അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴു മണി മുതലാണ് മത്സരം. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോർഡാണ് ന്യൂസിലൻഡിനുള്ളത്. പ്രത്യേകിച്ച് ടി20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യക്കെതിരെ കിവീസ് ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. രണ്ട് ടീമുകളും ഇതുവരെ ടി20 ലോകകപ്പിൽ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം വിജയം ന്യൂസിലൻഡിന് ഒപ്പമായിരുന്നു.
ഐസിസി ടൂർണമെന്റുകളിൽ ആകെ 19 തവണയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ ആറു മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയം നേടാനായത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകളിൽ ഇന്ത്യ പലപ്പോഴും ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഐസിസി ടൂർണമെന്റുകളിലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് എന്താണ് സംഭിവിക്കുന്നത് എന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം.
ന്യൂസിലൻഡിന്റെ ഏറ്റവും വലിയ ശക്തി അവരുടെ സ്വിങ് ബൗളിങ്ങാണ്. പുതിയ പന്ത് മികച്ച രീതിയിൽ സ്വിങ് ചെയ്യിക്കാൻ കഴിയുന്ന ബൗളർമാരാണ് അവരുടെ പ്രധാന ആയുധം. 2019 ലോകകപ്പ് സെമിഫൈനലിലും 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ട്രെന്റ് ബോൾട്ട്, ടിം സൗത്തി, മാറ്റ് ഹെൻറി എന്നിവർ ഇന്ത്യയുടെ മുൻനിര ബാറ്റിങ് നിരയെ തകർത്തത് ഇതിന് മികച്ച ഉദാഹരണമാണ്. പവർപ്ലേയ്ക്കുള്ളിൽ തന്നെ രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി തുടങ്ങിയ താരങ്ങളെ പുറത്താക്കി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം ടോപ്പ് ഓർഡർ എങ്ങനെ കളിക്കുന്നു എന്ന് അനുസരിച്ചിരിക്കും. ടോപ്പ് ഓർഡറിലെ താരങ്ങളുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടാൽ പിന്നീട് ടീമിന് തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടാണ്. സമ്മർദ്ദഘട്ടങ്ങളിൽ ഇന്ത്യൻ ടീമിന് ഇങ്ങനെ സംഭവിക്കുന്ന വീഴ്ചകളാണ് തോൽവിയിലേക്ക് നയിക്കുന്നതും.
വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിലൂടെയും ന്യൂസിലൻഡിന് മത്സരങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയും. 2016 ടി20 ലോകകപ്പിൽ നാഗ്പൂരിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 79 റൺസിന് പുറത്താക്കി ന്യൂസിലൻഡ് നേടിയ വിജയം ഇതിന് ഉദാഹരണമാണ്. മിച്ചൽ സാന്റ്നറും ഇഷ് സോധിയും ചേർന്നാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തത്. കണക്കുകൾ ന്യൂസിലൻഡിന് അനുകൂലമാണെങ്കിലും ഫൈനലിൽ കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രണ്ട് ടീമുകളും മികച്ച ഫോമിലാണ് അത് കൊണ്ട് തന്നെ കപ്പ് ആരുയർത്തും എന്ന് പ്രവചിക്കാൻ കഴിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates