Vozinha x
Fifa World Cup 2026

വോസിന്യയുടെ വിസ്മയ സേവുകൾ കണ്ട് അമ്മ ​ഗാലറിയിൽ ഇരുന്ന് കൈയടിക്കും; ലോകകപ്പ് കാണാൻ വിസ അനുവദിച്ച് യുഎസ്

സ്പെയിനിനെതിരെ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെ താരം പൊട്ടിക്കരഞ്ഞത് ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മയാമി: ഫിഫ ലോകകപ്പിൽ മുൻ ചാംപ്യൻമാരായ സ്പെയിനിനെ ​ഗോളടിക്കാൻ സമ്മതിക്കാതെ കാബോ വെർദെ (കേപ് വെർദെ) ടീം സമനിലയിൽ തളച്ചപ്പോൾ അവരുടെ ​ഗോൾ കീപ്പർ വോസിന്യയാണ് മത്സരത്തിൽ വിസ്മയം തീർത്ത് കളം വാണത്. താരത്തിന്റെ അമ്മയ്ക്ക് ഒടുവിൽ ലോകകപ്പ് കാണാൻ അമേരിക്കൻ ഭരണകൂടം അനുവാദം നൽകിയിരിക്കുകയാണ് ഇപ്പോൾ.

മത്സരത്തിൽ ഹീറോയായി മാറിയ ശേഷം വോസിന്യ പൊട്ടിക്കരഞ്ഞത് ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നിരുന്നു. തന്റെ അമ്മയ്ക്കും കുടുംബാം​ഗങ്ങൾക്കും താൻ കളിക്കുന്നത് നേരിൽ കാണാനുള്ള അവസരം വിസ നിഷേധിച്ചതിലൂടെ നഷ്ടമായെന്നും അതോർത്താണ് കരഞ്ഞതെന്നും താരം വെളിപ്പെടുത്തുകയും ചെയ്തു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ യു എസ് ഭരണകൂടം നേരിട്ട് ഇടപെട്ടാണ് ഇപ്പോള്‍ വിസ അനുവദിച്ചിരിക്കുന്നത്. സ്പെയിനിനെ ​ഗോളടിക്കാൻ സമ്മതിക്കാതെ പിടിച്ചു നിർത്തിയതിന്റെ ആനന്ദക്കണ്ണീരാണോയെന്നു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് താരം കരഞ്ഞ് തന്റെ നിസഹായാവസ്ഥ വ്യക്തമാക്കിയത്. വിസ കിട്ടാത്തതും യാത്രയ്ക്കു വന്ന വമ്പൻ ചെലവുകളുമാണ് വോസിന്യയുടെ കുടുംബത്തിനു വിനയായത്. ഇതിനാണ് ഇപ്പോൾ പരിഹാരം വന്നത്.

യു എസ് ഹൗസ് ഡെമോക്രാറ്റിക് ലീഡര്‍ ഹക്കീം ജെഫ്രീസാണ് വോസിന്യയുടെ അമ്മ അനാ കാന്‍ഡിഡ എവോറയ്ക്ക് വിസ അനുവദിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചതായും, കാബോ വെര്‍ദെയുടെ അടുത്ത മത്സരം കാണാന്‍ അവരുടെ അമ്മയ്ക്ക് അവസരമൊരുക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടതായും ജെഫ്രീസ് വ്യക്തമാക്കി. സാധാരണക്കാരനായ കാബോ വെര്‍ദെ പൗരന്മാര്‍ക്ക് യുഎസ് വിസ ലഭിക്കണമെങ്കില്‍ ഏകദേശം 12.5 ലക്ഷം രൂപ വരെ ബോണ്ട് തുകയായി കെട്ടിവെക്കണമെന്ന കടുത്ത നിയമം നിലവിലുണ്ടായിരുന്നു.

ഹോം ക്ലീനറായി ജോലി ചെയ്യുന്ന അനാ കാന്‍ഡിഡയ്ക്ക് ഈ തുക കണ്ടെത്താന്‍ കഴിയാത്തതായിരുന്നു വിസ നിഷേധിക്കപ്പെടാന്‍ കാരണം. എന്നാല്‍ പ്രത്യേക കേസായി പരിഗണിച്ച് വോസിന്യയുടെ കുടുംബത്തിനുള്ള എല്ലാ വിസ ഫീസുകളും ബോണ്ട് തുകകളും പൂര്‍ണമായും ഒഴിവാക്കി നല്‍കി. ഫിഫയുടെയും കാബോ വെര്‍ദെ സര്‍ക്കാരിന്റെയും സംയുക്ത സഹകരണത്തോടെയാണ് യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്.

വരുന്ന ഞായറാഴ്ച മയാമിയില്‍ ശക്തരായ ഉറു​ഗ്വെയ്ക്കെതിരെയാണ് കാബോ വെര്‍ദെയുടെ അടുത്ത ഗ്രൂപ്പ് ഘട്ട മത്സരം. ഗാലറിയിലിരുന്ന് ഈ പോരാട്ടത്തിലെ മകന്റെ പ്രകടനം കാണാന്‍ അമ്മ അനാ കാന്‍ഡിഡ എവോറയ്ക്ക് സാധിക്കും. കരിയറിന്റെ അവസാന ഘട്ടത്തില്‍ തന്റെ ഏറ്റവും വലിയ സ്വപ്ന വേദിയില്‍ അമ്മയുടെ സാന്നിധ്യം കൂടി ലഭിക്കുന്നത് വോസിന്യയ്ക്കും ടീമിനും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

40ാം വയസിലാണ് വോസിന്യ ലോകകപ്പിൽ അരങ്ങേറുന്നത്! യോസിമാർ ജോസ് എവോറ ഡിയാസ് എന്നാണ് താരത്തിന്റെ മുഴുവൻ പേര്. ഒറ്റ കളിയിലൂടെ താരം നേരെ ഓടിക്കയറിയത് ആരാധകരുടെ ​​ഹൃദയത്തിലേക്കാണ്. സ്പെയിനിനെതിരായ താരത്തിന്റെ മിന്നും പ്രകടനം അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും വൻ ചലനമാണ് തീർത്തത്. മണിക്കൂറുകൾ കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം 50,000യിരത്തിൽ നിന്നു ഏതാണ് 3 മില്ല്യണിലേക്കാണ് കുതിച്ചു ചാടിയത്.

ഫിഫ ലോകകപ്പ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമുള്ള രണ്ടാമത്തെ താരമെന്ന അപൂർവ റെക്കോർഡും വോസിന്യ സ്വന്തമാക്കി. 2018ലെ ലോകകപ്പില്‍ 45ാം വയസില്‍ അരങ്ങേറിയ മുന്‍ ഈജിപ്റ്റ് ഗോള്‍ കീപ്പര്‍ എസ്സാം എല്‍ ഹദാരി 45ാം വയസില്‍ അരങ്ങേറിയതാണ് നിലവില്‍ ഒന്നാമത്.

മത്സരത്തിൽ കടുത്ത പ്രതിരോധം തീർത്താണ് കാബോ വെർദെ സ്പെയിനിനെ അസ്വസ്ഥരാക്കിയത്. സ്പാനിഷ് താരങ്ങൾ കാബോ വെർദെ പ്രതിരോധം പൊട്ടിച്ച് ബോക്സിൽ കയറി ​ഗോളടിക്കാൻ നോക്കിയാലും രക്ഷയില്ലായിരുന്നു. അവിടെ വോസിന്യ അതിലും വലിയ മതിൽ പണിതാണ് നിന്നത്. സ്‌പെയിൻ താരങ്ങളായ ഫെറാൻ ടോറസിന്റെയും മികേൽ ഒയർസബാലിന്റെയും അടക്കം ഗോളെന്നുറച്ച ഷോട്ടുകളാണ് വോസിന്യ തടുത്തിട്ടത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും വോസിന്യ തന്നെ.

സ്‌പെയിനിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പെഡ്രി എടുത്ത കോർണറിൽ നിന്നുള്ള ഐമറിക് ലപോർട്ടെയുടെ ഗോളെന്നുറച്ച ഷോട്ട് വോസിന്യ രക്ഷിച്ചെടുത്തത് അമ്പരപ്പോടെയാണ് ഫുട്‌ബോൾ ലോകം കണ്ടത്. 8 ഷോട്ടുകളാണ് മത്സരത്തിൽ സ്‌പെയിൽ കാബോ വെർദെ പോസ്റ്റ് കണക്കാക്കി അടിച്ചത്. എട്ടിൽ ഏഴോളം ശ്രമങ്ങളും വോസിന്യയുടെ കൈയിൽ അവസാനിച്ചു.

U.S. officials have moved to secure a visa for Cape Verde goalkeeper Vozinha's mother before Sunday's Uruguay match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രസംഗത്തില്‍ പലതും പറയും; പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'

ജവാന്‍ ഉത്പാദനം നിലച്ചു, 28 കോടിയുടെ നഷ്ടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മമത ബാനർജിക്ക് തിരിച്ചടി; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

വനിതാ സംവരണ-മണ്ഡല പുനര്‍നിര്‍ണയ വിവാദം; ചന്ദ്രബാബു നായിഡുവിന്റെ നിലപാടിനെതിരെ തരൂര്‍

'എതിരഭിപ്രായമുണ്ടാകണം; ചർച്ചകൾ വരുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുക'

SCROLL FOR NEXT