മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ഇനി ബിസിസിഐ റഡാറില്‍. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാനും ടീമില്‍ സ്ഥാനം ഉറപ്പാക്കാനും സൂര്യ ഇനി നിരവധി കടമ്പകള്‍ താണ്ടേണ്ടി വരും. ലോകകപ്പ് നേടിയെങ്കിലും സമീപ കാലത്ത് ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ നായകനു സാധിച്ചിരുന്നില്ല. ഇതോടെയാണ് അദ്ദേഹം നിരീക്ഷണത്തിലേക്ക് വരുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കരിയറില്‍ നിര്‍ണായകമാണ്. ക്യാപ്റ്റന്‍സിയെക്കാള്‍ ഉപരി അദ്ദേഹത്തിന്റെ ബാറ്റിങായിരിക്കും ഈ പര്യടനത്തില്‍ പ്രധാനമായും നിരീക്ഷിക്കപ്പെടുക. 2028ലെ ഒളിംപിക്‌സും ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍ വരെ അദ്ദേഹത്തിന് ടീമില്‍ അവസരം നല്‍കണോ എന്ന് ഈ പര്യടനത്തിലെ പ്രകടനം വിലയിരുത്തിയായിരിക്കും തീരുമാനിക്കുക.
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആദ്യ ചോയ്‌സ് ഇപ്പോഴും സൂര്യകുമാര്‍ തന്നെയാണ്. 2028ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ തന്റെ കരാര്‍ നീട്ടിക്കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുമുണ്ട്.
എന്നാല്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ തീരുമാനത്തോട് യോജിക്കുമോ എന്നതാണ് ഇതില്‍ പ്രധാനം. സൂര്യയുടെ പ്രായവും അദ്ദേഹത്തിനു വിലങ്ങാകാന്‍ സാധ്യതയുണ്ട്. 2028ലെ ഒളിംപിക്‌സാകുമ്പോഴേക്കും സൂര്യയ്ക്കു ഏതാണ്ട് 38 വയസാകും.
'നിലവില്‍ സൂര്യ ടീമിനെ നയിക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കേണ്ടതുണ്ട്. യുകെ പര്യടനത്തില്‍ അദ്ദേഹം തന്നെയാകും നായകന്‍, എന്നാല്‍ അതിനുശേഷം 2028 വരെയുള്ള കാര്യങ്ങള്‍ പൂര്‍ണമായും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക'- ഒരു ബിസിസിഐ അംഗം വ്യക്തമാക്കി.
സൂര്യകുമാറിനെ സംബന്ധിച്ച് 2025 വളരെ മോശം വര്‍ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 120ന് താഴെയണ്. ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാന്‍ കഴിയാതെ വരികയും ചെയ്തു.
എന്നാല്‍ 2026ല്‍ കാര്യങ്ങള്‍ മാറി. ടി20 ലോകകപ്പ് അവസാനിക്കുമ്പോഴേക്കും 160ലധികം സ്ട്രൈക്ക് റേറ്റില്‍ നാല് അര്‍ധ സെഞ്ച്വറികള്‍ അദ്ദേഹം നേടി. എങ്കിലും ലോകകപ്പില്‍ യുഎസ്എയ്ക്കെതിരായ ആദ്യ മത്സരമൊഴികെ മറ്റ് പ്രധാന മത്സരങ്ങളിലൊന്നും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 18, വെസ്റ്റ് ഇന്‍ഡീസിനെതിരെ 18, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 11, ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പൂജ്യം എന്നിങ്ങനെയായിരുന്നു വലിയ ടീമുകള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
ഇന്ത്യന്‍ ടീമിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ ടീമിലും പുറത്തുമുണ്ട്. വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങളും അവസരം കാത്തുനില്‍ക്കുന്നു. അത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സൂര്യകുമാര്‍ കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നു വ്യക്തം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates