The beef Movie controversy in IFFK and the meaning of beef in gen z language Samakalika malayalama
News+

ഈ ബീഫ് അല്ല, ആ ബീഫ്, ജെൻസി ലിം​ഗോയിലെ അർത്ഥം നിസ്സാരമല്ല

ഐ എഫ് എഫ് കെയിൽ ഇത്തവണ വിവാദമായി മാറിയ പ്രദർശന വിലക്ക് നേരിട്ട ചിത്രമാണ് ബീഫ്. ആ ചിത്രത്തെ കുറിച്ചും ബീഫ് എന്ന വാക്കി​ന്റെ അർത്ഥവും നമ്മുടെ സാസ്കാരിക മേഖലയിലെ ഇടപെടലുകളെയും കുറിച്ച് ഷിലോ കെ ദേവ് എഴുതുന്നു

ഷിലോ കെ ദേവ്‌

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ എല്ലാക്കാലത്തും വിവാദങ്ങൾ ഉണ്ടാകുമായിരുന്നു. പലപ്പോഴുമത് സിനിമ സംബന്ധിച്ച സംവാദങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാൽ ഇത്തവണ പ്രദർശനവിലക്കാണ് അതിനു കാരണമായി മാറിയത്. ആദ്യം 16 സിനിമകൾക്കാണ് കേന്ദ്രസർക്കാർ പ്രദർശനവിലക്ക് ഏർപ്പെടുത്തിയത്. അതിൽ തന്നെ ഒരു സിനിമയ്ക്ക് അതിന്റെ പേരുമൂലമാണ് ഈ നടപടി നേരിടേണ്ടി വന്നത്. ഒരു പേരിൽ എന്തിരിക്കുന്നുവെന്നല്ല, പേരിൽ പലതുമുണ്ട് എന്നാണ് ഇതു വ്യക്തമാക്കുന്നത്.

ഒരു വാക്കിന് ഒരർത്ഥം മാത്രമേയുള്ളുവെന്നും സിനിമയുടെ കഥ മനസ്സിലാക്കാതെയുള്ള നിരോധന പ്രഖ്യാപനവുമൊക്കെ ട്രോളായും അല്ലാതെയുമുള്ള പല വിമർശനങ്ങൾക്കും വഴിതെളിച്ചു. കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതിൽ ഒരു സിനിമയുടെ പേര് ബീഫ് എന്നാണ്. ഒരു സ്പാനിഷ് സിനിമയാണിത്; ഇതോടെ ഈ സിനിമയും അതിന്റെ പേരും ചർച്ചയായി. പൊതുവേ ബീഫ് തൽപ്പരരായ മലയാളികൾക്കിടയിൽ സിനിമയുടെ പേരിലുള്ള ഈ വിലക്ക് ചൂടേറിയ ചർച്ചകൾക്കും ഇടയാക്കി.

ബീഫിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു! ബീഫ് എന്ന നാമകരണമാണോ ഒരു സ്പാനിഷ് സിനിമയ്ക്ക് കേരളത്തിൽ നടക്കുന്ന അന്താരാഷ്ട ചലച്ചിത്രമേളയിൽ പ്രദർശനാനുമതി നിഷേധിക്കുവാൻ കാരണമായത്? റാപ്പ് സംഗീതവും മാനസിക സംഘർഷങ്ങളും പശ്ചാത്തലമാക്കിയ ഈ സിനിമയ്ക്ക് ബീഫുമായി എന്തു ബന്ധമാണുള്ളത്? "ബീഫ്" എന്ന വാക്കിന്റെ അർത്ഥമെന്താണ്? കേന്ദ്ര വാർത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയം BEEF എന്ന സ്പാനിഷ് സിനിമയ്ക്ക് ഐ എഫ് എഫ് കെ (IFFK) യിൽ പ്രദർശനാനുമതി നിഷേധിച്ചുവെന്ന വാർത്തയാണ് ഇങ്ങനെയൊരു ആലോചനയ്ക്ക് ഇടയാക്കിയത്.

ഈ സിനിമ ഒ ടി ടി പ്ലാറ്റ്ഫോമിൽ കാണാനാകും. ഈ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്ന പലരും ഈ ചിത്രം കണ്ടവരുമാണ്. ബീഫ് എന്ന സിനിമ കണ്ടിട്ടുള്ളവരെ ഈ നടപടി സ്തബ്ധരാക്കിയെന്നു മാത്രമല്ല അവർക്ക് ചിരിയടക്കുവാനും കഴിയുന്നില്ല. അതെന്തുകൊണ്ടാണെന്നു മനസ്സിലാകണമെങ്കിൽ ആ സിനിമയെക്കുറിച്ചും ബീഫ് എന്ന ഭാഷാപ്രയോഗത്തെക്കുറിച്ചും അറിയണം.

Ingride Santos Spanish film maker

സ്പെയിനിലെ യുവസംവിധായികയും തിരക്കഥാകൃത്തുമായ ഇൻഗ്രിദ് സാൻതോ (Ingride Santos) 2025-ൽ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച “റൂയിദോ”(Ruido) എന്ന സ്പാനിഷ് ഫീച്ചർ ഫിലിമിന്റെ ഇംഗ്ളീഷ് ടൈറ്റിലാണ് "ബീഫ്". സ്പെയിനിലെ ​ഗോയ അവാർഡിന് തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് ഇൻ​ഗ്രിദ് സാൻതോസി​ന്റെ സിനിമ ശ്രദ്ധ പിടിച്ചുപറ്റിയത്.

റൂയിദോ എന്ന സ്പാനിഷ് പദത്തിന്റെ ശരിക്കുള്ള അർത്ഥം ശബ്‌ദം എന്നാണ്; ഉച്ചത്തിലുള്ള ശബ്‌ദം, ബഹളം, എന്നിവയേയും ഈ പദം സൂചിപ്പിക്കുന്നു. സംവിധായിക ഈ ചിത്രത്തിന്റെ ഇംഗ്ളീഷ് ടൈറ്റിലായി ബീഫ്” എന്നു നൽകുവാനുള്ള കാരണം അറിയണമെങ്കിൽ ഈ സിനിമയുടെ കഥാതന്തു എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

' ബീഫി'ലെ സംഘർഷങ്ങൾ

ബാഴ്സലോണയിലെ പ്രാന്തപ്രദേശത്തു താമസിക്കുന്ന, ആഫ്രിക്കൻ മാലി വംശജയായ ലാറ്റി എന്ന യുവതിയിലൂടെയാണ് ഈ സിനിമ കഥ പറയുന്നത്. ത​ന്റെ പിതാവിന്റെ മരണശേഷം ദുഃഖവും പിരിമുറുക്കങ്ങളും മറികടക്കുവാൻ ഫ്രീസ്റ്റൈൽ റാപ്പിലേക്ക് എത്തിപ്പെടുന്ന ലാറ്റി അവിടെ തന്റെ സ്വത്വം കണ്ടെത്തുന്നു.

യാഥാസ്ഥിതിക ചിന്താഗതി പുലർത്തുന്ന ലാറ്റിയുടെ അമ്മ അത് അപകടകരവും അശ്ലീലവുമാണെന്ന് വിശ്വസിക്കുകയും അവളുടെ ഈ അഭിനിവേശത്തെ എതിർക്കുകയും ചെയ്യുന്നു. ഇത് കുടുംബത്തിൽ അസ്വാരസ്യങ്ങളും പിരിമുറുക്കവും സൃഷ്ടിക്കുന്നു.

ഇതേസമയം, ലാറ്റി മുൻ ഫ്രീസ്റ്റൈൽ റാപ്പ് മത്സരാർത്ഥിയായ ജൂദിയുമായി ചേർന്ന് രഹസ്യമായി പരിശീലനത്തിൽ ഏർപ്പെടുന്നു. ജൂദി അവളുടെ ഉപദേഷ്ടാവായി മാറുകയും റാപ്പിന്റെ ലോകത്തിലെ വെല്ലുവിളികളേയും അവളുടെ മാനസിക പോരാട്ടങ്ങളേയും നേരിടുവാൻ അവളെ സഹായിക്കുകയും ചെയ്യുന്നു.സിനിമയുടെ അവസാനത്തോടെ, ലാറ്റിയുടെ യാത്രയിൽ അവൾ സ്വന്തം ശബ്ദം തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്യുന്നു.

മാലിയിൽ ലാറ്റിയുടെ പിതാവിന് ഒരു പരമ്പരാഗത ശവസംസ്കാരം നടത്തുവാനുള്ള ആഗ്രഹം പോലെയുള്ള സാംസ്കാരികവും കുടുംബപരവുമായ അമ്മയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനും റാപ്പ് രംഗത്ത് തന്റെ സ്വപ്നം പിന്തുടരുന്നതിനുമിടയിൽ അവൾ കുടുങ്ങിക്കിടക്കുന്നു. എന്നാൽ വ്യക്തിപരവും സാംസ്കാരികവുമായ സംഘർഷങ്ങളെ നേരിടുന്നതിനിടയിൽ തന്റെ ചിരകാലാഭിലാഷമായ റാപ്പിന്റെ പാതയിൽ എത്തിച്ചേരുന്നതിലും ഹിപ്-ഹോപ്പ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിലും അവൾ വിജയിക്കുന്നു. അങ്ങനെ താൻ ആരാണെന്നും എന്താണ് താൻ ആഗ്രഹിക്കുന്നതെന്നും അവൾ കണ്ടെത്തുകയാണ്.

കുടുംബത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ തന്റെ സ്വത്വം കണ്ടെത്തുവാൻ ശ്രമിക്കുന്ന ലാറ്റിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ. ബാഴ്‌സലോണയുടെ പ്രാന്തപ്രദേശങ്ങളിലെ സാംസ്കാരിക പാരമ്പര്യങ്ങൾ, വ്യക്തിഗത സ്വപ്നങ്ങൾ, കുടുംബ പ്രതീക്ഷകൾ, കുടിയേറ്റം, വംശീയത, ലിംഗവിവേചനം, സ്വാതന്ത്ര്യം, ആത്മസംതൃപ്തി, സ്ത്രീശാക്തീകരണം, തുടങ്ങിയ വിവിധ വിഷയങ്ങളെ ഈ സിനിമ അഭിസംബോധന ചെയ്യുന്നു.

വേരോടെ പിഴുതെറിയപ്പെടുകയും ബാഹ്യവും ആന്തരികവുമായ സംഘർഷങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരുകയും ആഫ്രിക്കൻ കുടിയേറ്റക്കാരുടെ സംഘർഷങ്ങളും പോരാട്ടങ്ങളും ഒപ്പിയെടുത്തിരിക്കുന്ന വൈകാരികമായ ചിത്രമാണ് ബീഫ് .

a scene from Beef-Ruido movie

ഇൻ​ഗ്രിദേ സാൻതോസും ബീഫും

1983-ൽ ബാഴ്‌സലോണയിൽ ജനിച്ച സ്പാനിഷ് ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തുമായ ഇൻ​ഗ്രിദേ സാൻതോസ്, സിനിമാസംവിധാന പഠനത്തിനുശേഷം എസ്കാൻഡലോ ഫിലിംസിൽ ജോലി ചെയ്യുകയും പരസ്യചിത്രങ്ങൾക്ക് കാൻസ്, ന്യൂയോർക്കിലെ ക്ലിയോ അവാർഡുകൾ അടക്കം നേടുകയും ചെയ്തിട്ടുണ്ട്. അവരുടെ ഹ്രസ്വചിത്രമായ ബീഫ് (2019) മിയാമി ഫിലിം ഫെസ്റ്റിവലിൽ എച്ച് ബി ഒ ഇബേറോ-അമേരിക്കൻ ഷോർട്ട് ഫിലിം അവാർഡ് നേടുകയും 35-ാമത് ഗോയ അവാർഡുകളിൽ മികച്ച ഷോർട്ട് ഫിക്ഷൻ ഫിലിമായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.ഇതോടെയാണ് ഇത് കൂടുതൽ ശ്രദ്ധ നേടുന്നത്.

റൂയിദോ (2025) എന്ന ചിത്രത്തിലൂടെയാണ് അവർ ഫീച്ചർ ഫിലിം രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം നിരവധി അന്താരാഷ്ട്രചലച്ചിത്രമേളകളുടെ ഭാഗമായി. ഇൻ​ഗ്രിദേ സാൻതോസിനൊപ്പം (Ingride Santos) യൂയീസ് സെയ്ഗൂറെ (Lluis Segura) തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ നിർമ്മാണം സബാഡോ പെലിക്കുലാസ് (Sábado Películas), പ്ലേടൈം മൂവീസ് (Playtime Movies), ഫിലിമിൻ (Filmin), ലാ കോർട്ടെ (La Corte), എന്നീ കമ്പനികളും വിതരണം വെർചീനി (Vercine) യുമാണ്. സംഗീതം കൂക്കിൻ സോളും (Cookin’ Soul) സിനിമാറ്റോഗ്രഫിയും എഡിറ്റിങ്ങും സ്പാനിഷ്-മെക്സിക്കൻ ടീമുകളുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

ലത്തീഫാ ഡ്രാമി (Latifa Drame) ലാറ്റിയായും ജൂദി ആൽവാഡെസ് വാരഗാസ് (Judith Álvarez Vargas) ജൂദിയായും ആസാറി ബീബാങ്ങ് (Asaari Bibang) ലാറ്റിയുടെ അമ്മയായും വേഷമിടുന്നു.

a scene from beef movie

എകദേശം 85 മിനിട്ട് ദൈർഘ്യമുള്ള റൂയിദോ അഥവാ ബീഫ് എന്ന ഈ സ്പാനിഷ് സിനിമ 2025 നവംബർ 28 ന് സ്പെയിനിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഈ ചിത്രം പിന്നീട് പല ചലച്ചിത്ര മേളകളിലും പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശമടക്കം കരസ്ഥമാക്കുകയും ചെയ്തു. സ്പെയിനിലെ ഫെസ്റ്റിവാൽ ദ മാലിഗ (Festival de Málaga) യിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. സ്പെയിനിലെതന്നെ ഹീഹോൺ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (Gijón International Film Festival) നാമനിർദ്ദേശം ചെയ്യപ്പെട്ടു. അമേരിക്കയിലെ 51-ാമത് സിയാറ്റിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (Seattle International Film Festival) മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സ്പെയിനിലെതന്നെ അറ്റെലയൻഡ മയോർക്ക ഫിലിം ഫെസ്റ്റിവലിലും (Atlantida Mallorca Film Fest) യു കെയിലെ SXSW ലണ്ടൻ (SXSW London) ഫെസ്റ്റിവലിലും ഒന്നിലധികം തവണ പ്രദർശിപ്പിച്ചു. എസ്തോണിയയിലെ (Estonia) 25-ാമത് യൂത്ത് ആൻഡ് ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇൻ ഫോക്കസ് വിഭാഗത്തിലും ഇടം നേടിയിരുന്നു. ഈ ചിത്രമാണ് ഐ എഫ് എഫ് കെയിൽ ആദ്യം കേന്ദ്ര സർക്കാരിൽ നിന്നും പ്രദർശന വിലക്ക് നേരിട്ടത്.

ജെൻ സിയുടെ ബീഫ്

ഇനി പേരിലേക്ക് വരാം, കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ച ബീഫ് എന്ന് ഇം​ഗ്ലീഷിൽ പേരിടാൻ സ്പാനിഷ് സംവിധായികയെ പ്രേരിപ്പിച്ചതെന്തായിരിക്കും? പുതിയ തലമുറയായ ജെൻ സീ (Gen Z) യോടു ചോദിച്ചാൽ അതിനുള്ള ഉത്തരം ലഭിക്കും. അവരുടെ ഭാഷാപ്രയോഗങ്ങളിൽ ഈ വാക്ക് അത്രകണ്ട് സർവസാധാരണമാണ്. ഇക്കാലത്ത് എടുത്തു ചാടി തീരുമാനമെടുത്ത് വിഡ്ഢികളാകുന്നതിന് മുമ്പ് പല കാര്യങ്ങളും പുതുതലമുറയോട് ചോദിച്ചു മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും.

ലിംഗോ എന്ന ഓമനപ്പേരിൽ ജെൻസി തലമുറക്കാർക്കിടയിൽ അറിയപ്പെടുന്ന ലിംഗ്വസ്റ്റിക്സ് അഥവാ ഭാഷാശാസ്ത്രത്തിന്റെ വ്യംഗ്യാർത്ഥ പ്രയോഗങ്ങളാണ് കേന്ദ്ര സർ​ക്കാർ ഉദ്യോ​ഗസ്ഥരെ പ്രദ‍ർശന വിലക്കേർപ്പെടുത്താൻ പ്രേരിപ്പിച്ചതും IFFK യേയും BEEF എന്ന സിനിമയേയും വെട്ടിലാക്കിയതും!

ജെൻസി യുടെ ലിംഗോയിൽ "ബീഫ്" എന്നു പറയുമ്പോൾ മാംസഭക്ഷണമല്ല മറിച്ച് സുസ്ഥിരമായ ഒരു വൈകാരിക സംഘർഷത്തെയാണ് അത് അർത്ഥമാക്കുന്നത്. വ്യക്തികളോ ഗ്രൂപ്പുകളോ തമ്മിലുള്ള അഭിപ്രായവ്യത്യാസം, വൈരാഗ്യം, തുടർച്ചയായ സംഘർഷം, തുടങ്ങിയവയെ ഈ പദം കൊണ്ട് സൂചിപ്പിക്കുന്നു. ഈ വൈകാരിക സംഘർഷം തുടങ്ങുന്നത് പൊതുവേ ആത്മാഭിമാനത്തിന് ഏൽക്കുന്ന ക്ഷതത്തിൽ നിന്നോ അവമതിക്കപ്പെടുന്നുവെന്നുള്ള തിരിച്ചറിവിൽ നിന്നോ ആയിരിക്കും. പലപ്പോഴും നിസ്സാരമായിട്ടുള്ള ചെറിയ കാര്യങ്ങളിൽ നിന്നുടലെടുത്ത് സാവധാനത്തിൽ മാനസികവും വൈകാരികവുമായ വലിയ സംഘർഷത്തിലേക്ക് നീങ്ങുന്നതിനെയാണ് ഈ പദപ്രയോഗം കൊണ്ട് സൂചിപ്പിക്കുന്നത്.

പരിഹരിക്കപ്പെടാത്ത പിരിമുറുക്കം, ഈഗോയുടെ ഏറ്റുമുട്ടൽ, അല്ലെങ്കിൽ നിശബ്ദമോ ബഹളമയമോ ആയ വിയോജിപ്പ്, തർക്കം, മാത്സര്യം, പോര്, വിദ്വേഷം, വെറുപ്പ്, പക എന്നൊക്കെയാണ് ബീഫ് കഴിക്കുക (Having beef) എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത്. ഇത് വ്യക്തിപരമോ ആഴത്തിൽ വേരൂന്നിയതോ ആകാം; എന്നാൽ അതിലെപ്പോഴും വൈകാരികമായ ഒരു ഘടകമുണ്ടാകും. വളരെ ലാഘവത്തോടെ ജെൻസി ഈ വാക്ക് ഉപയോഗിക്കുമെങ്കിലും ആളിക്കത്താൻ വെമ്പുന്ന ഒരു തീക്കനൽ അതിനുള്ളിലുണ്ട്.

ബീഫ് എന്ന വാക്കിന്റെ വ്യംഗ്യാർത്ഥ പ്രയോഗത്തിന്റെ ഉത്ഭവത്തിന് വളരെക്കാലത്തെ പഴക്കമുണ്ട്. 1880-കളിൽ തന്നെ പരാതി എന്നർത്ഥമുള്ള ഒരു പദമായി ഇത് രേഖപ്പെടുത്തിയിരുന്നു, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ ഹിപ്-ഹോപ്പ് സംസ്കാരത്തിൽ ഇത് ഗണ്യമായ സ്വാധീനം ചെലുത്തി. പുതുതലമുറയുടെ പദാവലി മനസ്സിലാക്കുവാൻ ശ്രമിക്കുന്നവർ ഏറ്റവും കൂടുതൽ അന്വേഷിക്കുന്ന വ്യംഗ്യാർത്ഥ പദങ്ങളിൽ ഒന്നായി ബീഫ് മാറിയിരിക്കുന്നു.

പുതുതലമുറയിൽ ആരെങ്കിലും നിങ്ങളോട് "ബീഫ്" കഴിക്കുന്നുവെന്ന് പറഞ്ഞാൽ, അവർ മാംസാഹാരത്തെപ്പറ്റിയല്ല സംസാരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു; അതൊരുപക്ഷേ, അത്താഴം തന്നെ മുടക്കുന്ന ഒരു സംഘർഷമായേക്കാം!

ചിരിക്കപ്പുറമുള്ള യാഥാർത്ഥ്യം

സാംസ്കാരിക സ്വത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും പ്രാധാന്യം നൽകുന്ന റൂയിദോ എന്ന ചലച്ചിത്രത്തിന്റെ ബീഫ് എന്ന ഇംഗ്ളീഷ് പേരാണ് പ്രദർശനാനുമതി നിഷേധിക്കുവാനുള്ള കാരണമെങ്കിൽ ആരും അറിയാതെ ചിരിച്ചു പോകില്ലേ? പക്ഷേ ആ ചിരിക്കപ്പുറത്തേക്ക് നീളുന്ന യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണ്.

വാക്കുകളെപ്പോലും സംശയത്തോടെ വീക്ഷിക്കുന്ന രീതിയിലുള്ള അപകടത്തിലേക്കാണ് നമ്മുടെ യാത്ര എന്നത്. ഭരണാധികാരികളും ബ്യൂറോക്രാറ്റുകളും സർ​ഗാത്മകയെയും ഭാവനയെയും വാക്കുകളെ പോലും ഭയപ്പെടുന്നകാലം, കാര്യമോ കാരണമോ അറിയാതെ ഭയം കൊണ്ട് മാത്രം അടിച്ചമർത്തലുകളുമായി ഇറങ്ങുന്നവരുടെ കാലമാണിതെന്ന തിരിച്ചറിവ്. അടിമുടി ഭയം കൊണ്ട് നിർമ്മിച്ച ഭരണകൂടത്തി​ന്റെ വാൾമുനയിലാണ് നമ്മുടെ സാംസ്കാരിക രം​ഗവും എന്ന് കൂടി ഓ‍ർമ്മിപ്പിക്കുന്നതായി മാറി അർത്ഥമില്ലാതായ ഈ അർത്ഥ വിവാദം.

Reflections on the film Beef, which was banned from screening at IFFK by the Central Government, and on the meaning of that word and the of Gen Z

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

SCROLL FOR NEXT