ഉസ്മാൻ താരിഖ് T20 World Cup ap
Sports

അട്ടിമറി ആവര്‍ത്തിച്ചില്ല! യുഎസ്എയെ സ്പിന്നിൽ കുരുക്കി പകരം വീട്ടി പാകിസ്ഥാന്‍

ടി20 ലോകകപ്പില്‍ തുടരെ രണ്ടാം മത്സരം ജയിച്ച് പാകിസ്ഥാന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പില്‍ തുടരെ രണ്ടാം മത്സരവും വിജയിച്ച് പാകിസ്ഥാന്‍. 2024ലെ ലോകകപ്പില്‍ അട്ടിമറി നടത്തിയ യുഎസ്എയെ ഇത്തവണ അതാവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ സമ്മിതിച്ചില്ല. 32 റണ്‍സ് വിജയമാണ് പാകിസ്ഥാന്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് കണ്ടെത്തി. യുഎസ്എയുടെ മറുപടി 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു. സ്പിന്നർമാരുടെ മികവിലാണ് പാക് ജയം.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎസ്എ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് സ്‌കോറിങ് വേഗം കുറഞ്ഞു. ഓപ്പണര്‍ ഷയാന്‍ ജഹാംഗീര്‍, ശുഭം രഞ്ജനെ, മിലിന്ദ് കുമാര്‍ എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്. അവര്‍ക്ക് പക്ഷെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ശുഭം രഞ്ജനെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറിയുമായി പൊരുതി. 30 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം താരം 51 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യക്കെതിരേയും മികച്ച രീതിയില്‍ ബാറ്റ് വീശിയ താരം പാകിസ്ഥാനെതിരേയും മികവ് ആവര്‍ത്തിച്ചു. ഷയാന്‍ ജഹാംഗീര്‍ 34 പന്തില്‍ 49 റണ്‍സെടുത്തു. താരം 5 ഫോറും 2 സിക്‌സും തൂക്കി. മിലിന്ദ് കുമാര്‍ 2 ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സ് കണ്ടെത്തി.

പാക് നിരയില്‍ രണ്ടാം പോരില്‍ കളിക്കാന്‍ അവസരം കിട്ടിയ ഉസ്മാന്‍ താരിഖ് മികച്ച രീതിയില്‍ പെന്തെറിഞ്ഞു. താരം 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഷദബ് ഖാന്‍ 2 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി യുഎസ്എ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറുയര്‍ത്തി. പാകിസ്ഥാനു വേണ്ടി ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറിയുമായി കളം വാണു.

ഒരു ഘട്ടത്തില്‍ പാക് സ്‌കോര്‍ 200 കടക്കുമെന്നു തോന്നിച്ചു. എന്നാല്‍ യുഎസ്എ ബൗളര്‍മാര്‍ അതിനു സമ്മതിച്ചില്ല. വാലറ്റത്തിന്റെ ഭാവനാശൂന്യമായ ബാറ്റിങും പാകിസ്ഥാനു തിരിച്ചടിയായി. അവസാന ഓവറില്‍ ഷഹീന്‍ ഷാ അഫ്രീദി അടിച്ച ഒരു സിക്‌സാണ് പാക് സ്‌കോര്‍ 190ല്‍ എത്തിച്ചത്.

ആദ്യ മത്സരത്തില്‍ 4 വിക്കറ്റെടുത്ത് ഇന്ത്യയെ വിറപ്പിച്ച ഷാഡ്‌ലി വാന്‍ ഷാല്‍വിക് പാകിസ്ഥാനേയും സമാന രീതിയില്‍ തന്നെ കുടുക്കി. ഇന്ത്യക്കെതിരെ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത ഷാല്‍വിക് പാകിസ്ഥാനെതിരേയും സമാന രീതിയില്‍ തന്നെ പന്തെറിഞ്ഞു. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് നാല് പാക് വിക്കറ്റുകള്‍ ഷാല്‍വിക് സ്വന്തമാക്കിയത്.

ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് സയിം അയൂബും സാഹിബ്‌സാദ ഫര്‍ഹാനും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. സാഹിബ്‌സാദയാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സ്‌കോര്‍ 54ല്‍ സയിം അയൂബിനേയും പിന്നാലെ സ്‌കോര്‍ 56ല്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയേയും പാകിസ്ഥാനെ തുടരെ നഷ്ടമായി. സയിം അയൂബ് 19 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഒരു റണ്ണമായി കൂടാരം കയറി.

പിന്നീട് മൂന്നാം വിക്കറ്റില്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫര്‍ഹാനെ പിന്തുണച്ചതോടെ പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക് നീങ്ങി. 15ാം ഓവറിലെ നാലാം പന്തില്‍ ബാബര്‍ വീഴുമ്പോള്‍ പാക് സ്‌കോര്‍ 137ലായിരുന്നു. പിന്നീടാണ് പാക് സ്‌കോറങിന്റെ വേഗം കുറഞ്ഞത്.

ഫര്‍ഹാന്‍ 41 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം 73 റണ്‍സ് അടിച്ചെടുത്തു. ബാബര്‍ അസം 32 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. ബാബര്‍ 4 ഫോറും ഒരു സിക്‌സും തൂക്കി. പിന്നീടിറങ്ങിയവരില്‍ ഷദബ് ഖാന്‍ മാത്രമാണ് തിളങ്ങിയത്. താരം 12 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് സ്വന്തമാക്കി നിര്‍ണായക സംഭാവന നല്‍കി.

pakistan vs usa, T20 World Cup: A spin-led dominance from Pakistan helped them take their revenge over USA with a 32-run win in Colombo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്; 50 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മുന്നറിയിപ്പ്

Today's Rashi Phalam June 29 |സാമ്പത്തിക കാര്യങ്ങളിൽ നേട്ടം, വരുമാനം വർധിക്കും

Weekly horoscope (June 28- July 04, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

'വനിതകള്‍' ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്; 'പുരുഷന്‍മാര്‍' അട്ടിമറിക്കപ്പെട്ടു; ഇന്ത്യന്‍ ക്രിക്കറ്റിന് 'വൻ നഷ്ടങ്ങളുടെ ദിനം'!

പന്തീരാങ്കാവ് ടോള്‍ പ്ലാസ ജീവനക്കാരന് നേരെ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്, കാര്‍ കണ്ടെടുത്തു