കാറ്റുകാലത്ത് നെടുമ്പറമ്പില്‍ മരച്ചില്ലകളിലൂടെ രാക്ഷസന്മാര്‍ ഓടിനടക്കും. അതാണ് അവരുടെ വിനോദം. ഉച്ചനേരങ്ങളില്‍ ചിലര്‍ നിഴലളന്നു കളിക്കും മുറ്റത്ത്. മുതിര്‍ന്നവര്‍ അപ്പോഴും ചില്ലകളില്‍ ഓട്ടം മതിയാക്കിയിട്ടുണ്ടാവില്ല. ഉണങ്ങിയ കൊമ്പുകള്‍ നിലത്തേക്ക് വീഴ്ത്തും. മര്‍മ്മരങ്ങള്‍കൊണ്ട് ഭ്രാന്തുപിടിക്കും ഇല്ലത്തെ പുറംപറമ്പിന്.
എന്നാല്‍, അന്ന് ഉച്ചനേരത്ത് അങ്ങനെയൊന്നും ഉണ്ടായില്ല. കുത്തഴിയിലൂടെ മുത്തച്ഛന്‍ പുറത്തേയ്ക്കു നോക്കി. പറമ്പ് ശൂന്യമായിക്കിടക്കുന്നു. എവിടെപോയി രാക്ഷസന്മാര്‍?
ഒരു മൃദംഗം പോലെ മരങ്ങള്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു, മുത്തച്ഛന്‍ കേള്‍ക്കാതെ. പതിയെ ഞങ്ങളറിഞ്ഞു മുത്തച്ഛന്റെ കാത് പുറകോട്ടായെന്ന്. ഒരുമാതിരിപ്പെട്ട ശബ്ദങ്ങളൊന്നും മുത്തച്ഛന്‍ കേള്‍ക്കാതായി. ഒരു പായ്ക്കപ്പല്‍ പോലെ നങ്കൂരമിട്ടു കിടന്നു മുത്തച്ഛന്റെ ബധിരന്‍ ശംഖുകള്‍. കുട്ടികള്‍ക്ക് അതെടുത്ത് കളിക്കാമെന്നായി.
ഉരല്‍പ്പുരയിലെ യക്ഷന്‍
ശ്രാവണമാസം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. ഒരു യക്ഷനെപ്പോലെ ഞാന്‍ അകമുറികളില്‍ എന്തൊക്കെയോ പരതിനടക്കുന്ന കാലം. അതിനിടെ നെടുമ്പറമ്പ് ഇല്ലത്തെ അന്തര്‍ജനങ്ങളും ഉരല്‍പ്പുരയിലെ പെണ്ണുങ്ങളും രഹസ്യം പറഞ്ഞിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.
കള്ളത്താക്കോല്‍ വീണു തുറക്കാതായ, രൂപം കൊത്തിയ ഒരുപാട് ഇരുമ്പുതാഴുകള്‍ ഞങ്ങളുടെ ഇല്ലത്തുണ്ട്. ശുഷ്‌കാന്തിയോടെ അവ തുറക്കാനിരിക്കുമ്പോലെയാണ് ഈ രഹസ്യക്കാരികള്‍ മേളിച്ചിരുന്നത്.
അകത്തുള്ളവര്‍ എന്നെക്കാണുമ്പോള്‍ വിഷയം മാറ്റുകയോ ഒരുതരം രഹസ്യഭാഷ സംസാരിക്കുകയോ ചെയ്തു. മുത്തശ്ശിയോടും അമ്മയോടും ശകാരം ഭയന്ന് ഞാന്‍ ഒന്നും ചോദിച്ചതുമില്ല. എന്നാല്‍, ഇല്ലത്തെ ചുറ്റിപ്പറ്റി അനിഷ്ടകരമായ ചിലതു നടക്കുന്നുണ്ടെന്ന് എനിക്കും ബോധ്യമായി. പണിക്കാരി പെണ്ണുങ്ങളില്‍നിന്നും എന്തെങ്കിലും തുമ്പുകിട്ടാന്‍ ഞാന്‍ ഉരല്‍പ്പുരയില്‍ ഒളിച്ചുനിന്നു.
ഹില്‍പാലസ്- ഒന്ന്
ദ്വാരപാലകരോട് അനുമതി വാങ്ങി രാമവര്‍മ്മ മഹാരാജാവിനെ മുഖം കാണിക്കുവാന്‍ വേച്ചുവിയര്‍ത്ത് ഒരു നമ്പൂതിരി യുവാവ് നടന്നുപോകുന്നു. പോറ്റമ്മയെ പ്രതിചേര്‍ത്ത് ഒരു കേസുണ്ട് അദ്ദേഹത്തിന് ബോധിപ്പിക്കാന്‍.
''കുലം മുടിച്ച അശ്രീകരം.'' പിതൃപത്‌നിയെ പ്രായംപോലും മറന്ന് അവഹേളിക്കാന്‍ അയാള്‍ക്കപ്പോള്‍ ഒരു മടിയും തോന്നിയില്ല.
രാജാവ് അദ്ദേഹത്തിന്റെ പരാതി കേട്ടു. ശേഷം സ്മാര്‍ത്തന്മാരെയും മീമാംസകരെയും വിളിച്ചുകൂട്ടി കോപാവേശത്തോടെ മേല്‍വിചാരണയ്ക്കു കല്പനയിട്ടു. ഇളമ്പക്കോടത്തില്ലത്തെ വിഷ്ണു നമ്പൂതിരിയെന്ന ആ പരാതിക്കാരനോട് സ്മാര്‍ത്തന്മാര്‍ പറഞ്ഞു, ഒരുങ്ങിയിരുന്നോളൂ. ഞങ്ങള്‍ വരുന്നു.
അച്ഛന്റെ വിദ്യാലയം
ഇളമ്പക്കോടത്തില്ലത്തെ വിഷ്ണുത്രാതന്‍ നമ്പൂതിരി മൂന്നു വേളി കഴിച്ചു. വേദശാസ്ത്രപാരംഗതനായ അദ്ദേഹമായിരുന്നു എന്റെ അച്ഛന്റെ ഗുരു. ഏഴാം വയസ്സില്‍ ഉപനയനം കഴിച്ച് മുത്തച്ഛന്‍ അച്ഛനെ അദ്ദേഹത്തിന്റെ ഗൃഹത്തില്‍ കൊണ്ടുചെന്നാക്കി. ഋഗ്വേദ പഠനത്തോടെ അച്ഛന്റെ ഗുരുകുലവാസം തുടങ്ങി.
ചാപവും തൂണീരവും വീണുകിടന്ന മോഹനമായ പ്രകൃതിയിലേക്ക് അച്ഛന്‍ നടക്കാനിറങ്ങുമായിരുന്നു, സായാഹ്നങ്ങളില്‍. ഗഗനത്തിന്റെ മാധവത്തിനുകീഴില്‍ അപ്പോള്‍ അസ്ത്രങ്ങളേല്‍ക്കാതെ ഒരു പക്ഷി പറക്കും. താഴ്ന്ന്... നിലംതൊടുമെന്നു തോന്നിച്ച്.
വിധവയായ സുന്ദരി
ത്രാതന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ സുന്ദരിയായിരുന്നു. സാവിത്രി അന്തര്‍ജനം. അടുപ്പുമുള്ളവര്‍ താത്രി എന്നു വിളിക്കും. നമ്പൂതിരിക്ക് മുന്‍ഭാര്യമാരിലുണ്ടായ സന്താനങ്ങളെ നോക്കാന്‍ അദ്ദേഹം അവരെ വേട്ടു. വെയില്‍ താണ അറുപതാം വയസ്സില്‍.
പാതിമാഞ്ഞ ചന്ദനമായിരുന്നു താത്രി. കണ്ണുകളിലൂടെ എപ്പോഴും കലമാന്‍കൂട്ടം പാഞ്ഞുപോകും. വേദം പഠിക്കുന്ന കുട്ടികളോട് അവര്‍ക്ക് വാത്സല്യമായിരുന്നു.
അച്ഛന്‍ പതിനാലാമത്തെ വയസ്സില്‍ വേദപഠനം പൂര്‍ത്തിയാക്കി സമാവര്‍ത്തത്തിന് തയ്യാറായി നെടുമ്പറമ്പ് ഇല്ലത്തേക്കു മടങ്ങി. അധികം കഴിഞ്ഞില്ല വിഷ്ണുത്രാതന്‍ നമ്പൂതിരി നിലംപൊത്താന്‍.
അങ്ങനെ ഇളമ്പക്കോടത്തില്ലത്ത് വിധവയായ ഒരു സുന്ദരി ജനിച്ചു. അവരെ കാണാനാണ് ഹില്‍പാലസില്‍നിന്നും ഒരു വിചാരണസംഘം പുറപ്പെട്ടിട്ടുള്ളത്.
സ്മാര്‍ത്തവിചാരം
സ്മാര്‍ത്തന്‍ പട്ടച്ചോമയാരത്തു ജാതവേദന്‍ നമ്പൂതിരി ഇളമ്പക്കോടത്തില്ലത്തെ അഞ്ചാംപുരയെ ലക്ഷ്യമാക്കി നടന്നു. ഒപ്പം വിചാരണ സംഘവും. ഇരുട്ടിന്റെ മയിലുകളുള്ള ആ പുരയ്ക്ക് ധാന്യച്ചാക്കിന്റെ മണമായിരുന്നു. അതിനുള്ളില്‍ താത്രി. പുറത്ത് അവരുടെ കാര്യങ്ങള്‍ നോക്കാന്‍ നിയുക്തയായ ദാസി.
വിചാരണ ആരംഭിച്ചു.
ചോദ്യം ദാസിയോടാണ് ആദ്യം. പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നു കണ്ടാല്‍ മതി അകത്തുള്ളവരെ ഭേദ്യം ചെയ്യല്‍. അതു നേരിട്ടാകാം. പുകഴ്ത്തല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, ദണ്ഡനം. വിചാരണരീതി പലതാണ്.
താത്രി തടാകം പോലെ ശാന്തയായിരുന്നു. വിഷ്ണുത്രാതന്‍ നമ്പൂതിരിയുടെ മരണശേഷം ഇളമ്പക്കോടത്തില്ലത്ത് താന്‍ ചെലവഴിച്ച ദിവസങ്ങളെക്കുറിച്ച് അവരോര്‍മ്മിച്ചു. ഇണയാടുന്ന നാഗങ്ങള്‍ മഞ്ഞപ്പൂക്കള്‍ പോലെ വിരിഞ്ഞുനിന്ന ചില നിമിഷങ്ങളും. സ്മാര്‍ത്തന്‍ കേള്‍ക്കേ താത്രി പതുക്കെ മന്ത്രിക്കുകയാണ് ഇപ്പോള്‍ ആ പുരുഷനാമങ്ങള്‍.
ജാതവേദന്‍ നമ്പൂതിരിയുടെ മുഖത്ത് വിജയഭാവം. അദ്ദേഹം വിചാരണസംഘത്തോടായി തിരിഞ്ഞുപറഞ്ഞു. തയ്യില്‍ രാമന്‍ മേനോന്‍, എഴുമാവ് വാസുദേവന്‍ പട്ടേരി.
ആ സംഘം ഒന്നു പൊട്ടിച്ചിരിച്ചു.
ചാപവും തൂണീരവും
അഞ്ചാംപുരയില്‍നിന്നും പിന്നീട് അനക്കമൊന്നും ഉണ്ടായില്ല. ജാതവേദന്‍ നമ്പൂതിരി പടിയിറങ്ങാന്‍ തുനിഞ്ഞു. പൊടുന്നനെ അദ്ദേഹത്തിനുള്ളില്‍ ഒരാശയം തോന്നി. ഞെട്ടുപുകയില അമര്‍ത്തി ഒന്നു തിരുമ്മിക്കൊണ്ട് ജാതവേദന്‍ ആവര്‍ത്തിച്ചു. എല്ലാപേരും പറഞ്ഞുകഴിഞ്ഞെന്ന് ഉറപ്പിക്കാമോ? ഇനിയും ആരെങ്കിലും...?
അകത്തുനിന്നും മറുപടി: ഇല്ല.
സ്മാര്‍ത്തന്‍: സാധനത്തിന്റെ ഏറ്റുപറച്ചില്‍ തീര്‍ത്തും കഴിഞ്ഞോ? അറിയാത്ത ആരെങ്കിലും വിട്ടുപോയിട്ടുണ്ടോന്ന് ഓര്‍ത്തുനോക്കുന്നതില്‍ തെറ്റില്ല.
താത്രി: എനിക്ക് ഓര്‍ത്തെടുക്കാവുന്നിടത്തൊന്നും ഇനി ഒരാളുമില്ല.
സ്മാര്‍ത്തന്‍: അവസാനമായി ഒരു ചോദ്യം കൂടി.
പട്ടച്ചോമയാരത്ത് ഒരേ ചോദ്യം ആവര്‍ത്തിച്ചുനില്‍ക്കുന്നതില്‍ വിചാരണസംഘത്തിന് കൗതുകം തോന്നി. അവരെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് സ്മാര്‍ത്തന്‍ തുടര്‍ന്നു. പറഞ്ഞ രണ്ടുപേരല്ലാതെ മറ്റാരുമായും അവിശുദ്ധബന്ധമുണ്ടാക്കിയിട്ടില്ലെന്ന് സാധനം സത്യം ചെയ്യാമോ?
താത്രി കുറെ നിമിഷം നിശ്ശബ്ദയായി നിന്നു. ചാപവും തൂണീരവും വീണുകിടന്ന ഇളമ്പക്കോടത്തില്ലത്തെ പ്രകൃതി അവരുടെ ഓര്‍മ്മയിലേക്കു വന്നു.
സായാഹ്നം. നെറ്റിയില്‍ വരക്കുറിയും കക്ഷത്ത് ഗ്രന്ഥക്കെട്ടുമായി ഒരു ബാലബ്രാഹ്മണന്‍ നടന്നുപോകുന്നു. ഗഗനത്തിന്റെ മാധവത്തിനുകീഴില്‍ അസ്ത്രങ്ങളേല്‍ക്കാതെ ഒരു പക്ഷി. താഴ്ന്ന് നിലം തൊടുമെന്നു തോന്നിച്ചു. മതിയില്‍ തെളിഞ്ഞ ആ മുഖത്തെ ഓര്‍മ്മിച്ചുകൊണ്ട് താത്രി പറഞ്ഞു. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ബ്രഹ്മചാരി...
സ്മാര്‍ത്തന്റെ കണ്ണുതെളിഞ്ഞു.
താത്രി: ...നെടുമ്പറമ്പില്ലത്തെ കൃഷ്ണന്‍ എന്ന ഒരു ഉണ്ണി ഇവിടെ ഓത്തുചൊല്ലി താമസിച്ചിരുന്നു.
ജാതവേദന്‍ നമ്പൂതിരി ചിരിച്ചുകൊണ്ട് ചോദിച്ചു: എണ്ണം ഇനിയുമുണ്ടോ? നുണ പറയരുത്.
താത്രി: ഇനി ആരുമില്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു.
സ്മാര്‍ത്തന്‍: മതി മതി. വേണ്ടുവോളമായി. ഇനി ചോദ്യമില്ല.
ഭേദ്യം ചെയ്യല്‍ വിജയകരമായി നിര്‍വ്വഹിച്ച തൃപ്തിയോടെ ആ സംഘം അഞ്ചാംപുര വിട്ട് അതിവേഗം നടന്നു.
ഹില്‍പാലസ് - രണ്ട്
മകരമാസത്തിലെ ഒരു വൈകുന്നേരം ജാതവേദന്‍ നമ്പൂതിരി രാജാവിനെ മുഖം കാണിച്ചു. അപരാധ നിര്‍ണ്ണയം ബോധിപ്പിക്കാന്‍. ജൂറിത്തീര്‍പ്പ് കേള്‍ക്കാന്‍ ഹില്‍പാലസിന്റെ മുറ്റത്ത് ഒരുപാടുപേര്‍ കൂടിനില്‍പ്പുണ്ടായിരുന്നു. നെടുമ്പറമ്പില്ലത്തെ വല്ല്യപ്ഫന്‍ വാസുദേവന്‍ നമ്പൂതിരി അവര്‍ക്കിടയില്‍ തലകുനിച്ചു നിന്നു.
വിചാരണസംഘത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കലിന് സ്വരൂപം ചൊല്ലല്‍ എന്നാണ് പറയുക. നടന്നതെന്തെന്നതിനെക്കുറിച്ച് രാജാവ് അറിയുന്നു. ശിക്ഷാവിധികള്‍ നിര്‍ണ്ണയിക്കുക അതേത്തുടര്‍ന്നാണ്. ഒരുതരം അയഞ്ഞ നാടകീയതയാണ് ഈ സമയത്ത് രാജസദസ്സിന്റെ ലക്ഷണം. ഒന്നിനും വേഗം പോരെന്നു തോന്നും.
വിധിതീര്‍പ്പ് വരുന്നതോടെ മറ്റൊരു ചടങ്ങുകൂടിയുണ്ട് അനുഷ്ഠിക്കേണ്ടതായി. ശിക്ഷക്കപ്പെട്ടവരുടെ പേര്‍ ഉറക്കെ വിളിച്ചുപറയണം. ഏറെ നിന്ദ്യമായ ഒരു കര്‍മ്മമായി ഇത് കണക്കാക്കപ്പെട്ടിരുന്നതുകൊണ്ട് വിശേഷവിധിയാ ഒരാളെ അതിനു നിശ്ചയിക്കുക പതിവാണ്. തമിഴ്ബ്രാഹ്മണന്മാരുടെ വിഹിതമായിരുന്നു അത്. 'വിളിച്ചുപറയാന്‍ പട്ടര്‍' എന്ന ചൊല്ലിന്റെ അടിസ്ഥാനമിതാണ്. ഇതിനു നിയുക്തനാകുന്ന പട്ടര്‍ ഒരു പീഠത്തില്‍ കയറിനിന്ന് അസന്മാര്‍ഗികളുടെ പേര്‍ ഉച്ചത്തില്‍ വിളിച്ചുപറയും. ഓടിച്ചെന്ന് അടുത്തുള്ള ജലാശയത്തില്‍ മുങ്ങി ദേഹവും ആത്മാവും ശുദ്ധിവരുത്തുകയും ചെയ്യും. രാത്രികാലങ്ങളാണ് ജൂറിത്തീര്‍പ്പ് അറിയിക്കാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ഹില്‍പാലസിലേക്ക് ഇരുട്ടുമായി കുതിരവണ്ടികള്‍ വന്നുനിറഞ്ഞപ്പോള്‍ പുറംവളപ്പില്‍ കാതുകൂര്‍പ്പിച്ചുനിന്ന കേള്‍വിക്കാര്‍ക്ക് രാജകല്പന വായിക്കപ്പെടുന്നതു കേള്‍ക്കായി.
''...രാജകല്പനയെന്തെന്നാല്‍ ഇളമ്പക്കോടത്തില്ലത്ത് സാവിത്രി എന്ന താത്രിയെ അസ്പൃശ്യയും ഭ്രഷ്ടയുമാക്കിയിരിക്കുന്നു. തയ്യില്‍ രാമന്‍ മേനോനെ നാടുകടത്തുന്നു. എഴുമാവു വാസുദേവന്‍ ഭട്ടതിരിയും നെടുമ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരിയും ഇനിമേല്‍ ജാതിഭ്രഷ്ടന്മാര്‍.'' വിധിവായന കഴിഞ്ഞയുടന്‍ ജലത്തില്‍ എന്തോ ഒച്ചയോടെ വീഴുന്ന ശബ്ദം കേട്ടു. വല്ല്യപ്ഫന്‍ വാസുദേവന്‍ നമ്പൂതിരി അപ്പോഴേയ്ക്കും നെടുമ്പറമ്പില്ലത്ത് എത്തിക്കഴിഞ്ഞിരുന്നു.
തണുത്ത അത്താഴം
ഇല്ലം ഇരുട്ടില്‍ മുങ്ങിക്കിടപ്പാണ്. വാസുദേവന്‍ നമ്പൂതിരിക്ക് ആ വഴി പരിചയമായിരുന്നിട്ടും എവിടെയും തട്ടിവീഴാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പുറത്തളത്തില്‍ അച്ഛനും മുത്തച്ഛനുമുണ്ടായിരുന്നു. അക്ഷമരായി. അക്ഷരമുരിടാതെ.
തളത്തിലേക്കു കയറി, വാല്‍ക്കിണ്ടിയില്‍നിന്നും ഇത്തിരി വെള്ളം ആര്‍ത്തിയോടെ കുടിച്ച് വാസുദേവന്‍ നമ്പൂതിരി അവരോട് രാജകല്പന അറിയിച്ചു. നെടുമ്പറമ്പില്ലം അന്നാദ്യമായി ഒരു രാത്രി മുഴുവന്‍ ഉറങ്ങിയില്ല.
നേരം കുറേ കഴിഞ്ഞിട്ടുണ്ടാകണം. വാസുദേവന്‍ നമ്പൂതിരി ഇറങ്ങിപ്പോയ ഇരുട്ടിലേക്കു നോക്കിയിരിക്കെ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഏഴുവയസ്സുകാരന്റെ കൈയും പിടിച്ച് ഇളമ്പക്കോടത്തില്ലത്തേയ്ക്ക് താന്‍ കയറിച്ചെന്ന കഥ മുത്തച്ഛന് ഓര്‍മ്മ വന്നു. വിഷ്ണുത്രാതന്‍ നമ്പൂതിരി അവരെ പ്രതീക്ഷിച്ചുകൊണ്ട് ഉമ്മറത്തുണ്ടായിരുന്നു. കുട്ടികള്‍ അയാള്‍ക്കു പിന്നിലിരുന്ന് വേദം ചൊല്ലുന്നുണ്ടായിരുന്നു.
തണുത്ത അത്താഴം കഴിച്ചെന്നു വരുത്തി മുത്തച്ഛന്‍ ഉറങ്ങാന്‍ കിടന്നു. അച്ഛന്‍ ഒരു വിളക്കുമായി പുറത്തേയ്ക്കിറങ്ങി.
ഉപഗൃഹം
മുറ്റം നിറയെ കഥകളിക്കാരായിരുന്നു. ചെമ്പുപാത്രങ്ങളും. അവര്‍ക്കിടയിലൂടെ വെട്ടം തെളിച്ച് അച്ഛന്‍ നടന്നു. അമ്മയ്ക്ക് അതൊരു പതിവുസഞ്ചാരമാണെന്നേ തോന്നിയുള്ളു. പകല്‍സമയത്തും രാത്രി ഭക്ഷണം കഴിഞ്ഞും അച്ഛന്‍ ഇല്ലത്തോടുചേര്‍ന്ന ഉപഗൃഹത്തില്‍ കുറേനേരം പോയി വിശ്രമിക്കാറുണ്ട്. അതുകൊണ്ട് പുറത്തളത്തെ വാതില്‍ സാക്ഷയിടാതെ അമ്മ അച്ഛന്റെ വരവും പ്രതീക്ഷിച്ചുകിടന്നു. ആ രാത്രി അച്ഛന്‍ വന്നില്ല.
വരിക്കപ്ലാവുകള്‍ക്കും ആല്‍ത്തറകള്‍ക്കും മുകളില്‍ കിരീടം വച്ച സൂര്യരൂപം വന്നുനിന്നിട്ടും അച്ഛന്‍ എവിടെപ്പോയതായിരിക്കും. ഉപഗൃഹത്തില്‍നിന്നും കുളിച്ചുതൊഴാന്‍ നേരെ അമ്പലക്കുളത്തിലേക്കു പോയിട്ടുണ്ടാവുമോ? അതോ തലേന്ന് ഉറക്കമിളച്ചതിന്റെ ക്ഷീണത്തില്‍ നേരം തെറ്റി മയങ്ങുകയാവുമോ? അമ്മ ഒരു പണിക്കാരനെ പറഞ്ഞയച്ചു. അയാള്‍ അവിടങ്ങളിലെല്ലാം ചുറ്റിത്തിരിഞ്ഞ് നിരാശനായി മടങ്ങിവന്നു. അച്ഛന്‍ എവിടെയുമില്ല.
മുറ്റം നിറഞ്ഞുകിടന്ന കഥകളിക്കാരുടെ കാല്‍പാടുകള്‍ക്ക് നടുവില്‍ ഉപഗൃഹം വലിയൊരു സമസ്യയായി നിലകൊണ്ടു. അടഞ്ഞ കതകുകളും ജാലകങ്ങളും കുലുക്കിയുണര്‍ത്താന്‍ പണിപ്പെട്ട് അമ്മയും മുത്തച്ഛനും അതിനുചുറ്റും പരിഭ്രാന്തരായി ഓടുന്നു. എന്നിട്ടും ഇണങ്ങാത്ത ഒരു മൃഗം പോലെ ഉപഗൃഹം. ഒടുക്കം ബിത്തുമൂപ്പനെന്ന വാല്യക്കാരനോട് ഉപഗൃഹത്തിനുള്ളില്‍ കടന്നുനോക്കാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടു. മച്ചില്ലാത്ത അടുക്കളയിലൂടെ ഓടുകള്‍ നീക്കി ബിത്തുമൂപ്പന്‍ ഉപഗൃഹത്തിന്റെ രഹസ്യത്തിലേക്കു പോയി.
ആത്മഹത്യയുടെ സുഗന്ധം നിറഞ്ഞ മുറിയില്‍ അച്ഛനുണ്ടായിരുന്നു.
ഊഞ്ഞാല്‍
ഉപഗൃഹത്തിലെ വിസ്താരമുള്ള മുറിയില്‍ കഴുത്തില്‍നിന്നും ഉത്തരത്തിലേക്ക് ഒരു നീളന്‍ തുണി കുരുക്കിട്ടിരുന്നു. നിലത്ത് ഒരു ചെറിയ മേശ തട്ടിയെറിയപ്പെട്ട നിലയില്‍ കിടന്നിരുന്നു. അതില്‍ കയറിനിന്നാകണം അച്ഛന്‍ ആയത്തിന്റെ ഗോവണികള്‍ അന്വേഷിച്ചിട്ടുണ്ടാവുക.
നീലപ്പുക
കാര്യസ്ഥന്‍ രാമന്‍ മേനോന്‍ ഓതിക്കനെയും പുളിയന്നൂര്‍ തന്ത്രിയേയും വിളിക്കാന്‍ പറഞ്ഞു. ശാസ്ത്രഗ്രാഹികളായ അവര്‍ നിശ്ചയിക്കട്ടെ അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍.
അത് ശരിയെന്ന് എല്ലാവര്‍ക്കും തോന്നി. നിലത്തുകിടത്തിയ നെടുമ്പറമ്പില്ലത്തെ പ്രജയെ കണ്ടവര്‍ക്കൊക്കെ അത്ഭുതമായിരുന്നു. അച്ഛന്‍ അതികാലത്തേ കുളി കഴിച്ചിരിക്കുന്നു. ഏതോ വൈദികകര്‍മ്മം അനുഷ്ഠിക്കാനെന്നവണ്ണം നെറ്റിയില്‍ ത്രിപുണ്ഡ്രങ്ങള്‍ ചാര്‍ത്തിയിരിക്കുന്നു. അലക്കിയ വേഷം ധരിച്ചിരിക്കുന്നു.
ചോറ്റാനിക്കരയില്‍ നിന്നുള്ള മടക്കവഴിയിലായിരുന്നു ഞാനും മുത്തശ്ശിയും നെടുമ്പറമ്പില്ലത്തെ ഈ വിശേഷങ്ങള്‍ അറിയുന്നത്. ഇല്ലപ്പറമ്പ് എത്തിയപ്പോഴേയ്ക്കും അന്തരീക്ഷത്തില്‍ അച്ഛന്റെ നീലപ്പുകകള്‍ മാത്രം പറന്നുനടക്കുന്നതു കണ്ടു.
കൈകൊട്ടി പുറത്താക്കല്‍
കളപ്പുര മാളികവരാന്തയിലൂടെ ഞാന്‍ നടന്നു. വരാന്തയുടെ അറ്റത്ത് ഒരു ജനല്‍ തുറന്നുകിടപ്പുണ്ട്. അതിലൂടെ നോക്കിയാല്‍ താഴെ നമ്പൂതിരിമാര്‍ കൂടിച്ചേര്‍ന്നിരിക്കുന്നതുകാണാം. കടുത്ത ആലോചനകളിലാണവര്‍. ഉപചാരപൂര്‍വ്വം കേട്ടുകൊണ്ട് വാസുദേവന്‍ അപ്ഫനും രാമന്‍ അപ്ഫനും നില്‍ക്കുന്നു. അച്ഛന്‍ മരിച്ച പന്തല്‍ ഇനിയും അഴിച്ചിട്ടില്ല. കാട്ടുകരടിയെപ്പോലെ അതിന്റെ നിഴല്‍ മുറ്റത്തു കിടന്നു.
കുറേ കഴിഞ്ഞപ്പോള്‍ മരഗോവണിയുടെ താഴെ വന്ന് ആരോ എന്നെ വിളിച്ചു. പന്തലിലേയ്ക്കു ചെല്ലാന്‍ അപ്ഫന്മാര്‍ പറഞ്ഞിരിക്കുന്നു. കൃഷ്ണാഞ്ജനം മാറ്റി ഒരു മുണ്ടുടുത്ത് ഞാന്‍ താഴേത്തേക്കിറങ്ങി.
അവരെല്ലാവരും എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. മൂഢതയോടെ ഞാന്‍ പന്തലിനടുത്തെത്തിക്കാണും ഈ കൂട്ടുനമ്പൂതിരിമാര്‍ കൈകൊട്ടാന്‍ തുടങ്ങി. പതുക്കെപതുക്കെ ചിരിക്കാനും. ആക്ഷേപത്തിന്റെ പൊരുള്‍ എനിക്കു പിടികിട്ടിയില്ല. ഞാന്‍ തിരിഞ്ഞോടിക്കളഞ്ഞു. ചെരിവുകളും നീളവും വച്ച വൈകുന്നേരത്തിലൂടെ.
അതൊരു ചടങ്ങാണ്. കൈകൊട്ടി പുറത്താക്കല്‍ എന്നുപറയും. കല്ലേപിളര്‍ക്കുന്ന രാജകല്പനയുടെ നിര്‍വ്വഹണമാണത്. പോ... ദൂരെപ്പോ... ആട്ടിപ്പുറത്താക്കുകയാണ്. ജനിച്ച സമുദായത്തില്‍നിന്നും ഗൃഹത്തില്‍നിന്നുമൊക്കെ. അച്ഛനായിരുന്നു അത് നേരിടേണ്ടിയിരുന്നത്. അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് കൃഷ്ണന്‍ നമ്പൂതിരിയുടെ മകനെ തേടിപ്പിടിച്ചു. സമുദായത്തിന്റെ സന്മാര്‍ഗം സൂക്ഷിപ്പുകാര്‍.
എനിക്കും അനുജത്തിമാര്‍ക്കും നെടുമ്പറമ്പില്ലത്ത് ഇടമില്ല. ഭ്രഷ്ടാണ്. കിഴക്കിനിയിലിരുന്ന് ആഹാരം കഴിച്ചുകൊള്ളണം. എവിടെയെങ്കിലും ഒച്ചയും അനക്കവും കേള്‍പ്പിക്കാതെ ഒതുങ്ങിക്കൊള്ളണം. അമ്മയ്ക്കുപോലും ഞങ്ങളെ തൊട്ടുകൂടാ.
പൂക്കളുള്ള പാവാട
പൂക്കളുള്ള ഒരു പാവാടയാണ് ഈ കുളം. കുളിച്ചുകയറുമ്പോള്‍ അമ്മയ്ക്കു തോന്നിയിട്ടുണ്ടാവും. അത്രയ്ക്കുണ്ടായിരുന്നു അതില്‍ നിറയെ മാവിലകള്‍.
ഒരു ശില്പത്തിലൂടെയെന്നപോലെ കുളത്തിന്റെ വഴുവഴുപ്പുള്ള മണ്ണ് ചവിട്ടി കരയിലേക്കു കയറുമ്പോള്‍ അമ്മയുടെ പാദത്തില്‍ അജ്ഞാത സ്പര്‍ശം വീണു. ജലപാളികള്‍ക്കുള്ളിലെ മറഞ്ഞുകിടന്ന രൂപത്തെ നോക്കി തേങ്ങിക്കൊണ്ട് അമ്മ പറഞ്ഞു, എനിക്കറിയാമായിരുന്നു എന്നെങ്കിലും വരുമെന്ന്.
ജലയറകളിലൂടെയും വടക്കിനിയില്‍ വീശുന്ന പതിഞ്ഞ കാറ്റിലൂടെയും പിന്നീട് അമ്മയെത്തേടി അച്ഛന്‍ വന്നു. ഗര്‍ഭത്തിന്റെ ഇരുട്ടില്‍ മുളപൊട്ടിത്തുടങ്ങിയ സ്വന്തം പുത്രനെ കാണാന്‍. വരുമ്പോഴെല്ലാം അച്ഛന്റെ വിരല്‍ത്തുമ്പില്‍ ഏട്ടനുമുണ്ടാകും. ഏട്ടനപ്പോഴും ഒരു വയസ്സേ ഉണ്ടായിരുന്നുള്ളു.
ഒരു സംഭാഷണം
ചന്ദ്രശേഖരനെ ഗാഢമായി ആശ്ലേഷിച്ചുകൊണ്ട് അമ്മ അച്ഛനോടു പറഞ്ഞു: നോക്കൂ, ഇവനെക്കൂടാതെ നമുക്ക് മൂന്ന് കുട്ടികളാണ്. ഇനിയും ഒരുവന്‍ ഭൂമിയുടെ പ്രകാശത്തിലേക്കു മുളപൊട്ടാന്‍ എനിക്കുള്ളില്‍ കാത്തിരിക്കുന്നു. ഞാനെങ്ങനെ മുലയൂട്ടും എന്റെ കുഞ്ഞിനെ. അമ്മ നിലവിളിച്ചു.
ഭൂമിയിലെ ആ അതിഥിയെ കാത്തിരിക്കുന്നതും സമുദായഭ്രഷ്ടാണ്. എന്നെയും എന്റെ അനുജത്തിമാരെയും പോലെ. ഞങ്ങളെ സ്പര്‍ശിച്ചാല്‍ മതി അമ്മയ്ക്ക് അശുദ്ധമാകാന്‍. ഗൃഹകാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വീണ്ടും കുളിച്ച് ശുദ്ധിവരുത്തണം. എന്നിട്ടും ഒരു നിശ്ശബ്ദമായ പ്രതിഷേധം പോലെ അമ്മ ഞങ്ങള്‍ക്കൊപ്പം കഴിഞ്ഞു. കുട്ടികളെത്തൊട്ട് അവര്‍ അശുദ്ധയായിക്കൊണ്ടേയിരുന്നു.
മുറുകിയ കഴുത്തുപോലെ കിടന്ന ഉപഗൃഹത്തെ ഓര്‍മ്മിച്ചുകൊണ്ട് അച്ഛന്‍ അമ്മയോടു പറഞ്ഞു: വിളക്കുതെളിച്ച് മുറ്റത്തേയ്ക്കിറങ്ങിയ ആ രാത്രി ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. എന്നെയും പ്രതീക്ഷിച്ച് നീ ഉറങ്ങാതെ കിടപ്പുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഭയമായിരുന്നു എനിക്ക് ആരുടെയും മുഖത്തുനോക്കാന്‍.
ഓത്തുചൊല്ലി താമസിക്കുന്ന കുട്ടികള്‍ക്ക് ഗുരുപത്‌നി അമ്മയാണ്. ദുര്‍വാസനകള്‍ ശമിപ്പിക്കാന്‍ കിട്ടുന്ന ഉപാധിയല്ല. അല്ലെങ്കില്‍ത്തന്നെ പതിമൂന്ന്, പതിനാലുകാര്‍ക്ക് എത്രമേല്‍ ദുര്‍വിചാരങ്ങള്‍ വളരാനാണ് നൂറ്റാണ്ടുമുന്‍പുള്ള നമ്പൂതിരിയുടെ അടഞ്ഞ ജീവിതക്രമത്തില്‍. എന്നിട്ടും എന്റെ അച്ഛന്‍ തെറ്റുകാരനായി.
ബാലബ്രാഹ്മണന്റെ സൗന്ദര്യത്തില്‍ ഗുരുപത്‌നി ആകൃഷ്ടയായിട്ടുണ്ടാകാം. അയാളെ കെട്ടിപിടിച്ച് ഉമ്മവച്ചിട്ടുമുണ്ടാകാം. അതവരുടെ തെറ്റ്. ഗ്രന്ഥക്കെട്ടുകളില്‍ മനം ചെലുത്തിയിരിക്കുന്ന അവനുണ്ടോ അതറിയുന്നു? അമ്മയുടെ ഗാഢമായ പരിരംഭണം. നിഷ്ഠയുള്ള ബ്രഹ്മചാരിക്ക് ഗുരുപത്‌നിയുടെ സ്പര്‍ശം അങ്ങനെയേ തോന്നൂ, തോന്നാവൂ.
സ്മാര്‍ത്തന്‍ ചോദിച്ചപ്പോള്‍ അഭിലഷിത ഹൃദയത്തോടെ താന്‍ ചെയ്ത അപരാധം ഏറ്റുപറയാന്‍ താത്രിക്ക് ന്യായമുണ്ട്. പക്ഷേ, അത് സത്യത്തിന്റെ ഒരുവശം മാത്രമല്ലേയാവുന്നുള്ളു. മറുപകുതിയില്‍ മൃഗവാസനകളുടെ കാന്തികബലത്തിനപ്പുറം ആത്മാവിനെ ധ്യാനിച്ചുനിര്‍ത്തിയ ഒരു പാവം ശാലാ വിദ്യാര്‍ത്ഥിയുടെ നിഷ്‌കളങ്കത എന്തേ സ്മാര്‍ത്തന്മാര്‍ കണ്ടില്ല!
അച്ഛന്‍ അമ്മയെ ദേവകീ എന്നു വിളിച്ചുകൊണ്ടു പറഞ്ഞു. കുട്ടികള്‍ വളരുമ്പോള്‍ അവരെന്നെക്കുറിച്ച് എന്തു കരുതുമെന്ന് ഞാനാലോചിച്ചു. നിന്ദയോ ആദരവോ? സദ്വിചാരങ്ങള്‍ അവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ഇനിമേല്‍ എനിക്കെന്ത് അര്‍ഹത! ആദ്യം നമ്പൂതിരിയായും പിന്നെ ഭ്രഷ്ടന്മാരായും രണ്ടു ജന്മങ്ങള്‍ ഒരേ ജീവിതത്തില്‍ തീര്‍ത്തുകൊടുത്ത ഒരച്ഛനെ അവര്‍ക്കെന്തുവില? നീയും എന്നെ സംശയിക്കുമെന്ന് ഞാന്‍ ഭയന്നു. പിന്നെ അച്ഛനും അമ്മയും. ഒരു ത്യക്തജന്മമായി നിഴല്‍പോലെ അവര്‍ക്കുമുന്നിലൂടെ ഞാന്‍ അലഞ്ഞുതിരിയണോ അനന്തകാലം?
ഉപഗൃഹത്തിന്റെ വിസ്താരമുള്ള മുറിയില്‍ അപ്പോഴേയ്ക്കും ഞാനെത്തിക്കഴിഞ്ഞിരുന്നു. മുറികള്‍ക്ക് അത്രമേല്‍ വിസ്താരം ഉള്ളതായി ഒരിക്കല്‍പോലും എനിക്കു തോന്നിയിട്ടില്ല. അവിടെ നിന്നും പറമ്പിലെ തണുത്ത കുളത്തിലേക്കു പോയി.
ഒന്നു മുങ്ങിക്കുളിക്കണം.
ഇരുട്ടില്‍ കാളക്കണ്ണുപോലെ കുളം തിളങ്ങി. ആകാശത്ത് മേഘങ്ങള്‍ ശിവജടയായി നീങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ത്രിപുണ്ഡ്രങ്ങള്‍ ചാര്‍ത്തി. ഉടുത്തൊരുങ്ങി. ഹൃദ്യമായ നീലവെളിച്ചത്തില്‍ ഞാനൊരിക്കല്‍ക്കൂടി നെടുമ്പറമ്പില്ലം കണ്ടു. അടുത്ത ക്ഷണം എനിക്കു പറക്കാമെന്നായി.
കുട്ടികള്‍
കുട്ടികളായിരുന്നു നെടുമ്പറമ്പില്ലത്തെ പ്രശ്‌നം. അസന്മാര്‍ഗിയായെന്നു വിധിക്കപ്പെട്ട അച്ഛന്റെ മക്കള്‍ പീഡനമര്‍ഹിക്കുന്നവരാണ്. നെടുമ്പറമ്പില്ലത്തുനിന്നും ഞങ്ങളെ മാറ്റിപാര്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്. അതിനുള്ള കര്‍മ്മങ്ങള്‍ ചെയ്തുതുടങ്ങി വല്യപ്ഫന്മാര്‍. കൈകൊട്ടി പുറത്താക്കല്‍ കഴിഞ്ഞാല്‍ ചടങ്ങുകള്‍ പലതാണ്. സമുദായം മാറ്റുന്നു. വീടു മാറ്റുന്നു. പേരു മാറ്റുന്നു. എല്ലാം തിരക്കിട്ടു വേണം.
ഇപ്പോള്‍ ശൂന്യതയില്‍ നില്‍ക്കുകയാണ് മൂന്ന് ആത്മാക്കള്‍. ഇനി നമ്പൂതിരിയെന്നു മേനിപറഞ്ഞു നടക്കണ്ട. അങ്ങനെ പറഞ്ഞാലൊട്ട് ആരും വകവയ്ക്കുകയുമില്ല. എവിടെയും ആക്ഷേപത്തിന് ശിരസ്സ് കുനിച്ചു നിന്നുകൊടുത്തോളണം മൂന്നുപേരും. ഭ്രഷ്ടായവരെ ചാക്യാര്‍-നങ്ങ്യാര്‍ വിഭാഗത്തിലേക്ക് ഇകഴ്ത്തുകയാണ് ശിക്ഷാക്രമം. നമ്പൂതിരി അങ്ങനെ ചാക്യാരാകും. അന്തര്‍ജനം നങ്ങ്യാര്‍. ജനിച്ച ഇല്ലം വിട്ട് ഏതെങ്കിലും ചാക്യാര്‍ കുടുംബത്തില്‍ അംഗമായി ജീവിച്ചുകൊള്ളണം ജീവിതാന്ത്യത്തോളം.
വീടു മാറുന്നു, പേരും
അയിനില്‍ മുരിങ്ങോത്ത് എന്നൊരു ചാക്യാര്‍ കുടുംബമുണ്ട്. അവിടേയ്ക്ക് ഞങ്ങളെ ദത്തുരൂപേണ ഏല്പിച്ചെന്നു സങ്കല്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. രാമന്‍ അപ്ഫനും വാസുദേവന്‍ അപ്ഫനും അതിന്റെ തന്ത്രപ്പാടിലാണ്. പാവം വല്യപ്ഫന്മാര്‍. ഇനി ഞങ്ങള്‍ക്കങ്ങനെ വിളിക്കാമോ?
വലിയ ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ കുടിമാറ്റനാടകം കഴിഞ്ഞു. ഇനി പേരുമാറ്റം.
കത്തിച്ച നിലവിളക്കിനുമുന്നില്‍ ദേവകി അന്തര്‍ജ്ജനത്തിന്റെ മടിയില്‍ ഞാന്‍ കിടക്കുന്നു. കൃഷ്ണന്‍ നമ്പൂതിരി എന്നെ മാറോടു ചേര്‍ത്ത് കുഞ്ഞിച്ചെവിയില്‍ മന്ത്രിക്കുന്നു, 'പരമേശ്വരശര്‍മ്മ കൃഷ്ണശര്‍മ്മ.'
അല്ല. അമ്മ പേറ്റുനോവുമായി ഇല്ലത്തെ ഉള്‍മുറിയില്‍ എവിടെയോ ആണ്. അച്ഛന്‍...
ഉപഗൃഹത്തിലെ വിസ്താരമുള്ള മദ്ധ്യമുറികള്‍ ഞാന്‍ വെറുതെ ഓര്‍ത്തുപോയി. ഒറ്റ ക്ഷണം. അതിനിടയില്‍ പേരുമാറ്റം നടന്നു.
''അയിനിയില്‍ മുരിങ്ങോത്തു നീലകണ്ഠന്‍ ചാക്യാര്‍.''
ഞാനിപ്പോള്‍ ഒരു മിഴാവിനുള്ളില്‍ ഓടിനടക്കുകയാണ്. ഇടയ്ക്ക് ആരോ വിളിച്ചു, കൃഷ്ണാ... പേരില്ലാത്ത മുത്തശ്ശിയമ്മായി! ഞാന്‍ പറഞ്ഞു. ഇനി എന്നെ ആരും അങ്ങനെ വിളിക്കണ്ട. മുത്തശ്ശിക്ക് വേണമെങ്കില്‍ അതെടുത്തുകൊള്ളൂ.
ഞാന്‍
എന്റെ ശരീരത്തില്‍ മുഴുവന്‍ ഒരു പ്ലാവിന്റെ നിഴല്‍ വീണുകിടക്കുകയാണ്. നട്ടുച്ച, വെള്ളം തീര്‍ന്നുപോയ ഒരു വലിയ പാത്രം പോലെ എനിക്കുചുറ്റും ഒഴിഞ്ഞുകിടന്നു.
പ്ലാവിന്‍ തണലിലിരുന്ന് ഞാന്‍ നെടുമ്പറമ്പില്ലത്തെ ചെറിയ കൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ചോര്‍ത്തു. ഇല്ലത്തിന്റെ വിചിത്രതകളില്‍ ജീവിച്ച ഒരു പാവം യക്ഷജന്മം. അയാളിപ്പോള്‍ എവിടെയാണ്?
ഞാന്‍ ഇവിടുണ്ട് ചാക്യാരേ...
അയിനിയില്‍ മുരിങ്ങോത്തു നീലകണ്ഠന്‍ ചാക്യാര്‍ ശിരസ്സുയര്‍ത്തി ശബ്ദം കേട്ട ദിക്കിലേക്കു നോക്കി. പ്ലാവിന്‍ ചില്ലകളില്‍ ആരുമില്ല. പിന്നെ ആരാണ് എന്നെ വിളിച്ചത്?
മുരിങ്ങോത്തില്ലം ഒരു മിഴാവു പോലെ പറമ്പിനു നടുവില്‍ കിടക്കുന്നു. അവിടെയിരുന്ന് ചാക്യാര്‍ അയാളോടു തന്നെ ചോദിച്ചു. ഞാനാരാണ്?
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates