Mustafizur Rahman x
Sports

'കെകെആറിനെ കോടതി കയറ്റാം, ഒന്നും വേണ്ടെന്ന് മുസ്തഫിസുര്‍ പറഞ്ഞു'; വെളിപ്പെടുത്തല്‍

ഐപിഎല്ലില്‍ നിന്നു ബംഗ്ലാദേശ് പേസറെ ഒഴിവാക്കിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഐപിഎല്ലില്‍ നിന്നു ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഐപിഎല്‍ ലേലത്തില്‍ വിറ്റുപോയ ഏക ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനാണ്. താരത്തെ 9.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. എന്നാല്‍ പിന്നീട് കെകെആര്‍ താരത്തെ ഒഴിവാക്കി.

തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മുസ്തഫിസുറിന് കെകെആറിനെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ താരം അതു വേണ്ടെന്നു വച്ചു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് മിഥുനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'വേള്‍ഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഡബ്ല്യുസിഎ) മുസ്തഫിസുറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. വിഷയത്തില്‍ കെകെആറിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കുമായിരുന്നു. കാരണം അദ്ദേഹത്തെ പുറത്താക്കിയത് ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിലോ പരിക്കിന്റെ അടിസ്ഥാനത്തിലോ ഒന്നുമല്ല. ഇത്തരം സാഹചര്യത്തില്‍ പുറത്താക്കപ്പെടുന്ന താരത്തിന് നഷ്ടപരിഹാരത്തിനും മറ്റും അര്‍ഹതയുണ്ട്. കരാര്‍ റദ്ദാക്കുന്നതിനെതിരെ ഔദ്യോഗികമായി പ്രതിഷേധിക്കാനും നിയമപരമായ അന്വേഷണം നടത്തുന്നതിനും ഡബ്ല്യുസിഎ താരത്തിനു പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.'

'എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളിലേക്കോ നിയമപരമായ കാര്യങ്ങളിലേക്കോ പോകാന്‍ ബംഗ്ലാ പേസര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടിനെ മാനിച്ചാണ് നിയമപരമായ കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നു തീരുമാനിച്ചത്'- മുഹമ്മദ് മിഥുന്‍ വ്യക്തമാക്കി.

ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അവിടെയുള്ള ന്യൂനപക്ഷമായ ഹിന്ദു വിഭാഗം ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ താരത്തെ കളിപ്പിക്കരുതെന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുസ്തഫിസുര്‍ ഐപിഎല്‍ കളിക്കുന്നതിനെതിരെ ഭീഷണിയും വിമര്‍ശനവും ഉയര്‍ന്നു. പിന്നാലെ മുസ്തഫിസുറിനെ ടീമില്‍ നിന്നു ഒഴിവാക്കണമെന്നു ബിസിസിഐ കെകെആറിനു നിര്‍ദ്ദേശം നല്‍കി. താരത്തെ ഇതോടെ പുറത്താക്കുകയും ചെയ്തു.

അതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും കടുത്ത നിലപാടുമായി രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി. ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്നും തങ്ങളുടെ മത്സരങ്ങളും ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യവും ബംഗ്ലാദേശ് മുന്നോട്ടു വച്ചു. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയെങ്കിലും ബംഗ്ലാദേശ് നിലപാട് മാറ്റാതെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഐപില്ലില്‍ നിന്നു ഒഴിവാക്കപ്പെട്ട മുസ്തഫിസുര്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കും. അടുത്ത സീസണില്‍ താരം കളിക്കുമെന്നു പിഎസ്എല്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കി.

ഇത്തവണ ഐപിഎല്ലില്‍ ലേലത്തില്‍ ടീമിലെത്തിയ ഏക ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനാണ്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി താരം ഐപിഎല്‍ കളിച്ചിട്ടുണ്ട്. 60 മത്സരങ്ങളില്‍ നിന്നു 65 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Mustafizur Rahman was given the offer of taking legal action against KKR over his 'non-sporting' release from IPL 2026 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

'വാക്കിന് വിലയില്ലാത്തവന്‍, സ്വന്തം കാര്യം വന്നപ്പോള്‍ നിലപാട് മറന്നു'; പരസ്യത്തില്‍ അഭിനയിച്ച അജിത്തിന് വിമര്‍ശനം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം,18 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് യുകെ; ഫെബ്രുവരിയിൽ അപേക്ഷിക്കാം

രാവിലെ ഈ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കും

SCROLL FOR NEXT