പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും വിശ്വസിക്കുന്നത് പഴയ നായകനെ തന്നെ. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയെ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിച്ചിരിക്കുകയാണ് ഐപിഎല്ലില്‍ അഞ്ച് തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. 2027 സീസണിന് മുന്നോടിയായുള്ള നിര്‍ണായക തീരുമാനം രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിനുള്ള അംഗീകാരം മാത്രമല്ല, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ടീമിനെ അലട്ടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം കൂടിയാണ്.
2013 മുതല്‍ 2023 വരെ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത്, ടീമിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കാണ് നയിച്ചത്. 158 മത്സരങ്ങളില്‍ ടീമിന്റെ നായകനായപ്പോള്‍ 87 വിജയങ്ങള്‍ സ്വന്തമാക്കി. 67 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു രോഹിത്തിന്റെ നായകത്വത്തില്‍ മുംബൈയുടെ കിരീടനേട്ടങ്ങള്‍. ഐപിഎല്‍ ചരിത്രത്തില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ നായകനെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ എംഎസ് ധോനിക്കൊപ്പമാണ് രോഹിത്.
ഒരു നായകന്റെ വരവ്, മാറിയ മുംബൈയുടെ തലവര
2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍നിന്നാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിലെത്തുന്നത്. 2013 സീസണില്‍ മോശം തുടക്കത്തെ തുടര്‍ന്ന് റിക്കി പോണ്ടിങ്ങിന് പകരം ടീമിന്റെ നായകസ്ഥാനം രോഹിത്തിനെ തേടിയെത്തി. ആ തീരുമാനം മുംബൈയുടെ ചരിത്രത്തിലെ തന്നെ വഴിത്തിരിവായി. ആദ്യമായി നായകസ്ഥാനം ഏറ്റെടുത്ത അതേ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ രോഹിത്തിനായി.
പിന്നീട് 2015, 2017, 2019, 2020 വര്‍ഷങ്ങളിലും മുംബൈ കിരീടം ചൂടി. ഒരു കാലത്ത് ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായി മുംബൈയെ മാറ്റിയതില്‍ രോഹിത്തിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ട്. ഫൈനലുകളിലെ രോഹിത്തിന്റെ റെക്കോര്‍ഡും ശ്രദ്ധേയമാണ്. രണ്ട് ടീമുകള്‍ക്കായി ആറ് ഐപിഎല്‍ ഫൈനലുകളില്‍ കളിച്ച താരം ആറിലും വിജയിച്ച ടീമിന്റെ ഭാഗമായിരുന്നു. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു ആദ്യ കിരീടം. പിന്നീട് മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് കിരീടങ്ങളും സ്വന്തമാക്കി.
ഹര്‍ദിക്കിന്റെ തിരിച്ചുവരവില്‍ പതറി മുംബൈ
2023 സീസണിന് ശേഷം രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയാണ് ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്കും രണ്ടാം സീസണില്‍ ഫൈനലിലേക്കും നയിച്ച ഹര്‍ദിക്കില്‍ വലിയ പ്രതീക്ഷകളായിരുന്നു മുംബൈയ്ക്കുണ്ടായിരുന്നത്.
എന്നാല്‍ മുംബൈയില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ ഹര്‍ദിക്കിനായില്ല. 2024 സീസണില്‍ 14 മത്സരങ്ങളില്‍ നാലെണ്ണം മാത്രം ജയിച്ച ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നായകമാറ്റത്തിനെതിരെ ആരാധകരുടെ പ്രതിഷേധവും ശക്തമായിരുന്നു. ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ഉള്‍പ്പെടെ ഹര്‍ദിക്കിന് കൂവല്‍ നേരിടേണ്ടിവന്നു.
2025ല്‍ പ്ലേഓഫിലെത്താന്‍ ടീമിനായെങ്കിലും കിരീടത്തിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കാനായില്ല. 2026ല്‍ വീണ്ടും നിരാശപ്പെടുത്തിയ മുംബൈ 14 മത്സരങ്ങളില്‍ നാലെണ്ണം മാത്രം ജയിച്ച് ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്ന് സീസണുകളില്‍ രണ്ടുതവണയും ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടംപിടിക്കാനാകാത്തതും ടീമിന്റെ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ചര്‍ച്ചകള്‍ക്ക് ശക്തിപകര്‍ന്നു.
ഹര്‍ദിക്കിന്റെ പഞ്ചാബിലേക്കുള്ള മാറ്റം
2027 സീസണിന് മുന്നോടിയായി ഹര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിലേക്ക് കൈമാറാനും പകരം പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ടീമിലെത്തിക്കാനും മുംബൈ തീരുമാനിച്ചു. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് കൂടി ചേരുന്നത് ടീമിന്റെ പേസ് ബൗളിങ് നിരയ്ക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷ.
ഹര്‍ദിക്കിന്റെ കൂടുമാറ്റത്തോടെ മുംബൈയ്ക്ക് പുതിയ നായകനെ കണ്ടെത്തേണ്ട സാഹചര്യവുമുണ്ടായി. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ ഏറ്റവും വിജയകരമായ കാലഘട്ടത്തിന് നേതൃത്വം നല്‍കിയ രോഹിത്തിലേക്ക് തന്നെ മുംബൈ മടങ്ങിയെത്തി.
പൊള്ളാര്‍ഡിന്റെ വരവും രോഹിത്തിന്റെ തിരിച്ചുവരവും
മുംബൈയുടെ മുന്‍ താരവും ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരവുമായ കീറോണ്‍ പൊള്ളാര്‍ഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റതും പുതിയ തീരുമാനത്തിന് പ്രധാന പശ്ചാത്തലമാണ്. രോഹിത്തും പൊള്ളാര്‍ഡും ഒരുമിച്ചുണ്ടായിരുന്ന കാലത്ത് മുംബൈ നാല് ഐപിഎല്‍ കിരീടങ്ങളാണ് സ്വന്തമാക്കിയത്. 2013, 2015, 2017, 2019 വര്‍ഷങ്ങളിലെ വിജയങ്ങളില്‍ പൊള്ളാര്‍ഡിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു. പരിചയസമ്പന്നനായ രോഹിത്തിന്റെ നേതൃത്വവും പൊള്ളാര്‍ഡിന്റെ പരിശീലനവും ചേര്‍ന്ന് ടീമിന് പഴയ വിജയവഴി തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
രോഹിത്തിന് മുന്നിലുള്ള വെല്ലുവിളി
ക്യാപ്റ്റന്‍സിയിലേക്ക് തിരിച്ചെത്തുമ്പോള്‍ രോഹിത്തിനും വെല്ലുവിളികള്‍ കുറവല്ല. 39 വയസ്സുള്ള താരം 2024ല്‍ ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. 2026 സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നിരുന്നു. ഏകദിന ക്രിക്കറ്റ് മാത്രമാണ് നിലവില്‍ താരത്തിന്റെ അന്താരാഷ്ട്ര ഫോര്‍മാറ്റ്.
രണ്ട് മാസത്തോളം നീളുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ ശാരീരികക്ഷമത നിലനിര്‍ത്തുക എന്നത് രോഹിത്തിന് പ്രധാനമാണ്. അതേസമയം, ഭാവിയിലെ നായകനെ വളര്‍ത്തിയെടുക്കുന്നതും മുംബൈയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നായിരിക്കും. യുവതാരം തിലക് വര്‍മയെ ഭാവി നായകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ആറ് വര്‍ഷമായി ഐപിഎല്‍ കിരീടം നേടാനാകാത്ത മുംബൈ ഇന്ത്യന്‍സിന് 2027 സീസണ്‍ നിര്‍ണായകമാണ്. അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച നായകനെ തിരിച്ചെത്തിക്കുമ്പോള്‍ ടീമിന്റെ ലക്ഷ്യം വ്യക്തമാണ്. പഴയ വിജയചരിത്രം ആവര്‍ത്തിക്കുക. എന്നാല്‍ രോഹിത്തിന്റെ തിരിച്ചുവരവ് മുംബൈയെ വീണ്ടും ചാമ്പ്യന്മാരാക്കുമോ എന്നറിയാന്‍ പുതിയ സീസണ്‍ വരെ കാത്തിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates