ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഇതിഹാസ താരവും മുന്‍ നായകനുമായ കെയ്ന്‍ വില്ല്യംസന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. അപ്രതീക്ഷിതമായാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളും ഏറ്റവും കൂടുതൽ റൺസ് കിവികൾക്കായി നേടിയ താരവുമാണ് കെയ്ൻ വില്യംസൻ. ഒരു കാലത്ത് ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ വിരാട് കോഹ്‍ലി, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവർക്കൊപ്പം ലോക ക്രിക്കറ്റിലെ ഫാബുലസ് ഫോർ എന്നറിയപ്പെട്ട സംഘത്തിലെ ഒരാൾ കൂടിയാണ് വില്ല്യംസൻ.
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. 35 കാരനായ വില്യംസൻ 16 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിനാണ് വിരാമമിടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെയാണ് അപ്രതീക്ഷിക വിരമിക്കൽ പ്രഖ്യാപനം.
110 ടെസ്റ്റും 175 ഏകദിനങ്ങളും 93 ടി20 മത്സരങ്ങളും കിവകള്‍ക്കായി കളിച്ചു. ടെസ്റ്റില്‍ 33 സെഞ്ച്വറികളും ഏകദിനത്തില്‍ 15 സെഞ്ച്വറികളും നേടി. ടെസ്റ്റില്‍ 38, ഏകദിനത്തില്‍ 47, ടി20യില്‍ 18 അര്‍ധ സെഞ്ച്വറികള്‍. ആറ് ഇരട്ട സെഞ്ച്വറികളും താരം നേടി. ആകെ 378 മത്സരങ്ങൾ. മൂന്ന് ഫോർമാറ്റിലുമായി 19,346 റൺസ്. എല്ലാ പ്രമുഖ ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 2016ൽ വില്ല്യംസൻ മാറി.
2010ൽ ഇന്ത്യയ്‌ക്കെതിരെ അഹമ്മദാബാദിൽ നടന്ന ടെസ്റ്റിൽ സെഞ്ച്വറി നേടിയാണ് വില്ല്യംസൻ അരങ്ങേറിയത്. കഴിഞ്ഞ നവംബറിൽ അദ്ദേഹം ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു.
'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിരമിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. വിരമിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് എനിക്ക് വ്യക്തമായി. സ്വന്തം ഇഷ്ടപ്രകാരം കളി നിർത്താൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഈ ടീം എനിക്ക് എപ്പോഴും പ്രത്യേകതയുള്ളതായിരിക്കും'- വില്ല്യംസൻ വ്യക്തമാക്കി.
സ്റ്റീഫൻ ഫ്ലെമിങ്ങിന് ശേഷം ന്യൂസിലൻഡ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് വില്യംസൺ. അദ്ദേഹത്തിന്റെ കീഴിൽ കിവികൾ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. 40 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു (22 ജയം, 10 തോൽവി, 8 സമനില). 91 ഏകദിനങ്ങളിൽ നിന്ന് 46 ജയവും, 75 ടി20 മത്സരങ്ങളിൽ നിന്ന് 39 ജയവും. ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ ടി20 ജയങ്ങൾ നേടിയ ക്യാപ്റ്റനും വില്ല്യംസൻ തന്നെ.
2021 ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീട നേട്ടം ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ നിർണായക അധ്യായമാണ്. ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവികൾ കിരീടം നേടിയത്.
2019 ഏകദിന ലോകകപ്പിൽ ടീമിനെ ഫൈനലിൽ എത്തിച്ചു. പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും അന്ന് വില്ല്യംസൻ സ്വന്തമാക്കിയിരുന്നു. ഐസിസി ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. 2016 ടി20 ലോകകപ്പ് സെമി ഫൈനൽ, 2021 ടി20 ലോകകപ്പ് ഫൈനൽ, 2022 ടി20 ലോകകപ്പ് സെമി ഫൈനൽ, 2023 ഏകദിന ലോകകപ്പ് സെമി ഫൈനൽ എന്നിവയും തിളക്കമാർന്ന കരിയറിലെ നേട്ടങ്ങളാണ്. ന്യൂസിലൻഡ് ക്രിക്കറ്റിലെ പരമോന്നത ബഹുമതിയായ സർ റിച്ചാർഡ് ഹാഡ്‌ലി മെഡൽ 4 തവണ (2015-16, 2016-17, 2019, 2020) അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates