ന്യൂയോർക്ക്: ബ്രസീലും മൊറോക്കോയും തമ്മിലുള്ള പോരാട്ടം കഴിഞ്ഞപ്പോൾ ആരാധകർ കൗതുകത്തോടെ തിരഞ്ഞത് ആ 18കാരനെയാണ്. ഫിഫ ലോകകപ്പിലെ ആദ്യ പോരിൽ ബ്രസീലിനെ വിറപ്പിച്ച് കളം വാണ ആ വിസ്മയ താരത്തിന്റെ പേര് അയ്യൂബ് ബുവാദി എന്നാണ്. ഫ്രഞ്ച് ലീഗ് വൺ ടീം ലില്ലിന്റെ താരം കൂടിയാണ് 18കാരൻ.
2018ൽ റഷ്യൻ ലോകകപ്പ് സ്റ്റേഡിയത്തിൽ മൊറോക്കോയുടെ കളി കാണാൻ എത്തിയ ബുവാദി 8 വർഷങ്ങൾക്കിപ്പുറം താൻ അന്ന് കൈയടിച്ച അതേ ജേഴ്സിയ്ക്കായി മൈതാനത്ത് പോരാടുന്നു. അന്ന് പിതാവിന്‍റെ കൈയും പിടിച്ച് എത്തിയ 10 വയസുകാരൻ ചുറ്റുമുള്ള ബഹളങ്ങളിലൊന്നും താത്പര്യം കാണിച്ചില്ല. ആ കുഞ്ഞു കണ്ണുകൾ മൈതാനത്തെ പന്തിൽ മാത്രമാണ് ഉടക്കി നിന്നത്. ഒരുനാൾ താനും ഈ പന്ത് തട്ടും ലോകം അത് നോക്കി നിൽക്കും. 8 വർഷങ്ങൾക്കിപ്പുറം തന്‍റെ ആദ്യ ലോകകപ്പ് മത്സരത്തിൽ മൊറോക്കോയുടെ ജേഴ്‌സിയണിഞ്ഞ് അവൻ കളം നിറഞ്ഞപ്പോൾ 2018ൽ ഗാലറിയിൽ ഇരുന്ന് ആ കുഞ്ഞു മനസിൽ ഉറച്ച വാക്കുകൾ മൈതാനത്ത് സാധ്യമാകുന്നത് ഫുട്ബോൾ ലോകം അത്ഭുതത്തോടെ നോക്കിക്കണ്ടു.
ശക്തരായ ബ്രസീൽ മധ്യനിരയെ പൂർണമായും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മത്സരത്തിൽ മധ്യനിര താരം കൂടിയായ അയ്യൂബ് പുറത്തെടുത്തത്. കേവലം 18 വയസ് മാത്രമുള്ള താരം അവിശ്വസനീയമാം വണ്ണമാണ് കളത്തിൽ ശാന്തതയും പക്വതയും പുറത്തെടുത്തത്. 91 ശതമാനം പാസിങ് കൃത്യത, അക്രമണ നിരയിലേക്ക് പിഴവില്ലാതെ കൈമാറിയ ഫൈനൽ തേഡ് പാസുകൾ, ബ്രസീലിന്‍റെ നീക്കങ്ങളെ പന്ത് പിടിച്ചെടുത്തും തടയിട്ടും കാനറിപ്പടയ്ക്ക് കത്രികപ്പൂട്ടിട്ട പ്രതിരോധ മികവ്, ഇന്റർസെപ്ഷനുകളുമായി കളിയുടെ ഒഴുക്ക് നിയന്ത്രിക്കൽ തുടങ്ങി എല്ലാ ഒത്തുചേർന്ന മിന്നും പ്രകടനമായിരുന്നു അയ്യൂബിന്റേത്.
ബ്രസീലിന്‍റെ പരിചയസമ്പന്നരായ കാസെമിറോ, ബ്രൂണോ ഗിമ്മെറാസ് തുടങ്ങിയ വമ്പൻമാരെപ്പോലും ഒരടി മുന്നോട്ടു നീങ്ങാൻ അനുവദിക്കാതെ അയ്യൂബ് പൂട്ടി. കളിയിലെ മികച്ച താരം ബഹുമതിക്ക് വിനീഷ്യസ് ജൂനിയറിനെയാണ് തിരഞ്ഞെടുത്തത്. എന്നാൽ അതിന് അർഹൻ അയ്യൂബാണെന്നു കളി കണ്ട ആരും സമ്മതിക്കും.
കൗമാരക്കാരന്‍റെ പ്രതിഭ തിരിച്ചറിഞ്ഞ് ഇംഗ്ലീഷ് ചാംപ്യൻമാരായ ആഴ്സണൽ 60 മില്യൺ യൂറോയുടെ വമ്പൻ ഓഫർ മുന്നോട്ട് വെച്ചെങ്കിലും ലിൽ അത് നിരസിച്ചു. കൗമാര വിസ്മയത്തെ വിട്ടുകൊടുക്കാൻ ക്ലബ് തയ്യാറായില്ല. ലോകകപ്പിലെ തന്റെ ആദ്യ വരവ് തന്നെ സംഭവബഹുലമാക്കിയ താരത്തെ വമ്പൻ വിലയ്ക്ക് റാഞ്ചാൻ യൂറോപ്യൻ ടീമുകളും ഇപ്പോൾ തന്നെ കരുനീക്കങ്ങൾ തുടങ്ങിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ലോകകപ്പ് കഴിഞ്ഞാൽ ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിനായി വലിയ പോര് തന്നെ നടക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates