മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2027 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഹിറ്റ്മാന് രോഹിത് ശര്‍മ തിരിച്ചെത്തുന്നു. മൂന്ന് സീസണുകള്‍ക്ക് ശേഷമാണ് രോഹിത് വീണ്ടും ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് 39കാരനായ രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുക്കുന്നത്.
ഹര്‍ദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ച് ടീമിനുള്ളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ രോഹിത്തിനെ വീണ്ടും നായകനാക്കാന്‍ ആലോചിക്കുന്നതായി ഒക്ടോബറില്‍ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ഹര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്സിലേക്ക് ട്രേഡ് ചെയ്യുകയും പകരം അര്‍ഷ്ദീപ് സിങ്ങിനെ മുംബൈ ടീമിലെത്തിക്കുകയും ചെയ്തു. ഇതോടെയാണ് രോഹിത്തിന് വീണ്ടും നായകസ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള വഴിയൊരുങ്ങിയത്.
സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീമിന്റെ ഏറ്റവും വിജയകരമായ നായകനിലേക്ക് തന്നെ മുംബൈ ഇന്ത്യന്‍സ് മടങ്ങുകയായിരുന്നു.
2013ല്‍ തുടങ്ങിയ നായകയാത്ര
2013ലാണ് രോഹിത് ശര്‍മ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. 2023 സീസണ് വരെ അദ്ദേഹം ടീമിനെ നയിച്ചു. ഈ കാലയളവില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയത്. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു ടീമിന്റെ കിരീടനേട്ടങ്ങള്‍. എന്നാല്‍ 2024 സീസണിന് മുന്നോടിയായി രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റി ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് ടീമിലെത്തിയ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ചുമതല നല്‍കുകയായിരുന്നു. ഈ തീരുമാനം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.
ഹര്‍ദിക്കിന്റെ ആദ്യ സീസണ് നിരാശാജനകമായിരുന്നു. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 2025ല്‍ പ്ലേഓഫിലെത്താന്‍ ടീമിന് സാധിച്ചെങ്കിലും 2026ല്‍ വീണ്ടും മോശം പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ നാലു വിജയങ്ങള്‍ മാത്രം നേടിയ മുംബൈ ഒന്‍പതാം സ്ഥാനത്താണ് സീസണ് അവസാനിപ്പിച്ചത്.
പ്രതീക്ഷ വീണ്ടും രോഹിത്തില്‍
മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിന് നേതൃത്വം നല്കിയ രോഹിത്തിന്റെ തിരിച്ചുവരവ് ടീമിന് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ നായകനെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എംഎസ് ധോനിക്കൊപ്പമാണ് രോഹിത്.
നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ രോഹിത്തിന് മുന്നില്‍ ചില വെല്ലുവിളികളുമുണ്ട്. 2024 ജൂണില്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ച താരം നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026 ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണ് രോഹിത് കളിച്ചത്. തുടര്‍ന്നു ഹാംസ്ട്രിങ് പരിക്കിനെത്തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായി.
അതേസമയം, മുന്‍ മുംബൈ സഹതാരമായ കെയ്റണ്‍ പൊള്ളാര്‍ഡാണ് നിലവില്‍ ടീമിന്റെ മുഖ്യ പരിശീലകന്. മഹേല ജയവര്‍ധനെയ്ക്ക് പകരമാണ് പൊള്ളാര്‍ഡ് ചുമതലയേറ്റത്. രോഹിത്പൊള്ളാര്ഡ് കൂട്ടുകെട്ട് നേരത്തേ മുംബൈയ്ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും പരിചയസമ്പത്ത് 2027 സീസണില്‍ ടീമിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ആറു വര്‍ഷമായി ഐപിഎല്‍ കിരീടം നേടാനാകാത്ത മുംബൈ ഇന്ത്യന്‍സിന് രോഹിത്തിന്റെ തിരിച്ചുവരവ് പുതിയ തുടക്കമാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates