ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ സംഭവിക്കാത്ത അട്ടിമറിക്ക് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നു. ലോകകപ്പിൽ ഇന്നുവരെ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ തോൽവിയറിയാത്ത ജർമനിയുടെ അപ്രമാദിത്യത്വത്തിന്റെ ചരിത്രം ഒടുവിൽ തകർന്നു തരിപ്പണമായിരിക്കുന്നു. ഐതിഹാസിക നേട്ടത്തിലൂടെ മഹത്തായ അട്ടിമറി നടത്തി വിജയിച്ച രാജ്യത്തിന്റെ പേര് ചരിത്രം ഇങ്ങനെ അടയാളപ്പെടുത്തും പരാഗ്വെ!
ലോകകപ്പ് ഫൈനൽസിന്റെ ചരിത്രത്തിൽ ജർമനി ഒരു പെനാൽറ്റി ഷൂട്ടൗട്ട് തോൽക്കുന്നത് ഇതാദ്യമായാണ്. പരാഗ്വെ അവരുടെ ഫുട്ബോൾ ചരിത്രത്തിലെ വലിയൊരു അട്ടിമറിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആ 'ഭയം' അസ്തമിച്ചപ്പോൾ
ലോകകപ്പ് വേദിയിലെ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ജർമനി എന്നാൽ 'ഭയം' എന്നായിരുന്നു അർഥം. കടുത്ത സമ്മർദ്ദത്തിലും അചഞ്ചലമായ ശ്രദ്ധയോടും യന്ത്ര സദൃശമായ ശാന്തതയോടും കൂടി വിജയം പിടിച്ചെടുക്കുന്നവരായിരുന്നു ജർമൻകാർ. എതിരാളികൾക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമനിയെ നേരിടുക എന്നത് പേടിസ്വപ്നമായിരുന്നു. എന്നാൽ ഇത്തവണ കഥ മാറി. പരാഗ്വെ ജർമ്മനിയുടെ ആ ഉരുക്കുകോട്ട തകർത്തു കളഞ്ഞു.
തകർന്നത് 44 വർഷത്തെ അജയ്യ ചരിത്രം!
1982ലെ ഫ്രാൻസിനെതിരായ ആവേശഭരിതമായ ലോകകപ്പ് സെമി ഫൈനലിൽ നിന്നാണ് ജർമനിയുടെ ഈ അപൂർവ പെനാൽറ്റി ഷൂട്ടൗട്ട് ഐതിഹ്യം ആരംഭിക്കുന്നത്. അന്ന് അധിക സമയത്തും ഇരു ടീമുകളും 3-3 സമനില പാലിച്ചപ്പോൾ, ഷൂട്ടൗട്ടിൽ 5-4 ന് പശ്ചിമ ജർമനി വിജയം വരിച്ചു. അന്ന് യുലി സ്റ്റീലികെയുടെ കിക്ക് ഫ്രഞ്ച് ഗോൾകീപ്പർ ജീൻ ലൂക്ക് എറ്റോറി തടുത്തതായിരുന്നു ജർമനിയുടെ ലോകകപ്പ് ചരിത്രത്തിലെ ഏക പെനാൽറ്റി പിഴവ്. അതിനു ശേഷം കഴിഞ്ഞ 44 വർഷമായി ജർമനിയുടെ ഷൂട്ടൗട്ട് റെക്കോർഡിൽ ഒരു പോറൽ പോലും വീണിരുന്നില്ല. എന്നാൽ ആ അജയ്യ ചരിത്രമാണ് ഇപ്പോൾ പരാഗ്വെ തിരുത്തിക്കുറിച്ചത്.
1982ൽ യുലി സ്റ്റീലികെ കിക്ക് നഷ്ടപ്പെടുത്തിയ ശേഷം മൂന്ന് താരങ്ങളാണ് പെനാൽറ്റി നഷ്ടപ്പെടുത്തിയത്. ആ മൂന്ന് പേർ കയ് ഹവെർട്സ്, നിക്ക് വാൾട്ടർമാഡെ, ജോനാഥൻ താ എന്നിവരാണ്. മൂന്ന് നഷ്ടങ്ങളും ഇത്തവണ പരാഗ്വെയ്ക്കെതിരെയാണ് സംഭവിച്ചത്!
ജർമനിയുടെ കണ്ണീർ
അമേരിക്കയിലെ മസചുസെറ്റ്സിലുള്ള ഫോക്സ്ബറോയിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിലാണ് ജർമനി പരാഗ്വെയോട് പരാജയപ്പെട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ 3-4 എന്ന സ്കോറിനാണ് പരാഗ്വെ അവരുടെ ഫുട്ബോൾ ചരിത്രത്തിലെ ഫെയ്മസ് വിജയം പിടിച്ചെടുത്തത്.
ഈ അപ്രതീക്ഷിത തോൽവിയോടെ ജർമനി റൗണ്ട് ഓഫ് 16 കാണാതെ പുറത്തായി. 2014ൽ ലോക ചാംപ്യൻമാരായ ശേഷം കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ഇത്തവണ തീർക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട സംഘം റൗണ്ട് ഓഫ് 32ൽ തന്നെ മടങ്ങി. 2014ലെ ബ്രസീൽ ലോകകപ്പ് വിജയത്തിന് ശേഷം, നീണ്ട 12 വർഷങ്ങളാണ് ജർമനി ഒരു ലോകകപ്പിന്റെ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത നേടാൻ കാത്തിരുന്നത്. എന്നാൽ റൗണ്ട് ഓഫ് 32ൽ തന്നെ അവർക്ക് പെട്ടി മടക്കേണ്ടി വന്നു.
മഹത്തായ അട്ടിമറി
മറുഭാഗത്ത്, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് പരാഗ്വെ വൻ അട്ടിമറിയാണ് നടത്തിയത്. ഗ്രൂപ്പ് ഡി യിൽ മൂന്നാം സ്ഥാനക്കാരായി കഷ്ടിച്ച് റൗണ്ട് ഓഫ് 32 ലേക്ക് കടന്നുകൂടിയ പരാഗ്വെ ടൂർണമെന്റിലെ കിരീട സാധ്യതയുള്ള കരുത്തരെയാണ് തറപ്പറ്റിച്ചത്. ഫ്രാൻസ്-സ്വീഡൻ മത്സരത്തിലെ വിജയികളുമായാണ് പരാഗ്വെയുടെ ക്വാർട്ടർ ഫൈനൽ ടിക്കറ്റിനായുള്ള പോരാട്ടം.
ഷൂട്ടൗട്ട് ചിത്രം
ജർമനിയുടെ ഒന്നാം കിക്ക് എടുത്ത കയ് ഹവെർട്സിന്റെ ഷോട്ട് പരാഗ്വെ ഗോൾ കീപ്പർ ഒർലാൻഡോ ഹിൽ കൃത്യമായി കണക്കുകൂട്ടി തട്ടിയകറ്റി. പരാഗ്വെയുടെ മൗറീഷ്യോ ലക്ഷ്യം കണ്ട് ടീമിന് ലീഡ് നൽകി.
ജർമനിക്കായി ക്യാപ്റ്റൻ ജോഷ്വ കിമ്മിചും ജമാൽ മുസിയാലയും ലക്ഷ്യം കണ്ടു. എന്നാൽ അവരുടെ നാലാം കിക്ക് എടുത്ത നിക്ക് വോൾട്ടെമാഡെയുടെ ഷോട്ട് ഗോൾ കീപ്പർ ഒർലാൻഡോ ഹിൽ വീണ്ടും തടഞ്ഞു.
എന്നാൽ കളിയുടെ നാടകീയത തീർന്നിരുന്നില്ല. പരാഗ്വെയുടെ അന്റോണിയോ സനാബ്രിയയുടെ കിക്ക് പോസ്റ്റിലിടിച്ചു മടങ്ങിയതോടെ മത്സരം അവസാനിപ്പിക്കാനുള്ള അവസരം അവർക്ക് നഷ്ടമായി. തുടർന്ന് നദീം അമീരി ജർമനിക്കായി വല കുലുക്കുകയും മാനുവൽ നൂയർ ഒരു പെനാൽറ്റി തടുക്കുകയും ചെയ്തതോടെ സ്കോർ 3-3 എന്ന നിലയിൽ.
വിധി നിർണയിച്ച ആറാം കിക്ക് എടുത്ത ജർമനിയുടെ ജോനാഥൻ താ പന്ത് ക്രോസ്ബാറിന് മുകളിലൂടെ ആകാശത്തേക്ക് അടിച്ചു കളഞ്ഞു. എന്നാൽ പരാഗ്വെയുടെ ഹോസെ കനാലെയ്ക്ക് പിഴച്ചില്ല. നൂയർ വലത്തോട്ട് ചാടിയപ്പോൾ കനാലെയുടെ ഷോട്ട് വലയുടെ മുകളിൽ ഇടം പിടിച്ചു. പരാഗ്വെ താരങ്ങൾ ആഹ്ലാദത്തോടെ മൈതാനത്തേക്ക് കുതിച്ചപ്പോൾ, ജർമൻ താരങ്ങൾ തലകുനിച്ചു നിന്നു.
അവരുടെ ആനന്ദം
ഉജ്ജ്വല പോരാട്ടം കാഴ്ചവച്ച മനുഷ്യർ ആനന്ദക്കണ്ണീരിലാണ്. അവർക്കിത് വിശ്വസിക്കാനായിട്ടില്ല. പരാഗ്വെയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫലങ്ങളിൽ ഒന്നാണിത്.
2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്വാർട്ടർ ഫൈനലിന് ശേഷം ആദ്യമായാണ് പരാഗ്വെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഇത്രയും വലിയൊരു വിജയ മുദ്ര പതിപ്പിക്കുന്നത്. കളിക്കാരുടെ മികവിലും പ്രശസ്തിയിലും അവർ ജർമനിയേക്കാൾ എത്രയോ പിന്നിലായിരുന്നു. ചരിത്രവും ജർമനിക്കൊപ്പമായിരുന്നു. എന്നാൽ ആ പതിവുകളെയും പ്രവചനങ്ങളെയും പരാഗ്വെ തിരുത്തിക്കുറിച്ചു.
ലോകകപ്പ് ചരിത്രത്തിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ട് തോൽവി എന്ന തീരാ വേദനയുമായി ജർമനി കളം വിട്ടു. തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ സ്വർണ ലിപികളാൽ രേഖപ്പെടുത്തുന്ന അനശ്വര വിജയം സ്വന്തമാക്കി പരാഗ്വെ താരങ്ങൾ അഭിമാനത്തോടെ തലയുയർത്തി നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates