തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനു അനായാസ വിജയമൊരുക്കുന്നതിൽ നിർണായകമായത് അഖിൻ സത്താറിന്റെ കിടിലൻ ബൗളിങ്. നാല് ഓവർ എറിഞ്ഞ സത്താർ, ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിർണായക വിക്കറ്റുകൾ നേടി.
കൃത്യമായ ലൈനിലും ലെങ്ത്തിലുമുള്ള സത്താറിന്റെ പന്തുകൾ നേരിടാൻ റോയൽസ് ബാറ്റ്‌സ്മാൻമാർ ഏറെ ബുദ്ധിമുട്ടി. റോയൽസിന്റെ പ്രമുഖ ബാറ്റർമാരായ റിയ ബഷീർ, നിഖിൽ എം, അഭിജിത്ത് പ്രവീൺ എന്നിവരെയാണ് സത്താർ പവലിയനിലേക്ക് മടക്കിയത്. മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി സത്താർ നടത്തിയ വിക്കറ്റ് വേട്ട കളി ബ്ലൂ ടൈഗേഴ്സിന്റെ വരുതിയിൽ നിർത്തുന്നതിൽ നിർണായകമായി.
വയനാട് കരിയമ്പാടിയിൽ, ചുണ്ടക്കര വീട്ടിൽ സത്താറിൻ്റെയും റഹ്മത്തിൻ്റെയും മകനാണ് 23കാരനായ അഖിൻ സത്താർ. ജൂനിയർ തലങ്ങളിലെ മികവ് കെസിഎല്ലിലെ പ്രവേശനം എളുപ്പമാക്കി. ആദ്യ മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനം കൊച്ചിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നിർണായകമാകും.
കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസ് ടീം അംഗമായിരുന്ന സത്താർ, 8 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകൾ നേടിയിരുന്നു. വരും മത്സരങ്ങളിലും സത്താറിന്റെ നിർണയക ഓവറുകൾ കൊച്ചിയ്ക്ക് കരുത്താകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates