കറാച്ചി: ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്തു ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോടു രൂക്ഷമായി പ്രതികരിച്ച് മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിനു പിന്നാലെയാണ് സംഭവം. പിഎസ്എല്ലില്‍ ബാബര്‍ പെഷവാര്‍ സാല്‍മി നായകനാണ്. ഹൈദരാബാദ് കിങ്‌സ്മാനെതിരായ പോരാട്ടത്തില്‍ പെഷവാര്‍ വിജയിച്ചിരുന്നു. മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായതും ബാബറാണ്. ഈ മത്സരത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബാബര്‍ മാധ്യമപ്രവര്‍ത്തകനോടു രൂക്ഷമായി പ്രതികരിച്ചത്.
'വിരാട് കോഹ്ലിയുടേയും നിങ്ങളുടേയും ഷോട്ടുകള്‍ക്ക് സമാനതകളുണ്ട്. എന്നാല്‍ അദ്ദേഹം മത്സരങ്ങള്‍ ചെയ്‌സ് ചെയ്തു ജയിപ്പിക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്. അക്കാര്യത്തില്‍ നിങ്ങള്‍ പിന്നിലാണെന്നു ആളുകള്‍ പറയുന്നു. പലരും നിങ്ങളെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതിനാല്‍ അക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?'- മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ചോദ്യം കേട്ടപ്പോള്‍ തന്നെ ബാബര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. പിന്നാലെയാണ് രൂക്ഷമായി പ്രതികരിച്ചത്.
'ഇത് ഇവിടെ അവസാനിപ്പിക്കാം. അമ്മാതിരിയുള്ള ചിന്തകളൊക്കെ നിങ്ങളുടെ ഉള്ളില്‍ തന്നെ ഇരിക്കട്ടെ. താരതമ്യം നിര്‍ത്തി മുന്നോട്ടു പോകാം. ഞാന്‍ മത്സരങ്ങള്‍ ചെയ്‌സ് ചെയ്തു ജയിപ്പിച്ചില്ല എന്നതൊക്കെ നിങ്ങളുടെ തെറ്റിദ്ധാരണയാണ്'- ബാബര്‍ പ്രതികരിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു തുടങ്ങിയ കാലം മുതല്‍ക്ക് ബാബര്‍ അസമിനെ കോഹ്‌ലിയുമായി താരതമ്യം ചെയ്തു പല പാക് ക്രിക്കറ്റ് വിദഗ്ധരും സംസാരിക്കാറുണ്ടായിരുന്നു. പാക് മാധ്യമങ്ങളും ബാബറിനു സമാന പരിവേഷം നല്‍കിയിട്ടുണ്ട്.
സ്ഥിരത, മികച്ച സ്‌ട്രോക്ക്‌പ്ലേ, നങ്കൂരമിട്ട് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ് എന്നിവ കാരണമാണ് ബാബറിനെ പലപ്പോഴും കോഹ്ലിയുമായി താരതമ്യപ്പെടുത്താറുണ്ടായിരുന്നത്. 2021 ല്‍ ഐസിസി റാങ്കിങില്‍ ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്സ്മാന്‍ എന്ന നിലയില്‍ കോഹ്ലിയുടെ 1,258 ദിവസത്തെ ആധിപത്യം തകര്‍ത്ത് ബാബര്‍ ഒന്നാം റാങ്കിലെത്തിയിരുന്നു. 2023ല്‍ കോഹ്ലിയേക്കാള്‍ വേഗത്തില്‍ 5,000 ഏകദിന റണ്‍സ് തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ കളിക്കാരനായി അദ്ദേഹം മാറി ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ റെക്കോര്‍ഡും ബാബര്‍ തകര്‍ത്തിട്ടുണ്ട്. വെറും 97 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം 5000 ഏകദിന റണ്‍സ് അടിച്ചെടുത്തത്.
എന്നാല്‍ കോഹ്‌ലിയുടെ സ്ഥിരതയ്ക്കും മികവിനും ഇത്രകാലം കഴിഞ്ഞിട്ടും വലിയ മങ്ങലേറ്റിട്ടില്ലെന്നു അദ്ദേഹത്തിന്റെ നിലവിലെ ഫോം അടിവരയിടുന്നു. അതേസമയം 2023നു ശേഷം ബാബറിന്റെ ഫോമിനു മങ്ങലേറ്റു. ബാറ്റിങിലെ അസ്ഥിരത അദ്ദേഹത്തിനു തിരിച്ചടിയായി മാറി. തുടര്‍ച്ചയായ ഫോം ഔട്ടുകളും താരത്തിന്റെ കരിയറിനെ പിന്നോട്ടടിച്ചു. തുടക്കത്തില്‍ ബാബറിനു കിട്ടിയ ഹൈപ്പ് പിന്നീട് ക്രമേണ കുറയുകയാണുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates