ശ്രദ്ധേയമായ ഒട്ടനേകം കിരീട നേട്ടങ്ങളുടെ ഫുട്‌ബോള്‍ വര്‍ഷമാണ് കടന്നു പോകുന്നത്. ഈ നേട്ടങ്ങളുടെ ഏറ്റവും വലിയ കൗതുകം എന്തെന്നാല്‍ പല ടീമുകളും ചരിത്രത്തിലാദ്യമായി ഇത്തവണ കിരീട മധുരം നുണഞ്ഞു എന്നതാണ്. മറ്റ് ചില ടീമുകള്‍ ഒരു കിരീടം നേടിയ ശേഷം വര്‍ഷങ്ങളോളം കാത്തിരുന്നു രണ്ടാം കിരീടത്തില്‍ മുത്തമിട്ടതിനും 2025ലെ ഫുട്‌ബോള്‍ സാക്ഷ്യം നിന്നു.
പിഎസ്ജി, ടോട്ടനം ഹോട്‌സ്പര്‍, ക്രിസ്റ്റല്‍ പാലസ്, ന്യൂകാസില്‍ യുനൈറ്റഡ് അടക്കമുള്ള ടീമുകള്‍ ആദ്യ കിരീടം സ്വന്തമാക്കിയ ടീം പട്ടികയിലുണ്ട്. കരിയറില്‍ ആദ്യമായി ഇംഗ്ലണ്ട് നായകനും ബയേണ്‍ മ്യൂണിക്ക് മുന്നേറ്റക്കാരനുമായ ഹാരി കെയ്‌നും ഒരു ട്രോഫി കൈകൊണ്ടു തൊട്ട വര്‍ഷമാണ് ഫുട്‌ബോള്‍ ലോകത്തിന് 2025!
പിഎസ്ജി
ഫ്രഞ്ച് ലീഗ് വണിലെ കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) അവരുടെ ചരിത്രത്തിലെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ വര്‍ഷമാണ് 2025. 1970 മുതല്‍ അവര്‍ യൂറോപ്യന്‍ ഗ്ലോറിയ്ക്കായുള്ള ശ്രമങ്ങളിലായിരുന്നു. രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടം പക്ഷേ അകന്നു നിന്നു.
മെസി, നെയ്മര്‍, എംബാപ്പെ ത്രയമെന്ന മാരക മുന്നേറ്റമുണ്ടായിട്ടു പോലും അവര്‍ക്ക് യൂറോപ്യന്‍ കിരീടം അകന്നു നിന്നു. മുന്‍ ബാഴ്‌സലോണ, സ്‌പെയിന്‍ പരിശീലകന്‍ ലൂയീസ് എന്റിക്വെ പരിശീലകനായി എത്തിയ ശേഷമാണ് അവര്‍ നീണ്ട കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചത്. ഫൈനലില്‍ ഇന്റര്‍ മിലാനെ തകര്‍ത്താണ് ചരിത്രത്തിലാദ്യമായി അവര്‍ യൂറോപ്യന്‍ കിരീടമുയര്‍ത്തിയത്.
ടോട്ടനം ഹോട്‌സ്പര്‍
17 വര്‍ഷമായി ഒരു ട്രോഫി പോലുമില്ലാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് ഫോറില്‍ നിരന്തരം കളിക്കുന്നവരാണ് ടോട്ടനം ഹോട്‌സ്പര്‍. ഒടുവില്‍ 2025ല്‍ അവര്‍ ഒരു ട്രോഫി തങ്ങളുടെ ഷോക്കേസിലെത്തിച്ചു. യുവേഫ യൂറോപ്പ ലീഗ് കിരീടമാണ് ടോട്ടനം സ്വന്തമാക്കിയത്. ആന്‍ജി പോസ്റ്റഗോഗ്ലുവിന്റെ പരിശീലക മികവിലാണ് ടോട്ടനത്തിന്റെ നേട്ടം. മാനേജര്‍ കരിയറില്‍ അപൂര്‍വതകളുള്ള പോസ്റ്റഗോഗ്ലു ഏതൊരു ടീമിനെയാണോ പരിശീലിപ്പിക്കാന്‍ എത്തുന്നത് ആ ടീമിനൊപ്പം രണ്ടാം സീസണില്‍ അദ്ദേഹമുണ്ടെങ്കില്‍ കപ്പടിക്കും എന്നതാണ്. അതു തന്നെ ടോട്ടനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നതിന്റെ അപൂര്‍വതയും ലോകം കണ്ടു. യൂറോപ്പ ലീഗ് ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തിയാണ് സ്‌പേര്‍സിന്റെ കിരീട നേട്ടം.
ക്രിസ്റ്റല്‍ പാലസ്
120 വര്‍ഷം കിരീടമില്ലാതെ കളിച്ച ക്രിസ്റ്റല്‍ പാലസ് ചരിത്രത്തിലാദ്യമായി ഒരു കിരീടമുയര്‍ത്തിയതാണ് 2025ലെ മറ്റൊരു മനോഹര കാഴ്ച. എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചാണ് പാലസിന്റെ കിരീട ധാരണമുണ്ടായത്.
ന്യൂകാസില്‍ യുനൈറ്റഡ്
1955നു ശേഷം ന്യൂകാസില്‍ യുനൈറ്റഡ് ആദ്യമായി ഒരു കിരീടം നേടിയ വര്‍ഷം. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പാണ് അവര്‍ സ്വന്തമാക്കിയത്. ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ചാണ് കിരീട നേട്ടം. 1955ല്‍ എഫ് കപ്പ് കിരീടം നേടിയ ശേഷം ന്യൂകാസില്‍ മറ്റൊരു നേട്ടത്തിനായി കാത്തിരുന്നത് 70 വര്‍ഷങ്ങളാണ്.
ബൊലോഞ്ഞ
ഇറ്റാലിയന്‍ ടീമായ ബൊലോഞ്ഞയാണ് കിരീട വര്‍ള്‍ച്ചയ്ക്ക് 2025ല്‍ വിരാമമിട്ട മറ്റൊരു ടീം. നീണ്ട 51 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കി. ഫൈനലില്‍ കരുത്തരായ എസി മിലാനെ വീഴ്ത്തിയാണ് അവരുടെ ഇടവേളയ്ക്കു ശേഷമുള്ള കിരീടധാരണം. 1974നു ശേഷമുള്ള അവരുടെ ആദ്യ ചാംപ്യന്‍ പട്ടം.
റോയല്‍ യൂനിയന്‍ സെന്റ് ഗില്ലോയിസ്
ബെല്‍ജിയം പ്രോ ലീഗില്‍ റോയല്‍ യൂനിയന്‍ സെന്റ് ഗില്ലോയിസ് കിരീടം നേടിയതാണ് 2025ലെ മറ്റൊരു ശ്രദ്ധേയ മുന്നേറ്റം. 90 വര്‍ഷത്തെ അവരുടെ പരിശ്രമമാണ് ലക്ഷ്യം കണ്ടത്. ക്ലബ് ബ്രുഗ്ഗെ, റെയ്‌സിങ് ജെംഗ് അടക്കമുള്ള വമ്പന്‍മാരെ പിന്നിലാക്കിയാണ് നേട്ടം.
1904നും 35നും ഇടയില്‍ 11 ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമാണ് സെന്റ് ഗില്ലോയിസ്. 1935നു ശേഷം പിന്നീടൊരിക്കലും അവര്‍ക്ക് കിരീടം കിട്ടിയില്ല. ഒടുവില്‍ 2025ലാണ് നിരാശയ്ക്കു വിരാമമായത്.
വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട്
ജര്‍മന്‍ ബുണ്ടസ് ലീഗ ടീം വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട് 18 വര്‍ഷത്തെ ട്രോഫിയ്ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു ഇത്തവണ. ജര്‍മന്‍ കപ്പ് കിരീടം സ്വന്തമാക്കിയാണ് സ്റ്റുട്ടഗാര്‍ഡ് കിരീടം നേടിയത്.
ഹാരി കെയ്ന്‍
ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ നീണ്ടകാലം ടോട്ടനം ഹോട്‌സ്പര്‍ താരമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എല്ലാ സീസണിലും 20നു മുകളില്‍ ഗോളുകള്‍ നേടുന്ന കെയ്‌നിനു കിരീടം മാത്രം കിട്ടാക്കനിയായി. ക്ലബ് ഫുട്‌ബോള്‍ മാത്രമല്ല ഇംഗ്ലണ്ട് ജേഴ്‌സിയിലും കിരീടമില്ല.
പിന്നീട് താരം ബയേണ്‍ മ്യൂണിക്ക് പാളയത്തിലെത്തി. ആദ്യ സീസണില്‍ ബയേണിനൊപ്പവും ഒരു കിരീടവുമില്ല. പിന്നീട് ഇത്തവണ അവര്‍ ബുണ്ടസ് ലീഗ കിരീടം തിരിച്ചു പിടിച്ചപ്പോള്‍ അതില്‍ നിര്‍ണായക പങ്കുമായി അമരത്ത് ഹാരി കെയ്‌നുണ്ട്. ടോട്ടനം ഹോട്‌സപര്‍ തകിരീട വരള്‍ച്ചയ്ക്കു വിരാമിട്ട അതേ വര്‍ഷം ഹാരി കെയ്‌നും ആ നിരാശ അവസാനിപ്പിച്ചു എന്നതാണ് ഇതിലെ മറ്റൊരു കൗതുകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates