ടൊറന്റോ: ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതമായൊരു സാങ്കേതിക വിദ്യയുടെ പിൻബലം കൂടി പോർച്ചുഗലിന്റെ ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32ലെ ക്രൊയേഷ്യക്കെതിരായ പോരാട്ടത്തിലെ ജയത്തിനുണ്ട്. സാങ്കേതികവിദ്യ നിർണായക പങ്ക് വഹിച്ച ആവേശപ്പോരാട്ടത്തിൽ ക്രോയേഷ്യയെ 2-1 ന് മറികടന്ന് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ എത്തിയതോടെ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകകപ്പിൽ കുറഞ്ഞത് ഒരു മത്സരം കൂടി കളിക്കാൻ അവസരമൊരുങ്ങി. റൊണാൾഡോ നേടിയ പെനാൽറ്റിയും ഇഞ്ച്വറി ടൈമിൽ ഗോൺസാലോ റാമോസ് നേടിയ ഹെഡ്ഡറുമാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചത്. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്രോയേഷ്യ നേടിയ സമനില ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയതാണ് കളിയിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായി മാറിയത്.
ഇഞ്ച്വറി ടൈമിന്റെ 13ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ തൊട്ടടുത്തു നിന്ന് പന്ത് വലയിലാക്കിയപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടെന്നാണ് ക്രോയേഷ്യ വിശ്വസിച്ചത്. എന്നാൽ, പന്ത് ഓഫ്‌സൈഡ് പൊസിഷനിൽ നിന്നിരുന്ന മറ്റൊരു ക്രോയേഷ്യൻ കളിക്കാരനിലേക്ക് എത്തുന്നതിന് മുൻപ് ഈഗോർ മറ്റാനോവിചിന്റെ ദേഹത്ത് തട്ടിയിരുന്നോ എന്ന് വാർ പരിശോധിക്കുകയും ഗോൾ നിഷേധിക്കുകയുമായിരുന്നു.
മത്സരത്തിന്റെ ഫലം നിശ്ചയിച്ചത് ഇത്തവണത്തെ പന്തിൽ ഘടിപ്പിച്ച അത്യാധുനിക സാങ്കേതിക വിദ്യയാാണ്. ഈ ലോകകപ്പിൽ ഉപയോഗിക്കുന്ന ഓരോ 'അഡിഡാസ് ട്രിയോണ്ട' പന്തിലും കളിക്കാരുടെ ഓരോ സ്പർശനവും രേഖപ്പെടുത്താൻ ശേഷിയുള്ള മോഷൻ സെൻസറുകളടങ്ങിയ ഒരു മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. സഹതാരത്തിലേക്ക് പന്ത് എത്തുന്നതിന് മുൻപ് മറ്റാനോവിചിന്റെ നേരിയ സ്പർശനം പന്തിൽ ഉണ്ടായിട്ടുണ്ടെന്ന് ഈ സിസ്റ്റം കാണിച്ചു. ഇതോടെ പന്ത് സ്വീകരിച്ച താരം ഓഫ്‌സൈഡ് ആണെന്ന് വ്യക്തമായി.
പന്തിലെ സ്പർശനം തിരിച്ചറിയാൻ ഉപയോഗിക്കുന്ന 'സ്നിക്കോ' സാങ്കേതികവിദ്യ ഫുട്ബോളിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 2022 ലോകകപ്പിലാണ്. എന്നാൽ, ഒരു മത്സരത്തിന്റെ ഇത്രയും നിർണായകമായൊരു ഘട്ടത്തിൽ വിധി നിശ്ചയിക്കാൻ ഇത് ഉപയോഗിക്കുന്നത് വളരെ അപൂർവമാണ്. ട്രിയോണ്ട ബോളിനുള്ളിലെ മൈക്രോചിപ്പ് പന്തിന്റെ ചലനം, വേഗത, പാത, കളിക്കാരുടെ ഓരോ സ്പർശനം എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്നു.
ക്രിക്കറ്റ് ആരാധകർക്ക് ഈ സാങ്കേതിക വിദ്യ വളരെ പരിചിതമാണ്. ക്രിക്കറ്റിൽ ബാറ്റ്സ്മാൻ പന്ത് അടിച്ചോ (എഡ്ജ് ചെയ്തോ) എന്ന് നഗ്ന നേത്രങ്ങൾ കൊണ്ടോ ശബ്ദം കൊണ്ടോ അമ്പയർക്ക് തിരിച്ചറിയാൻ സാധിക്കാത്ത ഘട്ടങ്ങളിൽ വിധി നിർണയിക്കാൻ 'സ്നിക്കോ' പതിവായി ഉപയോഗിക്കാറുണ്ട്. ദൃശ്യങ്ങൾ പതുക്കെയാക്കി (സ്ലോ മോഷൻ), അതിനൊപ്പം ഓഡിയോയും സെൻസർ ഡാറ്റയും ഒത്തു നോക്കിയാണ് ഒഫീഷ്യലുകൾ കൃത്യമായ തീരുമാനത്തിലെത്തുന്നത്.
1990കളുടെ മധ്യത്തിൽ ഇംഗ്ലീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലൻ പ്ലാസ്കെറ്റാണ് സ്നിക്കോ മീറ്റർ കണ്ടുപിടിച്ചത്. 1999ൽ ചാനൽ 4 ആണ് ക്രിക്കറ്റ് സംപ്രേഷണത്തിൽ ഇത് ആദ്യമായി അവതരിപ്പിച്ചത്.
പോർച്ചുഗൽ- ക്രൊയേഷ്യ പോരിലെ ഈ സംഭവം നേരിൽ കണ്ട സ്റ്റേഡിയത്തിലുണ്ടായിരുന്ന പലർക്കും മറ്റാനോവിച് പന്തിൽ തൊട്ടിട്ടില്ലെന്നാണ് തോന്നിയത്. ഈ തീരുമാനം ക്രോയേഷ്യൻ കളിക്കാരെ നിരാശരാക്കി. കളിയിൽ സാങ്കേതിക വിദ്യയ്ക്ക് എത്രത്തോളം സ്വാധീനമാകാം എന്ന് പല ആരാധകരും ചോദ്യം ചെയ്യുന്നിടത്തോളം കാര്യങ്ങൾ നടന്നു.
ടെലിവിഷൻ പ്രേക്ഷകർക്കും ഈ പുനഃപരിശോധനയുടെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. റീപ്ലേകളിൽ ഇത് അത്ര വ്യക്തമല്ലായിരുന്നെങ്കിലും സെൻസർ ഡാറ്റയിൽ പന്തിൽ സ്പർശനം നടന്നതായി കാണിക്കുന്ന ചെറിയൊരു 'സ്പൈക്ക്' (ഗ്രാഫിലെ വ്യതിയാനം) ദൃശ്യമായിരുന്നു. നോർവീജിയൻ റഫറിയായ എസ്പെൻ എസ്കാസ് നിരവധി തവണ റീപ്ലേകൾ പരിശോധിച്ച ശേഷമാണ് ഗോൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഇത് മത്സരത്തിലെ തന്നെ നിർണായക നീക്കങ്ങളിലൊന്നായി മാറി.
ഈ തീരുമാനത്തെ തുടർന്ന് സ്റ്റേഡിയത്തിനുള്ളിൽ ആരാധകർ കടുത്ത രോഷം പ്രകടിപ്പിച്ചു. തങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചതോടെ പ്രകോപിതരായ ക്രോയേഷ്യൻ ആരാധകരിൽ ചിലർ പ്ലാസ്റ്റിക് കുപ്പികളും കാനുകളും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates