Manjot Kalra x
Sports

ലങ്ക പ്രീമിയർ ലീഗിൽ ഒത്തുകളി വിവാദം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീലങ്കയിൽ അറസ്റ്റിൽ

2018ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊളംബോ: ലങ്ക പ്രീമിയർ ലീ​ഗ് (എൽപിഎൽ) ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം മൻജോത് കൽറ ശ്രീലങ്കയിൽ അറസ്റ്റിലായി. 2018ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ നേടിയ തകർപ്പൻ സെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ മുൻ ഇന്ത്യൻ താരമാണ് മൻജോത് കൽറ. ലങ്ക പ്രീമിയർ ലീഗിൽ കളിക്കാർക്ക് കോഴ നൽകാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് അറസ്റ്റ്. എൽപിഎല്ലിലെ 'ജാഫ്ന കിങ്സ്' ഫ്രാഞ്ചൈസിയുടെ സഹ- ഉടമയായ കൽറയെ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് കായിക രംഗത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്.

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് അടുത്തിടെ കായിക ബിസിനസ് രംഗത്തേക്ക് ചുവടുമാറ്റിയ 27കാരനായ കൽറ 2026 സീസണിന് മുന്നോടിയായാണ് ജാഫ്ന കിങ്സിന്റെ ഉടമസ്ഥാവകാശ പങ്കാളിയാകുന്നത്. ടൂർണമെന്റുമായി ബന്ധപ്പെട്ട് പണം നൽകി കളിക്കാരെ സ്വാധീനിക്കാൻ കൽറ ശ്രമിച്ചതായാണ് ശ്രീലങ്കൻ അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ഏകദേശം 10 ദിവസങ്ങൾക്ക് മുൻപാണ് കൽറ കളിക്കാരെ സമീപിച്ചത്. ജാഫ്ന കിങ്സ് ടീമിലെ ശ്രീലങ്കൻ അന്താരാഷ്ട്ര താരങ്ങളായ ഭനുക രാജപക്ഷ, അവിഷ്ക ഫെർണാണ്ടോ, ദുനിത് വെള്ളാലഗെ എന്നിവരാണ് കൽറയ്ക്കെതിരെ പരാതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

ശ്രീലങ്കൻ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കൊളംബോയിലെ ഒരു ഹോട്ടലിൽ വെച്ച് ഒരു കളിക്കാരന് 9.5 മില്യൺ ശ്രീലങ്കൻ രൂപ (ഏകദേശം 28,700 യുഎസ് ഡോളർ) കൈമാറാൻ ശ്രമിക്കുന്നതിനിടെയിലാണ് കൽറ അറസ്റ്റിലാകുന്നത്. ആദ്യമായി കൽറ സമീപിച്ചപ്പോൾ തന്നെ ബന്ധപ്പെട്ട കളിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. ഇതാണ് വെള്ളിയാഴ്ചത്തെ നാടകീയമായ അറസ്റ്റിലേക്ക് നയിച്ചത്. കൽറയെ പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

കൽറയുടെ അറസ്റ്റോടെ വെള്ളിയാഴ്ച ആരംഭിച്ച ലങ്ക പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിന് മേൽ ഒത്തുകളിയുടെ കരിനിഴൽ വീണിരിക്കുകയാണ്. കൊളംബോയിലെ എസ്എസ്‍സി ഗ്രൗണ്ടിൽ ജാഫ്ന കിങ്സും ഗാൾ ഗാലന്റ്സും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. അഞ്ച് ടീമുകൾ മാറ്റുരയ്ക്കുന്ന 24 മത്സരങ്ങളുള്ള ഈ ടൂർണമെന്റ് ഓഗസ്റ്റ് 8നാണ് അവസാനിക്കുന്നത്.

എൽപിഎല്ലിൽ പലപ്പോഴായി ഉയർന്നു കേട്ട അഴിമതി ആരോപണങ്ങളുടെ ആവർത്തനമാണ് ഈ പുതിയ സംഭവം. ഈ വർഷം ആദ്യം കളിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ബെറ്റിങ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിനും ദാംബുള്ള തണ്ടേഴ്സ് ഉടമ തമീം റഹ്മാന് നാല് വർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. കൂടാതെ ശ്രീലങ്കയിലെ അഴിമതി വിരുദ്ധ നിയമപ്രകാരം 24 മില്യൺ ശ്രീലങ്കൻ രൂപ പിഴയും അദ്ദേഹത്തിന് ചുമത്തിയിരുന്നു.

മൻജോത് കൽറയുടെ അറസ്റ്റ് സ്ഥിരീകരിച്ചുകൊണ്ട് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. അഴിമതിയോടും തെറ്റായ പ്രവണതകളോടും തങ്ങൾക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണുള്ളതെന്ന് ബോർഡ് ആവർത്തിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ടൂർണമെന്റ് തടസമില്ലാതെ നിശ്ചയിച്ചതുപോലെ മുന്നോട്ട് പോകുമെന്നും ബോർഡ് വ്യക്തമാക്കി.

2018ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 101 റൺസിലൂടെയാണ് കൽറ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചിതനാകുന്നത്. അന്ന് പൃഥ്വി ഷായുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ കൽറയുടെ പ്രകടനം നിർണായകമായിരുന്നു. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം ആ മുൻ ഓപ്പണിങ് ബാറ്റർ ലങ്ക പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിന്റെ കേന്ദ്ര ബിന്ദുവായി മാറിയിരിക്കുകയാണ്.

Former India Under-19 World Cup winner Manjot Kalra was arrested in Sri Lanka over allegations of attempting to bribe players during the Lanka Premier League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ട് തുടരും; വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം

'ഒന്നുകില്‍ സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ സര്‍ക്കാരിന് കവചം തീര്‍ക്കുക; കുമ്പിടി ആവണ്ട...'

'എന്റെ മോൻ മേജർ ആണോയെന്ന് ചോദിച്ചു; ഗൂ​ഗിൾ ചെയ്തു നോക്കിയപ്പോൾ അവൻ അതിശയിച്ചു പോയി'

'അർജന്റീന ലോക ചാംപ്യൻമാർ, മെസിക്ക് രണ്ടാം കിരീടം'; 2019ലും 2021ലും പ്രത്യക്ഷപ്പെട്ട അവിശ്വസനീയ പ്രവചനങ്ങൾ!

വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; കർശന നിർദ്ദേശവുമായി കളക്ടർ