.''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates