Unpaid work and kerala's sthree suraksha scheme samakaliak malayalam
News+

വേതനമില്ലാത്ത ജോലിയും സ്ത്രീ സുരക്ഷാ പദ്ധതിയും: കേരളം മുന്നോട്ട് വെക്കുന്ന ലക്ഷ്യവും യാഥാർത്ഥ്യങ്ങളും

"ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ സ്ത്രീ സമൂഹം കേരളത്തിലേതാണ്, എന്നാൽ, മലയാളി സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് വെറും 20.4% മാത്രവും. ഇതാണ് ആധുനിക മലയാളി സ്ത്രീ സമൂഹത്തിൽ കാണുന്ന വിരോധാഭാസം."നജ്മാ ജോസ് എഴുതുന്നു.

നജ്മ ജോസ്

കേരളത്തിന് മുന്നിലെ പ്രതിസന്ധിയും വൈരുദ്ധ്യവും

നമ്മുടെ ആഘോഷിക്കപ്പെടുന്ന സാമൂഹിക വികസനത്തിന്റെ കണക്കുകള്‍ക്കു പിന്നില്‍ ഒരു നിശ്ശബ്ദ പ്രതിസന്ധി ചുരുള്‍നിവരുന്നുണ്ട്. 2023 ഏപ്രില്‍17നും മേയ് 17നും ഇടയില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങൾ ഈ പ്രതിസന്ധിയുടെ ആഴങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സംസ്ഥാനത്തുടനീളമുള്ള 1027 സിഡിഎസ്സുകളില്‍നിന്നായി 4458 സ്ത്രീ ഉദ്യോഗാര്‍ഥികളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 57 ശതമാനം പേരും തങ്ങളുടെ ജോലിയില്‍ നിന്നും വിട്ടുനിൽക്കാൻ ഇടയായക്കിയ സാഹചര്യമായി വ്യക്തമാക്കിയത് വീടുകളിലെ പരിചരണാവശ്യങ്ങളും ആതുരശ്രുശ്രൂഷയുമായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ സ്ത്രീ സമൂഹം കേരളത്തിലേതാണ്, എന്നാൽ, മലയാളി സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് വെറും 20.4% മാത്രവും. ഇതാണ് ആധുനിക മലയാളി സ്ത്രീ സമൂഹത്തിൽ കാണുന്ന വിരോധാഭാസം. ഇത് വ്യക്തിപരമായ പരാജയത്തിന്റെ കഥയല്ല, മറിച്ച് കേരളത്തിലെ വീടുകളിൽ ഉറഞ്ഞുകൂടിയിരിക്കുന്ന വ്യവസ്ഥാപരമായ സാമ്പത്തിക പരാജയത്തിന്റെ കഥയാണ്.

കേരള ഡയസ്‌പോറ: സാമൂഹിക പുനരുല്‍പ്പാദനത്തിലെ പ്രതിസന്ധി

കേരള നോളജ് ഇക്കോണമി മിഷനില്‍നിന്നുള്ള കണക്കുകള്‍ കൃത്യമായ ഒരു രോഗനിര്‍ണയമാണ്. ബിരുദാനന്തര ബിരുദമുള്ള സ്ത്രീകളിലെ തൊഴിലില്ലായ്മ 34 ശതമാനമാണ്, പുരുഷന്മാരില്‍ 6.6 ശതമാനവും. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ജോലി ആഗ്രഹിക്കുന്ന 97 ശതമാനം പേര്‍ക്കും തടസ്സമായി നിൽക്കുന്നത് താൽപ്പര്യമില്ലായ്മയോ നൈപുണ്യമില്ലായ്മയോ അല്ല, മറ്റ് കാരണങ്ങളാണ്. ഇതിന് അടിസ്ഥാനം എന്നത് മുതലാളിത്ത തൊഴിലിടവും മനുഷ്യജീവിതവുമായുള്ള അടിസ്ഥാനപരമായ പൊരുത്തക്കുറവാണ്.

സാമൂഹിക പുനരുല്‍പ്പാദനത്തിലെ ജോലി-കുട്ടികളെ ഗ‍ർഭം ധരിക്കലും വളര്‍ത്തലും വയോജനപരിചരണവും, വീടകം കൈകാര്യം ചെയ്യലും പോലെയുള്ള കാര്യങ്ങൾ അനുപാതരഹിതമായി സത്രീകളില്‍ പതിക്കുന്നു. സ്ത്രീകൾ ചുമലിലേറ്റുന്ന അളവില്ലാതെ ആ തൊഴിൽ ഭാരം മൂലധനത്തിന് യാതൊരു ചെലവുമില്ലാതെ മുഴുവൻ സമ്പദ്‌വ്യവസ്ഥയ്ക്കും സഹായമൂല്യമായി മാറുന്നു.

കേരളത്തിലെ സാഹചര്യം ഇതുമായി ബന്ധപ്പെട്ട കൂടുതൽ കഠിനമായ അഖിലേന്ത്യാ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു.. രാജ്യത്തുടനീളം 80 ശതമാനത്തിലധികം സ്ത്രീകളും വേതനമില്ലാത്ത ഗാര്‍ഹിക, പരിചരണ ജോലികളിലാണ് ഏര്‍പ്പെടുന്നത്. പ്രതിദിനം ശരാശരി ആറുമണിക്കൂര്‍ അവര്‍ ഇത്തരം അനിവാര്യമായ, എന്നാല്‍, മൂല്യം കണകക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ അധ്വാനത്തിന്റെ സാമ്പത്തിക മൂല്യം കണക്കാക്കിയിട്ടുണ്ട്. അതുപ്രകാരം പ്രതിവർഷം 22 ലക്ഷം കോടി രൂപയാണത് - നമ്മുടെ ദേശീയ അക്കൗണ്ടുകളിൽ അദൃശ്യമായി തുടരുന്ന ഔപചാരിക സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ഭീമമായ സഹായധനമാണിത്.

അമ്പരിപ്പിക്കുന്ന നിലയിലുള്ള ചൂഷണം: ആഗോളവീക്ഷണം

ഈ ചൂഷണത്തിന്റെ അളവ് അമ്പരിപ്പിക്കുന്നതാണ്. 2019ലെ ഓക്‌സ്ഫാം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് സ്ത്രീകളും പെണ്‍കുട്ടികളും ആഗോളതലത്തില്‍ പ്രതിദിനം 12.5 ബില്യണ്‍ മണിക്കൂറുകള്‍ വേതനമില്ലാ പരിചരണ ജോലി നിര്‍വഹിക്കുന്നുവെന്നാണ്. കുറഞ്ഞ കൂലി നിരക്കിൽ (മിനിമം വേതനം) കണക്കുകൂട്ടിയാലും ആഗോളസമ്പദ് വ്യവസസ്ഥയ്ക്ക് ഇത് പ്രതിവര്‍ഷം 10.8 ട്രില്യണ്‍ യുഎസ് ഡോളറിന്റെ സംഭാവന നല്‍കുന്നുണ്ട്-ആഗോള ടെക് വ്യവസായത്തിനെക്കാള്‍ വലുത്.

ഈ "അദൃശ്യമായ എന്‍ജിന്" ഊര്‍ജമാകുന്നത് സ്ത്രീകളാണ്, വേതനമുള്ള പരിചരണത്തൊഴിലാളികളുടെ മൂന്നില്‍ രണ്ടും സ്ത്രീകളാണ്. അനന്തരഫലങ്ങള്‍ കടുത്തതാണ്: പരിചരണ ഉത്തരവാദിത്വങ്ങള്‍ കാരണം ആഗോളവ്യാപകമായി 42 ശതമാനം സ്ത്രീകള്‍ക്കും ഔപചാരിക തൊഴില്‍ശക്തിയില്‍ പ്രവേശിക്കാനാവുന്നില്ല. പുരുഷന്മാരില്‍ ഇത് വെറും ആറ് ശതമാനം മാത്രമാണ്. ഇതാണ് സെക്‌സിസ്റ്റ് സമ്പദ് വ്യവസ്ഥയെന്ന് ഓക്‌സ്ഫാം വിശേഷിപ്പിക്കുന്നതിന്റെ ആധാരശില.

കോവിഡ് 19 തുറന്നുവിട്ട വസ്തുതകൾ

ഓക്‌സ്ഫാമില്‍നിന്നും കേരളത്തില്‍നിന്നുമുള്ള ഡേറ്റാ സാമൂഹിക പുനരുല്‍പ്പാദനത്തിലെ പ്രതിസന്ധിയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ ലഘുചിത്രം നല്‍കി, കോവിഡ് കാലം ആഗോള തലത്തിൽ തന്നെ വൈരുധ്യങ്ങളിലേക്ക് വെളിച്ചം വീശി. സ്‌റ്റേ അറ്റ് ഹോം നിബന്ധന പുതിയൊരു പ്രതിസന്ധി സൃഷ്ടിച്ചില്ല, പകരം, കുറെക്കൂടി പുനരുല്‍പ്പാദനപരമായ ജോലി, അമിതമായി സ്ത്രീകളിലേക്ക് അടിച്ചേൽപ്പിച്ചുകൊണ്ട്, നിലനിന്നിരുന്ന അവസ്ഥയെ മറച്ചിരുന്ന മൂടുപടം വലിച്ചുകീറി. വീട് ഒരു അഭയമായല്ലാതെ, കേന്ദ്രീകൃതമായ, സംഘര്‍ഷഭരിതമായ സാമൂഹിക പുനരുല്‍പ്പാദന ഇടമായി മാറിത്തീരുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തി.

തൊഴിലെടുക്കുന്ന അമ്മമാരെ സംബന്ധിച്ചടത്തോളം, ഈ കാലം വേതനമുള്ളതും വേതനരഹിതവുമായ ചൂഷണത്തിന്റെ ഇഴച്ചേരൽ കൂടെയായി മാറി. കോവിഡ് കാലഘട്ടം, സാമൂഹിക പുനരുല്‍പ്പാദന സിദ്ധാന്തത്തെയും മാര്‍കസിസ്റ്റ് ഫെമിനിസത്തിന്റെ ആധാരപ്രമാണത്തെയും- അതായത്, പരിചരണദാതാക്കളുടെ ജോലി, അത് ആശുപത്രിയില്‍ വേതനമുള്ളതായിക്കോട്ടെ, വീട്ടില്‍ വേതനമില്ലാത്തതായിക്കോട്ടെ, ചൂഷണത്തിന്റെ ശരിയായ ആധാരശിലയാണെന്നും അതിലാണ് മുതലാളിത്തം സമ്പൂര്‍ണമായി നിലകൊള്ളുന്നതെന്നതും-അവഗണിക്കുക അസാദ്ധ്യമാക്കി.

വ്യവസ്ഥയുടെ യാഥാ‍ർത്ഥ്യം മറനീക്കി: ജീവിതം നിലനിർത്തുന്നതിനും സമൂഹത്തിന്റെ തൊഴിൽ ശക്തിയെ പുനരുൽപ്പാദിപ്പിക്കുന്നതിനും ആവശ്യമായ വേതനമില്ലാത്തതും വേതനം ലഭിക്കുന്നതുമായ പരിചരണം, വീട്ടുജോലി, വിദ്യാഭ്യാസം തുടങ്ങിയവയിലുള്ള "ലൈഫ് മേക്കിങ് ലേബർ" എന്ന് സോഷ്യൽ റീപ്രൊഡ്ക്ടീവ് തിയറി വിശേഷിപ്പിക്കുന്ന അധ്വാനത്തെ ഉപയോഗിക്കുകയും പകരം കൈയ്യടി മാത്രം നൽകുകയും ചെയ്യുന്നു

സാമൂഹിക പുനരുല്‍പ്പാദനസിദ്ധാന്തം

സ്ത്രീകളുടെ ജോലിയിലെ ആഗോളപ്രശ്‌നം മനസ്സിലാക്കുന്നതിന് സാമൂഹിക പുനരുല്‍പ്പാദന സിദ്ധാന്തം ആദ്യം ഗ്രഹിക്കേണ്ടതുണ്ട്. മുതലാളിത്തത്തിന് രണ്ട് അടിസ്ഥാന മണ്ഡലങ്ങളുണ്ടെന്ന് ഈ മാര്‍ക്‌സിസ്റ്റ് -ഫെമിനിസ്റ്റ് ചട്ടക്കൂട് വാദിക്കുന്നു. ആദ്യത്തേത് ഉല്‍പ്പാദനത്തിന്റെ പരിചിതമായ മണ്ഡലമാണ്-അവിടെ തൊഴിലാളികള്‍ വേതനത്തിനായി അവരുടെ അദ്ധ്വാനം വില്‍ക്കുന്നു. രണ്ടാമത്തേത്, സാമൂഹിക പുനരുല്‍പ്പാദനത്തിന്റെ മിക്കപ്പോഴും അദൃശ്യമായ മണ്ഡലമാണ്.-ഗര്‍ഭം ധരിക്കല്‍, കുട്ടികളെ വളര്‍ത്തല്‍, പാചകം, രോഗികളുടെയും വയോജനങ്ങളുടെയും പരിചരണം എന്നീ വേതനമില്ലാ ജോലികള്‍.

ഇത് വെറുമൊരു സ്‌നേഹപ്രവൃത്തിയല്ല; തൊഴില്‍ശേഷിയെതന്നെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന അനിവാര്യമായ അദ്ധ്വാനമാണിത്. മുതലാളിത്തം ഈ ജോലിയെ ഒരു സൗജന്യ വിഭവമായി കൈകാര്യം ചെയ്യുന്നു, അതിലെ സ്ത്രീജീവിതങ്ങളുടെ കേന്ദ്രവൈരുദ്ധ്യം സൃഷ്ടിക്കുന്നു: ഇരട്ട ചൂഷണം.

ഈ സൈദ്ധാന്തിക ചട്ടക്കൂടിന് രാഷ്ട്രീയ സംഘാടകത്വത്തിന്റെ ഒരു സമ്പന്ന ചരിത്രമുണ്ട്. 1970-കളില്‍ ഇന്റര്‍നാഷണല്‍ ഫെമിനിസ്റ്റ് കളക്ടീവ്, സില്‍വിയ ഫെഡറിച്ചി ഉള്‍പ്പെടെ വീട്ടുജോലിക്കു വേതനം എന്ന ക്യാമ്പെയിന്‍ ആരംഭിച്ചു. വീട്ടുജോലിക്കു വേതനം ആവശ്യപ്പെടുന്നതിലൂടെ സ്ത്രീയുടെവീട്ടിലെ ഇടം ഊട്ടിയുറപ്പിക്കുകയല്ലെന്നും, അദ്യശ്യമായതിനെ ദൃശ്യമാക്കുകയാണെന്നും--വീട്ടുജോലിയെ മുതലാളിത്ത ലാഭം നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്ന ജോലിയായി വ്യക്തമാക്കിക്കൊണ്ട്. ഈ ആവശ്യം, മുതലാളിത്തം അത് ഉല്‍പ്പാദനക്ഷമമെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന വേതനരഹിത അധ്വാനത്തിന്റെ ഒരു മേഖലയെയാണ് ആശ്രയിക്കുന്നതെന്ന വൈരുധ്യത്തെ എടുത്തുകാട്ടുന്നതാണ്.

കേരളത്തിലെ പ്രതിസന്ധി സാമൂഹിക പുനരുല്‍പ്പാദനത്തിന്റ പ്രതിസന്ധിയാണ്. അവിടെ വേതനമുള്ളതും വേതനമില്ലാത്തതുമായ ഇരട്ടജോലി ദുര്‍വഹമായ ഒരു ഭാരമായിത്തീര്‍ന്നിരിക്കുന്നു. താങ്ങാവുന്നതും പ്രാപ്യവുമായ ഒരു പരിചരണ സമ്പദ്‌വ്യവസ്ഥയ്ക്കായുള്ള ശുപാര്‍ശ ഈ ജോലിയെ സാമൂഹികവല്‍ക്കരിക്കാനും സ്ത്രീകള്‍ തനിയെ വഹിക്കേണ്ടുന്ന സ്വകാര്യബാധ്യതയെന്നതിനു പകരം കൂട്ടുത്തരവാദിത്വമായി ഇതിനെ കാണുന്നതിനുമുള്ളതാണ്.

കേരളം മുതല്‍ ന്യൂയോര്‍ക്ക് വരെ

ഇത് ഒരു ചെറുവിഭാഗത്തിന്റെ ആവശ്യമല്ല. നമ്മുടെ അതിര്‍ത്തികള്‍ക്കപ്പുറം ഏറെ വിദൂരമായ വിജയങ്ങള്‍ തെളിയിച്ചപോലെ, പരിചരണജോലിയെ സാമൂഹികവല്‍ക്കരിക്കാനുള്ള നയങ്ങള്‍ക്കുള്ള ജനകീയ പിന്തുണ ശക്തമായ ഒരു രാഷ്ട്രീയശക്തിയാണ്. ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിയുടെ വിജയകരമായ തെരഞ്ഞെടുപ്പ് പ്രചാരണം സാര്‍വത്രിക ശിശുസുരക്ഷ ഉള്‍പ്പെടുന്ന ഒരു അടിത്തറയിലാണ് ഊന്നിയത്. അത് വിജയിക്കുകയും ചെയ്തു.

ഇത് നിര്‍ണായകമായ ഒരു വസ്തുത കാട്ടിത്തരുന്നു: ലോകമെമ്പാടുമുള്ള ജനത സാമൂഹിക പുനരുല്‍പ്പാദനത്തെയും പരിചരണ ദാതാക്കള്‍ക്കുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയത്തിനായി നിലകൊള്ളാന്‍ തയ്യാറാണ്. ഇത് ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കും പ്രയോജനകരമല്ലാത്ത ശോഷിത കോര്‍പ്പറേറ്റ് ഫെമിനിസത്തിന് നേരെതിരായി നിലകൊള്ളുന്നതാണ്. വ്യക്തിപരമായ സ്വയൗന്നത്യ പ്രകടനമോ സ്വകാര്യസമ്പത്തോ സാദ്ധ്യമല്ലാത്തവര്‍ക്ക്, പ്രത്യുല്‍പ്പാദന നീതി ഉറപ്പാക്കുന്ന, തൊഴിലവകാശങ്ങള്‍ ഉറപ്പാക്കുന്ന, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടിത്തറ പരിചരണജാലിയാണെന്ന് അംഗീകരിക്കുന്ന പൊതുവായ നയങ്ങളിലൂടെ മാത്രമെ നമ്മുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാവൂ.

കേരളം, സ്ത്രീസുരക്ഷ പെന്‍ഷനിലൂടെ തന്ത്രപരമായ ഒരു ബദല്‍ സമീപനം മുന്നോട്ടുവയ്ക്കുന്നു. ഇതില്‍ 31 ലക്ഷം ദരിദ്രസ്ത്രീകള്‍ക്കും ട്രാന്‍സ്‌ വ്യക്തികള്‍ക്കും മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്നു. ഇതൊരു സമ്പൂർണ്ണ പരിഹാരമാണെന്നല്ല. നൈപുണ്യവികസനത്തിലൂടെ, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമാക്കുക എന്ന പ്രഖ്യാപിത വിശാലരാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ തന്ത്രപരമായ സമാശ്വാസം മാത്രമാണ്.

Zohran Mamdani

വെറും ജോലി സൃഷ്ടിക്കുകയല്ല ലക്ഷ്യം, ഗാര്‍ഹിക, പരിചരണ ജോലിയുടെ സാമൂഹികവല്‍ക്കരണം നടപ്പാക്കുക എന്നതാണ്-സാമൂഹിക അടുക്കളകള്‍, അലക്കുപുരകള്‍, ശിശുപരിചരണ സംവിധാനങ്ങള്‍ എന്നിവ കെട്ടിപ്പടുക്കുന്നതിലൂടെ സ്വകാര്യ വീടകങ്ങളിലെ ഗാര്‍ഹിക അടിമത്തം പൊളിക്കുകയാണ്. ഈ ദ്വിമുഖ സമീപനം ഒരു യഥാര്‍ഥ മറുമരുന്നാണ്.

കേരളത്തിന്റെ കാഴ്ചപ്പാട് ഇന്ത്യയില്‍ മറ്റെവിടെയും സമാനനയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് കടകവിരുദ്ധമാണ്. 2024ലെ ഒരു പഠനം (ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് ആന്‍ഡ് പബ്‌ളിക് പോളിസി) ഈ വ്യത്യാസത്തെ രേഖപ്പെടുത്തുന്നുണ്ട്. കുറഞ്ഞ സാക്ഷരതാനിരക്കുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യക്ഷ തുക കൈമാറ്റം (ഡിബിടി) അവരുടെ പരമ്പരാഗത വീട്ടമ്മ പദവി ഊട്ടിയുറപ്പിക്കുന്നതായി പഠനം കണ്ടെത്തുന്നു.

ഒരു സംസ്ഥാനത്തിന്റെ സ്ത്രീസാക്ഷരതാനിരക്ക് അതിന്റെ നയദിശയുടെ ശക്തമായ സൂചകമാണെന്ന് പറഞ്ഞുകൊണ്ടാണ് പഠനം ഈ വിഷയത്തെ സമീപിക്കുന്നത്. കുറഞ്ഞ സ്ത്രീസാക്ഷരതാനിരക്കുള്ള സംസ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് സഹായകമായ, എന്നാല്‍ അവരെ വീടുകളില്‍തന്നെ നിലനിര്‍ത്തുന്ന നയങ്ങളില്‍ ഊന്നാനുള്ള പ്രവണതയുള്ളവയാണ്. മറിച്ച്, കേരളം പോലെ ഉയര്‍ന്ന സ്ത്രീസാക്ഷരതാനിരക്കുള്ള സംസ്ഥാനങ്ങള്‍, തൊഴില്‍, വിദ്യാഭ്യാസം എന്നിവയിലൂടെ പൊതു, സാമൂഹിക ഉൽപ്പാദനത്തിലേക്ക് സ്ത്രീകളെ സജീവമായി എത്തിക്കുന്ന നയങ്ങളില്‍ ഊന്നുന്നു.

Unpaid work and kerala's sthree suraksha scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗ കേസ്: രാഹുലിന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

'രാഹുല്‍ സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തി'; രണ്ടാമത്തെ കേസില്‍ പരാതിക്കാരിയെ കുറിച്ച് വിവരം ലഭിച്ചു, യുവതിയുടെ മൊഴിയെടുക്കും

റഷ്യ എണ്ണ, അമേരിക്കയുടെ തീരുവ ഭീഷണി, നിര്‍ണായക കരാറുകള്‍; പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും

വിമാനങ്ങള്‍ റദ്ദാക്കിയതില്‍ ഡിജിസിഎ അന്വേഷണം; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന്‍ പുറത്തിറങ്ങി; ആര്‍ക്കും പരിക്കില്ല

SCROLL FOR NEXT