India vs South Africa x
Sports

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര 3-1നു സ്വന്തമാക്കി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യില്‍ കിടിലന്‍ ജയവുമായി പരമ്പര പിടിച്ചെടുത്ത് ഇന്ത്യ. അവസാന പോരാട്ടത്തില്‍ ഇന്ത്യ 30 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് പരമ്പര ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ മുന്നില്‍ വച്ചു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സില്‍ അവസാനിച്ചു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1നാണ് ഇന്ത്യയുടെ കിരീട നേട്ടം. ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

232 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യ 69 റണ്‍സ് വരെ കാത്തു. ഒരറ്റത്ത് റീസ ഹെന്‍ഡ്രിക്‌സിനെ സാക്ഷി നിര്‍ത്തി ക്വിന്റന്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക് മിന്നല്‍ തുടക്കം നല്‍കിയത്. താരം 35 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 65 റണ്‍സെടുത്തു.

എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ തിരിച്ചു വന്നു. പിന്നീടെത്തിയവരില്‍ ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് ഇന്ത്യയെ വിറപ്പിച്ചത്. താരം 2 സിക്‌സും 3 ഫോറും സഹിതം 17 പന്തില്‍ 31 റണ്‍സെടുത്തു. ജോര്‍ജ് ലിന്‍ഡ് 8 പന്തില്‍ 16 റണ്‍സും മാര്‍ക്കോ യാന്‍സന്‍ 5 പന്തില്‍ 14 റണ്‍സും എടുത്തെങ്കിലും അവര്‍ക്കും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിച്ചില്ല. അവസാന ഘട്ടത്തില്‍ കോര്‍ബിന്‍ ബോഷ് (പുറത്താകാതെ 17) പൊരുതി നോക്കിയെങ്കിലും സമയം വൈകിയിരുന്നു.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുംറ 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ്, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യ കത്തിക്കയറിയതോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഒപ്പം തിലക് വര്‍മയും അര്‍ധ സെഞ്ച്വറിയുമായി പിന്തുണ നല്‍കി.

ഹര്‍ദ്ദിക് 16 പന്തില്‍ 54 റണ്‍സടിച്ചാണ് അതിവേഗം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. 5 സിക്‌സും 4 ഫോറും സഹിതമായിരുന്നു മിന്നല്‍ ബാറ്റിങ്. 5 വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 63 റണ്‍സെടുത്താണ് ഹര്‍ദ്ദിക് മടങ്ങിയത്.

തിലക് വര്‍മയും ക്രീസില്‍ ഉറച്ചു നിന്നു മികച്ച ബാറ്റിങുമായി കളം വാണു. താരം 42 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 73 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ആറാമനായി എത്തിയ ശിവം ദുബെ 3 പന്തില്‍ ഒരു സിക്‌സും ഫോറും തൂക്കി 10 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. ശുഭ്മാന്‍ ഗില്ലിനു പകരമായി പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ സഞ്ജു സാംസണ്‍ അഭിഷേകിനൊപ്പം ചേര്‍ന്നു ഗംഭീര തുടക്കമാണ് ടീമിനു നല്‍കിയത്. 5.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 63 റണ്‍സിലെത്തി. 63 റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. അഭിഷേക് ശര്‍മയാണ് ആദ്യം മടങ്ങിയത്. താരം 21 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്തു.

മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ മടക്കം. തിലക് വര്‍മയും സഞ്ജുവും ചേര്‍ന്നു ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് സഞ്ജുവിന്റെ അപ്രതീക്ഷിത മടക്കം. താരത്തെ ജോര്‍ജ് ലിന്‍ഡാണ് പുറത്താക്കിയത്. ലിന്‍ഡിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായി. ഇന്ത്യയുടെ രണ്ടാം വിക്കറ്റായാണ് സഞ്ജു വീണത്. സ്‌കോര്‍ 97ല്‍ നില്‍ക്കെയാണ് മലയാളി താരം മടങ്ങിയത്. സഞ്ജു 22 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 37 റണ്‍സെടുത്തു മടങ്ങി. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനു അവസരം നല്‍കിയത്.

പിന്നീട് ക്രീസിലേക്കെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. 7 പന്തില്‍ 5 റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സംഭാവന. അതിനു ശേഷം ക്രീസില്‍ ഒന്നിച്ച ഹര്‍ദ്ദിക് പാണ്ഡ്യ- തിലക് വര്‍മ സഖ്യം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ഗ്രൗണ്ടിനു നാല് വശത്തേയ്ക്കും പായിക്കുന്ന കാഴ്ചയായിരുന്നു.

India vs South Africa: India end 2025 with a series victory. A comprehensive 30-run win over South Africa in the series decider.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

SCROLL FOR NEXT