ചെന്നൈ: 2026 ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററും രാജസ്ഥാന്‍ റോയല്‍സ് താരവുമായ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ശ്രമം വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുന്‍പ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സിഎസ്‌കെ ഇതില്‍ നിന്നു പിന്‍മാറിയെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ മലയാളി താരത്തിനായി ചെന്നൈ വീണ്ടും രംഗത്തിറങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി ചെന്നൈ- രാജസ്ഥാന്‍ ടീമുകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും സൂചനകളുണ്ട്. നേരത്തെ നാല്, അഞ്ച് വട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ചെന്നൈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അതിനിടെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. സഞ്ജുവിനെ വിട്ടുനല്‍കി ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ ടീമിലെത്തിക്കുകയാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ അതു വിജയിച്ചില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അതിനിടെയാണ് വീണ്ടും ചെന്നൈ ശ്രമം ആരംഭിച്ചത്.
ഈ മാസം 10, 11 ദിവസങ്ങളിലായി നടക്കുന്ന ആഭ്യന്തര യോഗത്തില്‍ പുതിയ സീസണിലേക്ക് നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ചു ചെന്നൈ തീരുമാനമെടുക്കും. അതിനു ശേഷം സഞ്ജുവിനായി അവസാന ശ്രമം തുടങ്ങാനാണ് ചെന്നൈ നിലവില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ സമ്മതം അറിയിച്ചാല്‍ താരക്കൈമാറ്റം സംബന്ധിച്ചു കൂടുതല്‍ തീരുമാനങ്ങള്‍ ടീം എടുക്കും.
അതിനിടെ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന വെറ്ററന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ സഞ്ജുവിനു പകരമായി രാജസ്ഥാന്‍ ആവശ്യപ്പെട്ടേക്കുമെന്ന വാര്‍ത്തകളുമുണ്ട്. പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ സ്വന്തമാക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് ജഡേജ. താരത്തിനായി മറ്റു ചില ടീമുകളും രംഗത്തുണ്ട്.
കൊല്‍ക്കത്ത, ലഖ്‌നൗ
സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളും ശ്രമം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഞ്ജു സാംസണൊപ്പം കെഎല്‍ രാഹുലിനായും കെകെആര്‍ ശ്രമം നടത്തുന്നുണ്ട്.
ലഖ്‌നൗ കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്കു ഋഷഭ് പന്തിനെ ടീമിലെത്തിച്ചിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മുടക്കിയ ലേലത്തിലൂടെ 27 കോടി മുടക്കിയാണ് ലഖ്‌നൗ പന്തിനെ ടീമിലെത്തിച്ചത്. എന്നാല്‍ താരത്തിനു കരുത്തോടെ ടീമിനെ നയിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ സീസണില്‍ വലിയ ഇംപ്കാടും ടീമിനുണ്ടാക്കാനായില്ല. ഈ പശ്ചാത്തലത്തില്‍ പന്തിനെ ലഖ്‌നൗ നിലനിര്‍ത്താനും സാധ്യതയില്ല. ഇതോടെയാണ് ലഖ്‌നൗ നിലവില്‍ സഞ്ജുവിനെ റാഞ്ചാനുള്ള പദ്ധതി നോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates