Periyanakal Malayalam Poem by MS Banesh ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക,സമകാലിക മലയാളം
Malayalam Weekly

പെരിയാനകള്‍

എം.എസ്. ബനേഷിന്റെ കവിത

എം.എസ്. ബനേഷ്

ഇപ്രാവശ്യം അമ്മൂമ്മയെ കണ്ടുവന്നപ്പോള്‍

പഴയ വീടിന്റെ

പിന്നാമ്പുറത്തുനിന്നും

കുഴിയാനകള്‍

ഉറുമ്പുകളെ വീഴ്ത്താന്‍

കാത്തുകാത്തിരിക്കുന്ന

മണല്‍ക്കുഴികളെ

ഞാനൊരു സഞ്ചിയിലാക്കി

ഫ്‌ലാറ്റിലേക്ക്

കൊണ്ടുപോന്നു.

പതിന്നാലാംനിലയിലെ

സ്വീകരണമുറിയിലെ

മത്സ്യപേടകത്തിനരികില്‍

ഉറങ്ങുംമുന്‍പ്

നിലത്ത് പതുക്കെ ചൊരിഞ്ഞിട്ടു.

നേരംവെളുത്തപ്പോള്‍

കുഴിയാനകളൊരുക്കിയ

ബിനാലെപോലെ

ആഹാ

ഒരു ചെറുമരുഭൂമി.

തിരിവും ചരിവും

പൊക്കിള്‍ക്കുഴിയും

നാഭിയും ഇടകലര്‍ന്ന

ഒരു മരുമണല്‍പെണ്‍ശില്പം.

ഫോണിന്റെ ബന്ധനത്തില്‍നിന്ന്

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ

ഉറക്കമുണര്‍ന്ന

സിദ്ധാര്‍ത്ഥകുമാരന്‍

മൂരിനിവര്‍ത്തിക്കൊണ്ട് വന്നു.

സിദ്ധാര്‍ത്ഥന്

ഞാനാ ബിനാലെ

കാണിച്ചുകൊടുത്തു.

കുഴിയാനകള്‍ അകത്തുണ്ട്,

ഞാന്‍ പറഞ്ഞു,

ഉറുമ്പുകളെ വീഴ്ത്താന്‍

കുഴിതീര്‍ത്ത്

കാത്തിരിപ്പാണ്.

''അതിന് വീഴാന്‍ ഉറുമ്പുകളെവിടെ?''

സിദ്ധാര്‍ത്ഥന്‍ പരിഹസിച്ചു.

ഞാന്‍ ലജ്ജിച്ചു

ഛെ

ഗൃഹാതുരത പുന:സൃഷ്ടിക്കാന്‍

അമ്മൂമ്മയുടെ മരണക്കിടക്കയിലേക്ക്

ഇനിയും ഒരു പകല്‍ മുഴുവന്‍

കഠിനയാത്രയോ.

ഹൊ. പിന്നീടാവാം.

''അപ്പോള്‍ കുഴിയാനകള്‍ ചാവില്ലേ?''

ഭക്ഷണം കിട്ടാതെ

എത്രനാള്‍ കുഴിയാനകള്‍ക്ക്

സ്വന്തം കിടങ്ങില്‍ കിടക്കാനാകും?

വലക്കണ്ണികളില്‍

പരതിക്കൊണ്ട്

ഫോണുമായി സിദ്ധാര്‍ത്ഥന്‍

കിടപ്പുമുറിയിലേക്ക് വലിഞ്ഞു.

ഉത്സവത്തിന്

ആനകള്‍ ഇടഞ്ഞ ഒരു ദൃശ്യത്തിലേക്ക്

ഞാനും ചുരുണ്ടു.

Periyanakal Malayalam Poem by MS Banesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT