ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ അവസ്ഥ പരമ ദയനീയമായി തുടരുന്നു. ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യ 133ാം സ്ഥാനത്തേക്ക് വീണു. സമീപ കാലത്തെ മോശം പ്രകടനങ്ങളാണ് ടീമിനു വലിയ തിരിച്ചടിയായി മാറിയത്. വനിതാ ഫുട്ബോൾ ടീം മികച്ച നേട്ടങ്ങളുമായി മുന്നേറുന്നതിനിടെയാണ് പുരുഷ ടീമിന്റെ ദയനീയ സ്ഥിതി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് അടുത്ത വർഷത്തെ വനിതാ ഏഷ്യൻ കപ്പ് പോരാട്ടത്തിനു ടീം യോഗ്യത സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ പുറത്തിറക്കിയ റാങ്കിങില്‍ ടീം 126ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് വീണ്ടും താഴേക്ക് പതിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും മോശം റാങ്കിലേക്കാണ് ടീം വീണത്. 2016- 17 സീസണിലാണ് ഇതിനു മുന്‍പ് ടീം 130നു മുകളില്‍ സ്ഥാനത്തേക്ക് പതിച്ചത്. വിരമിച്ച ഇതിഹാസ താരം സുനില്‍ ഛേത്രിയെ തിരികെ വിളിച്ചു വീണ്ടും കളിപ്പിക്കേണ്ട അവസ്ഥ വരെ ടീമിനുണ്ടായി. അന്താരാഷ്ട്ര മത്സരങ്ങളിലെ തുടരെയുള്ള മോശം പ്രകടനത്തിനിടെയാണ് മറ്റൊരു തിരിച്ചടിയിലൂടെ ടീം കടന്നു പോകുന്നത്.
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസ് രാജി വച്ചിരുന്നു. പിന്നാലെയാണ് റാങ്കിങിലും തിരിച്ചടി കിട്ടിയത്.
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് മനോലോ സ്ഥാനമൊഴിഞ്ഞത്. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാചിന്റെ പിന്‍ഗാമിയായാണ് മനോലോ ടീമിന്റെ കോച്ചായത്. എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യ കാഴ്ചവച്ചത് മോശം പ്രകടനമായിരുന്നു. ഇക്കാലയളവില്‍ കളിച്ച എട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു ഒരു വിജയം മാത്രമാണ് ഇന്ത്യ നേടിയത്.
ജൂണ്‍ 10-ന് നടന്ന 2027 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനോടും ഇന്ത്യ പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് മനോലോയുടെ പടിയിറക്കം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതിന് പിന്നാലെ തന്നെ മനോലോ ടീമിന്റെ പ്രകടത്തില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, ഹോങ്കോങ് ടീമുകള്‍ക്കെതിരെ പോലും ഇന്ത്യന്‍ ടീം മോശം പ്രകടനം കാഴ്ചവച്ചതോടെ പരിശീലകനു നേരെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പടിയിറക്കം.
2020-ലാണ് മനോലോ ഇന്ത്യയില്‍ പരിശീലകനായി എത്തുന്നത്. 2020 മുതല്‍ 2023 വരെ മൂന്ന് വര്‍ഷം ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായിരുന്നു. 2021-22 സീസണില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ ഹൈദരാബാദിന്റെ പരിശീലകനായിരുന്നു. പിന്നീട് ഗോവ എഫ്സിയുടെ പരിശീലകനായി. ഇതിനൊപ്പമായിരുന്നു ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനവും മനോലോ ഏറ്റെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates