ജയ്പുർ: ഐപിഎല്ലിൽ (IPL 2025) ഇന്ന് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുമ്പോൾ പോരാട്ടം ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനുള്ള പോരാട്ടമായി മാറും. നിലവിൽ പ്ലേ ഓഫ് ഉറപ്പിച്ച രണ്ട് ടീമുകളാണ് ഇരു സംഘവും. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടിയാൽ എലിമിനേറ്റർ പോരിൽ നിന്നു ഒഴിവായി കിട്ടും. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നാണെങ്കിൽ ജയിച്ചാൽ നേരിട്ട് ഫൈനലിലേക്ക് മുന്നേറാം. തോറ്റാൽ ഒരു ചാൻസ് കൂടി കിട്ടുകയും ചെയ്യും. അവസാന പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് തോറ്റതോടെയാണ് ഇരു ടീമുകൾക്കും മുന്നിൽ കയറാൻ അവസരമൊരുങ്ങിയത്. പഞ്ചാബിന്റേയും മുംബൈയുടേയും പ്രാഥമിക ഘട്ടത്തിലെ അവസാന പോരാട്ടമാണിന്ന്.
13 മത്സരങ്ങളിൽ നിന്നു പഞ്ചാബിന് 17 പോയിന്റുണ്ട്. അവർ നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. തോറ്റാൽ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ ഇറങ്ങേണ്ടി വരും. മുംബൈ നിലവിൽ നാലാമതാണ്. ജയിച്ചാൽ അവർ ആദ്യ രണ്ടിലൊന്നിലേക്ക് മുന്നേറാം. മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലവും മുംബൈക്കുണ്ട്. മറ്റ് മൂന്ന് ടീമുകളേക്കാളും നെറ്റ് റൺറേറ്റ് അവർക്കുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനോടു തോറ്റതാണ് പഞ്ചാബിനു തിരിച്ചടിയായത്.
ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ പോരാട്ടം. ബാറ്റിങ് പിച്ചാണ്. ആരാധകരെ സംബന്ധിച്ചു മികച്ച ബാറ്റിങ് വിരുന്ന് പ്രതീക്ഷിക്കാം. പതിവു പോലെ തുടക്കത്തിൽ തപ്പിത്തടഞ്ഞ മുംബൈ ടൂർണമെന്റ് പുരോഗമിക്കും തോറും മികച്ച ഫോമിലേക്ക് ഉയർന്നാണ് പ്ലേ ഓഫ് ഉറപ്പിച്ചത്.
പഞ്ചാബിന്റെ ബൗളിങ് അവരെ സംബന്ധിച്ച് നിലവിൽ തലവേദനയാണ്. ഡൽഹിക്കെതിരായ പോരിൽ അത് തുറന്നു കാട്ടപ്പെട്ടു. സൂര്യകുമാർ യാദവ് അടക്കമുള്ള മുംബൈ ബാറ്റർമാർ നിലവിൽ ഫോമിലാണ്. ആ നിലയ്ക്ക് മത്സരം ആവേശകരമാകും. പ്രഭ്സിമ്രാൻ സിങ്, ക്യാപ്റ്റൻ ശ്രേയസ് അയ്യർ അടക്കമുള്ള ബാറ്റർമാർ പഞ്ചാബിന് ബലമാണ്. നിലവിൽ അവരുടെ ബാറ്റിങ് നിരയും മിന്നും ഫോമിലാണ്. ബൗളിങിൽ യുസ്‍വേന്ദ്ര ചഹൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പരിക്കിന്റെ അസ്വസ്ഥകൾ ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates