IPL 2026 x
Sports

സഞ്ജുവിന്റെ 'സെഞ്ച്വറിത്തല്ല്', അകീലിന്റെ 'സ്പിന്‍ കെണി'; 'എല്‍ ക്ലാസിക്കോ'യില്‍ നാണംകെട്ട് മുംബൈ ഇന്ത്യൻസ്!

ഐപിഎൽ ചരിത്രത്തിലെ തന്നെ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മോശം പ്രകടനം

സമകാലിക മലയാളം ഡെസ്ക്

വാംഖഡെ: ഐപിഎല്‍ 'എല്‍ക്ലാസിക്കോ' പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിയുടെ സമസ്ത മേഖലയിലും മുംബൈ ഇന്ത്യന്‍സിനെ നിഷ്പ്രഭമാക്കിയാണ് സിഎസ്‌കെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മോശം പ്രകടനമാണ് അവരുടെ സ്വന്തം തട്ടകത്തിൽ കണ്ടത്. ബാറ്റിങിലും ബൗളിങിലും അമ്പേ പാളിപ്പോയ പ്രകടനം.

സഞ്ജു സാംസണ്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും വീര നായകനായ പോരില്‍ അകീല്‍ ഹുസൈന്റെ നിര്‍ണായക സ്പിന്നും ചെന്നൈ ബൗളിങ് നിരയുടെ ഒന്നാകെയുള്ള മികവും ജയം അനായാസമാക്കി. സീസണില്‍ 7 മത്സരങ്ങളില്‍ മൂന്നാം ജയം സ്വന്തമാക്കി ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കും കയറി.

103 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 19 ഓവറില്‍ വെറും 104 റണ്‍സില്‍ അവസാനിച്ചു.

ജയത്തിലേക്ക് ബാറ്റെടുത്ത മുംബൈ ഇന്ത്യന്‍സിനെ അകീല്‍ ഹുസൈൻ സ്പിന്‍ കെണിയില്‍ വീഴ്ത്തി. ഒരിക്കല്‍ പോലും അതില്‍ നിന്നു പുറത്തു കടക്കാന്‍ അവര്‍ക്കായതുമില്ല. 37 റണ്‍സെടുത്ത തിലക് വര്‍മയും 35 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ചേര്‍ന്നു ഒരു ശ്രമം നടത്തിയെങ്കിലും മറ്റാരും ക്രീസില്‍ അധികം നില്‍ക്കാന്‍ പോലും തുനിഞ്ഞില്ല. 100 കടന്നതു തന്നെ ഭാഗ്യം. അത്ര ദയനീയമായിരുന്നു അവരുടെ ബാറ്റിങ്. സൂര്യയും തിലകും ഒഴികെ ഒരാളും രണ്ടക്കം കടന്നതുമില്ല.

അകീല്‍ ഹുസൈന്‍ 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 4 നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി. നൂര്‍ അഹമ്മദ് 2 വിക്കറ്റെടുത്തു. മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ജാമി ഓവര്‍ടന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. അന്‍ഷുല്‍ കാംബോജ് 3 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി മുംബൈ നിരയെ വരിഞ്ഞു മുറുക്കി.

നേരത്തെ ഈ സീസണിലെ രണ്ടാം സെഞ്ച്വറി തൂക്കി മലയാളി താരം സഞ്ജു സാംസണ്‍. 54 പന്തില്‍ 10 ഫോറും 6 സിക്‌സും സഹിതം പുറത്താകാതെ 101 റണ്‍സ് വാരി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിലെ അവസാന പന്ത് ഫോര്‍ പറത്തിയാണ് സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയത്.

സഞ്ജുവിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരില്‍ സിഎസ്‌കെ 207 റണ്‍സ് സ്‌കോര്‍ ഉയര്‍ത്തി. 6 വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്‌കെ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുയായിരുന്നു.

26 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം സഞ്ജു 53 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി എത്തിയ താരം മികച്ച ഷോട്ടുകളുമായി കളം വാണു. മറ്റ് താരങ്ങളെല്ലാം അല്‍പ്പ നേരം ക്രീസില്‍ നിന്നു മടങ്ങിയപ്പോഴും മലയാളി താരം അക്ഷോഭ്യനായി ഒരറ്റത്ത് നിലകൊണ്ടു.

ഒരറ്റത്ത് സഞ്ജു തകര്‍പ്പനടികളുമായി കളം വാണെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. ഇതുവരെ കളിച്ചതില്‍ ഭേദപ്പെട്ട പ്രകടനം ഇന്ന് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തെടുത്തു. താരം 14 പന്തില്‍ 1 സിക്‌സും 3 ഫോറും സഹിതം 22 റണ്‍സെടുത്തു ആദ്യം മടങ്ങി.

പിന്നാലെ വന്ന സര്‍ഫറാസ് ഖാന്‍ 8 പന്തില്‍ 14 റണ്‍സെടുത്തു മടങ്ങി. ശിവം ദുബെ വീണ്ടും പരാജയമായി. താരം 5 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

അഞ്ചാമനായി എത്തിയ ഡെവാള്‍ഡ് ബ്രവിസ് സഞ്ജുവിനെ പിന്തുണച്ചതോടെ സിഎസ്‌കെ വീണ്ടും ട്രാക്കിലാവുമെന്നു തോന്നിച്ചു. മികവോടെ ബാറ്റ് ചെയ്യവേ ബ്രവിസിനെ അശ്വനി കുമാര്‍ പുറത്താക്കി. താരം 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 21 റണ്‍സ് കണ്ടെത്തി.

കാര്‍ത്തിക് ശര്‍മ 18റണ്‍സുമായും ജാമി ഓവര്‍ടന്‍ 15 റണ്‍സുമായും കൂടാരം കയറി. കാര്‍ത്തിക് രണ്ട് സിക്‌സും ഓവര്‍ടന്‍ 2 ഫോറും ഒരു സിക്‌സും അതിനിടെ തൂക്കി.

മുംബൈക്കായി ഘാസന്‍ഫര്‍ രണ്ട് വിക്കറ്റെടുത്തു. അശ്വിനി കുമാറും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026: mumbai indians suffer their worst defeat in the history of the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടര്‍മാര്‍ക്ക് സല്യൂട്ട്'; തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

തട്ടകത്തില്‍ തലയെടുപ്പോടെ കൊമ്പന്‍മാര്‍! കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ത്രില്ലര്‍

സഞ്‍ജു സാംസൺ മാസ്റ്റർ ക്ലാസ്! നേട്ടങ്ങളുടെ 'സെഞ്ച്വറി' തിളക്കം

കത്തുന്ന ചൂട്: അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങള്‍; ചെന്നിത്തലയുടെ പോഡ് കാസ്റ്റ്; കെസിയ്ക്കായി പുതിയ ഗാനം; പ്രസംഗങ്ങളുടെ പുസ്തകവുമായി സതീശന്‍

SCROLL FOR NEXT