Karen Hao on the Hidden Costs of AI Expansion  Samakalika Malayalam
News+

'സിഇഒ മാരെ അല്ല, ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രധാനം', കാരൻ ഹാഓ

നിർമ്മിത ബുദ്ധി ( എഐ)യും ഡേറ്റാ സെന്ററുകളും ഒക്കെ ആഘോഷിക്കപ്പെടുന്ന കാലത്ത് അതേക്കുറിച്ച് സൃഷ്ടിപരമായ സാമൂഹിക വിമർശനം മുന്നോട്ട് വെക്കുന്ന ടെക് ജേണലിസ്റ്റും 'എംപയർ ഓഫ് ഓപ്പൺ എഐ' എന്ന ഏറെ ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവുമാണ് കാരൻ ഹാഓ. ബെംഗളുരൂവിലെത്തിയ കാരൻ ഹാഓയുമായി സമകാലിക മലയാളം ഓൺലൈൻ നടത്തിയ അഭിമുഖ സംഭാഷണം വായിക്കാം.

ചിന്നു എം അവിന്‍

എംഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും എനർജി സ്റ്റഡീസിൽ മൈനർ ബിരുദവും നേടിയ ശേഷം സിലിക്കൺവാലിയിലാണ് കാരൻ ഹാഓ കരിയർ ആരംഭിച്ചത്.

പിന്നീട്, അമേരിക്കൻ, ചൈനീസ് ടെക് കമ്പനികളെക്കുറിച്ചുള്ള വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടറും എംഐടി ടെക്നോളജി റിവ്യൂവിൽ സീനിയർ എഐ എഡിറ്ററുമായിരുന്നു. ഹാവാർഡ് ടെക്നോളജി ആൻഡ് പബ്ലിക് പർപ്പസ് പ്രോഗ്രാം, എംഐടി നൈറ്റ് സയൻസ് ജേണലിസം പ്രോഗ്രാം, പുലിറ്റ്സർ സെന്ററിന്റെ എഐ അക്കൗണ്ടബിലിറ്റി നെറ്റ്‌വർക്ക് എന്നിവയിൽ ഫെലോ ആയിരുന്നു കാരൻ ഹാഓ.

നിർമിത ബുദ്ധി ( എഐ)യും ഡേറ്റാ സെന്ററുകളും ഒക്കെ ആഘോഷിക്കപ്പെടുന്ന കാലത്ത് അതേക്കുറിച്ച് സൃഷ്ടിപരമായ സാമൂഹിക വിമർശനം മുന്നോട്ട് വെക്കുന്ന ടെക് ജേണലിസ്റ്റാണ് അവർ. 'എംപയർ ഓഫ് ഓപ്പൺ എഐ' എന്ന ലോകത്തെ തന്നെ ഏറെ ശ്രദ്ധേയമായ പുസ്തകത്തി​ന്റെ രചയിതാവായ കാരൻ ഹാഓ, നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകുന്നു.

ഹാഓ സൂക്ഷ്മതലത്തിലാണ് ഈ വിഷയത്തെ സമീപിക്കുന്നത്. ബെഗ്ലളുരു ലിറ്ററേച്ചർ ഫെസ്റ്റിവലിനെത്തിയ കാരൻ ഹാഓയുമായി സമകാലിക മലയാളം ഓൺലൈൻ നടത്തിയ സംഭാഷണം.

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടുള്ള നൈതികതയെ കുറിച്ചും പാരിസ്ഥിതിക സുസ്ഥിരതയെ കുറിച്ചും ധാരാളം രചനകൾ ഉണ്ടായിട്ടും, ലോകമെമ്പാടുമുള്ള സർക്കാരുകൾ ഈ വിഷയങ്ങളിൽ ഏതെങ്കിലും നിയമങ്ങളോ മാർഗനിർദേശങ്ങളോ രൂപപ്പെടുത്തുന്നതിൽ വലിയ താൽപ്പര്യം കാണിച്ചിട്ടില്ല . അത് നൈതിക ഉപയോഗമായാലും - ഇവിടെ നൈതിക ഉപയോഗം എന്ന് പറയുമ്പോൾ, അത് സമ്മതം എന്നതിനെക്കുറിച്ചും തൊഴിൽ വിപണിയിലെ നിർമിത ബുദ്ധിയുടെ സ്വാധീനത്തെക്കുറിച്ചും മറ്റുമാണ്. പാരിസ്ഥിതിക സുസ്ഥിരതയാകട്ടെ. പ്രകൃതിവിഭവങ്ങൾ, ഊർജ്ജം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. സർക്കാരുകൾ ഈ കാര്യങ്ങളിൽ ഒരുതരം നിസ്സംഗത കാട്ടുന്നതായോ പ്രാധാന്യം നൽകാതിരിക്കുന്നതായോ തോന്നുന്നു. എന്തായിരിക്കും ഇതിന്റെ കാരണം? ഇന്ത്യയുടെ സാഹചര്യത്തിൽ പോലും, കൂടുതൽ കൂടുതൽ ഡേറ്റാ സെന്ററുകൾ ഇവിടെ സ്ഥാപിക്കണമെന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിക്കുന്നത്. ഇതിന് പിന്നിലെ കാരണം എന്താകാം? സർക്കാരുകൾ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്തുകൊണ്ടായിരിക്കും

കാരൻ ഹാഓ: എനിക്ക് തോന്നുന്നത്, പല സർക്കാരുകളും സിലിക്കൺ വാലി പ്രചരിപ്പിക്കുന്ന ആഖ്യാനത്തിൽ കുടുങ്ങിപ്പോകുന്നു എന്നാണ്. അതായത്, ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഒരു “മത്സരം” നടക്കുകയാണെന്ന് — ഇത് കമ്പനികൾ തമ്മിലുള്ള മത്സരം മാത്രമല്ല, രാജ്യങ്ങൾ തമ്മിലുള്ള മത്സരവുമാണെന്ന്. കൂടാതെ, ധാരാളം ഡേറ്റാ സെന്ററുകൾ നിർമ്മിച്ച്, സ്വന്തമായി ലാർജ് ലാംഗ്വേജ് മോഡൽ (Large Language Models) നിർമ്മിച്ച്, രാജ്യങ്ങൾ സ്വന്തം നിർമിതബുദ്ധി സംവിധാനങ്ങൾ വികസിപ്പിച്ചില്ലെങ്കിൽ, അവർക്ക് സാമ്പത്തികമായി പിന്നോട്ട് പോകേണ്ടിവരും എന്നൊരു തോന്നൽ ഉണ്ടാക്കപ്പെടുന്നു. ഇത് പല വികസ്വര രാജ്യങ്ങളെയും കുടുക്കിലാക്കിയ ആഖ്യാനമാണ്. കാരണം, നിർമിതബുദ്ധി ഏതെങ്കിലും വിധത്തിൽ വലിയ സാമ്പത്തിക വികസനത്തിലേക്ക് നയിക്കുമെന്ന വാഗ്ദാനം അവർക്ക് തള്ളിക്കളയാൻ കഴിയാത്തത്രയും ആകർഷകമാണ്. നൈതികതയുടെയും പരിസ്ഥിതിയുടെയും കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി കൂടുതൽ ചിന്തിക്കുന്ന ഒരേയൊരു സർക്കാർ സംവിധാനം യൂറോപ്യൻ യൂണിയൻ (EU) ആണെന്ന് ഞാൻ പറയും.

എന്നാൽ ഈ വിഷയങ്ങളിൽ യുഎസിനും ചൈനയ്ക്കും പിന്നിലാകുമോ എന്നതിൽ ഇപ്പോൾ യൂറോപ്യൻ യൂണിയൻ പോലും ശരിക്കും ആശങ്കാകുലരാണ്. എന്നാൽ, ഇതിലെ പ്രശ്നം, സിലിക്കൺ വാലി അവർക്കു നൽകുന്ന ‘പ്രതിവിധി’ ‘അവരുടെ സാങ്കേതികവിദ്യ വാങ്ങൂ’ എന്നതാണെന്ന് പല രാജ്യങ്ങളും മനസ്സിലാക്കുന്നില്ല എന്നതാണ്. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റ് വന്ന്, "ഞങ്ങളെ ഡേറ്റാ സെന്ററുകൾ നിർമ്മിക്കാൻ അനുവദിക്കൂ," എന്ന് പറയുന്നു. അല്ലെങ്കിൽ ഗൂഗിൾ വന്ന്, "ഞങ്ങളെ ഡേറ്റാ സെന്ററുകൾ നിർമ്മിക്കാൻ അനുവദിക്കൂ," എന്ന് പറയുന്നു.

അത് യഥാർത്ഥത്തിലുള്ള പരമാധികാരമല്ല. കാരണം, മുഴുവൻ സാങ്കേതിക വിദ്യയ്ക്കും നിങ്ങൾ അമേരിക്കൻ കമ്പനികളെ പൂർണ്ണമായും ആശ്രയിക്കുകയാണ്. യുഎസിൽ നിന്നു കയറ്റുമതി ചെയ്യുന്ന, പ്രത്യേക കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട നിർമിതബുദ്ധിയുടെ ഒരു പതിപ്പാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. അതുകൊണ്ട്, ഇത് പ്രാദേശിക സാഹചര്യങ്ങളിൽ ജനങ്ങളെ സേവിക്കാനോ, അവർ ദൈനംദിനം നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാനോ വേണ്ടി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത എഐ (AI) കാഴ്ചപ്പാടല്ല. തൽഫലമായി, സ്വന്തം രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള നിർണ്ണായകമായ നിയന്ത്രണവും സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയും രാജ്യങ്ങൾക്കു സ്വാഭാവികമായി നഷ്ടപ്പെടുന്നു. കാരണം, ആ ഭാവി അവർ ബന്ധിപ്പിക്കുന്നത്, തികച്ചും വ്യത്യസ്തമായ ഒരു ജനവിഭാഗത്തിനായി, ആ ജനവിഭാഗത്തെ സേവിക്കുന്നതിനായി വികസിപ്പിച്ച സാങ്കേതികതകളുടെയും ഉൽപ്പന്നങ്ങളുടെയും കൈകളിലേക്കാണ് — പ്രാദേശികമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനല്ല.

KarenHao

വിവരസാങ്കേതികവിദ്യാമേഖലയിലോ സാങ്കേതികവിദ്യാ രംഗത്തോ കാര്യമായ സ്വാധീനമില്ലാത്ത മധ്യപൂർവേഷ്യൻ രാജ്യങ്ങൾ പോലും ഇപ്പോൾ ഡേറ്റാ സെന്ററുകൾ നിർമ്മിക്കുകയാണല്ലോ

കാരൻ ഹാഓ: അതെ, രസകരമെന്നു പറയട്ടെ, ഇവിടെ ഫെസ്റ്റിവലിൽ (ബെംഗളുരൂ ലിറ്റ് ഫെസ്റ്റ്) വെച്ച് ഈ ഇടപാടുകളിൽ ചിലത് കൈകാര്യം ചെയ്ത ഒരാളുമായി ഞാൻ സംസാരിച്ചു. മദ്ധ്യപൂർവദേശ രാജ്യങ്ങൾക്ക് നിർമിതബുദ്ധി എന്താണെന്ന് പൂർണ്ണമായി മനസ്സിലാകുന്നില്ല. പക്ഷേ, അവർ അതിനെ പുതിയ അധികാരപരിധിയായാണ് കാണുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങളുടെ കയ്യിൽ ധാരാളം പണമുണ്ടെന്നും ധാരാളം ഊർജ്ജമുണ്ടെന്നും അവർ മനസ്സിലാക്കുന്നു. ഇത് സിലിക്കൺ വാലി കമ്പനികൾക്ക് ആവശ്യമുള്ള പ്രധാന ചേരുവയാണ്. അതിനാൽ, ഈ ഭൗമരാഷ്ട്രീയ മത്സരത്തിലെ പുതിയ മേഖലകളിലേക്ക്, സ്ഫോറ്റ് ജിയോ പൊളിറ്റിക്കൽ (soft geopolitical power) വാങ്ങാനായി അവർ ഇത് ഉപയോഗിക്കുന്നു.

എന്നാൽ, ഒരു കാര്യം എനിക്കു യോജിക്കാനാകുന്നില്ല: ഈ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി ഈ രാജ്യങ്ങളെല്ലാം എങ്ങനെയോ ഒരു 'സീറോ-സം ഗെയിമി'ൽ മത്സരിക്കുന്നു എന്നതാണത്. കാരണം ചരിത്രപരമായി, കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ജനങ്ങൾക്ക് നിർമിതബുദ്ധിയെക്കുറിച്ചു മനസിലാക്കുന്നതിന് വളരെ വ്യത്യസ്തമായ ആഖ്യാന ചട്ടക്കൂട് ഉണ്ടായിരുന്നു. അത് രാജ്യാതിർത്തികൾക്കപ്പുറമുള്ള ശാസ്ത്രീയ ഗവേഷണങ്ങളും, അതിർത്തികൾ കടന്നുള്ള ആശയവിനിമയം എല്ലാവർക്കും ഗുണം ചെയ്യും എന്ന ധാരണയെ ആധാരമാക്കിയതായിരുന്നു. കാരണം, ലോകമെമ്പാടുമുള്ള മികച്ച ബുദ്ധികേന്ദ്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ്, ജനങ്ങളുടെ ആരോഗ്യം, ഉപജീവനം, കാർഷിക ഉൽപ്പാദനക്ഷമത, വിദ്യാഭ്യാസഫലങ്ങൾ തുടങ്ങിയവയെ യഥാർത്ഥത്തിൽ മെച്ചപ്പെടുത്തുന്ന നിർമിതബുദ്ധി സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ കഴിയുന്നത്. എന്നാൽ ആ ആഖ്യാനം കമ്പനികൾക്ക് ഉപകാരപ്പെടില്ല.

ഏതൊരു രാജ്യത്തിന്റെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങളെ അവർ തടയുന്നത്, ഈ രാജ്യങ്ങളെ പരസ്പരം മത്സരിപ്പിച്ചുകൊണ്ടാണ്. അവർ പറയുന്നത്, "നിങ്ങൾ നിയന്ത്രിക്കുകയും മറ്റൊരു രാജ്യം നിയന്ത്രിക്കാതിരിക്കുകയും ചെയ്താൽ, നിങ്ങൾ പിന്നോട്ട് പോകും" എന്നാണ്.

അതുകൊണ്ടാണ് സഹകരണത്തിൽനിന്ന് മത്സരത്തിലേക്കുള്ള ആഖ്യാനത്തിന്റെ ആഗോള മാറ്റം നാം കണ്ടത്. അതിനുള്ള ഏറ്റവും നല്ല മറുമരുന്ന്, ടെക് വ്യവസായത്തിൽ നിന്നുള്ള ഈ ആഖ്യാനങ്ങൾ എത്രത്തോളം വ്യാജവും പൊള്ളയായതും എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്ന പ്രതിവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുക എന്നതാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഡേറ്റയുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനായി താങ്കൾ എന്നും വാദിച്ചിരുന്നല്ലോ. അങ്ങനെയെങ്കിൽ, GDPR എന്നൊരു മാതൃക നിലവിലുണ്ട്. അതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്? ഇന്ത്യൻ സർക്കാരും ഒരുതരം ഡേറ്റാ സ്വകാര്യതാ നിയമം കൊണ്ടുവരുന്നുണ്ട്. ഈ വലിയ AI കമ്പനികളെ നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗം എന്താണെന്നാണു താങ്കൾ കരുതുന്നത്?

കാരൻ ഹാഓ: അതെ, നിർമിതബുദ്ധി കൈകാര്യം ചെയ്യൽ എന്താണെന്നതിന്റെ നിർവചനം വിശാലമാക്കുന്നതിലൂടെയാണ് ഇത് ആരംഭിക്കേണ്ടതെന്ന് ഞാൻ കരുതുന്നു. അതായത്, ഒരു കമ്പനി ഇഷ്ടപ്പെട്ട രീതിയിൽ നിർമിതബുദ്ധി മാതൃക ഉണ്ടാക്കിയശേഷം അതിനെ മാത്രം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ആദ്യം ഏതുതരം നിർമിതബുദ്ധി മാതൃകകളാണ് വികസിപ്പിക്കാൻ കഴിയുക എന്നതിനെ നിയന്ത്രിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.

തീർച്ചയായും, ഡേറ്റ സ്വകാര്യത എന്നത് ഏത് നിർമിതബുദ്ധി സംവിധാനങ്ങളാണു നിർമ്മിക്കുന്നത് എന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗമാണ്. ഈ ലാർജ് ലാംഗ്വേജ് മോഡലുകൾ നിലവിൽ വരാനും യുഎസിൽ നിന്ന് പുറത്തുവരാനും കാരണം യുഎസിൽ ഫെഡറൽ ഡേറ്റാ സ്വകാര്യതാ നിയമം ഇല്ലാത്തതാണ്. അതിനാൽ അവർക്ക് ഈ ഡേറ്റയെല്ലാം വിവേചനരഹിതമായി തോണ്ടിയെടുത്തു (scrape) ഈ മാതൃകകളെ പരിശീലിപ്പിക്കാൻ കഴിഞ്ഞു. യൂറോപ്യൻ യൂണിയനിലുള്ളതുപോലെ ശക്തമായ ഡേറ്റാ സ്വകാര്യതാ നിയമങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ലാർജ് ലാംഗ്വേജ് മോഡലുകൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.

കൂടാതെ, ഡേറ്റാ സെന്ററുകൾ എവിടെയാണ് നിർമ്മിക്കുന്നത്, എത്ര എണ്ണം നിർമ്മിക്കപ്പെടുന്നു, ഏതൊക്കെ തരം ഡേറ്റാ സെന്ററുകൾ നിർമ്മിക്കപ്പെടുന്നു (കാരണം കൂടുതൽ കാര്യക്ഷമമായവയും അല്ലാത്തവയും ഉണ്ട്) എന്നതിനെല്ലാം നിയന്ത്രണമേർപ്പെടുത്തുന്ന ശക്തമായ പാരിസ്ഥിതിക നിയന്ത്രണങ്ങളും ആവശ്യമാണ്. ഈ ഡേറ്റാ സെന്ററുകൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നും, ഈ കമ്പനികൾ അവരുടെ മാതൃകകൾക്ക് പരിശീലനം നൽകാൻ ഏത് ഡേറ്റയാണ് ഉപയോഗിക്കുന്നതെന്നും മനസ്സിലാക്കാൻ ശക്തവും സുതാര്യവുമായ നിയമങ്ങളും വേണം.

കൂടാതെ, എഐ സ്റ്റാക്കിൽ (AI stack)വ്യത്യസ്ത തരം കമ്പനികളുണ്ട്. മോഡൽ ഡെവലപ്പർമാരുണ്ട്. ആ മോഡൽ ഡെവലപ്പർമാരുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഡെവലപ്പർമാരുമുണ്ട്.

വിതരണശൃംഖലയുടെ ആ ഭാഗത്തും നമുക്കു സുതാര്യതയില്ല. നിങ്ങൾ ഒരു ഡോക്ടറെ കാണാൻ പോകുന്നു; ഡോക്ടർ നിങ്ങളുടെ എല്ലാ ഡേറ്റയും ശേഖരിക്കുന്ന എഐ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു. പക്ഷേ അത് യഥാർത്ഥത്തിൽ അയക്കുന്നത് മോഡൽ വികസിപ്പിച്ച കമ്പനിയുടെ സെർവറുകളിലേക്കായിരിക്കും.

നിലവിൽ, നിങ്ങളുടെ ഡേറ്റ ആർക്കാണ് അയയ്ക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ, അധ്യാപകർ നിങ്ങളുടെ കുട്ടികളിൽ എഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ തുടങ്ങുന്നു. അവരുടെ ഡേറ്റ എവിടേക്കാണ് അയയ്ക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. അതിനാൽ മുഴുവൻ വിതരണശൃംഖലയിലും ആ രീതിയിൽ നമുക്കു കൂടുതൽ സുതാര്യത ആവശ്യമാണ്.

കരുത്തുറ്റ തൊഴിൽ നിയമങ്ങൾ നമുക്ക് ആവശ്യമാണ്. പൊതുതാൽപ്പര്യത്തിനായി എഐ ഗവേഷണം നടത്താൻ ശാസ്ത്രജ്ഞർക്ക് മികച്ച ധനസഹായ അവസരങ്ങളും നമുക്ക് ആവശ്യമാണ്. ഇത് സർക്കാരിന് ഇടപെടാൻ കഴിയുന്ന മറ്റൊരു മാർഗമാണ്. കൂടുതൽ സ്വതന്ത്രമായ അറിവ് സൃഷ്ടിക്കാനും ശരിയായ എഐ പരിപാലനം സുഗമമാക്കാൻ സഹായിക്കുന്ന എഐ വികസനത്തിനുള്ള ബദൽ പാതകൾ സൃഷ്ടിക്കാനും ഇതു സഹായിക്കും.

ഈ കമ്പനികളുടെ കുത്തക തകർക്കാൻ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യത്യസ്ത ഉപാധികളെക്കുറിച്ച് നാം വളരെ വിശാലമായി ചിന്തിക്കേണ്ടതുണ്ട്.

Karen Hao

നാം സംസാരിക്കുന്നത് കുത്തകയെക്കുറിച്ചാണ്. ജനാധിപത്യ സർക്കാരുകൾ പോലും, അവരുടെ പൗരന്മാരെ ഒളിഞ്ഞുനോക്കാനും നിരീക്ഷിക്കാനും അതേ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രാഷ്ട്രം പൗരരിലുള്ള നിയന്ത്രണം കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു കാലഘട്ടത്തിൽ, ഭാവിയെ എങ്ങനെയാണു കാണുന്നത്?

കാരൻ ഹാഓ: അതെ, ഒരു അമേരിക്കക്കാരി എന്ന നിലയിൽ, ഇക്കാലത്ത് നമുക്ക് നമ്മുടെ സർക്കാരുകളെ ആശ്രയിക്കാൻ കഴിയില്ല എന്ന വസ്തുത എനിക്ക് നന്നായി അറിയാം. അതുകൊണ്ട്, മുകളിൽ നിന്ന് താഴേക്കുള്ള ഭരണനിർവഹണത്തിന് (top-down governance) ലോകത്ത് അവസരങ്ങളുണ്ട്. എന്നാൽ പൊതുവിൽ ജനാധിപത്യത്തിന് തകർച്ച (democratic backsliding) സംഭവിക്കുന്ന ഈ സാഹചര്യത്തിൽ, യഥാർത്ഥ മാറ്റം വരുന്നത് താഴെത്തട്ടിൽ നിന്നാണ് (bottom-up) എന്നാണ് ഞാൻ കാണുന്നത്.

പൊതു കൂട്ടായ്മകൾ കെട്ടിപ്പടുക്കുന്നതിലൂടെയും താഴേത്തട്ടിലുള്ള പ്രസ്ഥാനങ്ങളിലൂടെയും പൊതുജനങ്ങളിൽ നിന്നുമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെയുമാണു മാറ്റങ്ങൾ വരുന്നത്. ഇത് സംഭവിക്കുന്നത് നാം യഥാർത്ഥത്തിൽ കാണുന്നു. ഉദാഹരണത്തിന്, നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും അഭാവത്തിൽ ഈ കമ്പനികളെ ചോദ്യം ചെയ്യാനുള്ള ഒരു രൂപമായി നിയമനടപടികൾ ഉപയോഗിക്കുന്ന കലാകാരും എഴുത്തുകാരും ഉണ്ട്.

ഈ കമ്പനികൾ തങ്ങളുടെ ബൗദ്ധിക സ്വത്തുക്കൾ ഉപയോഗിച്ചതിനെതിരെയാണ് കലാകാരും എഴുത്തുകാരും അവയെ ചോദ്യം ചെയ്യുന്നത്. ഈ കമ്പനികൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രത്യാഘാതങ്ങളുടെ ഫലമായി കേസു നൽകുന്ന മാതാപിതാക്കളുമുണ്ട്. അവരിൽ ചില കുട്ടികൾ ഈ മോഡലുകളുമായി ഇടപഴകിയ ശേഷം ആത്മഹത്യ ചെയ്തിട്ടുള്ളവരാണ്. ഡേറ്റാ സെന്ററുകൾക്കെതിരെ ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽനിന്നു വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾ ഉയർന്നിട്ടുണ്ട്.

അമേരിക്കയിൽ, ഡേറ്റാ സെന്ററുകൾക്കെതിരെ ഡസൻ കണക്കിന് പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്; ഇതുമൂലം നിർമ്മാണത്തിലിരുന്ന നിരവധി പദ്ധതികൾ തടയപ്പെട്ടിട്ടുണ്ട്. ഈ ഡേറ്റാ സെന്ററുകൾ സ്ഥാപിക്കാനിരുന്ന പ്രദേശങ്ങളിലെ സമൂഹങ്ങൾക്ക്, തീരുമാനങ്ങൾ എടുക്കുമ്പോൾ പുലർത്തിയ സുതാര്യതയില്ലായ്മ അംഗീകരിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതിനാശം അംഗീകരിക്കാൻ കഴിഞ്ഞില്ല. അവരുടെ യൂട്ടിലിറ്റി ബില്ലുകൾ ഉയരുന്നതും അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ പല കാരണങ്ങളാലും അവർ എതിർപ്പുയർത്തി.

ജനാധിപത്യ വിരുദ്ധമായ രീതിയിൽ സമൂഹങ്ങളിലേക്ക് അതിക്രമിച്ചു കയറുന്ന പരശതകോടി ഡോളറുകളുടെ ഡേറ്റാ സെന്റർ പ്രോജക്ടുകൾ തടയുന്നതിൽ ഇത് വളരെ ഫലപ്രദമാവുന്നുണ്ട്.. ലാറ്റിൻ അമേരിക്കയിലും യൂറോപ്പിലും നാം ഇത് കാണുന്നു. ഏറ്റവും പുതിയ ഗൂഗിൾ നിക്ഷേപമായ, 15 ശതകോടി ഡോളർ നിക്ഷേപത്തിനെതിരെ ഇന്ത്യയിലും ഇതിനകം എതിർപ്പുകൾ ഉയരുകയാണ്.

പൗരസമൂഹ സംഘടനകൾ ഈ പദ്ധതികൾക്കുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. കൂടാതെ ഈ പദ്ധതികളെക്കുറിച്ചും, ഇവയിൽനിന്നു സംഭവിക്കാവുന്ന എല്ലാ പാരിസ്ഥിതിക തകർച്ചകളെക്കുറിച്ചും പൊതുജനാരോഗ്യപരമായ തകർച്ചകളെക്കുറിച്ചും റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുമുണ്ട്. ഇതെല്ലാം ഒരുപക്ഷേ ജനങ്ങളുടെയും സമൂഹങ്ങളുടെയും പ്രതിരോധപ്രവണത, ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തനക്ഷമമാകുന്നുവെന്ന് കാണിക്കുന്നു.

അടിസ്ഥാനപരമായി നാം ആ പ്രസ്ഥാനങ്ങളെ, ആ ശബ്ദങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് പത്രപ്രവർത്തകർ. നമ്മുടെ ജോലി ഈ സമൂഹങ്ങളെയും അവരുടെ അനുഭവങ്ങളെയും മുന്നിൽ കൊണ്ടുവരിക എന്നതാണ്; കമ്പനികളുടെ CEO-മാരെ അല്ല. ഈ സാങ്കേതികവിദ്യ യഥാർത്ഥ ജീവിതത്തിൽ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് സത്യസന്ധമായി രേഖപ്പെടുത്തുകയാണ് പ്രധാനം.

പ്രത്യേകിച്ച് തൊഴിലാളിവർഗ്ഗത്തെയും ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവരെയും ലോകത്തിലെ ഭൂരിഭാഗം ജനങ്ങളേയും. കാരണം സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള തെറ്റായ വഴികളെക്കുറിച്ച് കൂടുതൽ കൂടുതൽ പൊതുജന അവബോധം സൃഷ്ടിക്കാൻ അതാണ് സഹായിക്കുക. അങ്ങനെ വരുന്ന പൊതുസമ്മർദത്തിലൂടെയാണ് വ്യവസായത്തെ ശരിയായ, ഉത്തരവാദിത്വപൂർണമായ എഐ വികസനത്തിലേക്ക് നയിക്കാൻ കഴിയുക.

ഈ ഡേറ്റാ സെന്ററുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കില്ലേ

കാരൻ ഹാഓ: ഇല്ല, അതാണ് കൗതുകകരമായ കാര്യം. ഈ കേന്ദ്രം നിർമ്മിച്ചതിന്റെ ആദ്യ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവർ ധാരാളം നിർമ്മാണ ജോലികൾ സൃഷ്ടിക്കുന്നു. എന്നാൽ, നിങ്ങൾ ഇതിന്റെ വസ്തുതാപരിശോധന നടത്തണം, ഒരു ഡേറ്റാ സെന്റർ ശരാശരി ഏഴുപേർക്കു മാത്രമേ ജോലി നൽകുന്നുള്ളൂവെന്നാണ് എന്റെ വിശ്വാസം; വലിയ കേന്ദ്രങ്ങളിൽ പോലും ചെയ്യാൻ കാര്യമായൊന്നും ഇല്ലെന്നതാണ്. അവർ എന്താണ് ചെയ്യുന്നത്? അവർ അത് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. അവിടെ എല്ലാം ഓട്ടോമേറ്റഡ് ആണ്.

യു എസ്, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ഡേറ്റാ സെന്ററുകൾ ഹോസ്റ്റ് ചെയ്തതും നിലവിൽ ഹോസ്റ്റ് ചെയ്യുന്നതുമായ പല സമൂഹങ്ങളും കാലക്രമേണ കണ്ടെത്തിയ കാര്യമാണിത്.

ആദ്യഘട്ടത്തിൽ, പ്രാദേശിക സർക്കാരുകൾ ഇത് വലിയ സാമ്പത്തിക വളർച്ചയുടെ അവസരമെന്നായിരുന്നു കരുതിയത്.

karen Hao

ഇവിടെയും ഇത് വിൽക്കപ്പെടുക,വലിയ സാമ്പത്തിക കുതിച്ചുചാട്ടം എന്ന നിലയിലായിരിക്കുമോ

കാരൻ ഹാഓ: അതെ. പിന്നീട് സംഭവിക്കുന്നത്, ആ സമൂഹത്തിന് അത് ഒരു സാമ്പത്തിക കുതിച്ചുചാട്ടമല്ല സൃഷ്ടിക്കുക എന്ന തിരിച്ചറിവാണ്. ആ സമൂഹത്തിൽ, കുറച്ച് തൊഴിലവസരങ്ങൾ മാത്രമേ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുള്ളൂ.

പ്രാദേശിക സമൂഹത്തിന്റെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്കുകൾ വർദ്ധിക്കുന്നു. അവർ പരിസ്ഥിതിമലിനീകരണം അനുഭവിക്കാൻ തുടങ്ങുന്നു. ഒന്നുകിൽ ജലമലിനീകരണം, മണ്ണിലെ മലിനീകരണം, അല്ലെങ്കിൽ വായു മലിനീകരണം.

അവരുടെ വൈദ്യുതഗ്രിഡുകൾ അസ്ഥിരമാവാൻ തുടങ്ങുന്നു. ഈ കേന്ദ്രങ്ങൾ വളരെ വലുതായതിനാൽ, അവ യഥാർത്ഥത്തിൽ ഗ്രിഡിന്റെ സ്ഥിരതയെ വെല്ലുവിളിയാകും. യുഎസ്സിൽ പോലും, ഡേറ്റാ സെന്ററുകൾ യുഎസ്സിലെ ഗ്രിഡ് സുരക്ഷയ്ക്ക് ഇപ്പോൾ വലിയ ഭീഷണിയാണെന്ന് ഒരു സർക്കാർ റെഗുലേറ്റർ സൂചിപ്പിച്ചിട്ടുണ്ട്. മെക്സിക്കോ പോലുള്ള സ്ഥലങ്ങളിൽ, ഇപ്പോൾ എല്ലായ്പ്പോഴും വൈദ്യുതി തടസ്സപ്പെടുന്നു.

കൂടാതെ ഡേറ്റാ സെന്ററുകൾ കാരണം ജലവിതരണവും തടസ്സപ്പെടാം. കാരണം ഈ കേന്ദ്രങ്ങൾ ശീതീകരിക്കാൻ ആവശ്യമായ വൈദ്യുതി ആവശ്യകതയും ജലത്തിന്റെ ആവശ്യകതയും താങ്ങാൻ അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമല്ല. ലോകത്തിലെ ഡേറ്റാ സെന്ററുകളുടെ 15% നിലവിലുള്ള വിർജീനിയയിൽ, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ റോളിങ് ബ്ലാക്ക്ഔട്ടുകൾ (പലയിടങ്ങളിലായി വൈദ്യുതിമുടക്കം) നടപ്പാക്കേണ്ടതുണ്ടോ എന്ന് അവർ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. കാരണം ഈ ഡേറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വികാസത്തിന് ആവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ അവർക്ക് കഴിയുന്നില്ലെന്നതാണ്.

ഹ്രസ്വകാലത്തേക്ക്, സൃഷ്ടിക്കപ്പെടുന്ന നിർമ്മാണ ജോലികളെയും, അതിൽ നിന്നുള്ള നികുതി വരുമാനവുമാണ് പ്രാദേശിക ഗവൺമെന്റുകൾ കാണുന്നത്. അത് മികച്ചതാണെന്ന് അവർ കരുതുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് സമൂഹങ്ങൾക്ക് തന്നെ വലിയ ഭാരമായി മാറുന്നു. കൂടാതെ ഇത് ചൂടുപിടിച്ച രാഷ്ട്രീയ വിഷയമായും മാറിയിരിക്കുന്നു.

യുഎസിൽ, രാഷ്ട്രീയക്കാർ ഡേറ്റാ സെന്ററുകൾക്ക് അനുമതിയേകിയോ അതോ നിഷേധിച്ചോ എന്നതിന്റെ അടിസ്ഥാനത്തിൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളുമുണ്ട്.

ഈ ഡേറ്റാ സെന്ററുകളുടെ ഉടമകൾ മാത്രമാണോ ഗുണഭോക്താക്കൾ

കാരൻ ഹാഓ: ചിലപ്പോൾ രാഷ്ട്രീയക്കാരും.

നിർമിതബുദ്ധി കമ്പനികളുടെ പെരുപ്പിച്ച മൂല്യനിർണ്ണയങ്ങളെ കുറിച്ചും ചാക്രിക ധനസഹായത്തെക്കുറിച്ചുമൊക്കെ ധാരാളം കേൾക്കുന്നുണ്ട്. സാമ്പത്തിക കാഴ്ചപ്പാടിൽ, ഇപ്പോൾ നാം കാണുന്നത് ഒരു കുതിച്ചുചാട്ടമാകാം. അല്ലെങ്കിൽ ഒരു കുമിളയാകാം. അത് പൊട്ടുമെന്നു ചിലർ പ്രവചിക്കുന്നു. ഇത് എങ്ങോട്ടാണ് പോകുന്നതെന്നാണ് നിങ്ങൾ കരുതുന്നത്?

കാരൻ ഹാഓ: നാം വലിയൊരു കുമിളയിലാണ്. അത് വളരെ വേഗം പൊട്ടുമെന്നാണു ഞാൻ കരുതുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിൽ ഇത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്ക എനിക്കുണ്ട്.

ഇതൊരു കുമിളയാണെന്നു ഞാൻ കരുതാൻ വിവിധ കാരണങ്ങളുണ്ട്. പക്ഷേ സാങ്കേതികപരമായ കാഴ്ചപ്പാടിൽ, ഈ കമ്പനികൾ ഒരു സാങ്കേതികവിദ്യയെ എല്ലാത്തിനും അനുയോജ്യമായ യന്ത്രമായി (everything machine) വിൽക്കുന്നതിലൂടെ ശക്തമായ വാണിജ്യ മാതൃക സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആർക്കും എന്തും ചെയ്യാൻ കഴിയുന്ന ഒന്ന്. വാസ്തവത്തിൽ ഇത് അങ്ങനെയല്ല. എഐ മോഡലുകൾക്ക് ഇത്രയധികം കഴിവുകളുണ്ട് എന്നതിനെ ആശ്രയിച്ച് അവർ വാണിജ്യമാതൃക സൃഷ്ടിക്കാൻ ശ്രമിക്കുന്നു, പക്ഷേ യാഥാർത്ഥ്യം അതല്ല. യഥാർത്ഥ കഴിവുകൾ വളരെ കുറവാണ്. കൂടുതൽ കൂടുതൽ വ്യക്തികളും കമ്പനികളും ഇത് മനസ്സിലാക്കുമ്പോൾ, അവർ ഇനി സാങ്കേതികവിദ്യ സ്വീകരിക്കുകയോ പണം നൽകുകയോ ചെയ്യില്ല.

അതിനാൽ യുഎസ്സിൽ, ജനറേറ്റീവ് എഐ സ്വീകരിക്കുന്ന കമ്പനികൾക്കിടയിൽ ഇതിനകം ഇടിവു വന്നിട്ടുണ്ട്. കാരണം അവയിൽ പലതും ഈ ഉപകരണങ്ങൾക്ക് പണം നൽകുന്നതിലൂടെ വാണിജ്യപരമായ പ്രയോജനം നേടുന്നില്ല. അതിനാൽ ഈ കമ്പനികൾക്ക് വരുമാനം ലഭിക്കുന്നില്ല. . എന്നാൽ മറ്റൊരു രീതിയിൽ നോക്കിയാൽ, അത് സാമ്പത്തിക ചിത്രം മാത്രമാണ്. ഈ കമ്പനികളെപ്പോലെ, OpenAI പോലുള്ള കമ്പനികളും അവരുടെ ഡേറ്റാ സെന്ററുകളും സൂപ്പർ കമ്പ്യൂട്ടറുകളും നിർമ്മിക്കുന്നതിനായി അടുത്ത കുറച്ച് വർഷങ്ങളിൽ 1.4 ട്രില്യൺ ഡോളർ ചെലവഴിക്കാൻ പ്രതിജ്ഞാബദ്ധമാണ്.

അവർ 20 ശതകോടി ഡോളർ വരുമാനം സൃഷ്ടിച്ചു. 20 ശതകോടി ഡോളർ വരുമാനം എന്നത് വലിയൊരു വരുമാനമാണ്. പക്ഷേ അത് 1.4 ട്രില്യൺ ഡോളർ അല്ല. അപ്പോൾ അവർ എങ്ങനെയാണ് ആ വിടവ് നികത്തുന്നത്? അവർ ഇതിനകം നിരവധി വ്യത്യസ്ത സമീപനങ്ങൾ പരീക്ഷിച്ചു കഴിഞ്ഞു.

അവർ സബ്സ്ക്രിപ്ഷൻ മോഡൽ പരീക്ഷിക്കുന്നു. ഞാൻ സൂചിപ്പിച്ചതുപോലെ അത് പ്രവർത്തിക്കുന്നില്ല, കാരണം സാങ്കേതികവിദ്യ അവർ ഉണ്ടാക്കിയതുപോലെ എല്ലാം ചെയ്യാനുള്ളതല്ല എന്ന് കമ്പനികൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അതിനാൽ അവർ പണം നൽകുന്നില്ല. വ്യക്തികളും സബ്സ്ക്രൈബ് ചെയ്യുന്നില്ല. ഉപഭോക്തൃ സബ്സ്ക്രിപ്ഷനുകളിൽ നിന്നല്ല യഥാർത്ഥ വരുമാനം ഉണ്ടാക്കുന്നത്. സൗജന്യ പതിപ്പ് ഉപയോഗിക്കുന്നതിന് പകരം പ്രോ പതിപ്പിന് പണം നൽകാൻ വെറും 5% ഉപഭോക്താക്കൾ മാത്രമേ തയ്യാറാകുന്നുള്ളൂ.

അവർ ഇപ്പോൾ പരസ്യത്തിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അല്ലെങ്കിൽ അവർ അതിനായി തയ്യാറെടുക്കുകയാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് അവർ ചാറ്റ് GPT-യിലേക്ക് അൽഗോരിതമിക് ഫീഡുകൾ ചേർത്തത്. അവർ ഈ AI- നിർമിത ടിക് ടോക് സൃഷ്ടിച്ചത്. കാരണം അവർ പരസ്യങ്ങൾ ഇടാൻ ഇടങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും വിജയകരമായ പരസ്യ വ്യവസായം ഗൂഗിളാണ്. കഴിഞ്ഞ വർഷം ഗൂഗിൾ പരസ്യങ്ങളിൽനിന്ന് 300 ശതകോടി ഡോളർ വരുമാനം പോലും സൃഷ്ടിച്ചില്ല. അതിനാൽ അത് ഇപ്പോഴും 1.4 ട്രില്യൺ ഡോളർ ആയിട്ടില്ല.

തുടർന്ന് അവർ മറ്റ് തരത്തിലുള്ള കാര്യങ്ങളിലേക്ക് മാറാൻ ശ്രമിച്ചു; ഒരു ബ്രൗസർ പുറത്തിറക്കാൻ ശ്രമിച്ചു. അവർ ഹാർഡ്‌വെയറിലേക്ക് പോകാൻ ശ്രമിക്കുകയാണ്. അവർക്ക് പണമുണ്ടാക്കാൻ കഴിഞ്ഞേക്കാവുന്ന വിവിധ ഉൽപ്പന്നങ്ങളിൽ അവർ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് കാണുന്നു.

പ്രശ്നം എന്തെന്നാൽ, ചാറ്റ് ജിപിടി ക്ക് ശേഷം അവർ നടത്തിയ പരീക്ഷണമൊന്നും വിജയിച്ചിട്ടില്ല. അവരുടെ എഐ-നിർമ്മിത ടിക് ടോക്, തുടക്കത്തിൽ വൈറലായി എന്നാൽ, ഉപഭോക്താക്കളെ നേടുന്ന കാര്യത്തിൽ പെട്ടെന്ന് തകർന്നു. അവരുടെ ബ്രൗസർ, തുടക്കത്തിൽ വൈറലായി, ഉപഭോക്താക്കളെ നേടുന്നതിൽ അതും പരാജയമായി.

അവർക്ക് ശ്രദ്ധ നേടാൻ കഴിയുന്നില്ല. അപ്പോൾ ആരും ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങളിൽ നിന്ന് അവർ എങ്ങനെ പണമുണ്ടാക്കും? അതിനാൽ ആ ഒരു കാഴ്ചപ്പാടിൽ മാത്രം നോക്കിയാൽ, സാമ്പത്തിക ചിത്രം വളരെ മങ്ങിയതാണ്. ആ സാമ്പത്തിക വിടവ് നികത്താൻ അവർക്ക് ഇപ്പോൾ ഒരു തന്ത്രവുമില്ല.

അടിസ്ഥാനപരമായി, നിക്ഷേപകർ പണം പിൻവലിച്ചു തുടങ്ങുന്നതിന് മുമ്പ്, എത്രത്തോളം കാലം അവർക്ക് വരുമാനത്തിനായി കാത്തിരിക്കാൻ കഴിയുമെന്ന് ഉറപ്പിക്കാനുള്ള കളിയാണ് അവർ ഇപ്പോൾ നോക്കുന്നത്

Karen Hao

അത് ടെക് കമ്പനികളുടെ സിഇഒമാർ തിരിച്ചറിയുന്നില്ലെന്നുണ്ടോ

കാരൻ ഹാഓ: അല്ല, ടെക് സിഇഒമാർ തീർച്ചയായും അത് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അവരെല്ലാം സർക്കാർ സഹായത്തെക്കുറിച്ച് സംസാരിക്കുന്നത്.

താങ്കൾ അധികാരപരിധിയിലെ ആഘാതത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. EU-വിൽ, ഒരു ഡേറ്റാ സംരക്ഷണ നിയമമുണ്ട്. എന്നാൽ നിങ്ങൾ ഇന്ത്യയിലേക്കോ മറ്റെവിടെയെങ്കിലുമോ വന്ന് ഇത് ചെയ്യുന്നു. അപ്പോൾ ഇത് തടയാൻ, ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര നിരീക്ഷണസ്ഥാപനങ്ങൾ ആവശ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത്തരത്തിലുള്ള ഒന്ന് സ്ഥാപിക്കാൻ കഴിയുമോ

കാരൻ ഹാഓ: ശരിയാണ്. ഇത്തരത്തിലുള്ള ആഗോള നിയന്ത്രണം നടത്താൻ നമ്മൾ ചരിത്രപരമായി നിരവധി വ്യത്യസ്ത അന്തർസർക്കാർ (ഇന്റർ ഗവൺമെന്റൽ)തല ഏജൻസികൾ സ്ഥാപിച്ചിട്ടുണ്ട്. ആണവായുധങ്ങളുടെ കാര്യത്തിലും ഫാഷൻ വ്യവസായത്തിന്റെ കാര്യത്തിൽപോലും. ഫാഷൻ വ്യവസായത്തിനും ഭയാനകമായ തൊഴിൽ ദുരുപയോഗങ്ങളുടെയും പരിസ്ഥിതി ദുരുപയോഗങ്ങളുടെയും ചരിത്രമുണ്ട്.

എങ്കിലും, ലോകമെമ്പാടുമുള്ള കമ്പനികളെ അവരുടെ വിതരണശൃംഖലകൾക്കുള്ളിൽ തൊഴിൽ അവകാശങ്ങളുടെ അടിസ്ഥാനതലത്തിൽ നിയമപരമായി കൂട്ടിയിണക്കുന്ന കരാറുകളിൽ ഒപ്പിടാൻ വിജയകരമായി സഹായിച്ച ഒരു അന്താരാഷ്ട്ര ശ്രമമായിരുന്നു ബംഗ്ലാദേശ് ഉടമ്പടികൾ. ആ ശ്രമം സാധ്യമായത്, വലിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ്. ഒന്നാമതായി, ഫാഷൻ വ്യവസായം തൊഴിലിന്മേൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന എല്ലാ വിനാശകരമായ ഫലങ്ങളെക്കുറിച്ചും വ്യാപകമായ മാധ്യമറിപ്പോർട്ടിങ് നടന്നു.

ആഗോളതലത്തിൽ വലിയ തോതിലുള്ള പൊതുജനപ്രതിഷേധമുണ്ടായി. പിന്നീട് ആഗോള യൂണിയനുകൾ ആ പൊതുജനപ്രതിഷേധത്തെ ഉപയോഗിച്ച് ആഗോള ഫാഷൻ ബ്രാൻഡുകളിൽ ശക്തമായ സമ്മർദം ചെലുത്തി. ആദ്യ ഘട്ടത്തിൽ, കമ്പനികൾ സ്വമേധയാ ചില തൊഴിൽ മാനദണ്ഡങ്ങൾ അംഗീകരിക്കേണ്ടി വന്നു. ഇത് അടിസ്ഥാനപരമായി 'മുകളിലേക്കുള്ള മത്സരം' (race to the top) സൃഷ്ടിച്ചു. അവിടെ, ഈ കമ്പനികൾ പെട്ടെന്ന് മോശമായ രീതിയിൽ തൊഴിൽ അവകാശ ചരിത്രമുള്ളവരായി കാണാൻ ആഹ്രഗിച്ചില്ല.

അങ്ങനെ, സ്വമേധയാ പ്രതിജ്ഞാബദ്ധമാവുന്ന ആഗോള ഫാഷൻ കമ്പനികളുടെ വലിയൊരു പങ്ക്, പിന്നീട് ഒരു അന്താരാഷ്ട്ര ഏജൻസിക്ക് ആ സന്നദ്ധ പ്രതിജ്ഞാബദ്ധതകളെ നിയമപരമായി കൂട്ടിയിണക്കുന്ന പ്രതിജ്ഞാബദ്ധതകളാക്കി മാറ്റാൻ കഴിഞ്ഞു. അതിനാൽ എഐ വികസനത്തിന്റെ കാര്യത്തിൽ നാം അടിസ്ഥാനപരമായി സമാനമായ ഒരു വഴിയിലടെ കടന്നുപോകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. വ്യവസായത്തിൽ നടക്കുന്ന അതിരുകടന്ന ചൂഷണങ്ങൾക്കെതിരെ ആ പൊതുജന പ്രതിഷേധം നാം വളർത്തിയെടുക്കേണ്ടതുണ്ട്.

സ്വമേധയാ ഉള്ള പ്രതിജ്ഞാബദ്ധതകളിൽ ഒപ്പിടാൻ കമ്പനികളെ നിർബന്ധിക്കുന്നതിന് സമ്മർദം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം ആവശ്യമാണ്. തുടർന്ന് അന്തർസർക്കാർ (ഇന്റർഗവൺമെന്റൽ) ഏജൻസികൾക്ക് പാത തുറക്കാനാകും.

താങ്കളുടെ പ്രചാരണത്തിന് എങ്ങനെയാണ് ലോകത്ത് വിവിധയിടങ്ങളിൽ സ്വീകരിക്കപ്പെട്ടത്? ഏതെങ്കിലും സംഘടനകളോ പ്രസ്ഥാനങ്ങളോ അല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലും നെറ്റ് വർക്കോ ഉണ്ടായിരുന്നോ?

കാരൻ ഹാഓ: അതെ, സത്യം പറഞ്ഞാൽ, വളരെ അനുകൂലമായ പ്രതികരണമാണു ലഭിച്ചത്. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഓരോ രാജ്യത്തെയും ജനങ്ങൾ, ഈ വാദങ്ങളുടെ കാര്യത്തിൽ, അവരുമായി അടുത്ത ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞു. കാരണം, ലോകമെമ്പാടുമുള്ള ആളുകൾ പലവിധത്തിൽ ഈ 'അധികാര നഷ്ടം' (loss of agency) ശരിക്കും അനുഭവിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ജനാധിപത്യപരമായ പിന്നോട്ട് പോക്ക്, പലതരം സ്വാതന്ത്ര്യങ്ങളുടെ നഷ്ടപ്പെടൽ, സാങ്കേതികവിദ്യയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടൽ എന്നിങ്ങനെ.

പലർക്കും സാങ്കേതികവിദ്യയുമായി ആരോഗ്യകരമായ ബന്ധമില്ലെന്ന് തോന്നുന്നു. അവർ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് അടിമപ്പെട്ടതായി തോന്നുന്നു. തങ്ങളുടെ കുട്ടികൾ മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനെക്കുറിച്ച് അവർ ആശങ്കാകുലരാണ്. അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും മറ്റും തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് അവർക്ക് ആശങ്കയുണ്ട്. മാന്യമായ ജീവിതം നയിക്കാനുള്ള കഴിവിൽ, നല്ല സാമ്പത്തിക അവസരങ്ങളിൽ, തങ്ങളുടെ കുട്ടിക്ക് തങ്ങളേക്കാൾ മികച്ച അവസ്ഥയിൽ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള കഴിവിൽ അവർക്ക് നിയന്ത്രണമില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ധാരാളം പേർക്ക് വളരെ വലിയ നിരാശയാണുള്ളത്.

അതിനാൽ, ഞാൻ പോയ എല്ലായിടത്തും, ഇവ നാം എതിർക്കേണ്ട സാമ്രാജ്യങ്ങളാണെന്നും, എതിർക്കാൻ അവർ തയ്യാറാണെന്നും ജനങ്ങൾ സമ്മതിക്കുന്നു. പിന്നെ ഇത് 'എങ്ങനെ ചെയ്യും?' എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതെ, ഞാൻ പോകുന്ന ഓരോ സ്ഥലത്തും, എല്ലാവരും ഒരേ ശബ്ദത്തിൽ സംസാരിക്കുന്നതിൽ എനിക്ക് അതിശയം തോന്നി. അതായത്, അവർക്കെല്ലാം ഒരേ ആശങ്കകളാണുള്ളത്; നിലവിലെ സ്ഥിതിയിൽ അവർ അസംതൃപ്തരാണ്.

എഐ യുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു ചോദ്യം ചോദിക്കുകയാണെങ്കിൽ, സിലിക്കൺ വാലിയിലെ വലതുപക്ഷ സ്വാധീനത്തെക്കുറിച്ച് നാം കേൾക്കുന്നുണ്ട്. യഥാർത്ഥത്തിൽ എന്താണ് അതിന് കാരണം? പുരോഗമന സ്വഭാവത്തിനും സാങ്കേതിക മുന്നേറ്റത്തിനും പ്രാധാന്യം നൽകുന്ന ഒരിടം - അവിടെ എങ്ങനെയാണ് ഇത്രയധികം വലതുപക്ഷ സ്വാധീനമുള്ളവർ വളരുന്നത്

കാരൻ ഹാഓ: അത് യാദൃച്ഛികമല്ല. സിലിക്കൺ വാലി എല്ലായ്പ്പോഴും ഒരു ലിബർട്ടേറിയൻ ഇടമായിരുന്നു. ഒരു ഗവൺമെന്റ് ഇടപെടൽ ഉണ്ടാകരുതെന്ന ചിന്താഗതിയാണ് അവിടെ നിലനിന്നിരുന്നത്.

അവരതിനെ വിപുലീകരിക്കുകയാണോ

കാരൻ ഹാഓ: അതെ, അതിനാലാണ് ഇപ്പോൾ ഇവരെല്ലാം കൂടുതൽ ജനാധിപത്യവിരുദ്ധരാകാൻ ശ്രമിക്കുന്നത്. അതിൽ ഒട്ടും അതിശയിക്കാനില്ല, കാരണം അവർ ഒരിക്കലും സർക്കാരിലും ഭരണസംവിധാനത്തിലും വിശ്വസിച്ചിരുന്നില്ല. യുഎസിൽ അവർ കുറച്ചുകാലം ഇടതുപക്ഷത്തേക്ക് ചായ്‌വ് കാട്ടുന്നുണ്ടായിരുന്നു. കാരണം ഡെമോക്രാറ്റിക് പാർട്ടി, ഉദാഹരണത്തിന് ഒബാമയുടെ കാലത്ത്, ടെക് വ്യവസായത്തെ ശരിക്കും സ്വീകരിക്കുകയും അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ധാരാളം സ്വാതന്ത്ര്യം നൽകുകയും ചെയ്തു. കാരണം ആ സമയത്ത്, ഈ കമ്പനികൾ ലോകത്തെ മികച്ച രീതിയിൽ മാറ്റാൻ പോകുന്നുവെന്ന ആഖ്യാനമാണു നിലനിന്നിരുന്നത്.

അവർ ലോകമെമ്പാടും സാമൂഹിക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാനും എല്ലാവർക്കും ജനാധിപത്യം എത്തിക്കാനും പോകുന്നു. എന്നു കരുതി ശരിയല്ലേ? എന്നാൽ, സംഭവിച്ചത് അതല്ല. നേരെ വിപരീതമാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യ സംവിധാനത്തെ ബലഹീനമാക്കുന്നതിൽ വേഗത കൂട്ടുന്നതിൽ ഈ കമ്പനികൾക്ക് വലിയ സ്വാധീനമുണ്ടായി.

അതിനാൽ, ടെക് വ്യവസായത്തെ കെട്ടഴിച്ചുവിടുക എന്ന ഈ ആശയത്തിൽ നിന്ന് ഡെമോക്രാറ്റുകൾ അൽപ്പം പിന്നോട്ട് പോകാൻ തുടങ്ങി. ഇപ്പോൾ, വലതുപക്ഷമാണ് പറയുന്നത്, നാം ഇത് തടസ്സമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന്, കാരണം അവർ അവരുടെ അമേരിക്കൻ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തിലാണ്. അവർ ഇവയെ അമേരിക്കൻ സാമ്രാജ്യത്തിന്റെ ആസ്തികളായി കാണുന്നു. അതിനാൽ, കാറ്റ് മാറിവീശുകയാണ്.

ഈ വ്യവസായം സ്വാഭാവികമായും ഒരിക്കലും ഇടതുപക്ഷ ചായ്‌വുള്ളതായിരുന്നില്ല. അത് എപ്പോഴും ലിബർട്ടേറിയൻ ആണ്. ഏത് പാർട്ടിയാണോ അവരെ അവരുടെ ലിബർട്ടേറിയൻ അജണ്ട തുടരാൻ അനുവദിക്കുന്നത്, അതിന്റെ സഖ്യകക്ഷിയാണ് അവർ.

Empire of AI book cover

എഐ നിർവഹണത്തിൽ ജനാധിപത്യ പങ്കാളിത്തത്തിനായി താങ്കൾ എപ്പോഴും വാദിക്കുന്നു. അപ്പോൾ, കാര്യം ഇതാണ്; ഇത് സാങ്കേതിക വൈദഗ്ധ്യമല്ല; നമുക്ക് ജനാധിപത്യപരമായ പങ്കാളിത്തമാണ് ആവശ്യമെന്ന് താങ്കൾ കരുതുന്നു. അപ്പോൾ, ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മൂർത്തമോ പ്രായോഗികമോ ആയ മാർഗം എന്താണ്? അത് ശരിക്കും സാധ്യമാണോ

കാരൻ ഹാഓ: നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്ങനെ ജനാധിപത്യരീതിയിൽ നിയന്ത്രിക്കാം എന്നാണോ?

ബഹുഭൂരിപക്ഷം ജനങ്ങൾക്കും എ ഐ വൈദഗ്ധ്യം ഇല്ലാത്തപ്പോൾ

കാരൻ ഹാഓ: എഐ യെ കൈകാര്യം ചെയ്യലിനെ ചുറ്റിപ്പറ്റിയുള്ള ശരിയായ പരിഹാരങ്ങളിൽ എത്തിച്ചേരുന്നതിന് എല്ലാവർക്കും സാങ്കേതിക വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നില്ല. കാരണം എഐ കൈകാര്യം ചെയ്യലിന്റെ വലിയൊരു ഭാഗം സാങ്കേതിക വൈദഗ്ധ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ് വരുന്നത്. ഉദാഹരണത്തിന് പരിസ്ഥിതിപരിപാലനം. അതല്ലെങ്കിൽ കുട്ടികളിൽ ഉണ്ടാകുന്ന മാനസികാരോഗ്യപരമായ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കൽ പോലുള്ളവ.

ഇവ യഥാർത്ഥത്തിൽ മറ്റ് തരം വൈദഗ്ധ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാഭ്യാസപരമായ വൈദഗ്ധ്യം അല്ലെങ്കിൽ പരിസ്ഥിതി-കാലാവസ്ഥാ വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടാണ് സമൂഹത്തിന്റെ ജനാധിപത്യപരമായ ഭരണത്തിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. മാത്രമല്ല ഈ സാങ്കേതികവിദ്യ കൈകാര്യം ചെയ്യലിലും. ഈ സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വശങ്ങളുമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലേക്ക് എത്തിച്ചേരാൻ നമുക്ക് സമൂഹത്തിന്റെ എല്ലാ വശങ്ങളും ആവശ്യമാണ്. തീർച്ചയായും, സാങ്കേതിക വൈദഗ്ധ്യം നാം ആശ്രയിക്കേണ്ട നിരവധി വശങ്ങളിൽ ഒന്നാണ്. കൂടാതെ പൊതുതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്ന സാങ്കേതിക വൈദഗ്ധ്യമുള്ള കൂടുതൽ പേരെ പരിശീലിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, അതിലേക്ക് സംഭാവനയേകാൻ സഹായിക്കുന്നതിന്.

Award-winning journalist Karen Hao reveals the hidden costs of the 'AI Empire.' From massive data centre water use to the risk of an economic bubble, find out why the AI boom is at a breaking point.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; ഇടതുസര്‍ക്കാര്‍ ഭരിക്കുന്നിടത്ത് വികസനമില്ല'

രാജ്യം ഇന്ന് പണിമുടക്കുന്നു, കേരളം നിശ്ചലമാകും

11ലധികം ഭാഷകളില്‍ സേവനം ; അറിയാം 'തൊഴിൽ സുരക്ഷ' മൊബൈൽ ആപ്പിന്റെ പ്രത്യേകതകള്‍

കുരച്ചുചാടി തെരുവുനായ്ക്കള്‍; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് ചാമുണ്ഡി തെയ്യം - വിഡിയോ

ബസില്‍ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; മൊബൈലില്‍ ചിത്രികരിക്കുന്നതിനിടെ യുവാവ് ഇറങ്ങിയോടി; കേസ്

SCROLL FOR NEXT