ഹൂസ്റ്റൺ: ബ്രസീലിനെ ജപ്പാൻ കീഴടക്കുമെന്ന പ്രവചിച്ച പ്രശസ്ത ജർമൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോക്കിം ക്ലെമന്റിനെ രൂക്ഷമായി ട്രോളി ബ്രസീൽ സൂപ്പർ താരം നെയ്മർ. ക്ലെമന്റിന്റെ പ്രവചനത്തിനു വിപരീതമായ ഫലമാണ് മത്സരത്തിലുണ്ടായത്. പിന്നാലെയാണ് സൂപ്പർ താരത്തിന്റെ പരിഹാസ കുറിപ്പ്. ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32ൽ ജപ്പാനെ 2-1നാണ് ബ്രസീൽ വീഴ്ത്തിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് കാനറികൾ പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്.
ബ്രസീൽ ജപ്പാനോട് തോറ്റ് പുറത്താകുമെന്ന് തന്റെ സ്റ്റാറ്റിസ്റ്റിക്കൽ മോഡലിലൂടെയാണ് ജോക്കിം ക്ലെമെന്റ് പ്രവചിച്ചത്. ബ്രസീൽ ജയിച്ചതിനു പിന്നാലെ എക്സിലൂടെ നെയ്മർ നൽകിയ മറുപടിയാണ് ഇപ്പോൾ തരംഗമാകുന്നത്.
'മിസ്റ്റർ ജോക്കിം ക്ലെമെന്റ്... ദയവായി അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക'- എന്നായിരുന്നു നെയ്മറിന്റെ കുറിപ്പ്. മത്സരത്തിൽ നെയ്മർ കളിക്കാനിറങ്ങിയിരുന്നില്ല.
2014, 2018, 2022 ഫിഫ ലോകകപ്പുകളിലെ വിജയികളെ കൃത്യമായി പ്രവചിച്ച ചരിത്രമുള്ള ആളാണ് ജോക്കിം ക്ലെമെന്റ്. ലോകകപ്പ് തുടങ്ങും മുൻപ് നെതർലൻഡ്സ് ഇത്തവണ ലോക കിരീടം സ്വന്തമാക്കുമെന്നായിരുന്നു ക്ലെമന്റ് പ്രവചിച്ചിരുന്നത്. എന്നാൽ നെതർലൻഡ്സ് റൗണ്ട് ഓഫ് 32ൽ മൊറോക്കോയുടെ വീണ്ടുമൊരു പെനാൽറ്റി ദുരന്തം ഏറ്റുവാങ്ങി പുറത്തായിരുന്നു. ഇതോടെ ക്ലെമന്റിന്റെ രണ്ട് പ്രവചനങ്ങളും പാളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates