ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്നാല്‍ മിക്കപ്പോഴും ഒരു ‘ഫാമിലി ആൽബം’ തുറന്നു കാണുന്നതുപോലെയാണ് എന്നുപറഞ്ഞാല്‍ അത് അതിശയോക്തി ആകില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ എല്ലാക്കാലത്തും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളോടൊപ്പം കുടുംബചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ഒരുകാലത്ത് ഇന്ത്യയില്‍ ‘പശുവും കിടാവും’ എന്ന തെരഞ്ഞെടുപ്പു ചിഹ്നത്തിനൊപ്പം ഇന്ദിരയും മകന്‍ സഞ്ജയ് ഗാന്ധിയും ചര്‍ച്ച ചെയ്യപ്പെട്ടത് ചരിത്രത്തിലുണ്ട്. വയനാട്ടില്‍ മത്സരിക്കാനെത്തിയ പ്രിയങ്കയുടെ മൂക്കു സംബന്ധിച്ച മാധ്യമവര്‍ണന ശരിയാണോ എന്നറിയാന്‍ ശരാശരി സമ്മതിദായകന്‍ ഇന്ദിരയുടെ ചിത്രവും രാജീവിന്റെ ചിത്രവുമെല്ലാം അവന്റെ ഓര്‍മയുടെ ആല്‍ബത്തില്‍നിന്നും മറിച്ചുനോക്കി ശരിവെച്ചു തൃപ്തനാകുന്നു. ഒരുപക്ഷേ, ഭൂതകാലത്തില്‍ ജനത അനുഭവിച്ച വഞ്ചനകളെല്ലാം കുടുംബഭക്തിയില്‍ മറക്കപ്പെടുന്നുണ്ടാകാം. മറയ്ക്കപ്പെടുന്നുമുണ്ടാകാം.
പ്രകടനപത്രികകൾക്ക് നല്‍കുന്ന പ്രാധാന്യത്തോളംതന്നെ കുടുംബാംഗങ്ങളുടെ ‘വാട്സ് ആപ്പ്’ ഗ്രൂപ്പുകൾക്കും പാർട്ടികള്‍ക്കുള്ളിൽ സ്ഥാനമുണ്ട് (ഈ വാട്സ് ആപ് ഗ്രൂപ്പുകള്‍ എന്നത് ഇവിടെ ഒരു ആലങ്കാരിക പ്രയോഗമാണ്. വഴിയേയുള്ള വായനയില്‍ അത് വിശദമാകും.) പാർട്ടി ഓഫീസുകൾ വെറും ഓഫീസുകളല്ല, കുടുംബാംഗങ്ങൾ ഒത്തുകൂടുന്ന വലിയ സ്വീകരണമുറികൾ കൂടിയാകുന്നു.
പാർട്ടികൾ അധികാരത്തില്‍ വരികയും തകരുകയും പിളരുകയും ഒന്നിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍, അപ്പോഴെല്ലാം ഒരു ഇലക്ഷന്‍ പ്രചരണഗാനം മനസ്സിൽനിന്ന് മായാത്തതുപോലെ, ചില കുടുംബപ്പേരുകൾ കാലത്തെ അതിജീവിച്ച് ജനമനസ്സുകളില്‍ നിലനിൽക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ സ്വീകരണമുറിയിലേക്ക് നാം ആനയിക്കപ്പെടുമ്പോള്‍ ആദ്യം നമുക്കു കാണാനാകുന്നത് കോൺഗ്രസ്സിനേയും ഡി എം കെയേയും ആണ്. വിമര്‍ശകര്‍ പറയുന്നത് നെഹ്റു - ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം കോൺഗ്രസ്സിനെ ഒരു ജനകീയ പ്രസ്ഥാനത്തിൽനിന്ന് ഒരു കുടുംബസ്വത്തായിട്ട് രൂപാന്തരപ്പെടുത്തിയിട്ടുണ്ട് എന്നാണ്. വലിയ വില ഈ കുടുംബസ്വത്തിന് അവര്‍ക്ക് നല്‍കേണ്ടി വന്നിട്ടുണ്ട് എന്നതുകൂടി വിമര്‍ശകര്‍ പറയേണ്ടതുണ്ട് എന്നുകൂടി കൂട്ടിച്ചേര്‍ക്കണം. ഇന്ദിരയുടേയും രാജീവിന്റേയും ജീവനെടുത്തത് അവരുടെ രാഷ്ട്രീയ നിലപാടുകളാണ്. അവയിലെ പിഴവുകള്‍ എന്തുതന്നെയായാലും.
നെഹ്റു, ഇന്ദിര, രാജീവ് എന്നീ മൂന്നു പ്രധാനമന്ത്രിമാർ, കുടുംബപ്പേരിനെ അടിസ്ഥാനമാക്കി രാഷ്ട്രീയം കളിക്കുന്ന രീതിക്ക് അടിത്തറയിട്ടു എന്നാണ് വിമര്‍ശനം. ഇന്ദിരയുടെ രാഷ്ട്രീയാഭിലാഷങ്ങള്‍ക്ക് നെഹ്റു പ്രോത്സാഹനം നല്‍കി എന്നതിനു ചരിത്രത്തില്‍ തെളിവൊന്നുമില്ല. ’60-കളുടെ തുടക്കത്തില്‍ ചൈനയുമായി ഉണ്ടായ യുദ്ധം മാനസികമായി നെഹ്റുവിനെ തളര്‍ത്തിയ സന്ദര്‍ഭത്തില്‍ നെഹ്റുവിന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ ചൂടുപിടിച്ചപ്പോള്‍പോലും ഇന്ദിര എന്ന പേര് നെഹ്റു പറയുകയുണ്ടായില്ല.
1963-ല്‍ ഇന്ദിരയുടെ ആശയവും മറ്റൊന്നായിരുന്നുവത്രേ. നെഹ്റുവിന്റെ മരണത്തിനു 19 ദിവസങ്ങള്‍ക്കു മുന്‍പേ സുഹൃത്തായ ഡൊറോത്തി നോര്‍മാനെഴുതിയ ഒരു കത്തില്‍ “രാജീവും സഞ്ജയ്‌യും വിദ്യാഭ്യാസം ചെയ്യുന്ന ഇംഗ്ലണ്ടില്‍ ചെന്ന് ഒരു വര്‍ഷത്തേയ്ക്കെങ്കിലും അവര്‍ക്കൊപ്പം കഴിയാനാവശ്യമായ വിദേശനാണ്യം താന്‍ കണ്ടത്തേണ്ടതുണ്ടെന്ന്” പറയുന്നു. സ്വാതന്ത്ര്യാനന്തരം തന്റെ പിന്‍ഗാമിയായി ജയപ്രകാശ് നാരായണനെയാണ് നെഹ്റു ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ചതെന്ന് നെഹ്റുവിന്റെ ബന്ധുവും ഐ സി എസ് ഓഫിസറുമായിരുന്ന ബ്രിജ് കുമാര്‍ നെഹ്റുവും രേഖപ്പെടുത്തിയിട്ടുണ്ട്.
ജയപ്രകാശ് നാരായണന്റെ വിമുഖത മുതലെടുത്ത് ആ സ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ജി.ബി. പന്തും യു.എന്‍. ധേബാറും ഇന്ദിരയെ പ്രേരിപ്പിച്ചിരുന്നുവെന്ന് ‘ദ ബുക്ക് ഐ വോണ്‍ട് ബി റൈറ്റിങ് ആൻഡ് അദര്‍ എസ്സേയ്സ്’ എന്ന പുസ്തകത്തില്‍ എച്ച്.വൈ. ശാരദാപ്രസാദും സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും ഇന്ദിരയെ പിന്‍ഗാമിയാക്കുന്ന കാര്യത്തില്‍ നെഹ്റു എന്തെങ്കിലുമൊരു താല്പര്യമെടുത്തതായി ചരിത്രത്തിലില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രണ്ടാമനായ മൊറാര്‍ജിക്കെതിരെ കാമരാജും അതുല്യഘോഷും ഉള്‍പ്പെടുന്ന നാല്‍വര്‍ സംഘം കണ്ടെത്തിയതാണ് ഇന്ദിരയെന്ന ‘മിണ്ടാപ്പാവ’യെ - ഗൂംഗിഗുഡിയായെ. പിന്നീട് ഈ മിണ്ടാപ്പാവ ഗര്‍ജിക്കുന്ന പെണ്‍പുലിയായി എന്നതാണ് ചരിത്രം.
കുടുംബബന്ധങ്ങളേക്കാള്‍ നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കിയ നേതാവായിരുന്നു ആദ്യകാലങ്ങളില്‍ ഇന്ദിര. ഭര്‍ത്താവായ ഫിറോസ് ഗാന്ധിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസവും അവരെ, ഫിറോസ് ഫാസിസ്റ്റ് എന്നു വിളിച്ചതുമെല്ലാം ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതാണ്. എന്തായാലും അധികാരം അധികാരത്തെ ദുഷിപ്പിക്കുമെന്നാണല്ലോ. പ്രായോഗികമതിയായ ഒരു നേതാവും ഭരണാധികാരിയുമെന്നപോലെ അധികാരം ഉറപ്പിക്കുന്നതില്‍ തല്പരയുമായിരുന്നു അവര്‍. മകന്‍ സഞ്ജയിനെ കൂടെ നിര്‍ത്തുകയാണ് അവര്‍ അതിനു കണ്ടെത്തിയ മാര്‍ഗം. പാർട്ടിയുടെ നിയന്ത്രണം കുടുംബവലയത്തിൽത്തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ ഇന്ദിര അന്നു കണ്ടെത്തിയ ഈ മാര്‍ഗവും കാരണമായി. ഗ്രൂപ്പുവഴക്കുകൾ ഉണ്ടാകുമ്പോൾ ഈ കുടുംബവാഴ്ചയാണ് പശപോലെ പാര്‍ട്ടിയെ ഒട്ടിച്ചുനിർത്തുന്നത് എന്ന് രാമചന്ദ്ര ഗുഹ കളിയാക്കിപ്പറഞ്ഞിട്ടുണ്ട്.
ജാതിയും തൊഴിലും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനം ആദായകരമായ ഒരു ഉപജീവനമാര്‍ഗമായി കാണുകയും ചെയ്യുന്ന ഇന്ത്യയില്‍ രാഷ്ട്രീയം തൊഴിലാക്കിയ കുടുംബങ്ങള്‍ എന്ന സങ്കല്പം അസാധാരണമായ ഒന്നല്ല. അച്ഛന്‍ രാഷ്ട്രീയക്കാരനാണെങ്കില്‍ മകനും സ്വാഭാവികമായി രാഷ്ട്രീയക്കാരനാകേണ്ടതുണ്ട് എന്നതാണ് ഇന്ത്യന്‍ ജനതയുടെ ഉറച്ചബോധ്യം.
നെഹ്റു - ഗാന്ധി കുടുംബത്തില്‍ മാത്രമൊതുങ്ങുന്നതല്ല രാഷ്ട്രീയമായ അനന്തരാവകാശം എന്ന രീതി. കർഷക നേതാവായിരുന്ന ചരൺ സിംഗിന്റെ പാരമ്പര്യം അദ്ദേഹത്തിന്റെ മകനും പേരക്കുട്ടിയും ചുമലിലേറ്റി ജാട്ട് വോട്ടർമാരുടെ പിന്തുണയിൽ ഒരു പ്രാദേശിക കുടുംബശക്തിയായി നിലകൊണ്ടു. മറ്റൊരു ജാട്ട് നേതാവായ ചൗധരി ദേവിലാലില്‍നിന്നും ഓംപ്രകാശ് ചൗതാലയും പ്രപൗത്രന്‍ അജയ്‍സിംഗ് ചൗതാലയും രാഷ്ട്രീയ പിന്തുടര്‍ച്ച കൈക്കൊണ്ടിട്ടുണ്ട്. ഇതിനൊപ്പം, ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ലാലു പ്രസാദിന്റേയും മുലായം സിംഗ് യാദവിന്റേയും നേതൃത്വത്തിലുള്ള യാദവ കുടുംബങ്ങൾ തങ്ങളുടെ പാരമ്പര്യം ഊട്ടിയുറപ്പിച്ചു.
ബീഹാറിലും ഉത്തർപ്രദേശിലും ഈ കുടുംബങ്ങൾ ജാതിരാഷ്ട്രീയത്തിന്റെ പിൻബലത്തിൽ അധികാരം നിലനിർത്താൻ ശ്രമിച്ചു. കാലിത്തീറ്റ കുംഭകോണത്തില്‍ അറസ്റ്റ് വാറണ്ട് കൈപ്പറ്റും മുന്‍പേ വീട്ടമ്മ മാത്രമായിരുന്ന ഭാര്യ റാബറിദേവിയെ മുഖ്യമന്ത്രിയാക്കിയ ആളാണ് ലാലു പ്രസാദ്. പാര്‍ട്ടിയെ കുടുംബസ്വത്തായി കൊണ്ടുനടക്കുന്നുവെങ്കിലും കുടുംബക്കാര്‍ക്ക് പാര്‍ട്ടിക്കാരേക്കാള്‍ പ്രാധാന്യം കൊടുക്കുന്ന ആളാണ് ലാലു എന്നു പറയാനാകില്ല. മകന്‍ തേജ് പ്രതാപ് യാദവ് ഭാര്യയും ലാലുവിന്റെ വലംകയ്യായിരുന്ന ചന്ദ്രികാ റായിയുടെ മകളുമായ ഐശ്വര്യാ റായിയെ ശാരീരികമായി പീഡിപ്പിക്കുകയും വിവാഹമോചനം നേടുകയും ചെയ്തപ്പോള്‍ ലാലു മകനെ ഉടനടി പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചന്ദ്രികാ റായിയുടെ മറ്റൊരു മകളെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.
കശ്മീരിൽ, ഷെയ്ഖ് അബ്ദുള്ള സ്ഥാപിച്ച നാഷണൽ കോൺഫറൻസ് പാർട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിൽ തന്നെയാണ് എല്ലാക്കാലത്തും തുടർന്നിട്ടുള്ളത്. ഷെയ്ഖ് അബ്ദുള്ളയുടെ മകൻ ഫാറൂഖ് അബ്ദുള്ളയും പേരക്കുട്ടി ഒമർ അബ്ദുള്ളയും മാറിമാറി കശ്മീര്‍ രാഷ്ട്രീയത്തിൽ കരുത്തന്മാരായ നേതാക്കളായി നിലകൊണ്ടു. ഒരു പ്രദേശത്തിന്റെ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കുടുംബം എങ്ങനെയാണ് രാഷ്ട്രീയ ശക്തിയായി മാറുന്നത് എന്ന് ഷെയ്ഖ് അബ്ദുല്ലയുടെ കുടുംബ കഥ പറയുന്നുണ്ട്.
തെക്കേ ഇന്ത്യയിൽ, ഡിഎംകെയാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം പൂർണതയിലെത്തിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തില്‍ കുടിപ്പകയായി പലപ്പോഴും അതു പുകഞ്ഞു. വൃദ്ധനും അവശനുമായ കരുണാനിധിയെ ജയലളിത അറസ്റ്റു ചെയ്യിച്ചതും അധികാരത്തില്‍ വന്നപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചതും നാം കണ്ടതാണ്. ജയലളിതയ്ക്ക് മക്കളുള്ളതായി അറിവില്ല. എന്നാല്‍, അവരുടേയും അടുത്ത കുടുംബാംഗങ്ങളുടേയും റോളുകള്‍ പലപ്പോഴും ഏറ്റെടുത്തത് കൂടെ നില്‍ക്കുന്നവരും തോഴിമാരുമായിരുന്നു. കരുണാനിധിയുടെ ബൃഹത്തായ ബന്ധുബലമാകട്ടെ സിനിമ, പാർട്ടി, ഭരണകൂടം എന്നിവയെ പരസ്പരം കോർത്തിണക്കിയിരുന്നു.
കരുണാനിധി ഡിഎംകെയെ നയിച്ച കാലത്തുതന്നെ യുവജനരംഗത്ത് മകന്‍ എംകെ സ്റ്റാലിൻ നേതാവായിരുന്നു. അറുപതാം വയസ്സിലും അദ്ദേഹം യുവജനസംഘടനയുടെ സെക്രട്ടറി പദവിയിലിരുന്നയാളാണ്. സ്റ്റാലിന്‍ മുഖ്യമന്ത്രി പദത്തിലേക്ക് വളർന്ന സന്ദര്‍ഭത്തില്‍ മകന്‍ ഉദയനിധി നയപരമായ കാര്യങ്ങളെ സിനിമാ ലോകത്തിന്റെ ആകർഷകത്വവുമായി തടസ്സമില്ലാതെ ലയിപ്പിച്ചു. രാഷ്ട്രീയത്തിന് അഭ്രപാളിയുടെ വെള്ളിവെളിച്ചം നല്‍കി. ഈ പാർട്ടിയുടെ ചരിത്രത്തിന് ഒരു തിരക്കഥയുടെ രൂപമാണ് ഉള്ളതെന്ന് പലപ്പോഴും തോന്നിപ്പോകും. ഒന്നിലധികം നായകന്മാർ, സ്ഥിരമായി വരുന്ന കഥാപാത്രങ്ങൾ, നാടകീയമായ ചില രംഗംവിടലുകൾ — എങ്കിലും ഇതിന്റെ നിർമാണം കുടുംബത്തിന്റെ നിയന്ത്രണത്തിൽത്തന്നെ.
പാകിസ്താനിലെ തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും ഒരു കുടുംബയോഗത്തിനു മുന്നോടിയെന്നപോലെ തോന്നിക്കും. ഭൂട്ടോ കുടുംബവും ഷെരീഫ് കുടുംബവുമാണ് മാറിമാറി ഇവിടെ അധികാരത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നത്. പി പി പിയുടെ ഭൂട്ടോ – സർദാരി പക്ഷം രക്തസാക്ഷിത്വത്തിന്റ ഓർമകളും സഖ്യതന്ത്രങ്ങളും ഉപയോഗിക്കുമ്പോൾ, ഷെരീഫ് കുടുംബം പഞ്ചാബിനെ കോട്ടയായി നിലനിർത്തുന്നു.
ഈ മേഖലയിലെ ഏറ്റവും കൃത്യമായ ദ്വിമുഖ പോരാട്ടത്തിന് ഉദാഹരണമാണ് ബംഗ്ലാദേശ് രാഷ്ട്രീയം. ഷെയ്ഖ് മുജിബുർ റഹ്‍മാനിൽനിന്ന് ഷെയ്ഖ് ഹസീനയിലേക്കും, സിയാവുർ റഹ്‍മാനിൽനിന്ന് ഖാലിദ സിയയിലേക്കും നീളുന്ന രണ്ട് വംശാവലികളാണ് അവിടത്തെ പ്രധാന പാർട്ടികളുടെ ആശയപരമായ വഴിവിളക്കുകൾ. തെരഞ്ഞെടുപ്പുകൾ മിക്കപ്പോഴും ദീര്‍ഘിച്ച ഒരു കുടുംബചരിത്രത്തിന്റെ തുടർച്ചയായ അധ്യായങ്ങൾ പോലെയാകുന്നു ഇവിടങ്ങളില്‍.
ശ്രീലങ്കയിലെ രാജപക്സെമാരാണ് ഒരുപക്ഷേ, ഈ മേഖലയിലെ ഏറ്റവും ഉദ്ഗ്രഥിതമായ ആധുനിക കുടുംബവാഴ്ച കെട്ടിപ്പടുത്തിട്ടുള്ളത്. ഉന്നതപദവികളില്‍ വിരാജിച്ചിരുന്നവരാണ് രാജപക്സെ സഹോദരന്മാരും കുടുംബാംഗങ്ങളും. രാജപക്സെയുടെ കാലത്ത് മന്ത്രിസഭ ചിലപ്പോഴൊക്കെ ദേശീയ പ്രാധാന്യമുള്ളതും വിപുലീകരിച്ചതുമായ കുടുംബയോഗംപോലെയാണ് തോന്നിപ്പിച്ചിരുന്നത്. ബഹുജന പ്രതിഷേധങ്ങൾ ഉയര്‍ന്നുവെന്നാലും, ഒരു പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ ‘കുടുംബപ്പേര്’ എന്ന മൂലധനത്തിന്റെ ശക്തിയും ദൗര്‍ബല്യവും രാജപക്സെ കുടുംബം എടുത്തുകാണിക്കുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പുരോഗമന രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളായിരുന്നു നെഹ്റു, ഓങ് സാന്‍, സുകാര്‍ണോ എന്നിവരുടേത്. അറിഞ്ഞോ അറിയാതേയോ മൂവരും രാഷ്ട്രീയത്തില്‍ ഒരു കുടുംബപാരമ്പര്യം അവശേഷിപ്പിച്ച് കടന്നുപോകുകയും ചെയ്തു. മ്യാന്‍മാറില്‍, രാഷ്ട്രപിതാവ് ഓങ് സാനിന്റെ പാരമ്പര്യത്തെ അദ്ദേഹത്തിന്റെ മകൾ ഓങ് സാൻ സൂ ചിക്ക് എൻഎൽഡിക്കുവേണ്ടി വൻ ജനസമ്മതിയാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍, ജൂണ്ടാ ഭരണത്തിനെതിരെ അവര്‍ നടത്തിയ പോരാട്ടങ്ങളേയും സഹനത്തേയും കുടുംബപാരമ്പര്യപ്പേരില്‍ കണ്ടില്ലെന്ന് നടിക്കുന്നത് അക്ഷന്തവ്യമാണ്. തീര്‍ച്ചയായും സമരവീര്യത്തിന്റെ പാരമ്പര്യത്തിൽനിന്ന് തെരഞ്ഞെടുപ്പ് വിജയത്തിലേക്കും പിന്നീട് പ്രശസ്തിയുടെ തകർച്ചയിലേക്കും ഉള്ള സൂചിയുടെ യാത്ര, ജനതയ്ക്ക് ഒരു കുടുംബത്തോടുള്ള ആകർഷണം എങ്ങനെയാണ് അധികാരം ധാർമികമായ ഒരു കുരുക്ക് ആകുന്നത് എന്നു വ്യക്തമാക്കുന്നുണ്ട്.
ഇന്തോനേഷ്യയിൽ, രാഷ്ട്രപിതാവ് സുകർണോയുടെ പാരമ്പര്യത്തെ മകൾ മേഘാവതി, പി ഡി ഐ-പി. വഴി ശക്തമായ പാർട്ടി സംവിധാനമാക്കി മാറ്റി. മേഘാവതിയുടെ മകൾ പ്വാൻ മഹാറാണി നക്ഷത്ര കുസ്യാല ദേവിയുടെ ഉയർച്ച, പാര്‍ട്ടി സ്ഥാപകനായ പ്രപിതാമഹനോടുള്ള ആദരവ് എങ്ങനെയാണ് എന്നിവ ആധുനിക സഖ്യരാഷ്ട്രീയത്തിനായി ഉപയോഗിക്കപ്പെടുന്നത് എന്നത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതായാലും തെക്കൻ ഏഷ്യയുടെ മാത്രം പ്രത്യേകതയല്ല കുടുംബവാഴ്ച.
തെക്കുകിഴക്കൻ ഏഷ്യയിലും പ്രമുഖ കുടുംബങ്ങളുണ്ട്. ഈ രാജ്യങ്ങളിലൊക്കെ പാർട്ടി നേതൃത്വങ്ങൾ കുടുംബപാരമ്പര്യത്തെ മുന്‍നിര്‍ത്തി നേതാക്കളെ അവരോധിക്കുന്നു. അത് കുടുംബവാഴ്ചയായി മാറുകയും ചെയ്യുന്നു. ഈ രീതി അതിർത്തികൾക്കപ്പുറത്തും സമാനമാണ്: ഒരു സ്ഥാപക നാമം, കൂറും വിശ്വസ്തതയുമുള്ള അണികൾ, കുടുംബപാരമ്പര്യത്തെ അധികാരത്തിലേറാനുള്ള അര്‍ഹതയ്ക്കുള്ള അടിസ്ഥാന നിയമമായി കണക്കാക്കുന്ന ഒരു പാർട്ടി. ഇതാണ് ഒരു പൊതുചിത്രം.
എന്തുകൊണ്ടാണ് കുടുംബവാഴ്ചകൾ നിലനിൽക്കുന്നതും ഉറച്ചുപോകുന്നതും? പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. കുടുംബവാഴ്ചകള്‍ക്ക് പ്രാമുഖ്യമുള്ള രാജ്യങ്ങളില്‍ പാർട്ടികൾ രക്ഷാകര്‍ത്തൃത്വവും (patronage) സഹായങ്ങളും നൽകുന്ന ഒരു ശൃംഖലയായിട്ടാണ് പ്രവർത്തിക്കുന്നത്. ഇതാണ് ഒന്നാമത്തെ കാരണം. പുതിയതോ ശിഥിലമായതോ ആയ ജനാധിപത്യക്രമം നിലനില്‍ക്കുന്ന രാജ്യങ്ങളിൽ വളര്‍ച്ചയ്ക്ക് സാദ്ധ്യതയുള്ള സംഘടനകളുടെ കുറവാണ് രണ്ടാമത്തെ കാരണം.
മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു കാരണം വോട്ടർമാർ കുടുംബപ്പേരിനെ ഒരു വിശ്വാസ്യതയുടെ മുദ്രയായി കാണുന്നു എന്നതാണ്. ഈ മേഖലയിലെ പലയിടത്തും പാർട്ടി ഹെഡ്ക്വാര്‍ട്ടേഴ്‍സ് ഒരു വളണ്ടിയർ കേന്ദ്രം എന്നതിലുപരി ബന്ധുത്വത്തിന്റെ ഒരു കാര്യാലയമാണ്. അവിടെ വിശ്വസ്തത അളക്കുന്നത് പ്രത്യയശാസ്ത്രം നോക്കിയല്ല. മറിച്ച് കുടുംബ ചടങ്ങിൽ പ്രധാനപ്പെട്ടവരുടെ അടുത്ത് കിട്ടുന്ന ഇരിപ്പിടം അനുസരിച്ചാണ്.
രാഷ്ട്രീയത്തിലെ രസകരമായ കാഴ്ചകളെ മുന്‍നിര്‍ത്തി പ്രകടന പത്രികകള്‍ തയ്യാറാക്കുന്നവർക്കായി ഒരു നർമോപദേശംകൂടി ഈ സന്ദര്‍ഭത്തില്‍ നൽകാം. രണ്ടാം പേജിൽ ഒരു വംശ വൃക്ഷംകൂടി ഉൾപ്പെടുത്തുക — അത് പിന്തുടർച്ചാ പദ്ധതിയായും മീഡിയ കിറ്റായും ഒരുപോലെ ഉപകരിക്കപ്പെടും.
എന്തായാലും, ഇത്തരം കുടുംബാധിപത്യ പാര്‍ട്ടികളുടെ യുവജന വിഭാഗങ്ങൾ എന്നാൽ, കുടുംബത്തിലെ രാഷ്ട്രീയാനന്തര അവകാശികൾക്ക് മുദ്രാവാക്യം വിളിക്കാന്‍ പഠിക്കാനും, ബാൽക്കണിയിലേയും റോഡ്ഷോയിലേയും കൈവീശൽ എന്ന കലയിൽ പ്രാവീണ്യം നേടാനും ഉതകുന്ന കളരിയാണ്. സഖ്യം ഉണ്ടാക്കുമ്പോൾ, ‘രാജാവിനെ വാഴിക്കുന്നവൻ’ എന്ന പദവിക്ക് പലപ്പോഴും ഒരു നാട്ടിലെ ബന്ധുബലത്തിന്റെ ഊർജമുണ്ട്. ഓരോ പാർട്ടിക്കും ഒരു കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്നും സങ്കല്പിക്കാനും. വിശ്വസ്തതയ്ക്ക് പച്ച ടിക്ക്, ലക്ഷ്യബോധമുണ്ടെങ്കിൽ നീല ടിക്ക്, പുതിയൊരു വിഭാഗം തുടങ്ങാൻ പോകുന്ന കസിന്‍ ആണെങ്കിൽ ‘typing…’ എന്ന ബബിളും. ശിവസേനയുടെ കാര്യത്തിൽ, അച്ഛന്റെ പാർട്ടിയും മകന്റെ പാർട്ടിയും തമ്മിലുള്ള നിയമപരമായ തർക്കത്തിൽ അന്തിമ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് ഒരു കുടുംബ കൗൺസിലറുടെ റോൾ ഏറ്റെടുക്കേണ്ടി വന്നതും നാം കണ്ടതാണ്.
കുടുംബവാഴ്ചകൾ തെരഞ്ഞെടുപ്പിനെ ലളിതമാക്കും — നെഹ്റു എന്നോ ഗാന്ധി എന്നോ ഒരു പേര് കണ്ടാല്‍ ആ പേര് എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് വോട്ടർമാർക്ക് അറിയാം. എന്നാൽ, പാര്‍ട്ടിയിലും അധികാരത്തിലും പ്രതിഭകൾക്ക് അത് അവസരം കുറയ്ക്കുന്നുണ്ട്. എങ്കിലും, ഒരു പ്രശസ്തമായ കുടുംബപ്പേര് ഒരു സഖ്യം ക്ഷണത്തില്‍ തട്ടിക്കൂട്ടാനും, അണികളെ സംതൃപ്തരാക്കാനുമുള്ള എളുപ്പവഴിയാണ്. തെക്കൻ ഏഷ്യൻ ജനാധിപത്യം ശബ്ദമുഖരിതവും അപ്രതീക്ഷിത മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതുമായ ഒന്നാണ്. കുടുംബവാഴ്ചകളാകട്ടെ, അതിന്റെ സ്ഥിരമായ പശ്ചാത്തല സംഗീതമാണ്. പാർട്ടികൾ കുടുംബവൃക്ഷങ്ങളേക്കാൾ ശക്തമായ സ്ഥാപനങ്ങളെ-ഘടകങ്ങളെ കെട്ടിപ്പടുക്കുന്നതുവരെ, പ്രചാരണ പോസ്റ്ററുകൾ കുടുംബചിത്രങ്ങളായി പ്രവര്‍ത്തിക്കും. അവ ഒരേസമയം ഒരു രാഷ്ട്രീയ പരിപാടിയും ഫോട്ടോ സ്റ്റുഡിയോയും ആണ്. ഇതുവരെ നടന്നതിങ്ങനെയാണ്.
എന്നാല്‍, ഇന്ത്യയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. കുടുംബവാഴ്ചയെക്കാള്‍ (ഹിന്ദു) വംശീയവാഴ്ച തെരഞ്ഞെടുപ്പിനെ ലളിതമാക്കിക്കൊണ്ടിരിക്കുന്നു. വോട്ടര്‍മാര്‍ ഗവണ്‍മെന്റുകളെ തെരഞ്ഞെടുക്കുന്നതിനുപകരം വോട്ടര്‍മാരെ ഗവണ്‍മെന്റുകള്‍ തെരഞ്ഞെടുക്കുന്നത് അതിലളിതവല്‍ക്കരണത്തിലേക്ക് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കുടുംബവാഴ്ചയ്ക്കും വംശീയവാഴ്ചയ്ക്കുമിടയില്‍ നാം കുരുങ്ങിപ്പോയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates