ഡാർവിൻ: ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ്. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ താരം ടെസ്റ്റിൽ 300 വിക്കറ്റുകൾ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. 300 വിക്കറ്റുകൾ ടെസ്റ്റിൽ സ്വന്തമാക്കുന്ന ഒൻപതാമത്തെ ഓസ്ട്രേലിയൻ ബൗളറായും ഹെയ്സൽവുഡ് മാറി.
ഹെയ്സൽവുഡ് 300 വിക്കറ്റെടുത്തതോടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൈതാനം അപൂർവ കാഴ്ചയ്ക്കു കൂടിയാണ് സാക്ഷിയായത്. ടെസ്റ്റിൽ 300 വിക്കറ്റുകൾ നേടുന്ന 4 ബൗളർമാർ ഒരേ സമയം മൈതാനത്ത് ഒരുമിച്ചു കളിച്ചു എന്ന അപൂർവതയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം നിന്നത്. നതാൻ ലിയോൺ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്. നാല് പേരും ടെസ്റ്റിൽ 300, അതിനു മുകളിൽ വിക്കറ്റ് നേടിയവരാണ്. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത്തരമൊരു അപൂർവത ആദ്യമാണ്.
നതാന്‍ ലിയോണ്‍ 568 വിക്കറ്റുകള്‍ ടെസ്റ്റ് കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 435 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് നേടിയത്. കമ്മിന്‍സ് 317 വിക്കറ്റുകളും നേടി. ഹെയ്‌സല്‍വുഡിന് നിലവില്‍ 301 വിക്കറ്റുകള്‍.
പേസ് കരുത്തും ബൗളിങ് വൈവിധ്യവും നിറഞ്ഞ ഓസീസ് നിരയ്ക്കെതിരെ പക്ഷേ ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറുയർത്തി ബംഗ്ലാദേശ് മിന്നും പ്രതിരോധമാണ് പുറത്തെടുത്തത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 198 റൺസിൽ അവസാനിപ്പിച്ച ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 426 റൺസ് സ്കോറുയർത്തി. 228 റൺസിന്റെ നിർണായക ലീഡും ബംഗ്ലദേശ് സ്വന്തമാക്കി. ഓപ്പണര്‍ തന്‍സിദ് ഹസന്‍ നേടിയ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്കോറിലെത്തിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, മെഹ്ദി ഹസൻ മിറാസ് എന്നിവരുടെ അർധ സെഞ്ച്വറികളും ബംഗ്ലദേശ് മറുപടിക്ക് ഇന്ധനം പകർന്നു.
തന്‍സിദ് ഹസന്‍ 8 ഫോറും ഒരു സിക്‌സും സഹിതം 197 പന്തില്‍ 101 റണ്‍സെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി ചരിത്ര നേട്ടത്തോടെയാണ് തന്‍സിന്‍ ആഘോഷിച്ചത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന അനുപമ റെക്കോര്‍ഡാണ് താരം ഡാര്‍വിനില്‍ പൊരുതി നേടിയത്. മത്സരത്തിൽ ഫീൽഡിങ് പോരായ്മകൾ ഓസീസിനു കനത്ത അടിയായി മാറി. 5 ക്യാച്ചുകളാണ് ഫീൽഡർമാർ വിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates