നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ പ്ലേയിങ് ഇലവനില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ രംഗത്ത്. ടീമില്‍ സഞ്ജുവിന്റെ റോള്‍ എന്താണെന്നതിനെക്കുറിച്ച് താരത്തിന് വ്യക്തത നല്‍കിയിട്ടുണ്ടെന്നും, നിലവിലെ പരമ്പരയില്‍ സഞ്ജുവിന് ഇനിയും മടങ്ങിവരാന്‍ സാധിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്റെ പ്രതികരണം പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍, അഞ്ച് മത്സരങ്ങളുള്ള നിലവിലെ ഇംഗ്ലണ്ട് പരമ്പരയില്‍ താരം ഇപ്പോഴും ടീമിന്റെ ഭാഗമാണെന്ന് ഗംഭീര്‍ പറഞ്ഞു. പരമ്പരയിലെ രണ്ട് തോല്‍വികള്‍ക്കും ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതിനും ശേഷം ഇന്ത്യ നിലവില്‍ 0-2ന് പിന്നിലാണ്. ചൊവ്വാഴ്ച നടന്ന മൂന്നാം ടി20യില്‍ ഇന്ത്യ 125 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു ഗംഭീറിന്റെ പ്രതികരണം. പരമ്പരയിലെ നാലാം മത്സരം വ്യാഴാഴ്ച ബ്രെസ്റ്റോളില്‍ നടക്കും.
'സഞ്ജുവിന് വിശദീകരണം നല്‍കേണ്ട കാര്യങ്ങള്‍ ഞാന്‍ വ്യക്തിപരമായി സംസാരിച്ചിട്ടുണ്ട്. അത് ഒരു പരിശീലകനും കളിക്കാരനും തമ്മിലുള്ള സംഭാഷണമാണ്. അതിന്റെ ഉള്ളടക്കം മാധ്യമങ്ങളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. ടി20 ലോകകപ്പില്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്കായി സഞ്ജു ചെയ്ത കാര്യങ്ങള്‍ അതിശയകരമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ ചിലപ്പോഴൊക്കെ കളിക്കാരുടെ ഫോം കൂടി നമ്മള്‍ പരിഗണിക്കേണ്ടി വരും. ഈ പരമ്പരയില്‍ അദ്ദേഹത്തിന് ഇനി അവസരമില്ലെന്ന് ആരും പറഞ്ഞിട്ടില്ല' -ഗംഭീര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവായിരുന്നു. എന്നാല്‍, അയര്‍ലന്‍ഡിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിലുമായി 5, 0, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സംഭാവന. ഇതോടെ സഞ്ജുവിന് പകരം 15കാരനായ വൈഭവ് സൂര്യവംശിയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സിംബാബ്വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്ത പ്രഭ്‌സിമ്രാന്‍ സിങ്ങിനെയാണ് സെലക്ടര്‍മാര്‍ പകരം പരിഗണിച്ചത്.
നിലവിലെ ഫോമും ഇന്ത്യക്ക് വിജയം സമ്മാനിക്കാന്‍ സാധിക്കുന്ന മികച്ച ടീം കോമ്പിനേഷനും നോക്കിയായിരിക്കും ഇനിയുള്ള ടീം തെരഞ്ഞെടുപ്പെന്നും ഗംഭീര്‍ വ്യക്തമാക്കി. 'അന്താരാഷ്ട്ര ക്രിക്കറ്റ് എന്നത് ഫലങ്ങളെ ആശ്രയിച്ചുള്ളതാണ്. വിജയം നേടിത്തരാന്‍ ഏറ്റവും അനുയോജ്യമെന്ന് ഞങ്ങള്‍ക്ക് തോന്നുന്ന കോമ്പിനേഷനും പ്ലേയിങ് ഇലവനുമായിരിക്കും കളത്തിലിറങ്ങുക. ടീമിലെ സ്ഥാനം എല്ലാവരും സ്വന്തം പ്രകടനത്തിലൂടെ നേടിയെടുക്കേണ്ടതാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. ഇന്ത്യയ്ക്കായി കളിക്കാനുള്ള അര്‍ഹത ഓരോരുത്തരും നേടിയെടുക്കണം' -ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates