കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം ആവേശാന്ത്യത്തിലേക്ക്. ഒരു ദിവസം മാത്രം ശേഷിക്കെ ഓസീസിന് ടെസ്റ്റ് പരമ്പര നേടാന്‍ വേണ്ടത് 288 റണ്‍സ്. പ്രോട്ടീസിന് ജയിക്കാന്‍ വീഴ്‌ത്തേണ്ടത് 10 വിക്കറ്റുകള്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് സമനിലയില്‍.
രണ്ടാം ഇന്നിങ്‌സില്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഇറങ്ങി ചരിത്ര സെഞ്ച്വറികളുമായി കളം വാണ റിയാല്‍ റിക്കല്‍ടന്‍- വിയാന്‍ മള്‍ഡര്‍ സഖ്യത്തിന്റെ റെക്കോര്‍ഡ് ബാറ്റിങ് മികവാണ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതിരോധിക്കാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 329 റണ്‍സെടുത്തപ്പോള്‍ ഓസീസ് 429 റണ്‍സെടുത്ത് 100 റണ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക റിക്കല്‍ടന്‍, മള്‍ഡര്‍ എന്നിവരുടെ ശതക മികവില്‍ 387 റണ്‍സ് സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയക്ക് മുന്നില്‍ 288 റണ്‍സ് വിജയ ലക്ഷ്യം വച്ചത്.
രണ്ടാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ക്രീസില്‍ റിക്കല്‍ടനും മള്‍ഡറും ഒന്നിച്ചത്. പിന്നീട് ഇരുവരും ചേര്‍ന്നു പോരാട്ടം ഓസീസ് ക്യാംപിലേക്ക് നയിച്ചു. റിക്കല്‍ടന്‍ 219 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം 101 റണ്‍സ് എടുത്തു. മള്‍ഡര്‍ 221 പന്തില്‍ 10 ഫോറും 4 സിക്‌സും സഹിതം 115 റണ്‍സും അടിച്ചു.
റെക്കോര്‍ഡ്
ജൊഹന്നാസ് ബര്‍ഗിലെ സെന്റ് സ്റ്റിത്യന്‍സ് കോളജില്‍ ഒന്നിച്ച് പഠിച്ചവരാണ് റിക്കല്‍ടനും മള്‍ഡറും. ഇരുവരും ബാല്യകാലം മുതല്‍ സുഹൃത്തുക്കളുമാണ്. ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങാണ് ഇരുവരും ചേര്‍ന്നു പുറത്തെടുത്തത്. അനായാസം വിജയിക്കാമെന്ന ഓസീസ് കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായിരുന്നു ഇരുവരുടേയും ബാറ്റിങ്. ആറാം വിക്കറ്റില്‍ 154 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. ടെസ്റ്റ് മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ 6, 7 സ്ഥാനങ്ങളില്‍ ഇറങ്ങി സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ സഖ്യമെന്ന അപൂര്‍വ റെക്കോര്‍ഡാണ് റിക്കല്‍ടന്‍- മള്‍ഡര്‍ സഖ്യം സ്വന്തമാക്കിയത്.
മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ 37 വര്‍ഷത്തിനു ശേഷമാണ് 6, 7 സ്ഥാനങ്ങളില്‍ ഇറങ്ങിയവര്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്നത്. 1989ലാണ് അവസാനമായി ഇത്തരമൊരു നേട്ടം പിറന്നത്. അന്ന് ഹോബാര്‍ട്ടില്‍ ഓസീസ് താരങ്ങളായ ഡീന്‍ ജോണ്‍സും സ്റ്റീവ് വോയുമാണ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി അടിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ ഇത് നാലാം തവണയാണ് രണ്ടാം ഇന്നിങ്‌സില്‍ 6, 7 സ്ഥാനങ്ങളില്‍ ഇറങ്ങിയവര്‍ സെഞ്ച്വറികള്‍ അടിക്കുന്നത്. 1937ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ജാക്ക് ഫിംഗിള്‍ടനും ഡോണ്‍ ബ്രാഡ്മാനും സെഞ്ച്വറി നേടിയപ്പോഴാണ് ഈ അപൂര്‍വ റെക്കോര്‍ഡ് ആദ്യമായി പിറന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates