ലണ്ടൻ: ക്രിക്കറ്റ് പൊതുവേ മാന്യൻമാരുടെ കളി എന്നാണല്ലോ അറിയപ്പെടുന്നത്. മാന്യൻമാരുടെ കളിയിൽ ക്രിക്കറ്റ് ലോകം കുറച്ചധികം മാന്യൻമാരായി കാണുന്നവരാണ് ന്യൂസിലൻഡ് താരങ്ങൾ. കളത്തിൽ വലിയ രീതിയിലുള്ള അഗ്രസീവായ പെരുമാറ്റം പൊതുവേ കിവി താരങ്ങളിൽ കാണാറില്ല. സത്യസന്ധമായി തന്നെ അവർ കളിയിൽ ഇടപെടാറുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇംഗ്ലണ്ടിൽ അരങ്ങേറുന്ന ദി ഹണ്ട്രഡ് പോരാട്ടത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. ട്രെന്റ് റോക്കറ്റ്സും ബർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്.
ട്രെന്റ് റോക്കറ്റ്സ് താരവും ന്യൂസിലൻഡ് ക്യാപ്റ്റനുമായ മിച്ചൽ സാന്റ്നർ ബാറ്റിങിനിടെ റണ്ണൗട്ടാകുന്നുണ്ട്. ഓൺ ഫീൽഡ് അംപയർമാർ സാന്റ്നർ നോട്ടൗട്ടാണെന്നു വിധിച്ചു. എതിർ ടീം താരങ്ങളാരും അപ്പീലും ചെയ്തില്ല. എന്നാൽ താൻ ശരിക്കും നോട്ടൗട്ട് ആണോ എന്ന് സാന്റ്നർക്ക് തന്നെ സംശയം വന്നു. ഉടൻ തന്നെ റണ്ണൗട്ട് പരിശോധിക്കാൻ അദ്ദേഹം തന്നെ ആവശ്യപ്പെട്ടു. മൂന്നാം അംപയർ വീണ്ടും പരിശോധിച്ചപ്പോൾ സാന്റ്നർ ബാറ്റ് വച്ചത് ക്രീസിനു പുറത്താണെന്നു തെളിഞ്ഞു. താരത്തിന്റെ ബാറ്റ് ക്രീസിന് തൊട്ടു തൊട്ടില്ല എന്ന നിലയിൽ നേരിയ വ്യത്യാസത്തിലാണ് പുറത്തു നിന്നത്. ഇതോടെ നോട്ടൗട്ട് തീരുമാനം മാറ്റി അംപയർമാർ സാന്റ്നർ ഔട്ടാണെന്നു വിരലുയർത്തി.
215 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുകയായിരുന്നു ഈ സമയത്ത് ട്രെന്റ് റോക്കറ്റ്സ്. ടീമിനായി അവസാന ഘട്ടത്തിലാണ് സാന്റ്നർ ബാറ്റിങിനു എത്തിയത്. ഒരു ക്വിക്ക് സിംഗിളിനായി ഓടിയപ്പോഴാണ് സാന്റ്നർ തലനാരിഴയ്ക്ക് റണ്ണൗട്ടായത്. ഓൺ ഫീൽഡ് അംപയർമാർ തേർഡ് അംപയറുടെ സഹായം പോലും തേടാതെ നോട്ടൗട്ട് വിളിക്കുകയായിരുന്നു. പിന്നാലെയാണ് സാന്റ്നറുടെ അപൂർവ പ്രതികരണം. കളിയിൽ 7 റൺസെടുത്ത് സാന്റ്നർ മടങ്ങി.
'കിവികൾ പൊതുവേ നല്ലവരാണ്! എന്താണ് അദ്ദേഹം അപ്പോൾ ചിന്തിച്ചത് എന്ന് എനിക്കറിയില്ല. മിണ്ടാതിരുന്നാൽ മതിയായിരുന്നു'- ഈ സമയത്ത് കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ന്യൂസിലൻഡ് താരം സൈമൺ ഡോളിന്റെ പ്രതികരണം.
'നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ സാധിക്കുന്നുണ്ടോ. ഒരു ബാറ്റ്സ്മാൻ തന്നെ താൻ ഔട്ടാണോ എന്ന് റിവ്യു ചോദിക്കുന്നു. എന്നിട്ട് പുറത്താകുന്നു'- കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ രവി ശാസ്ത്രിയുടെ പ്രതികരണം.
മത്സരത്തിൽ ബർമിങ്ഹാം ഫീനിക്സ് 10 റൺസിനു വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഫീനിക്സ് 100 പന്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് സ്വന്തമാക്കിയത്. റോക്കറ്റ്സിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates