'സിനിമ സന്ദേശങ്ങൾ കൈമാറാനുള്ള ഉപകരണമല്ല'; നീരജ് ഗൈവാൻ സംസാരിക്കുന്നു
ഗംഗ നദി ഒഴുകാൻ ഒരാളോടും അനുമതി ചോദിക്കുന്നില്ല. മസാൻ എന്ന സിനിമയും അങ്ങനെ തന്നെയായിരുന്നു. ജീവനും മരണവും എന്നും ഒരു തുലാസിലായി നിൽക്കുന്ന ബനാറസ് എന്ന നഗരത്തിന്റെ പശ്ചാത്തലത്തിലൂടെ അത് ആലസ്യമില്ലാതെ ഒഴുകി. പ്രണയവും, കുറ്റബോധവും, നഷ്ടവും ,നിശ്ചലതയും, അതിനിടയിലെ ഇടവേളകളും, പ്രകടമാക്കാൻ കഴിയാതെ പോയ പല വികാരങ്ങളും നിറഞ്ഞു നിന്ന ആ സിനിമ കണ്ടവരെയെല്ലാം ആഴത്തിൽ സ്പർശിച്ചു. 2015 ലെ ഹിന്ദി സിനിമകൾ ശബ്ദമുഖരിതമായ വാണിജ്യപരമായ ദിശയിലേക്കു തിരിഞ്ഞു നിന്നപ്പോൾ തികച്ചും വ്യത്യസ്തമായ വഴിയിലൂടെ നിശബ്ദമായി മസാൻ പ്രേക്ഷകർക്കു മുന്നിലേക്ക് ഒഴുകിയെത്തി.
ഒപ്പം നീരജ് ഗൈവാൻ എന്ന സംവിധായകനും . ചിത്രം കാൻസ് ചലച്ചിത്രമേളയിൽ ഫിപ്രസി ( FIPRESCI) പുരസ്കാരം ഉൾപ്പെടെ പ്രധാന അന്താരാഷ്ട്ര ബഹുമതികൾ നേടി. നീരജ് ഗൈവാന്റെ പുതിയ ചിത്രമായ ഹോം ബൗണ്ട് ഇന്ത്യയുടെ ഓസ്കർ എൻട്രിയാണ്. ഓസ്കർ അവാർഡിനുള്ള സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഹോംബൗണ്ട് ഇടംപിടിച്ചു. മാർട്ടിൻ സ്കോർസസെയുടെ പിന്തുണയോടെ പുറത്തുവന്ന ഹോംബൗണ്ട് ഇന്ത്യയുടെ ഓസ്കർ പ്രതീക്ഷയുമാണ്.
ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം, ഹോംബൗണ്ട്, പുതിയ വഴികളിലൂടെ ഒഴുകുന്നു. നദിയുടെ ദിശ മാറുന്നു, എന്നാൽ ഒഴുകുന്ന വെള്ളത്തിന്റെ സ്വഭാവം മാറുന്നില്ല എന്ന പോലെ. ഇവിടെ ഘാട്ടുകൾക്ക് പകരം ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിലെ പൊടിയുണ്ട്; ഇളകാൻ വിസമ്മതിക്കുന്ന സാമൂഹിക അതിരുകൾക്കുള്ളിൽ വളരുന്ന സൗഹൃദത്തിന്റെ നിസ്സഹായമായ ശക്തിയുണ്ട് . രാഷ്ട്രീയം അത് വിളിച്ചുപറയുന്നില്ല; അനുഭവങ്ങളുടെ കൂട്ടിച്ചേർക്കലിലൂടെയും വികാരങ്ങളിലൂടെയും സഹനത്തിലൂടെയും അത് പതുക്കെ ഉപരിതലത്തിലേക്ക് വരുന്നു.
വിഖ്യാതനായ സംവിധായകൻ മാർട്ടിൻ സ്കോർസസെ മാർഗനിർദേശകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി ചിത്രത്തിൽ പങ്കുചേർന്നതോടെ ഹോംബൗണ്ട് ലോകമെമ്പാടും സഞ്ചരിച്ചു. ഒടുവിൽ അത് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി.
ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഹോംബൗണ്ട്, അന്താരാഷ്ട്ര ചലച്ചിത്രമേളയായ IFFK-ലും പ്രദർശിപ്പിക്കപ്പെട്ടു. മേളയുടെ ഭാഗമായി തിരുവനന്തപുരത്തു എത്തിയ നീരജ് ഗൈവാൻ സിനിമ, പ്രതിനിധാനം, യാഥാർത്ഥ്യം, സഹാനുഭൂതിയുടെ അനിവാര്യത എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
നീരജ് ഗൈവാന്റെ സിനിമകൾ യാഥാർത്ഥ്യ ജീവിതത്തിൽ ആഴമായി വേരൂന്നിയതാണെങ്കിലും അവയ്ക്ക് ഒരു സ്വാഭാവികമായ ഒഴുക്കുണ്ട്. കഥകൾ പറയാൻ ഇങ്ങനെ ഒരു വഴി തിരഞ്ഞെടുക്കാൻ എന്താണ് കാരണം?
നീരജ്: പറയപ്പെടുന്ന കഥകളെ നിരീക്ഷിക്കുന്നതിൽ നിന്നാണ് അത് വരുന്നത്—അതിലുപരി, പറയപ്പെടാത്ത കഥകളെ. സമ്പന്നരെയോ നഗരജീവിതങ്ങളെയോ കുറിച്ചാണ് അധികം സിനിമകൾ. ചെറിയ പട്ടണങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോഴും, അവർ സംസാരിക്കുന്ന രീതിയെയും ഇംഗ്ലീഷ് അറിയാത്തതിനെയും ജീവിതശൈലിയെയും പരിഹസിക്കുന്ന ഒരു രീതിയിലേക്ക് കഥ മാറാറുണ്ട് .
നമ്മുടെ ജനസംഖ്യയുടെ ഏകദേശം 60 ശതമാനവും കൃഷിയെ ആധാരമാക്കി ജീവിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. എന്നാൽ ഹിന്ദി സിനിമ അവരെക്കുറിച്ച് വളരെ കുറച്ച് മാത്രമാണ് സംസാരിക്കുന്നത്. അതിരുകളിലാക്കപ്പെട്ട സമൂഹങ്ങളുടെ കഥകൾ മുൻനിരയിൽ എത്താറില്ല. അത് ചെയ്യാൻ തയ്യാറാകുന്നവർ വളരെ കുറവായതിനാൽ അത് പറയേണ്ടതിന്റെ വലിയ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നു.
ഇത് വ്യക്തിപരവുമാണ്. ഞാനും ആ സമൂഹത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ടാവാം, അവരോടുള്ള എന്റെ ബന്ധവും അനുഭവങ്ങളും തന്നെ ആയിരിക്കാം ഈ കഥകൾ പറയേണ്ടത് എന്റെ ആവശ്യം ആക്കി മാറ്റുന്നത്.
നീരജിന്റെ സിനിമകളിൽ ഓരോ കഥാപാത്രത്തിനും അവരുടെ അപാകതകളെന്നോ അഥവാ കുറവുകളെന്നോ മുഖ്യധാര വിശേഷിപ്പിക്കുന്ന അവസ്ഥയിൽ ജീവിക്കാൻ ഇടമുണ്ട്. അങ്ങനെ കഥാപാത്രങ്ങളെ സമീപിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്?
നീരജ്: മനുഷ്യരുടെ സ്വഭാവം ഒരൊറ്റ പാളിയിലൊതുങ്ങുന്നതല്ല. ശരിയും തെറ്റും എന്ന ലളിതമായ വിഭാഗങ്ങളിൽ അവരെ ഒതുക്കാനാവില്ല. ഇന്ന് ലോകം ഒരു ദുഃഖകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്—വെറുപ്പും അക്രമവും മറ്റുള്ളവരെ മനുഷ്യരല്ലെന്ന് കാണുന്നതും വ്യാപകമാണ്.
ഇത്തരം സമയങ്ങളിൽ, പരസ്പരം ഇരുന്ന് കേൾക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും, അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മനുഷ്യത്വം നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നമ്മൾ എതിരാളികളെന്ന് കരുതുന്നവരോടുപോലും സഹാനുഭൂതി വേണം. ഈ സിനിമയിലൂടെയും ഞാൻ പറയാൻ ശ്രമിക്കുന്നത് അതാണ്.
സാമൂഹിക യാഥാർത്ഥ്യങ്ങളോട് ഇടപെടുന്ന ഒരു സംവിധായകൻ എന്ന നിലയിൽ, ഭരണകൂടത്തിന്റെ ഇടപെടലുകളും വിപണി അൽഗോരിതങ്ങളും സ്വതന്ത്ര സിനിമയ്‌ക്ക് സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളെ എങ്ങനെ കാണുന്നു?
നീരജ്: രണ്ടും വലിയ വെല്ലുവിളികളാണ്. രണ്ടും സ്വയം-സെൻസർഷിപ്പിലേക്ക് നയിക്കുന്നു. എന്തെങ്കിലും വിഷയമോ നിശ്ശബ്ദമായ ഒരു നിമിഷമോ ഭരണകൂടത്തെയോ പ്രേക്ഷകരെയോ അസ്വസ്ഥരാക്കുമോ എന്ന ഭയം ഉണ്ടാകുന്നു.
ഇത് സ്വതന്ത്രമായി സിനിമ സൃഷ്ടിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ തന്നെയാണ് സ്വതന്ത്ര സിനിമയുടെ നിലനിൽപ്പ് ഇന്ന് അത്രയും പ്രധാനമാകുന്നത്, പൂർണ്ണമായി ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയാതിരുന്നാലും.
ഇന്ത്യയിൽ സ്വതന്ത്ര സിനിമയുടെ അവസ്ഥയെ എങ്ങനെ കാണുന്നു?
നീരജ്: മുൻപ് ഉണ്ടായിരുന്ന തരത്തിലുള്ള സ്ഥാപനപരമായ പിന്തുണ ഇപ്പോൾ ഇല്ലാത്തതിനാൽ, സ്വതന്ത്ര സിനിമ എന്ന ആശയം തന്നെ മാറിയിരിക്കുന്നു. പല സംവിധായകരും അന്താരാഷ്ട്ര സഹനിർമാണങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ സിനിമയ്ക്കു വേണ്ടി ധർമ്മ പ്രൊഡക്ഷൻസുമായി സഹകരിച്ചത്; അവർ സിനിമ ചെയ്യാൻ തുറന്ന മനസ്സോടെ ആണ് വന്നത്, അതാണ് വരുടെ ഏറ്റവും വലിയ ഗുണമായി എനിക്ക് തോന്നിയത്, .
ഇന്ന് നാം നിർമ്മിക്കുന്നത് ‘സ്വതന്ത്ര ചിന്തയുള്ള സിനിമകൾ’ ആണ്, കർശനമായ അർത്ഥത്തിൽ സ്വതന്ത്ര സിനിമയല്ല. കേരളം പോലുള്ള ചില പ്രദേശങ്ങളിൽ, സ്വതന്ത്ര സിനിമ ഇപ്പോഴും സജീവവും ശക്തവുമാണ്. അവിടെ നിന്ന് മികച്ച ചിത്രങ്ങൾ വരുന്നു. ഹിന്ദി സിനിമയിൽ, പ്രേക്ഷകരുടെ താൽപ്പര്യങ്ങൾ വ്യത്യസ്തമാണ്. അതു കാരണം, ഇതിന് കൂടുതൽ സമയം എടുക്കും.
മുഖ്യധാര സിനിമയും സ്വതന്ത്ര സിനിമയും തമ്മിലുള്ള ബന്ധത്തിൽ യഥാർത്ഥത്തിൽ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ?
നീരജ്: വ്യത്യസ്തമാണെങ്കിലും രണ്ടിനെയും എതിർപക്ഷങ്ങളിൽ നിർത്തേണ്ടതില്ല, പലപ്പോഴും ഒന്നിന് മറ്റൊന്ന് സഹായകമാണ്. സിനിമാ മേഖലയിലെ പണം ഒരു പ്രത്യേക രീതിയിലാണ് സഞ്ചരിക്കുന്നത്. ഒരു സ്റ്റുഡിയോ 300 കോടി രൂപ കളക്ഷൻ നേടുന്ന ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രം നിർമ്മിച്ച ശേഷം 25 കോടി രൂപ ബജറ്റിലുള്ള ഒരു സ്വതന്ത്ര ചിത്രം ഫണ്ട് ചെയ്താൽ, ആ ചെറിയ ചിത്രത്തിൽ ഉണ്ടായേക്കാവുന്ന നഷ്ടം എളുപ്പത്തിൽ താങ്ങാനാകും. അത്തരം സാമ്പത്തിക പിന്തുണയാണ് സംവിധായകർക്ക് സൃഷ്ടിപരമായ സ്വാതന്ത്ര്യം നൽകുന്നത്. ആ സംവിധാനമില്ലാതെ, സ്വതന്ത്ര സിനിമയ്ക്ക് നിലനിൽക്കുക വലിയ ബുദ്ധിമുട്ടായിരിക്കും.
എല്ലാ തരത്തിലുള്ള സിനിമകളും നിലനിൽക്കണം. വിനോദം തേടുന്നവരും അർത്ഥം തേടുന്നവരും എല്ലാം പ്രേക്ഷകരാണ്.
സിനിമ വിനോദം മാത്രമാണോ, അതോ പ്രേക്ഷകരെ ചിന്തയിലേക്കും സംവാദത്തിലേക്കും നയിക്കേണ്ട ഒരു കലാരൂപമാണോ എന്ന ചർച്ചയെ എങ്ങനെയാണ് കാണുന്നത്?
നീരജ്: സിനിമ സന്ദേശങ്ങൾ കൈമാറാനുള്ള ഉപകരണമല്ല; അത് നമ്മളെയോ നമ്മുടെ ചുറ്റുപാടുകളെയോ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു കലാരൂപമാണ്. വിനോദം എന്നത് ഉറക്കെ ചിരിപ്പിക്കലിലോ ഒരു പാട്ടിനൊപ്പം നൃത്തം ചെയ്യിപ്പിക്കലിലോ മാത്രം ഒതുങ്ങുന്നതല്ല.
ചിലപ്പോൾ, ഒരു സിനിമ നമ്മളെ എങ്ങനെ അനുഭവിപ്പിക്കുന്നു എന്നതിലായിരിക്കും യഥാർത്ഥ വിനോദം—നമ്മളുമായി ഒരു വ്യക്തിപരമായ ബന്ധം സൃഷ്ടിക്കുന്നതിലും, മനസ്സിൽ നീണ്ടുനിൽക്കുന്നതിലും, ബൗദ്ധികമായി ഉണർത്തുന്നതിലും. അതുപോലെ തന്നെ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തിലേക്കുള്ള ജനാലയും സിനിമ തുറന്നുതരാം.
അതിനാൽ, വിനോദത്തെ പാട്ടുകളും നൃത്തവും ത്രില്ലുകളും എന്നിങ്ങനെ മാത്രം ചുരുക്കുന്നത് പരിമിതമാണ്. വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതികളിലാണ് സിനിമയെ അനുഭവിക്കുന്നത്; ആ എല്ലാ അനുഭവങ്ങളും തുല്യമായി നിലനിൽക്കേണ്ടതാണ്.
ഇന്ത്യൻ സിനിമകൾ കൂടുതൽ ആഗോള പ്രേക്ഷകരിലേക്കെത്തുന്ന ഈ സാഹചര്യത്തിൽ, ആ ദൃശ്യത സൃഷ്ടിപരമായ തെരഞ്ഞെടുപ്പുകളെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുന്നുണ്ടോ?
നീരജ്: ചില ചലച്ചിത്രമേളകളെ ലക്ഷ്യമിടുമ്പോൾ, അവയോടൊപ്പം പറയപ്പെടാത്ത ചില സിനിമാഭാഷകളും പ്രതീക്ഷകളും ഉണ്ടാകാറുണ്ട്. ആ യാഥാർത്ഥ്യം ഞാൻ അംഗീകരിക്കുന്നു. എന്നാൽ അതിന്റെ പേരിൽ നമ്മുടെ ഇന്ത്യൻ വികാരങ്ങളെ മറ്റൊരു തരത്തിൽ കാണിക്കരുത്. യൂറോപ്യൻ പ്രേക്ഷകരുടെ രുചിയോട് ഉടൻ പൊരുത്തപ്പെടണമെന്നില്ലെങ്കിലും, നമ്മൾ നമ്മളായിത്തന്നെ സംസാരിക്കണം. സിനിമ എപ്പോഴും ഒരു സാർവദേശീയ ഭാഷ തന്നെയാണ്.
ആഗോള ഉപഭോഗത്തിനായി കഥകളെ മിനുക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യാതെ, അവയെ വേരോടെ സത്യസന്ധമായി നിലനിർത്താനാവും. പതുക്കെ എങ്കിലും, നമ്മുടെ സിനിമ സ്വന്തം നിലയിൽ തന്നെ കാണപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ഘട്ടത്തിലേക്ക് നാം എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മലയാള സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം?
നീരജ്: എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. അടുത്തകാലത്ത് അധികം കാണാൻ കഴിഞ്ഞില്ല. കുമ്പളങ്ങി നൈറ്റ്‌സ് ആണ് ഒടുവിൽ ഏറെ ആസ്വദിച്ച ചിത്രം. ഫഹദ് ഫാസിൽ അത്ഭുത നടനാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്.
IFFK പോലുള്ള ചലച്ചിത്രമേളകളെക്കുറിച്ച്?
നീരജ്: IFFK വളരെ പ്രത്യേകതയുള്ള ചലച്ചിത്രമേളയാണ്. ഇവിടെ പ്രേക്ഷകർ അതീവബോധമുള്ളവരാണ്—രാഷ്ട്രീയമായും സാങ്കേതികമായും സിനിമയെക്കുറിച്ച് ആഴത്തിലുള്ള അവബോധമുള്ളവർ. അവർ സിനിമയോട് ആത്മാർത്ഥമായി ബന്ധപ്പെടുന്നവരുമാണ്.
ഇത് സംവിധായകരെ രൂപപ്പെടുത്തുകയും വളർത്തുകയും ചെയ്യുന്ന ഒരു ചലച്ചിത്രമേള ആയാണ് തോന്നുന്നത് . പ്രേക്ഷകർ ചിത്രങ്ങൾ ശ്രദ്ധയോടെ കാണുകയും, ചിന്തിപ്പിക്കുന്നതും പ്രസക്തവുമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ആ സംസ്കാരമാണ് ഒരു സിനിമ അവതരിപ്പിക്കാൻ IFFKയെ അത്രയും മികച്ച വേദിയാക്കുന്നത്. അതിനൊപ്പം തന്നെ, കേരളം എന്ന മനോഹരമായ സ്ഥലം ആ അനുഭവത്തെ കൂടുതൽ സമ്പന്നമാക്കുന്നു.
പത്ത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ ഭയം തോന്നുന്നതും പ്രതീക്ഷ നൽകുന്നതും ആയ കാര്യങ്ങൾ എന്താണ്?
നീരജ്: എനിക്ക് ഏറ്റവും അധികം ആശങ്കയുണ്ടാക്കുന്നത് ഇതാണ്—ഇന്നും നമ്മുടെ സിനിമകൾ വലിയ തോതിൽ ജനസംഖ്യയിലെ വെറും 15 ശതമാനം ആളുകൾക്കായി, അവരാൽ തന്നെ നിർമ്മിക്കപ്പെടുന്നതാണ്. കൂടുതലും ഉയർന്ന ജാതിയിലും പ്രിവിലേജ്ഡ് പശ്ചാത്തലങ്ങളിലും നിന്നുള്ളവരാണ് അവർ. വിഷയങ്ങളും അഭിനേതാക്കളും കഥകളും—എല്ലാം അവരെ ചുറ്റിപ്പറ്റിയാണ് സഞ്ചരിക്കുന്നത്.
അതേസമയം, ബാക്കി വരുന്ന 60 ശതമാനം ജനവിഭാഗങ്ങൾ സിനിമയിൽ ശരിയായ പ്രതിനിധാനം പോലും ലഭിക്കാതെ തുടരുകയാണ്. ഇനി പത്ത് വർഷങ്ങൾക്കുശേഷവും ഈ അസമത്വം അതേപടി തുടരുകയാണെങ്കിൽ എന്നതാണ് എന്റെ ഭയം.
എങ്കിലും, എനിക്ക് പ്രതീക്ഷയുമുണ്ട്. തുടർച്ചയായ ശ്രമങ്ങളിലൂടെയും തുറന്ന സംഭാഷണങ്ങളിലൂടെയും, ജാതിയെ ഒടുവിൽ നാം അഭിമുഖീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തെ മാത്രം പ്രതിഫലിപ്പിക്കുന്നതല്ല, ഇന്ത്യയെ യഥാർത്ഥത്തിൽ എങ്ങനെയാണോ അതുപോലെ തന്നെ പ്രതിനിധീകരിക്കുന്ന ഒരു സിനിമയായിരിക്കണം ഇന്ത്യൻ സിനിമ എന്നതാണ് എന്റെ പ്രതീക്ഷ.
Interview with film director Neeraj Ghaywan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

