വര്‍ഷം 2015. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം റിലീസായ വര്‍ഷം. അരങ്ങിലും അണിയറയിലും തുടക്കക്കാര്‍ അണിനിരന്നൊരു കൊച്ചു സിനിമ മലയാള സിനിമയുടെ സീന്‍ തന്നെ മാറ്റി. അതേസമയം തന്നെ പ്രേമത്തിലെ പൂമ്പാറ്റകളുടെ ചിറകടി നമ്മുടെ കഥാനായകന്റെ ജീവിതത്തിലും ഒരു ബട്ടര്‍ഫ്‌ളൈ എഫ്കടായി മാറുകയായിരുന്നു. സെയില്‍സിലെ ജോലി ഉപേക്ഷിച്ച്, തന്റെ സ്വപ്‌നമായ സിനിമയെ പിന്തുടരാന്‍ അവന്‍ തീരുമാനിച്ചു. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണം. അതല്ലാതെ മറ്റൊരു ഓപ്ഷനും മുന്നിലുണ്ടായിരുന്നില്ല.
പക്ഷെ ആ യാത്ര എളുപ്പമായിരുന്നില്ല. ഓഡിഷനുകള്‍ കയറിയിറങ്ങിയും കിട്ടിയ അവസരങ്ങള്‍ മുറുകെ പിടിച്ചും മുന്നോട്ട് പോയി. തേടി വരാത്ത അവസരങ്ങളെ അന്വേഷിച്ചിറങ്ങി. കാത്തിരിപ്പിന്റേയും സ്വയം കണ്ടെത്തലിന്റേയും നാളുകള്‍. ഒടുവില്‍, ആദ്യ സിനിമയിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തുകയാണ് ആനന്ദ് മന്‍മഥന്‍.
ജയ ജയ ജയ ജയഹേ, പൊന്മാന്‍, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, ഒടുവിലിതാ ഇത്തരി നേരവും, കടന്നു നില്‍ക്കുമ്പോള്‍ മലയാള സിനിമയെ സമ്പന്നമാക്കിയ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളുടെ നീണ്ടനിരയിലെ ഈ തലമുറക്കാരനായി മാറുകയാണ് ആനന്ദ് മന്‍മഥന്‍. തന്റെ സിനിമായാത്രയെക്കുറിച്ച് സമകാലിക മലയാളത്തോട് സംസാരിക്കുകയാണ് ആനന്ദ് മന്‍മഥന്‍.
കരിയറിലെ ടേണിങ് പോയന്റ് ആയി മാറിയിരിക്കുകയാണല്ലോ 2025?
പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. പ്ലാന്‍ ചെയ്തതല്ല, സാന്ദര്‍ഭികമായി സംഭവിച്ചതാണ്. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ആണ് ഈ വര്‍ഷം ആദ്യം ഇറങ്ങിയത്. 2023 ലായിരുന്നു ഷൂട്ട് ചെയ്തത്. അത് കഴിഞ്ഞ ശേഷം ഷൂട്ട് ചെയ്തതാണ് പൊന്മാന്‍. 2024 ലായിരുന്നു. ആഭ്യന്തര കുറ്റവാളിയും 2024 ല്‍ ചെയ്ത പടമാണ്. ഇത്തിരി നേരം 2023 ല്‍ ചെയ്ത പടമാണ്. പക്ഷെ ഇതെല്ലാം റിലീസാകുന്നത് 2025 ലാണ്. എന്റെ ഭാഗ്യത്തിന് കിട്ടിയ കഥാപാത്രങ്ങളും വിഷയങ്ങളും സിനിമകളും കൊള്ളാവുന്നതായിരുന്നു.
ഇത്തിരി നേരത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?
ഇത്തിരി നേരത്തിലേക്ക് എത്തുന്നത് സൗണ്ട് ചെയ്തിരിക്കുന്ന സന്ദീപ് വഴിയാണ്. സന്ദീപ്, സംവിധായകന്‍ പ്രശാന്ത് വിജയിയുടെ കസിന്‍ കൂടിയാണ്. അദ്ദേഹം എന്റെ കുറേ വിഡിയോകളൊക്കെ കണ്ടിരുന്നു. അങ്ങനെയാണ് എന്നെ നിര്‍ദ്ദേശിക്കുന്നത്. എനിക്ക് മാത്രമേ ഈ സിനിമയില്‍ ഓഡിഷന്‍ ചെയ്തിരുന്നുള്ളൂ. കാരണം ഞാന്‍ റോഷന്റെ അസിസ്റ്റന്റ് ആണ് സിനിമയില്‍. എനിക്ക് റോഷനേക്കാള്‍ പൊക്കവും വണ്ണവുമൊക്കെ ഉള്ളതിനാല്‍ കൂടെ നില്‍ക്കുമ്പോള്‍ അസിസ്റ്റന്റായി തോന്നുമോ എന്ന സംശയമായിരുന്നു. ഓഡിഷന്‍ അവര്‍ക്കിഷ്ടമായി. അങ്ങനെയാണ് ഇത്തിരി നേരത്തിന്റെ ഭാഗമാകുന്നത്. സംവിധായകന്റെ വര്‍ക്കുകളൊക്കെ ഞാന്‍ നേരത്തെ തന്നെ ഫോളോ ചെയ്തിരുന്നവയാണ്. പ്രശാന്ത് വിജയിയുടെ കഴിഞ്ഞ രണ്ട് സിനിമകളും ഇന്‍ഡിപെന്റഡ് സര്‍ക്കിളുകളില്‍ ചര്‍ച്ചയായതാണ്. പിന്നെ തിരക്കഥ ഭയങ്കര രസമായിരുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് സിനിമ പോകുന്നത്. അത് കണ്ടിരിക്കാന്‍ രസമായിരിക്കുമെന്ന് തോന്നി. അങ്ങനൊരു സിനിമ വന്നിട്ടും കുറച്ചായി. പ്രണയ സിനിമ വന്നിട്ടു തന്നെ കുറേയായല്ലോ.
തിരുവനന്തപുരം പശ്ചാത്തലമായി വരുന്ന സിനിമകളില്‍ സ്ഥിര സാന്നിധ്യമാണല്ലോ?
എല്ലാം തിരുവനന്തപുരമല്ല. പൊന്മാന്‍ കൊല്ലമായിരുന്നു. ആഭ്യന്തര കുറ്റവാളി എവിടേയും നടക്കാവുന്നൊരു കഥയാണ്. പക്ഷെ എന്തോ ഒരു ഇതുണ്ടെന്ന് തോന്നുന്നു. ബോധപൂര്‍വ്വം ചെയ്യുന്നതല്ല. വരുന്ന കഥാപാത്രങ്ങള്‍ അങ്ങനെയാകുന്നതാണ്. അതല്ലാതേയും ചെയ്തിട്ടുണ്ട്. സാജന്‍ ബേക്കറിയില്‍ റാന്നിയാണ്. എല്ലാം ചെയ്യണമെന്നുണ്ട്. പക്ഷെ വന്നതില്‍ അധികവും ഇത്തരത്തിലുള്ളതായി മാറിയെന്ന് മാത്രം. നല്ല കഥാപാത്രമാണോ എന്ന് മാത്രമാണ് നോക്കുന്നത്. ഇന്ന് ഓഡിഷന്‍ കോള്‍ ഇടുമ്പോള്‍ തന്നെ അതത് സ്ഥലത്തെ ആളുകള്‍ വേണമെന്ന് പറയാറുണ്ട്. അതുകൊണ്ട് ടൈപ്പ് കാസ്റ്റ് ആകുന്നുവെന്നല്ല തോന്നുന്നത്. കുറേക്കൂടി സ്‌പെഫിക് ആവുകയാണ് ചെയ്യുന്നതെന്ന് തോന്നുന്നു. അഭിനേതാവ് എന്ന നിലയില്‍ എല്ലാം ചെയ്യാനാകണം. വേറെ വേറെ സ്ലാങുകള്‍ ചെയ്യുന്നത് ഇന്ററസ്റ്റിങ് ആയ കാര്യമാണല്ലോ. മമ്മൂക്കയൊക്കെ എല്ലാ സ്ലാങും എന്ത് ഭംഗിയായിട്ടാണ് ചെയ്യുന്നത്.
കരിയറിലൊരു തുടക്കക്കാരനായിരിക്കുമ്പോഴും കഥാപാത്രങ്ങളില്‍ ഇത്രത്തോളം വ്യത്യസ്തത കണ്ടെത്താന്‍ സാധിക്കുന്നത് എങ്ങനെയാണ്?
തുടക്കകാലത്ത് തന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാത്ത തരത്തില്‍ കഥാപാത്രങ്ങള്‍ ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സത്യം പറഞ്ഞാല്‍ അത് എങ്ങനെ കിട്ടിയെന്ന് എനിക്കും അറിയില്ല. തുടക്കകാലത്തുള്ള സിനിമകളൊന്നും വലിയ ഹിറ്റുകളായിരുന്നില്ല. ഒരു ഹിറ്റ് കിട്ടിയാല്‍ ആളുകള്‍ വേഗം ക്യാറ്റഗറൈസ് ചെയ്യും. അപ്പോള്‍ ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ കുറേ വരുമായിരിക്കും. എന്നെ സംബന്ധിച്ച് അങ്ങനെ സംഭവിക്കാത്തതു കൊണ്ട് തന്നെ ഞാന്‍ പല തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്തു. കുറേക്കാലത്തിന് ശേഷം ഇത്തിരി നേരത്തിലാണ് മുഴുനീളം കോമഡി ചെയ്യുന്നത്. അങ്ങനെ ചെയ്യാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ട്.
എല്ലാ തരം കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുന്നൊരു നടനാകണം എന്നതാണ് ആഗ്രഹം. ഇപ്പോള്‍ ചെയ്യുന്ന മെഡിക്കല്‍ മിറാക്കളിലേത് സീരിയസ് കഥാപാത്രമാണ്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നില്ലെന്നതില്‍ സന്തോഷമുണ്ട്. അല്ലെങ്കില്‍ ബോറടിച്ചേനെ.
തുടക്കകാലത്ത് കോമഡിയില്‍ തന്നെ ശ്രദ്ധിച്ച് അതിലൊരു ഇടം കണ്ടെത്തി, പിന്നീട് മറ്റ് വേഷങ്ങളിലേക്ക് വഴിമാറാം എന്നതു പോലെയുള്ള പ്ലാനുകളുണ്ടായിരുന്നുവോ?
ആളുകളുടെ മനസിലേക്ക് പെട്ടെന്ന് ഇടിച്ചു കയറാന്‍ ഒന്നെങ്കില്‍ കോമഡി ചെയ്യണം, അല്ലെങ്കില്‍ കട്ട നെഗറ്റീവ് ചെയ്യണം. സിനിമ വര്‍ക്കായാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക ഇത്തരം കഥാപാത്രങ്ങളായിരിക്കും. പക്ഷെ ഞാന്‍ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളെ ഭയങ്കര ആവേശത്തോടെയാണ് നോക്കി കാണുന്നത്. 90 കളിലൊക്കെ നമ്മുടെ ഏറ്റവും വലിയ സ്വകാര്യ അഹങ്കാരം എന്നു പറയുന്നത് നമുക്കുണ്ടായിരുന്ന ഒരുപറ്റം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു. വേറൊരു ഇന്‍ഡസ്ട്രിയ്ക്കും അത്രം സമ്പന്നമായൊരു നിരയുണ്ടായിരുന്നില്ല. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കുതിരവട്ടം പപ്പു, മാള അരവിന്ദന്‍, ജഗതി ശ്രീകുമാര്‍ അങ്ങനെ പോകുന്നു ആ നിര. ആ ലെജന്ററി ആര്‍ട്ടിസ്റ്റുകളായിരുന്നു മലയാളത്തിന്റെ കരുത്ത്.
അവര്‍ എല്ലാതരം കഥാപാത്രങ്ങളും ചെയ്തവരായിരുന്നു. കോമഡിയില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നില്ല. ഞാനും ഫോക്കസ് ചെയ്യുന്നത് അതുപോലെയാകാനാണ്. എനിക്ക് റീച്ച് കിട്ടിയതും നേരത്തെ പറഞ്ഞതുപോലെയുള്ള കഥാപാത്രങ്ങളിലൂടെയല്ല. ജയഹേയിലേത് ക്യാരക്ടര്‍ റോളായിരുന്നു. പൊന്മാനിലേത് സീരിയസ് വേഷമായിരുന്നു. അതുകൊണ്ടെല്ലാം ഞാന്‍ ഹാപ്പിയാണ്.
ആരാണ് ഇഷ്ടപ്പെട്ട ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ്?
നമ്മള്‍ ആദ്യം കണ്ട് ആവേശം കൊള്ളുന്നതും നടനാകാണം എന്ന് ആഗ്രഹിക്കുന്നതുമെല്ലാം മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ കണ്ടു തന്നെയാണ്. പിന്നെ സിനിമാനടന്‍ ആകാന്‍ വേണ്ടി കുറേക്കൂടി പഠിക്കുമ്പോഴാണ് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളെ പരിചയപ്പെടുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, തിലകന്‍, മാമുക്കോയ ഇവരെല്ലാം എന്റെ ഫേവറേറ്റുകളാണ്. ഇവരില്‍ പലരും പക്ഷെ ഇന്ന് ഇല്ല. ആ സമയത്താണ് ഞാന്‍ സിനിമയിലേക്ക് എത്തപ്പെട്ടത്. അതിനാല്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റിയില്ലെന്നത് വിഷമിപ്പിക്കുന്നതാണ്.
സിനിമയാണ് വഴിയെന്ന് തീരുമാനിക്കുന്ന ഘട്ടം ഏതാണ്?
ഏഴാം ക്ലാസ് മുതലേ നടനാകണം എന്നായിരുന്നു ആഗ്രഹം. കമല്‍ ഹാസന്‍ ആണ് എന്റെ ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍. സിനിമയെ ഹോളിസ്റ്റിക് അപ്രോച്ചില്‍ നോക്കാന്‍ പഠിപ്പിച്ചത് പുള്ളിയാണ്. അദ്ദേഹം ഒരു സര്‍വ്വകലാശാലയാണ്. സിനിമ നടന്‍ ആകണമെന്നുണ്ടായിരുന്നുവെങ്കിലും ഓണ്‍ ആൻഡ് ഓഫ് ആയിരുന്നു. പഠിച്ച് ഒരു ജോലിക്ക് കയറിയപ്പോഴാണ് ഉള്ളില്‍ മൊത്തം സിനിമയാണെന്നും ജോലി ചെയ്യാന്‍ പറ്റില്ലെന്നും തിരിച്ചറിയുന്നത്. സെയില്‍സിലായിരുന്നു. ജോലിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഉള്ളില്‍ സിനിമ കിടക്കുന്നതു കൊണ്ട് എനിക്ക് അതുമായി ഒത്തുപോകാന്‍ പറ്റിയിരുന്നില്ല.
ജോലിക്ക് കയറിയ സമയത്താണ് പ്രേമം റിലീസാകുന്നത്. പുതിയൊരു കൂട്ടം ആള്‍ക്കാര്‍ വരികയും മലയാള സിനിമയില്‍ വലിയൊരു മാറ്റമുണ്ടാക്കുകയും പുതിയൊരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയും ചെയ്യുന്ന സമയമാണത്. എനിക്കും ഇതിന്റെ ഭാഗമാകണമെന്ന ചിന്ത എന്നിലുമുണ്ടായി. പ്രേമം അങ്ങനെ ആ രീതിയിലും എന്നെ സ്വാധീനിച്ച സിനിമയാണ്. അതോടെ ഇതല്ല നമ്മുടെ മേഖലയെന്നും സിനിമയാണെന്നും തീരുമാനിക്കുകയും ജോലിയില്‍ നിന്നും ഇറങ്ങുകയും ചെയ്തു.
ആ യാത്ര ഒട്ടും എളുപ്പമായിരിക്കില്ലല്ലോ. ബുദ്ധിമുട്ടുകളെ എങ്ങനെയാണ് മറികടക്കാനായത്?
എളുപ്പമായിരുന്നില്ല ആ യാത്ര. പക്ഷെ ഞാനതിനെ കഷ്ടപ്പാടായി കണ്ടിട്ടില്ല. ആ യാത്രയില്‍ കുറേ അനുഭവങ്ങളുണ്ടായി. അതില്‍ നിന്നെല്ലാം പഠിച്ചത് സിനിമയിലേക്ക് നല്‍കാന്‍ സാധിച്ചു. അഭിനേതാവിന്റെ ജീവിതത്തില്‍ ആ അനുഭവങ്ങളൊക്കെ ഉപയോഗിക്കാന്‍ പറ്റുമെന്ന ചിന്ത എന്നിലുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങളേയും പരിചയപ്പെട്ടവേരയുമെല്ലാം കടന്നു പോയ വഴികളേയുമെല്ലാം അങ്ങനെയാണ് കണ്ടത്. എന്റെ മനസില്‍ എല്ലാമൊരു സിനിമ പോലെയായിരുന്നു. അതില്‍ എല്ലാവരും ഓരോ കഥാപാത്രങ്ങളായിരുന്നു. അതെല്ലാം എവിടെയെങ്കിലും ഉപയോഗിക്കാം എന്നു കരുതി. അതിനാല്‍ അതൊന്നും കഷ്ടപ്പാടുകളായി തോന്നിയിട്ടില്ല. ആ കാലം ആസ്വദിക്കുകയേ ചെയ്തിട്ടുള്ളൂ. കഷ്ടപ്പാടുകല്‍ വേണം. കഷ്ടതകളാണ് ഒരു നടനെ സൃഷ്ടിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ശരിയായ വഴിയിലാണ് പോകുന്നതെന്ന തിരിച്ചറിവുണ്ടാകുന്നത് എപ്പോള്‍ മുതലാണ്?
കുറേ ഓഡിഷനുകള്‍ക്ക് പോയിരുന്നു. അവസാനം വരെ എത്തിയിട്ട് കിട്ടാതാകും. ഓഡിഷനില്‍ കിട്ടാത്തതിനാല്‍ നമ്മള്‍ നല്ല നടന്‍ അല്ലാതാകില്ല. കിട്ടിയതു കൊണ്ട് മാത്രം നല്ല നടന്‍ ആകണമെന്നുമില്ല. അവിടെ ഡിസൈഡിങ് ഫാക്ടറായി കുറേ കാര്യങ്ങളുണ്ടാകും. ആ സമയത്ത് ഞാന്‍ യൂട്യൂബിലൊക്കെ വിഡിയോകള്‍ ചെയ്തിടാന്‍ തുടങ്ങി. എനിക്ക് ഇങ്ങനൊരു കഴിവുണ്ടെന്ന് ആളുകളെ കാണിക്കണമല്ലോ. 2013 ലൊക്കെയാണിത്. അങ്ങനെ ചെയ്ത തമിഴ് വില്ലന്‍സ് എന്നൊരു വിഡിയോ കണ്ടിട്ടാണ് എന്നെ വൈ എന്ന സിനിമയിലേക്ക് വിളിക്കുന്നത്.
അങ്ങനെ വിഡിയോകള്‍ ഇട്ടതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് എനിക്ക് കാണാന്‍. രണ്ട് അത് കണ്ട് ആളുകള്‍ അഭിപ്രായം പറയുന്നത് കേള്‍ക്കാന്‍. എന്നാലല്ലേ വര്‍ക്കാകുന്നുണ്ടോ എന്നറിയുള്ളൂ. അത് ഗുണമായി.
സോഷ്യല്‍ മീഡിയയ്ക്ക് പക്ഷെ വേദനിപ്പിക്കാനും സാധിക്കും. അതിനെ നേരിടാന്‍ എങ്ങനെയാണ് തയ്യാറായത്?
നെഗറ്റീവ് കമന്റുകളൊക്കെ ഇഷ്ടം പോലെ വരും. പക്ഷെ ഒരാളുടെ അഭിപ്രായമല്ല എല്ലാവരുടേയും അഭിപ്രായം. ഒരാള്‍ക്ക് അങ്ങനെ തോന്നിയെന്ന് കരുതി എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നില്ല. ആരോഗ്യപരമായ വിമര്‍ശനങ്ങളില്‍ നിന്നും പഠിക്കും. ആളാകാന്‍ വേണ്ടിയും കളിയാക്കാന്‍ വേണ്ടിയുമിടുന്ന കമന്റുകളെ തലയിലേക്ക് എടുക്കാറില്ല. ഞാന്‍ അമിതായി സന്തോഷിക്കുകയും അമിതമായി ദുഃഖിക്കുകയും ചെയ്യാത്ത ആളാണ്.
കരിയറില്‍ വിഷമഘട്ടങ്ങളുണ്ടാകുമ്പോള്‍ എപ്പോഴെങ്കിലും മടുപ്പ് തോന്നിയിരുന്നുവോ?
പല കാര്യങ്ങളും ഞാന്‍ വലുതായിട്ട് കാണാറില്ല. ഈസി ഗോയിങ് മട്ടാണ്. പല കാര്യങ്ങളിലും അത് ഗുണം ചെയ്തിട്ടുണ്ട്. ചില കാര്യങ്ങളില്‍ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും കൂടുതലും ഗുണമാണ്. സിനിമ കാണുമ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കരയാറുള്ളതെന്ന് തോന്നുന്നു. നല്ലൊരു സീന്‍ കണ്ടാല്‍ ഞാന്‍ കരയും. അല്ലാതെ ജീവിതത്തില്‍ അധികം ഇമോഷണല്‍ ആകാറില്ല. അതിനാല്‍ അതേക്കുറിച്ചൊന്നും ഓര്‍ക്കില്ല. കഷ്ടപ്പെടുകയാണല്ലോ, മടുത്തു, നിര്‍ത്താം എന്നൊരു ചിന്തയേ എനിക്കുണ്ടായിട്ടില്ല. പോകുന്നിടത്തോളം പോകട്ടെ. നൂറ് ശതമാനം സംതൃപ്തി ലഭിക്കുന്നത് ഇത് ചെയ്യുമ്പോഴാണ്. അത് തുടരുക എന്നേ ഉണ്ടായിരുന്നുള്ളൂ. കഷ്ടപ്പെടാന്‍ ഞാന്‍ ഓക്കെയായിരുന്നു. എന്തെങ്കിലുമൊക്കെ ആകുമെന്നുറപ്പായിരുന്നു. നമ്മളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസമുണ്ടാകേണ്ടത് നമുക്ക് തന്നെയാണ്.
പിന്നെ കൃത്യമായ ഇടവേളകളില്‍ അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു. ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള്‍ കുറച്ച് ഗ്യാപ്പ് വന്നു. ആ സമയത്ത് ചില ഷോട്ട് ഫിലിമുകള്‍ ലഭിച്ചു. വെബ് സീരീസുകള്‍ ലഭിച്ചു. പിന്നെ സിനിമകള്‍ വന്നു. തുടര്‍ച്ചയായി ചെയ്തു പോകുന്നു.
ഈ സമയത്തെല്ലാം കുടുംബത്തിന്റെ പിന്തുണ എങ്ങനെയായിരുന്നു?
മിഡില്‍ ക്ലാസ് കുടുംബമാണ് എന്റേത്. സിനിമയുമായി ബന്ധമുള്ള ആരുമില്ല. എങ്ങനെയാണ് സിനിമയില്‍ കാര്യങ്ങള്‍ നടക്കുന്നത് എന്നൊന്നും അവര്‍ക്കറിയില്ല. സിനിമ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെയുള്ളതല്ലേ, നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്ക് പറ്റുന്നതാണോ എന്നാണ് അവര്‍ ആദ്യം ചോദിച്ചത്. അവര്‍ക്ക് നമ്മുടെ ഭാവി ആലോചിച്ച് ടെന്‍ഷനുണ്ടാകുന്നത് സ്വാഭാവികമാണ്. അത് അവരുടെ കുറ്റമൊന്നുമല്ല. ആദ്യത്തെ സിനിമയൊക്കെ കഴിഞ്ഞപ്പോള്‍ ചുമ്മാ ഇരിക്കാതെ ജോലിക്ക് പോയ്ക്കൂടേ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. പിന്നേയും കുറച്ച് കാലം കഴിഞ്ഞ്, ജയഹേയൊക്കെ സംഭവിച്ച ശേഷമാണ് ഇനി പറഞ്ഞിട്ട് കാര്യമില്ല, ഇവന്‍ ഇതില്‍ തന്നെയേ നില്‍ക്കുകയുള്ളൂവെന്ന് അവര്‍ക്ക് തോന്നിയത്. അതോടെ ഇനി ഇവന്റെ കൂടെ നില്‍ക്കാം എന്നായി. ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ല.
ആനന്ദിന്റെ കരിയറിലുടനീളം സൗഹൃദങ്ങളുടെ സ്വാധീനം കാണാം. എത്രത്തോളം പ്രധാനപ്പെട്ടതാണ് സൗഹൃദങ്ങള്‍?
ഈ യാത്രയില്‍ മടുപ്പ് തോന്നാതിരിക്കാനും, മതിയാക്കാന്‍ തോന്നാതിരിക്കാനും സൗഹൃദം വലിയൊരു കാരണമാണ്. 2017 തൊട്ട് സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന വലിയൊരു സൗഹൃദക്കൂട്ടമുണ്ട്. അതില്‍ നിന്നുമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ പോലൊരു സിനിമയൊക്കെ ഉണ്ടാകുന്നത്. അവരെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. 2017 മുതല്‍ പരസ്പരം താങ്ങായി സൗഹൃദമുണ്ട്. ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ചിലപ്പോള്‍ മടുപ്പു തോന്നുകയോ ഇട്ടിട്ട് പോവുകയോ ചെയ്‌തേനെ. സിനിമയില്ലെങ്കിലും ഒത്തുചേരുകയും സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. അങ്ങനയുള്ള ചര്‍ച്ചകളില്‍ നിന്നാണ് സ്താനാര്‍ത്തി ശ്രീക്കുട്ടനുണ്ടാകുന്നത്. സൗഹൃദങ്ങളാണ് പിടിച്ചു നിര്‍ത്തിയത്. കോളേജ് കാലത്തും നല്ല സൗഹൃദങ്ങളുണ്ടായിട്ടുണ്ട്. പല വിഷമഘട്ടത്തിലും അവര്‍ സഹായിച്ചിട്ടുണ്ട്. ചോദിക്കാതെ തന്നെ സാമ്പത്തികമായി സഹായിച്ചവരുണ്ട്.
സ്താനാര്‍ത്തി ശ്രീക്കുട്ടന് അവാര്‍ഡ് കിട്ടാതെ പോയത് നിരാശപ്പെടുത്തിയിരുന്നുവോ?
അവാര്‍ഡ് കിട്ടാത്തതിലല്ല വിഷമം. അവാര്‍ഡ് എന്നത് ഒരു ജൂറിയുടെ തീരുമാനമാണ്. അവാര്‍ഡ് പ്രഖ്യാപനം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവാര്‍ഡ് ഇല്ലെന്ന് അറിഞ്ഞപ്പോള്‍ ഓക്കെ എന്ന മട്ടില്‍ തന്നെയായിരുന്നു. അപ്പോഴാണ് ജൂറിയുടെ ഒരു പരാമര്‍ശം. കഴിഞ്ഞ കൊല്ലം കുട്ടികളുടേതായി നല്ല പെര്‍ഫോന്‍സുകളൊന്നും കണ്ടില്ല എന്നാണ് പറഞ്ഞത്. അതാണ് നമ്മളെ ഹിറ്റ് ചെയ്തത്. നാല്‍പ്പതിലധികം പുതിയ കുട്ടികളാണ് ഞങ്ങളുടെ സിനിമയില്‍ അഭിനയിച്ചത്. ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ സിനിമയാണ്. എല്ലാവരും ആദ്യം പറയുന്നത് കുട്ടികളുടെ പ്രകടനത്തെക്കുറിച്ചാണ്. കണ്ടവര്‍ക്കാർക്കും വേറൊരു അഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആ പരാമര്‍ശം എന്തുകൊണ്ട് വന്നുവെന്നാണ് ചോദിച്ചത്.
ഒരു ജൂറിയംഗം പറഞ്ഞത് കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ പെരുമാറുന്നു, സ്ലോമോഷന്‍ ഇട്ട് വരുന്നു എന്നൊക്കെയാണ്. അത് ഞങ്ങളുടെ സിനിമയെ ഉദ്ദേശിച്ചാണെന്നാണ് മനസിലാക്കുന്നത്. കുട്ടികള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് തീരുമാനിക്കുന്നത് നമ്മള്‍ മുതിര്‍ന്നവരല്ലല്ലോ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നമ്മളും ബാക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് സ്ലോമോഷനില്‍ നടന്നിട്ടില്ലേ?
ഇതുവരെ ചെയ്തതില്‍ ഇഷ്ടപ്പെട്ട കഥാപാത്രമേതാണ്?
1747 വൈറ്റ് ഓള്‍ട്ടോ എന്ന സിനിമയിലെ കഥാപാത്രമാണ് എന്റെ പേഴ്‌സണല്‍ ഫേവറീറ്റ്. അത് അധികമാരും കണ്ടിട്ടില്ല. ഒടിടിയിലൊന്നും വന്നിട്ടില്ല. എല്ലാവരുടേയും കപ്പ് ഓഫ് ടീ ആയിരിക്കണമെന്നില്ല. എന്റെ കഥാപാത്രം സംസാരിക്കുന്നേയില്ല അതില്‍. എനിക്ക് ഈ ലോകത്തോട് ഒന്നും സംസാരിക്കാനില്ല എന്നാണ് അല്ലാതെ ഊമയല്ല. അവസാനഭാഗത്താണ് സംസാരിക്കുന്നത്. അത് ചെയ്യാന്‍ കുറച്ച് ചലഞ്ചിങ് ആയിരുന്നു. ഭയങ്കര ഇഷ്ടമുള്ള, ആളുകളിലേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്നൊരു കഥാപാത്രമാണത്. പൊന്‍മാനിലെ ബ്രൂണോയും ജയഹേയിലെ കഥാപാത്രവുമൊക്കെ ഇഷ്ടമുള്ളതാണ്. ഹിമാലയത്തിലെ കശ്മലനിലെ കഥാപാത്രവും എന്റെ പേഴ്‌സണല്‍ ഫേവറീറ്റ് ആണ്. അതും എല്ലാവര്‍ക്കും വര്‍ക്കാകണമെന്നില്ല.
നായക വേഷങ്ങളിലേക്കൊരു ചുവടുമാറ്റം ഉടനുണ്ടാകുമോ?
ഇപ്പോള്‍ പിസി 35 എന്നൊരു ഓഫ് ബീറ്റ് സിനിമ ചെയ്യുന്നുണ്ട്. അതിന്റെ സബ്‌ജക്ട് രസകരമാണ്. നായകന്‍ എന്നൊന്നും പറയാന്‍ സാധിക്കില്ല. ഞാനും ഗാര്‍ഗിയുമാണ് പ്രധാനവേഷങ്ങളില്‍. തുല്യ പ്രധാന്യമുള്ള വേഷങ്ങളാണ് രണ്ടും. വേറൊരു തരത്തിലുള്ള ശ്രമമാണ് ആ സിനിമ. ഗാര്‍ഗി നല്ല ആര്‍ട്ടിസ്റ്റാണ്. ആ സിനിമയുടെ ഏറ്റവും വലിയ ഗുണം ഗാര്‍ഗിയെപ്പോലൊരു ആര്‍ട്ടിസ്റ്റ് വന്നുവെന്നതാണ്. ഗാര്‍ഗി പലപ്പോഴും ആ സിനിമയെ എലിവേറ്റ് ചെയ്യുന്നുണ്ട്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
പുതിയ സിനിമകള്‍ ഏതൊക്കെയാണ്?
ഇപ്പോള്‍ ചെയ്യുന്നത് മെഡിക്കല്‍ മിറാക്കിള്‍ എന്ന സിനിമയാണ്. സംഗീത് പ്രതാപും ഷറഫുദ്ദീനുമാണ് പ്രധാന താരങ്ങള്‍. സംഗീത് ആദ്യമായി നായകനാകുന്ന സിനിമയാണ്. അല്‍ത്താഫ് നായകനായൊരു സിനിമയുണ്ട്. പിന്നേയും കുറച്ച സിനിമകള്‍ പറഞ്ഞുവച്ചിട്ടുണ്ട്. എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
Anand Manmadhan interview
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates