IPL 2026 x
Sports

ആകാശം തൊട്ടത് 34 സിക്‌സുകള്‍, 465 റണ്‍സ്! 'ഹൈ വോള്‍ട്ടേജ്' വെടിക്കെട്ട്; പ്രതീക്ഷയുടെ നൂല്‍പ്പാലത്തില്‍ കെകെആര്‍

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 29 റണ്‍സിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ ബാക്കി നിര്‍ത്തി ജയിച്ചു കയറി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. റണ്‍സുകളുടെ പ്രളയം കണ്ട പോരാട്ടത്തില്‍ 29 റണ്‍സിന് കെകെആര്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് അടിച്ചുകൂട്ടി. മറുപടി പറയാനിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സില്‍ അവസാനിച്ചു.

ജയത്തോടെ കൊല്‍ക്കത്ത നേരിയ പ്ലേ ഓഫ് പ്രതീക്ഷ കാത്തു. 12 കളിയില്‍ നിന്നു അവര്‍ക്ക് 11 പോയിന്റുകളാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയവും മറ്റ് ടീമുകളുടെ ഫലങ്ങളുമാണ് അവര്‍ ഉറ്റുനോക്കുന്നത്. കൊൽക്കത്ത ജയിച്ചതോടെ 13 കളിയിൽ 16 പോയിന്റുമായി നിൽക്കുന്ന ​ഗുജറാത്തിനും അടുത്ത കളി നിർണായകമായി. അടുത്ത കളി ഉറപ്പായും ജയിച്ചില്ലെങ്കിൽ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകളെ അതു ചിലപ്പോൾ ബാധിച്ചേക്കും.

ഇരു ടീമുകളും ചേര്‍ന്നു മൈതാനത്ത് അടിച്ചുകൂട്ടിയത് 34 സിക്‌സുകള്‍! കൊല്‍ക്കത്ത 22 സിക്‌സും ഗുജറാത്ത് 12 സിക്‌സും പറത്തി. ഇരു ടീമുകളും ചേര്‍ന്നു പടുത്തുയര്‍ത്തിയത് 465 റണ്‍സ്.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ആക്രമണവുമായി മുന്നില്‍ നിന്നത്. താരം 49 പന്തില്‍ 7 സിക്‌സും 5 ഫോറും സഹിതം 85 റണ്‍സ് നേടി. ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍ എന്നിവരും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും വിജയിക്കാന്‍ അതൊന്നും സഹായിച്ചില്ല.

ബട്‌ലര്‍ 35 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 57 റണ്‍സെടുത്തു. സായ് സുദര്‍ശന്‍ 28 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു.

കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരെയ്ന്‍ 2 വിക്കറ്റെടുത്തു മികവോടെ പന്തെറിഞ്ഞു. സൗരഭ് ദുബെ, കമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റിങിനു ഇറങ്ങിയ കൊല്‍ക്കത്ത സ്വന്തം മൈതാനത്ത് തകര്‍പ്പന്‍ ബാറ്റിങ്ങാണ് പുറത്തെടുത്തത്. 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് ആണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. 35 പന്തില്‍ 93 റണ്‍സ് നേടിയ ഫിന്‍ അലന്റെ ബാറ്റിങ്ങ് പ്രകടനമാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. തുടക്കം മുതല്‍ ഫിന്‍ അലന്‍ ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ചു. പത്ത് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഫിനിന്റെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ താരം സെഞ്ച്വറിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സായി കിഷോറിന്റെ പന്തില്‍ പുറത്തായി. നായകന്‍ അജിന്‍ക്യ രഹാനെ 14 പന്തില്‍ 14 റണ്‍സ് നേടി നേരത്തെ പുറത്തായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഒരുമിച്ച അംഗ്കൃഷ് രഘുവംശിയും കമറൂണ്‍ ഗ്രീനും ചേര്‍ന്ന് കൊല്‍ക്കത്തയുടെ ബാറ്റിങ്ങിന്റെ വേഗത കൂട്ടി. അംഗ്കൃഷ് രഘുവംശി 44 പന്തില്‍ നിന്ന് 82 റണ്‍സ് ആണ് അടിച്ചെടുത്തത്. കമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ നിന്ന് 52റണ്‍സും നേടിയതോടെ ടീം സ്‌കോര്‍ 247 ല്‍ എത്തി. ഗുജറാത്തിനായി സായി കിഷോര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026: Gujarat Titans came to Kolkata hoping to make it to the playoffs against 8th placed KKR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജധാനി എക്‌സ്പ്രസില്‍ തീ പിടിത്തം; അപകടം രാജസ്ഥാനിലെ കോട്ടയില്‍

ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

SCROLL FOR NEXT