vaibhav suryavanshi x
Sports

ഭയമില്ല, കരുണയും! സൂര്യവംശി 'കൊടുങ്കാറ്റില്‍' സണ്‍റൈസേഴ്‌സ് 'കടപുഴകി'

എലിമിനേറ്റര്‍ പോരാട്ടത്തില്‍ 47 റണ്‍സ് ജയം, രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ 2 യോഗ്യത സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചണ്ഡീഗഢ്: 15കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ കൊടുങ്കാറ്റ് വേഗമുള്ള ബാറ്റിങിനു മുന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ഉത്തരം കിട്ടാതെ മിഴിച്ചു നില്‍ക്കേണ്ടി വന്നു. ഫലം ഐപിഎല്ലില്‍ എലിമിനേറ്റര്‍ പോരാട്ടം ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ 2 പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി. നാളെ നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. ഈ മത്സരം ജയിക്കുന്ന ടീം ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി ഏറ്റുമുട്ടും.

47 റണ്‍സ് വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് അടിച്ചുകൂട്ടി. എസ്ആര്‍എചിന്റെ പോരാട്ടം 19.2 ഓവറില്‍ 196 റണ്‍സില്‍ അവസാനിച്ചു.

ടോസ് നേടി ബൗളിങ് എടുക്കാനുള്ള സണ്‍റൈസേഴ്‌സ് ടീമിന്റെ തീരുമാനം അമ്പേ പാളിപ്പോയി. വൈഭവ് സൂര്യവംശിയുടെ സ്‌ഫോടനാത്മക ബാറ്റിങിനു മുന്നില്‍ അവര്‍ ഹതാശരായി. ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറി 3 റണ്‍സില്‍ നഷ്ടമായെങ്കിലും വെറും 29 പന്തില്‍ 12 സിക്‌സും 5 ഫോറും സഹിതം വൈഭവ് അതിവേഗം 97 റണ്‍സടിച്ചു. 8 ഓവര്‍ തികയുമ്പോള്‍ വൈഭവ് ഔട്ടായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് സ്‌കോര്‍ 125 റണ്‍സിലെത്തിയിരുന്നു.

ധ്രുവ് ജുറേലും രാജസ്ഥാനു വേണ്ടി അര്‍ധ സെഞ്ച്വറി നേടി. താരം 21 പന്തില്‍ 3 സിക്‌സും 5 ഫോറും സഹിതം 50 റണ്‍സെടുത്തു. വൈഭവിന്റെ സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 29 റണ്‍സെടുത്തു മടങ്ങി. ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കിയ മറ്റൊരാള്‍. താരം 12 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സെടുത്തു.

ഹൈദരാബാദ് നിരയില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനാണ് ശരിക്കും തല്ല് കിട്ടിയത്. താരത്തിന്റെ 4 ഓവറില്‍ പിറന്നത് 64 റണ്‍സ്. പ്രഫുല്‍ ഹിംഗെ 3 വിക്കറ്റെടുത്തു ബൗളര്‍മാരില്‍ തിളങ്ങി. ഇഷാന്‍ മലിംഗ, ശിവംഗ് കുമാര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിങില്‍ അഭിഷേക് ശര്‍മ 2 പന്തില്‍ പൂജ്യം റണ്‍സില്‍ മടങ്ങിയത് ഹൈദരാബാദിനു കനത്ത അടിയായി മാറി. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ അഭിഷേകിനെ പുറത്താക്കി എസ്ആര്‍എചിനെ ഞെട്ടിച്ചു. ആ ആഘാതത്തില്‍ നിന്നു പിന്നീട് അവര്‍ കരകയറിയില്ല.

ഇഷാന്‍ കിഷന്‍ 11 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 33 റണ്‍സെടുത്തു കുതിക്കുന്നതിനിടെ താരത്തേയും ആര്‍ച്ചര്‍ തന്നെ പുറത്താക്കി. സ്‌കോര്‍ 52ല്‍ എത്തിയപ്പോള്‍ ആര്‍ സ്മരന്‍ (1) പുറത്ത്. പിന്നാലെ ട്രാവിസ് ഹെഡ്ഡിനേയും ആര്‍ച്ചര്‍ തന്നെ പുറത്താക്കി. താരം 8 പന്തില്‍ 17 റണ്‍സെടുത്തു. മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊയ്ത് ആര്‍ച്ചര്‍ ഏല്‍പ്പിച്ച പ്രഹരം പിന്നീട് പന്തെറിഞ്ഞവരും നിലനിര്‍ത്തിയതോടെ ഹൈദരാബാദ് ആയുധം വച്ച് കീഴടങ്ങി.

നിതീഷ് കുമാര്‍ റെഡ്ഡി 20 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 38 റണ്‍സെടുത്തു ടോപ് സ്‌കോററായി. സലില്‍ അറോറ, ശിവംഗ് കുമാര്‍ എന്നിവരും പൊരുതി നോക്കിയെങ്കിലും ജയത്തിലേക്ക് അതൊന്നും ഉപകരിച്ചില്ല. സലില്‍ 21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 35 റണ്‍സ് കണ്ടെത്തി. ശിവംഗ് കുമാര്‍ 24 പന്തില്‍ 27 റണ്‍സും കണ്ടെത്തി.

രാജസ്ഥാനായി ആര്‍ച്ചര്‍ 3 വിക്കറ്റെടുത്തു. നാന്ദ്രെ ബര്‍ഗര്‍, സുശാന്ത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. യഷ് രാജ് പുഞ്ജ ഒരു വിക്കറ്റ് വീഴ്ത്തി.

vaibhav suryavanshi's breathtaking 97 off 29 balls, set up Rajasthan Royals' 47-run win 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

'ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹത്തായ സന്ദേശം'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തമിഴ്നാട്ടിൽ ​ഗോവധം നിരോധിച്ചു; ഉടൻ നടപ്പാക്കണമെന്നും മദ്രാസ് ഹൈക്കോടതി

ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

സംസ്ഥാനത്ത് ശക്തമായ മഴ; 40 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്

SCROLL FOR NEXT