Yashasvi Jaiswal Hits Back-to-Back Century 
Sports

മിന്നും ഫോമില്‍ യശസ്വി, തുടര്‍ച്ചയായ രണ്ടാം ശതകം; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 'എ'യ്ക്ക് മികച്ച തുടക്കം

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തന്റെ സമാനതകളില്ലാത്ത ഫോം വീണ്ടെടുത്തിരിക്കുകയാണ് ജയ്സ്വാള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ലിങ്കണ്‍: ന്യൂസിലന്‍ഡില്‍ മിന്നുന്ന ഫോം തുടരുന്ന യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി കളംനിറഞ്ഞു. ലിങ്കണിലെ ബെര്‍ട്ട് സട്ട്ക്ലിഫ് ഓവലില്‍ ന്യൂസിലാന്‍ഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തകര്‍പ്പന്‍ സെഞ്ച്വറിയാണ് ജയ്സ്വാള്‍ (102) നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. പരമ്പരയിലെ ആദ്യ റെഡ്-ബോള്‍ മത്സരത്തിന് ശേഷം ഫോമിന്റെ പേരില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്ന ജയ്സ്വാള്‍, നവംബര്‍ 19ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തന്റെ സമാനതകളില്ലാത്ത ഫോം വീണ്ടെടുത്തിരിക്കുകയാണ്.

പച്ചപ്പു നിറഞ്ഞ പിച്ചിലാണ് ആദ്യ ദിനം കളി ആരംഭിച്ചതെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അത് തികച്ചും അനുകൂലമായി. പേസര്‍ ജാരോദ് മക്കെയിയുടെ ഓവറുകളില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ രണ്ടുതവണ നേടിയ ജയ്സ്വാള്‍ എതിര്‍ ടീം ബൗളര്‍മാരെ തുടക്കം മുതലേ സമ്മര്‍ദത്തിലാക്കി. കട്ട് ഷോട്ടുകള്‍, പുള്‍ ഷോട്ടുകള്‍, മനോഹരമായ കവര്‍ ഡ്രൈവുകള്‍ എന്നിവകൊണ്ട് സമ്പന്നമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പേസര്‍ ബ്രെറ്റ് റാന്‍ഡലിന്റെ പന്തില്‍ ക്ലാസിക് കവര്‍ ഡ്രൈവിലൂടെ അര്‍ധശതനം തികച്ച താരം, സാക്ക് ഗിബ്‌സന്റെ പന്തില്‍ മിഡ്-ഓഫിന് മുകളിലൂടെ കൂറ്റന്‍ സിക്‌സും പറത്തി. 54 റണ്‍സില്‍ നില്‍ക്കെ ലഭിച്ച ജീവന്‍ദാനം മുതലെടുത്ത താരം, കാമറൂണ്‍ പോളിന്റെ പന്തില്‍ കട്ട് ഷോട്ട് കളിച്ച് തൊണ്ണൂറുകളില്‍ പ്രവേശിക്കുകയും സ്പിന്നര്‍ ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റിന്റെ പന്തില്‍ സ്വീപ് ഷോട്ട് കളിച്ച് സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. സെഞ്ച്വറിക്ക് പിന്നാലെ ഫെന്‍സിന്റെ പന്തില്‍ മിഡ്-ഓഫില്‍ ക്യാച്ച് നല്‍കി താരം മടങ്ങി.

സഹഓപ്പണറായ സായ് സുദര്‍ശന്‍ ഒരറ്റത്ത് ഉറച്ചുനിന്ന് ബാറ്റ് ചെയ്തതോടെ ഇന്ത്യ എ ടീമിന് മികച്ച അടിത്തറ ലഭിച്ചു. ജയ്സ്വാളിന്റെ പുറത്താകലിന് ശേഷം ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ (15) 63-ാം ഓവറില്‍ മക്കെയിയുടെ പന്തില്‍ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി. എങ്കിലും ഒരറ്റത്ത് പതറാതെ പിടിച്ചുനിന്ന സായ് സുദര്‍ശന്‍ മികച്ച കവര്‍ ഡ്രൈവുകളിലൂടെയും പുള്‍ ഷോട്ടുകളിലൂടെയും റണ്‍സ് കണ്ടെത്തി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ സായ് സുദര്‍ശന്‍ 205 പന്തില്‍ 77 റണ്‍സുമായും, ക്യാപ്റ്റന്‍ ധ്രുവ് ജുറേല്‍ 12 റണ്‍സുമായും പുറത്താകാതെ ക്രീസിലുണ്ട്.

ആദ്യ ദിനം 69.3 ഓവറുകള്‍ പിന്നിട്ടപ്പോള്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എ ടീം 2 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ച പരമ്പരയില്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങളും ഈ മത്സരത്തില്‍ കളിക്കുന്നുണ്ട്.

Yashasvi Jaiswal Hits Back-to-Back Century as India A Dominates Day 1 Against New Zealand A

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നില്‍ വരുന്ന ടിഷ്യൂ പേപ്പറുകളില്‍ ഒപ്പിടാറില്ല, ഹിമാചല്‍ ഒരു ഓഫറും നല്‍കിയിട്ടില്ല'; പിണറായിക്ക് മുഖ്യമന്ത്രിയുടെ മറുപടി

'260 യുഎസ് വിമാനങ്ങൾ വെടിവച്ചിട്ടു, 170 ഡ്രോണുകൾ പിടിച്ചെടുത്തു; വീണ്ടും യുദ്ധമുണ്ടായാൽ ലോകം ഇറാന്റെ കരുത്തറിയും'

'അടിയന്തരാവസ്ഥ തെറ്റായ തീരുമാനം'; കുടുംബത്തിലെ ഭിന്നത വെളിപ്പെടുത്തി സോണിയ

വൈദ്യുതി കരാറില്‍ തര്‍ക്കം തുടരുന്നു; അഴിമതി ആരോപണം അന്വേഷിക്കുമെന്ന് എക്‌സൈസ് മന്ത്രി, ദീപ്‌കെ കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇഡ്ഡലി ബാക്കിയായോ? കളയല്ലേ, കിടിലൻ ചില്ലി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം...