Sanju Samson x
Sports

'സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍, ടീമിലെ അവിഭാജ്യ ഘടകം'

സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി മലയാളി താരം വരുമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച്

Author : രഞ്ജിത്ത് കാർത്തിക

മുംബൈ: ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റന്‍ ആരാകുമെന്ന ആകാംക്ഷകളും ചര്‍ച്ചകളും നടക്കുന്നതിനിടെ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി മുന്‍ ഇന്ത്യന്‍ കോച്ചും ക്യാപ്റ്റനും ഇതിഹാസ ഓള്‍ റൗണ്ടറുമായ രവി ശാസ്ത്രി. സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു ശാസ്ത്രി വ്യക്തമാക്കി. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹത്തിന്റെ നായകനെന്ന നിലയിലുള്ള മികവും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ സര്‍വാത്മനാ യോഗ്യനാക്കുന്നുവെന്നും ശാസ്ത്രി പറയുന്നു.

സൂര്യകുമാര്‍ യാദവിന്റെ പ്രായവും ബാറ്റിങിലെ ഫോം ഇല്ലായ്മയുമടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ് പുതിയ ക്യാപ്റ്റന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ തുടക്കത്തില്‍ മികവോടെ നയിച്ച ശ്രേയസ് അയ്യരുടെ പേരും സജീവമായി ബിസിസിഐ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകളും അതിനിടെ വന്നിരുന്നു. എന്നാല്‍ സൂര്യയുടെ പകരക്കാരനായി ശാസ്ത്രി കാണുന്നത് സഞ്ജു സാംസണെയാണ്. ഇനിയുള്ള അന്താരാഷ്ട്ര ടി20 പോരാട്ടങ്ങള്‍ സൂര്യകുമാറിന്റെ നിലനില്‍പ്പിന്റെ ഉത്തരം തേടല്‍ കൂടിയായിരിക്കുമെന്നു ശാസ്ത്രി പറയുന്നു.

'2028ലെ ലോകകപ്പ് വരുമ്പോഴേക്കും ഇന്ത്യ പുതിയൊരു ക്യാപ്റ്റനെ കണ്ടെത്തിയേക്കും. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ സൂര്യ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. എന്റെ വീക്ഷണത്തില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരിക്കുന്നു എന്നാണ് കരുതുന്നത്. അദ്ദേഹം തന്റെ ബാറ്റിങിനേയും ഫോമിനേയും സംബന്ധിച്ചു ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും 100 ശതമാനം ഉത്തരം നല്‍കി കഴിഞ്ഞിരിക്കുന്നു.'

'രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചതിന്റെ പരിചയസമ്പത്തുമായി സഞ്ജു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്വയം ഉയര്‍ന്നു വന്നിട്ടുണ്ട്. അദ്ദേഹം ടീമിലെ അവിഭാജ്യ ഘടകമായും മാറി. ടോപ്പ് ഓര്‍ഡറില്‍ അതീവ അപകടകാരിയായും സഞ്ജു വളര്‍ന്നു. അതുകൊണ്ടു തന്നെ വരും വര്‍ഷങ്ങളില്‍ സഞ്ജുവില്‍ നിന്നു വലിയ വലിയ കാര്യങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'

'സഞ്ജുവിന്റെ നേര്‍ക്കുയര്‍ന്ന ഏല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി കഴിഞ്ഞു. അദ്ദേഹത്തിനു പ്രതിഭയുണ്ടായിരുന്നെങ്കിലും പലപ്പോഴും അതിനൊത്തു ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ തുടങ്ങിയ നിര്‍ണായക മത്സരങ്ങളില്‍ ഒറ്റയ്ക്ക് ഇന്ത്യയെ അദ്ദേഹം ജയിപ്പിച്ചതും ഇപ്പോള്‍ ഐപിഎല്ലില്‍ അദ്ദേഹം പുറത്തെടുക്കുന്ന പക്വതയും അദ്ദേഹത്തെ ഭാവി നായകനാക്കാന്‍ യോഗ്യനാക്കുന്നു'- ശാസ്ത്രി വ്യക്തമാക്കി.

5 സീസണുകളില്‍ സഞ്ജു രാജസ്ഥാനെ നയിച്ചു. 2022ല്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. 2026ലെ ലോകകപ്പില്‍ തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി അദ്ദേഹം ഇന്ത്യയെ ലോക കിരീടത്തിലേക്കും നയിച്ചു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും അദ്ദേഹമായിരുന്നു.

സൂര്യ 'നിരീക്ഷണത്തില്‍'

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ഇനി ബിസിസിഐ റഡാറിലായിക്കും. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാനും ടീമില്‍ സ്ഥാനം ഉറപ്പാക്കാനും സൂര്യ ഇനി നിരവധി കടമ്പകള്‍ താണ്ടേണ്ടി വരും. ലോകകപ്പ് നേടിയെങ്കിലും സമീപ കാലത്ത് ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ നായകനു സാധിച്ചിരുന്നില്ല. ഇതോടെയാണ് അദ്ദേഹം നിരീക്ഷണത്തിലേക്ക് വരുന്നത്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കരിയറില്‍ നിര്‍ണായകമാണ്. ക്യാപ്റ്റന്‍സിയെക്കാള്‍ ഉപരി അദ്ദേഹത്തിന്റെ ബാറ്റിങായിരിക്കും ഈ പര്യടനത്തില്‍ പ്രധാനമായും നിരീക്ഷിക്കപ്പെടുക. 2028ലെ ഒളിംപിക്സും ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍ വരെ അദ്ദേഹത്തിന് ടീമില്‍ അവസരം നല്‍കണോ എന്ന് ഈ പര്യടനത്തിലെ പ്രകടനം വിലയിരുത്തിയായിരിക്കും തീരുമാനിക്കുക.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആദ്യ ചോയ്സ് ഇപ്പോഴും സൂര്യകുമാര്‍ തന്നെയാണ്. 2028ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ തന്റെ കരാര്‍ നീട്ടിക്കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ തീരുമാനത്തോട് യോജിക്കുമോ എന്നതാണ് ഇതില്‍ പ്രധാനം. സൂര്യയുടെ പ്രായവും അദ്ദേഹത്തിനു വിലങ്ങാകാന്‍ സാധ്യതയുണ്ട്. 2028ലെ ഒളിംപിക്സാകുമ്പോഴേക്കും സൂര്യയ്ക്കു ഏതാണ്ട് 38 വയസാകും.

Former India coach Ravi Shastri has named Sanju Samson as a potential future T20I captain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാന്‍; വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല: വിഡി സതീശന്‍

VD Satheesan Cabinet Live: 'നല്ല ടീം വരും; ചെന്നിത്തല ടീമിലുണ്ടാകണമെന്നാണ് ആഗ്രഹം'

'ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജാതിവ്യവസ്ഥ ഇല്ലാതാക്കണമെന്നാണ് ഉദ്ദേശിച്ചത്'; സനാതന ധര്‍മ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഉദയനിധി

ഇടിമിന്നലേറ്റ് അപകടം ഒഴിവാക്കാൻ കേരള പൊലീസിന്റെ നിർദേശങ്ങൾ

'തെരഞ്ഞെടുപ്പ് കഴിഞ്ഞ വിവരം ആദ്യം അറിഞ്ഞത് പെട്രോളും ഡീസലുമാണ്...!' ശിവന്‍കുട്ടിയെ എയറിലാക്കി സോഷ്യല്‍മീഡിയ

SCROLL FOR NEXT