Abel Nunez, Argentine footballer x
Sports

എതിർ താരത്തിന്റെ കിക്ക് കൊണ്ടത് തലയ്ക്ക്; അർജന്റീന യുവ താരത്തിന് ദാരുണാന്ത്യം

എഫ്‌സി എസെയ്‌സയും ഡിപോർട്ടീവോ മുനിസും തമ്മിൽ നടന്ന പോരാട്ടത്തിനിടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ മത്സരത്തിനിടെ എതിർ താരത്തിന്റെ കിക്ക് കൊണ്ട് തലയ്ക്കു ഗുരുതര പരിക്കേറ്റ അർജന്റീന യുവ ഫുട്ബോൾ താരം അബെൽ നൂനസ് (18) മരണത്തിനു കീഴടങ്ങി. എഫ്‌സി എസെയ്‌സയും ഡിപോർട്ടീവോ മുനിസും തമ്മിൽ നടന്ന അഞ്ചാം ഡിവിഷൻ പോരാട്ടത്തിനിടെയാണ് ദാരുണമായ സംഭവം. എഫ്‌സി എസെയ്‌സയുടെ താരമായ അബെൽ നൂനസ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ചയാണ് താരത്തിന്റെ മരണം എഫ്‌സി എസെയ്‌സ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപകടത്തെ തുടർന്നു മത്സരം ഉപേക്ഷിച്ചു.

ഹോസെ സി പാസിലെ ക്ലബ് അത്‌ലറ്റിക്കോ ലാ സോണി സ്റ്റേഡിയത്തിൽ നടന്ന ജുവനൈൽസ് സി കോപ്പ ഡെ പ്ലാറ്റ മത്സരത്തിനിടെയാണ് അപകടം. മത്സരത്തിനിടെ മുനിസിന്റെ പ്രതിരോധ താരം പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. നാലോ അഞ്ചോ മീറ്റർ മാത്രം അകലെ നിന്നിരുന്ന നൂനസിന്റെ തലയിലാണ് കിക്ക് കൊണ്ടത്. ഉടൻതന്നെ താരം മൈതാനത്ത് കുഴഞ്ഞു വീണു. ബോധം പൂർണമായി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു താരം.

മൈതാനത്തുവെച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം നൂനസിനെ ആശുപത്രിയിലെത്തിച്ചു. താരത്തിന്റെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.

അബെൽ നൂനസിന്റെ മരണവാർത്ത എഫ്‌സി എസെയ്‌സ സ്ഥിരീകരിച്ചു. ക്ലബിന്റെ പത്താം നമ്പർ ജഴ്‌സിയണിഞ്ഞ നൂനസിന്റെ ചിത്രവും അതോടൊപ്പം ഹൃദയഭേദകമായ കുറിപ്പും ക്ലബ് സമൂഹ മാധ്യമത്തിൽ പങ്കിട്ടു.

‘ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾക്ക് പങ്കുവയ്ക്കേണ്ടിവന്ന ഏറ്റവും വേദനാജനകമായ വാർത്തയാണിത്. അഗാധമായ ദുഃഖത്തോടെയും തീരാവേദനയോടെയും ഞങ്ങൾ യാത്രാമൊഴി നൽകുന്നത് ജീവിതം ഇനിയും ഏറെ ബാക്കിയുണ്ടായിരുന്ന ഒരു യുവാവിനാണ്. ഈ നഷ്ടം നികത്താനാവാത്ത ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. എസെയ്‌സയുടെ ജഴ്‌സി അഭിമാനത്തോടെ അണിഞ്ഞ് മത്സരിക്കുന്നതിനിടെ സംഭവിച്ച ഗുരുതരമായ പരിക്കിനെത്തുടർന്നാണ് താരത്തെ നഷ്ടമായത്. അദ്ദേഹത്തിന്റെ വേർപാടിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ന് ഫുട്ബോൾ എന്നത് പിന്നണിയിലേക്ക് മാറുകയാണ്. ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്ന ഞങ്ങളുടെ കുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന ഒരു സഹതാരത്തോട് വിട പറയുന്നതിന്റെ വേദനയിലാണ് ഞങ്ങൾ.‘

‘ഈ അതീവ ദുഷ്കരമായ സമയത്ത് അബെലിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ലബ് എസെയ്‌സിലെ എല്ലാവരുടെയും പേരിൽ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പ്രിയ താരത്തിന് നിത്യശാന്തി നേരുന്നു. നിങ്ങൾ എന്നും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരിക്കും.’

ഡിപോർട്ടീവോ മുനിസും യുവതാരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രസ്താവന പുറത്തിറക്കി.

‘അഗാധമായ ദുഃഖത്തോടെയും വലിയ വേദനയോടെയും അബെലിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എഫ്‌സി എസെയ്‌സയിലെ മുഴുവൻ അംഗങ്ങൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു. ഈ നിമിഷത്തിൽ വാക്കുകൾക്ക് പോലും അർത്ഥമില്ല‘– ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി.

Abel Nunez, an 18-year-old Argentine footballer, died on Sunday after suffering head trauma during a match in the fifth division of the Argentine Football Association's (AFA) Youth Tournament C

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മുരളീമന്ദിരം കോൺഗ്രസിന് മാത്രം; ലീഡറുടെ ഓർമ്മകൾ ഉറങ്ങുന്ന പൂങ്കുന്നത്തെ വസതി വീണ്ടും രാഷ്ട്രീയ ചർച്ചയാകുമ്പോൾ

ആലപ്പുഴ ബീച്ച് ടൂറിസം വികസന പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബോബര്‍ ശൈലി, 471 സിസി, ഡ്യുവല്‍ ചാനല്‍ എബിഎസ്; ഹോണ്ട റിബല്‍ 500 വിപണിയില്‍

'ഈ വർഷം വിജയിച്ചിരിക്കുന്നത് 16 ചിത്രങ്ങൾ, ഒരുപാട് സന്തോഷം'; തമിഴ് സിനിമയുടെ മാറ്റത്തെക്കുറിച്ച് മിഷ്കിൻ

പ്രോജക്ട് സയന്റിസ്റ്റ്, അസോസിയേറ്റ് ഒഴിവുകൾ; KSCSTE-യിൽ അവസരം, ശമ്പളം 66,080 രൂപ വരെ