Vaibhav Sooryavanshi x
Sports

'ടി20യിൽ 200 അടിച്ച് ക്രിസ് ​ഗെയ്ലിന്റെ റെക്കോർഡ് തകർക്കണം'; 15 കാരന്റെ കൂസലില്ലായ്മ! (വിഡിയോ)

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നതിൽ നിർണായക ബാറ്റിങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ജയ്പുർ: കേവലം 15 വയസിനുള്ളിൽ തന്നെ അടുത്ത സൂപ്പർ താരമാകുമെന്നു ​ഗ്രൗണ്ടിലെ പ്രകടനങ്ങളാൽ ഇതിനോടകം അടിവരയിട്ടിരിക്കുന്ന‌ വൈഭവ് സൂര്യവംശി തന്റെ നിർഭയ ബാറ്റിങ് പോലെ തന്നെ ഭാവി സ്വപ്നവും പറയുന്നു. ഐപിഎല്ലിൽ താരം മിന്നും ഫോമിലാണ്. ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ താരത്തിന്റെ ബാറ്റിങ് നിർണായകമായിരുന്നു. വൈഭവിന്റെ സ്ഫോടനാത്മക ബാറ്റിങിനു വണ്ടർ കിഡ് പരിവേഷം ആരാധകർ നൽകുന്നുണ്ട്. എന്നാൽ യുവ താരങ്ങൾ ചിന്തിക്കുന്നതിനും അപ്പുറത്താണ് വൈഭവ് തന്റെ സ്വപ്നങ്ങൾ കൊണ്ടു നടക്കുന്നത്. ഭൂരിഭാ​ഗം പേരും 50, അല്ലെങ്കിൽ 100 റൺസ് നേടുകയാണ് ടി20യിൽ ലക്ഷ്യം വയ്ക്കുന്നത്. വൈഭവിന്റെ കണ്ണ് ഒരു മാജിക്ക് നമ്പറിലാണ്. ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററാകുകയാണ് താരം സ്വപ്നം കാണുന്നത്.

മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സന്റെ യുട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് കൗമാര പ്രതിഭ തന്റെ വലിയ ആ​ഗ്ര​​ഹം വെളിപ്പെടുത്തിയത്. ഭയമില്ലാതെ, ബൗളറുടെ പെരുമ ശ്രദ്ധിക്കാതെ ക്രീസിലെത്തിയാൽ തന്റെ സ്ഫോടനാത്മക ബാറ്റിങ് അപ്പോൾ തന്നെ തുടങ്ങുക എന്ന നയക്കാരനാണ് വൈഭവ്. ആ കൂസലില്ലായ്മ പീറ്റേഴ്സനുമായുള്ള സംഭാഷണത്തിലും കാണാം.

ഇരുവരും തമ്മിലുള്ള സംഭാഷണം

കെപി: 'അർധ സെഞ്ച്വറികൾ നേടുന്നത് ആഘോഷിക്കാൻ താത്പര്യപ്പെടാറുണ്ടോ?'

വൈഭവ്: 'ഇല്ല അത്രയ്ക്കൊന്നും താത്പര്യമില്ല. എനിക്ക് ടി20യിൽ 200 റൺസ് നേടണം. ക്രിസ് ​ഗെയ്‍ലിന്റെ എക്കാലത്തേയും മികച്ച ടി20 വ്യക്തി​ഗത സ്കോറായ 175 റൺസിന്റെ റെക്കോർഡ് തകർത്ത് 200 അടിക്കണം.'

കെപി: 'ഒരു സെഞ്ച്വറി എന്നതു തന്നെ ലക്ഷ്യത്തിലേക്കുള്ള പകുതി ദൂരം മാത്രമേ ആകുന്നുള്ളു'

വൈഭവ്: 'ഒരു മത്സരത്തിൽ 20 ഓവറും എനിക്കു കളിക്കാൻ സാധിച്ചാൽ ആ 175 റൺസിന്റെ റെക്കോർഡ് തകർക്കാൻ കഴിയും.'

കെപി: 'വ്യക്തി​ഗത നാഴികക്കല്ല് താണ്ടാൻ ശ്രമിക്കുമ്പോൾ... അതായത് സെഞ്ച്വറിയിലേക്ക് പോകുമ്പോൾ 90 കഴിഞ്ഞാൽ സമ്മർദ്ദം തോന്നാറുണ്ടോ?'

വൈഭവ്: 'ഇല്ല, ഒരിക്കലുമില്ല. ആ സമയത്തും സ്വാഭാവിക കളി കളിച്ചുകൊണ്ടേയിരിക്കുക എന്നതാണ് എന്റെ സമീപനം.'

ദൈർഘ്യമേറിയ ഇന്നിങ്സുകളുടെ സ്വപ്നം പങ്കിടുമ്പോൾ അതിശയകരമായ ഒരിന്നിങ്സിനെക്കുറിച്ച് വൈഭവ് ഓർക്കുന്നുണ്ട്. ഒദ്യോ​ഗിക റെക്കോർഡിൽ ഇല്ലാത്ത ഈ പോരാട്ടത്തിൽ ഒരു ഏകദിന ഇന്നിങ്സിൽ പുറത്താകാതെ 335 റൺസ് ഒറ്റയ്ക്കടിച്ച കാര്യം വൈഭവ് വെളിപ്പെടുത്തി.

എന്റെ സംസ്ഥാനത്തിനു വേണ്ടിയുള്ള ഒരു ആഭ്യന്തര മത്സരത്തിൽ ഞാൻ 50 ഓവറും പൂർണമായി ബാറ്റ് ചെയ്ത് 335 റൺസടിച്ചിട്ടുണ്ട്.

2013ൽ ഐപിഎൽ പോരാട്ടത്തിൽ പുനെ വാരിയേഴ്സിനെതിരായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ജേഴ്സിയിലാണ് ക്രിസ് ​ഗെയ്ൽ ടി20 ഫോർമാറ്റിലെ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോറെന്ന റെക്കോർ‍ഡ് തീർത്തത്. മത്സരത്തിൽ ​ഗെയ്ൽ പുറത്താകാതെ 175 റൺസ് അടിച്ചെടുത്തു. 13 വർഷമായി തകരാതെ നിൽക്കുന്ന റെക്കോർഡാണിത്. ടി20 ഫോർമാറ്റിൽ ഒരു ബാറ്ററും ഇതുവരെ 200 അടിച്ചിട്ടുമില്ല.

വൈഭവിന്റെ ആ​ഗ്രഹത്തിൽ ആർക്കും സംശയമൊന്നുമില്ല. ഒന്നുകൂടി ശ്രമിച്ചാൽ അതു സാധ്യമാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ റെക്കോർഡിനു വേണ്ടി കളിക്കാനോ സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റാനോ വൈഭവ് ഒരുക്കമല്ല. താരത്തെ സംബന്ധിച്ച് ലക്ഷ്യം ലളിതമാണ്. ക്രീസിൽ ഉറച്ചു നിൽക്കുക റൺസ് അതിവേ​ഗം അടിച്ചെടുക്കുക.

വലിയ സ്കോറുകൾ നേടാൻ പ്രപ്തിയുള്ള ബാറ്റിങ് ശൈലിയാണ് വൈഭവിന്റേത്. ഐപിഎല്ലിനു തൊട്ടുമുൻപ് അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇം​ഗ്ലണ്ടിനെതിരെ വൈഭവ് 175 റൺസ് അടിച്ചെടുത്തിരുന്നു. അണ്ടർ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോറെന്ന റെക്കോർഡ‍ും അന്ന് താരം സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറിക്ക് അരികെ എത്തിയ വൈഭവ് 2025-26 സീസണിലെ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിൽ ബി​ഹാറിനായി 190 റൺസും അടിച്ചുകൂട്ടിയിട്ടുണ്ട്.

Vaibhav Sooryavanshi target also reflects his wish to go past Chris Gayle's feat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

ഇന്ധന വില വര്‍ധന: അന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് പിണറായി

തിളക്കമുള്ള ചർമ്മത്തിന് ഈ പഴങ്ങൾ കഴിക്കാം

ചില്ലിക്കൊമ്പന്റേത് മുങ്ങി മരണം; ആത്മഹത്യ വാദം തള്ളി തമിഴ്‌നാട് ഫോറസ്റ്റ് അധികൃതര്‍

'ഒരു ദലിത് കുടുംബവും തെരുവിൽ കിടക്കില്ല, പൂർണ്ണ പുനരധിവാസം ഉറപ്പാക്കും'; പാരിയത്തുകാവ് വിഷയത്തിൽ മുഖ്യമന്ത്രി

SCROLL FOR NEXT