44 വർഷത്തിനു ശേഷം ഏഷ്യൻ ​ഗെയിംസിൽ സ്വർണം സമ്മാനിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീം, Asian Games 2026 pti
Sports

8 'സ്വർണം' നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യ

പുതിയതായി 13 ഇനങ്ങളിൽ സുവർണ നേട്ടം, ഹാങ്ഷുവിലെ 28 സ്വർണം ന​ഗോയയിൽ 21 ആയി ചുരുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന​ഗോയ: ഏഷ്യൻ ​ഗെയിംസിനു തിരശ്ശീല വീഴുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചാണ്. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 85 മെഡലുകളാണ് ഐച്ചി ന​ഗോയയിൽ നിന്നു മടങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. നാലാം സ്ഥാനത്തും ഇന്ത്യ ഫിനിഷ് ചെയ്തു.

2022ൽ ഹാങ്ഷുവില്‍ 28 സ്വര്‍ണം 38 വെള്ളി, 40 വെങ്കലം ഉള്‍പ്പെടെ ഇന്ത്യ 106 മെഡലുകള്‍ നേടിയിരുന്നു. ഇത്തവണ അത് 85 ആയി ചുരുങ്ങി. അന്നത്തെ നാലാം സ്ഥാനം ഇത്തവണയും കൈവിട്ടില്ലെന്നു ആശ്വസിക്കാം.

ഹാങ്ഷുവില്‍ ഇന്ത്യ 28 സ്വർണ മെഡലുകൾ നേടിയെങ്കിൽ നാല് വർഷങ്ങൾക്കിപ്പുറം സ്വർണ നേട്ടം 21 ആയി കുറഞ്ഞു. 2022നെ അപേക്ഷിച്ച് 7 സ്വർണത്തിന്റെ കുറവ്. ഹാങ്ഷുവിൽ നേടിയ 28 സ്വർണത്തിൽ ന​ഗോയയിലെത്തുമ്പോൾ ഇന്ത്യ കൈവിടാതെ കാത്തത് 8 സ്വർണ മെഡലുകൾ മാത്രം. അന്ന് നേടിയ ശേഷിച്ച 20 എണ്ണം ഇത്തവണ മറ്റ് രാജ്യക്കാർ കൊണ്ടുപോയി! ആകെ സ്വർണ നേട്ടത്തിന്റെ 28.6 ശതമാനം മാത്രമാണ് ഇന്ത്യ നിലനിർത്തിയത് എന്നും പറയാം.

ഹാങ്ഷുവിൽ ഇന്ത്യയുടെ റെക്കോർഡ് പ്രകടനത്തിന് കാരണമായത് ഷൂട്ടിങായിരുന്നു. 7 സ്വർണമാണ് ഇന്ത്യ ഷൂട്ടിങിൽ മാത്രം 2022ൽ സ്വന്തമാക്കിയത്. ആ 7 സ്വർണ മെഡലുകളും ഇന്ത്യ ഇത്തവണ കൈവിട്ടു. അമ്പെയ്ത്ത് കോംപൗണ്ട് ഇനത്തിലെ രണ്ട് വ്യക്തി​ഗത സ്വർണങ്ങളിൽ ഒന്നുപോലും ഇത്തവണ ഇന്ത്യക്ക് നിലനിർത്താൻ സാധിച്ചില്ല.

അതേസമയം അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിൽ‌ ഇത്തവണ 3 സ്വർണ മെഡലുകൾ ഇന്ത്യ നിലനിർത്തി. ക്രിക്കറ്റിലെ പുരുഷ, വനിതാ ടീമുകളും കബഡി പുരുഷ, വനിതാ ടീമുകളും സുവർണ നേട്ടം ഇത്തവണയും ആവർത്തിച്ചു. പുരുഷ ഹോക്കിയിലും ഇന്ത്യ സ്വർണം വിട്ടുകൊടുക്കാതെ നിലനിർത്തി.

ഇത്തവണ ഇന്ത്യ പ്രതീക്ഷിക്കാത്ത ഇനങ്ങളിൽ നിന്നു സ്വർണം സ്വന്തമാക്കി വിസ്മയിപ്പിക്കുകയും ചെയ്തു. ഹാങ്ഷുവിൽ വെള്ളിയോ വെങ്കലമോ നേടിയ ചില ഇനങ്ങളിൽ ഇന്ത്യ സുവർണ നേട്ടത്തിലെത്തി. നാല് വർഷം മുൻപ് ഒരു മെഡലും നേടാത്ത ഇനത്തിലും ഇത്തവണ ഇന്ത്യ നേട്ടം സ്വന്തമാക്കി എന്നതും ശ്രദ്ധേയം.

ചുരുക്കത്തിൽ ഹാങ്ഷുവിൽ നേടിയ 20 സ്വർണം ഇന്ത്യ ന​ഗോയയിൽ കൈവിട്ടെങ്കിലും മറ്റ് ചില ഇനങ്ങളിൽ ശ്രദ്ധേയ മുന്നേറ്റം നടത്തി ആ കുറവ് ചെറുതായെങ്കിലും നികത്തിയെന്നു ആശ്വസിക്കാം. ആ അർഥത്തിൽ ന​ഗോയയിലെ പ്രകടനം നാല് വർഷ കണക്കിൽ നോക്കുമ്പോൾ ഇന്ത്യൻ കായിക ഭൂപടത്തിൽ പുതിയ ചില താരങ്ങളുടെ പേരുകൾ അടയാളപ്പെടുത്തി എന്നും അവകാശപ്പെടാം.

ഷൂട്ടിങ്

ഹാങ്ഷുവിലെ 7 സ്വര്‍ണം ഉള്‍പ്പെടെ ഇന്ത്യ 22 മെഡലുകള്‍ വെടിവച്ചിട്ടു. എന്നാല്‍ ഇത്തവണ അത് 3 സ്വര്‍ണം ഉള്‍പ്പെടെ 15 ആയി കുറഞ്ഞു.

അത്‌ലറ്റിക്‌സ്

2022ല്‍ 6 സ്വർണം ഉൾപ്പെടെ ഇന്ത്യ 29 മെഡലുകള്‍ വാരിയെങ്കില്‍ ഇത്തവണ അത് 24 ആയി കുറഞ്ഞു. സുവർണ നേട്ടം ഒന്നായും കുറഞ്ഞു. വനിതകളുടെ 4-400 റിലേയിലാണ് സുവര്‍ണ നേട്ടം. 14 വെള്ളി നാല് വര്‍ഷം കൊണ്ട് 9 ആയി കുറഞ്ഞെങ്കില്‍ വെങ്കലം 9ല്‍ നിന്ന് 14ആയി കൂടി.

അമ്പെയ്ത്ത്

5 സ്വര്‍ണം ഉള്‍പ്പെടെ ഇന്ത്യ 9 മഡലുകള്‍ ഹാങ്ഷുവില്‍ സ്വന്തമാക്കിയെങ്കില്‍ ഇത്തവണയും മെഡല്‍ എണ്ണം 9ല്‍ തന്നെ ഉണ്ട്. സ്വര്‍ണം, വെള്ളി, വെങ്കലം കണക്കുകളും സമം. എന്നാല്‍ ഹാങ്ഷുവില്‍ സ്വര്‍ണം സമ്മാനിച്ച ഇനത്തില്‍ അല്ല ഇത്തവണത്തെ സുവര്‍ണ നേട്ടം എന്നതാണ് മാറ്റം. കോംപൗണ്ട് ടീം ഇനത്തിലെ 3 സ്വര്‍ണം ഇന്ത്യ നിലനിര്‍ത്തിയെങ്കില്‍ റിക്കര്‍വ് വിഭാഗം ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ തവണ ഇന്ത്യ വെങ്കലം നേടിയ ടീം ഇനത്തിലാണ് ഇത്തവണ സ്വര്‍ണം.

ബോക്‌സിങ്

ഇന്ത്യന്‍ ബോക്‌സിങാണ് പ്രതീക്ഷയായി ഇത്തവണ ഉയര്‍ന്ന മറ്റൊരു ഇനം. ഹാങ്ഷുവില്‍ ഇടിക്കൂട്ടില്‍ ഒരു സ്വര്‍ണവും നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഇന്ത്യ 3 സ്വര്‍ണമാണ് ഇടിച്ച് നേടിയത്. കഴിഞ്ഞ തവണ ഒരു സ്വര്‍ണവും ഇല്ലാതെ ഇന്ത്യ 4 മെഡലുകളാണ് നേടിയതെങ്കില്‍ ഇത്തവണ 3 സ്വര്‍ണമടക്കം ആറ് മെഡലുകള്‍ ഇന്ത്യ ഇടിക്കൂട്ടില്‍ നിന്നു പിടിച്ചെടുത്തു.

ഗുസ്തി

ഗുസ്തിയിലും കഴിഞ്ഞ തവണയും ഇത്തവണയും നേടിയ മെഡലുകളുടെ എണ്ണം തുല്ല്യമാണ് ആറ്. പക്ഷേ കഴിഞ്ഞ തവണ സ്വര്‍ണമുണ്ടായിരുന്നില്ല. ഇത്തവണ പക്ഷേ 2 വീതം സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളാണ് ഇന്ത്യ ഗുസ്തി പിടിച്ച് സ്വന്തമാക്കിയത്. ഈ ഇനത്തിലും ഇന്ത്യക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്.

സ്ക്വാഷ്

സ്‌ക്വാഷിലും കഴിഞ്ഞ തവണത്തെ 5 മെഡല്‍ നേട്ടം ഇന്ത്യ ആവര്‍ത്തിച്ചു. പക്ഷേ സ്വര്‍ണം ഇത്തവണ കൈവിട്ടു. ഹാങ്ഷുവില്‍ ഇന്ത്യ സ്‌ക്വാഷില്‍ നേടിയ 2 സ്വര്‍ണം ഇത്തവണ നിലനിര്‍ത്താന്‍ സാധിച്ചില്ല.

വനിതാ ഹോക്കി

ശ്രദ്ധേയ പ്രകടനം നടത്തിയ മറ്റൊരു ഇനം ഇന്ത്യന്‍ വനിതാ ഹോക്കി ടീമാണ്. കഴിഞ്ഞ തവണ നേടിയ വെങ്കലം ഇന്ത്യന്‍ വനിതകള്‍ ഇത്തവണ സ്വര്‍ണായി പരിവര്‍ത്തിപ്പിച്ചു. പുരുഷ ടീം സ്വര്‍ണം നിലനിര്‍ത്തുകയും ചെയ്തു.

ഗോള്‍ഫ്

ഹാങ്ഷുവില്‍ അദിതി അശോക് നേടിയ ഒറ്റ വെള്ളി മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വസമെങ്കില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ഗോള്‍ഫില്‍ സ്വര്‍ണം നേടി. കഴിഞ്ഞ തവണത്തെ വെള്ളി നിലനിര്‍ത്തുകയും ചെയ്തു.

ബാഡ്മിന്റണ്‍

ഷൂട്ടിങ് പോലെ നിരാശപ്പെടുത്തിയ ഇനമായി ഇത്തവണ ബാഡ്മിന്റണും മാറി. 2022ല്‍ 3 മെഡുലകളുണ്ടായിരുന്ന ഇന്ത്യക്ക് ഇത്തവണ ഒറ്റ മെഡല്‍ മാത്രമാണ് നേടാനായത്. കൈയിലിരുന്ന ഓരോ സ്വര്‍ണം, വെള്ളി മെഡലുകള്‍ കൈവിട്ട് ഒറ്റ വെങ്കലത്തില്‍ ഇന്ത്യയുടെ പോരാട്ടം ഒതുങ്ങി.

റോവിങ്

റോവിങിലും നിരാശയാണ് ഫലം. കഴിഞ്ഞ തവണ 5 മെഡലുകള്‍ ഉണ്ടായിരുന്നത് ഇത്തവണ ഒന്നായി ചുരുങ്ങി.

ടെന്നീസ്

വ്യത്യസ്ത തലമുറകളായി കഴിഞ്ഞ 36 കൊല്ലമായി ടെന്നീസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പായും സമ്മാനിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒറ്റ മെഡല്‍ പോലും ഇന്ത്യക്ക് ടെന്നീസ് കോര്‍ട്ടില്‍ നിന്നു കിട്ടിയില്ല. കഴിഞ്ഞ തവണ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യക്കുണ്ടായിരുന്നു.

ഇക്വസ്ട്രിയന്‍

കുതിരയോട്ടത്തിലും ഇന്ത്യക്ക് നിരാശയാണ്. കഴിഞ്ഞ തവണ ഒരു സ്വര്‍ണവും ഒരു വെങ്കലവും ഇന്ത്യ നേടിയിരുന്നു. ഇത്തവണ ഒന്നും ഇല്ല.

മാര്‍ഷ്യല്‍ ആര്‍ട്‌സ്, സോഫ്റ്റ് ടെന്നീസ്

ചരിത്രത്തിലാദ്യമായി മാര്‍ഷ്യല്‍ ആര്‍ട്‌സിലും സോഫ്റ്റ് ടെന്നീസിലും ഇന്ത്യക്ക് മെഡല്‍ സ്വന്തമാക്കാനായി. രണ്ട് വെങ്കലം മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയത്. സുചിക തരിയലാണ് ആദ്യമായി മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. സോഫ്റ്റ് ടെന്നീസില്‍ ജയ് മീണയും.

ഭാരോദ്വഹനം

1998ല്‍ കര്‍ണം മല്ലേശ്വരി വെള്ളി നേടിയ ശേഷം ഇതാദ്യമായി ഇന്ത്യ മീരഭായ് ചാനുവിലൂടെ മറ്റൊരു വെള്ളി മെഡല്‍ ഭാരോദ്വഹനത്തില്‍ സ്വന്തമാക്കി. ഒളിംപ്ക്‌സ്, ലോക ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പ്, സൗത്ത് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങളില്‍ മെഡല്‍ നേടിയ ചാനുവിന്റെ അക്കൗണ്ടില്‍ ഇല്ലാതിരുന്നത് ഏഷ്യന്‍ ഗെയിംസ് മെഡലായിരുന്നു. ഇത്തവണ അതിനു മാറ്റം വരുത്തി താരം കരിയറില്‍ പുതിയ നാഴികക്കല്ല് താണ്ടി.

India won 28 gold medals at the 2022 Asian Games in Hangzhou. Four years later, the question in Aichi-Nagoya was how many of those titles it could retain. The answer? - Eight, out of the 28 Hangzhou golds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രഹസ്യങ്ങളുടെ ചുരുളഴിച്ച് ശേഖർ മേനോനും പാരീസ് ലക്ഷ്മിയും; ആന്തോളജി ത്രില്ലർ 'രണ്ട് രഹസ്യങ്ങളു'ടെ ട്രെയ്‌ലർ പുറത്ത്

റബർ ടാപ്പിങിനിടെ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം: തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന് ഗുരുതര പരിക്ക്

സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കുള്ള പുതിയ ബില്ലിന്റെ കരട് തയ്യാറായി; നിയന്ത്രണങ്ങളില്‍ ഇളവ്

കണ്ണാറ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ചങ്ങാലിക്കോടൻ ടിഷ്യുകൾച്ചർ വാഴകൾ ചതിച്ചു: 81-കാരനായ കർഷകന് പതിനായിരങ്ങളുടെ നഷ്ടം

'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'