ന്യൂഡല്‍ഹി: സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തിരിച്ചറിയുന്നതും തടയുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. ടെലികോം കമ്പനികള്‍ ഇത്തരം നമ്പറുകള്‍ കണ്ടെത്തി അറിയിക്കണമെന്ന നിബന്ധന ഉള്‍പ്പെടെയുള്ള പുതിയ നിര്‍ദേശങ്ങളാണ് ട്രായ് അവതരിപ്പിച്ചിരിക്കുന്നത്.
ഇനിമുതല്‍, രേഖാമൂലമോ ഡിജിറ്റലായാലോ ഉപഭോക്താവ് നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവര്‍ക്ക് വാണിജ്യ സന്ദേശങ്ങള്‍ അയക്കാന്‍ പാടുള്ളൂ. അതും ഒരാഴ്ചത്തേക്ക് മാത്രമായിരിക്കും ഇതിന് അനുമതി. ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത് തടയാനാണ് ട്രായ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
സ്പാം കോളുകളും ഓട്ടോമേറ്റഡ് കോളുകളും കണ്ടെത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനൊപ്പം നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കും. എഐ ഉപയോഗിച്ച് ബള്‍ക്ക് കോളുകള്‍ നടത്തുന്ന കമ്പനികള്‍ അത് ടെലികോം ഓപ്പറേറ്റര്‍മാരെ മുന്‍കൂട്ടി അറിയിക്കണം. ഇത് വെളിപ്പെടുത്താത്തപക്ഷം മിനിറ്റില്‍ അഞ്ചു പൈസ നിരക്കില്‍ ടെര്‍മിനേഷന്‍ ചാര്‍ജ് ഈടാക്കും.
മാത്രവുമല്ല, ഈ വിവരം കമ്പനികളെ അറിയിക്കാത്തപക്ഷം ആ നമ്പറുകള്‍ സ്പാം ആയി തരംതിരിക്കപ്പെട്ടേക്കാം. ഒരു പ്രത്യേക നമ്പറിനെതിരെ നടപടിയെടുക്കാനുള്ള പരാതികളുടെ പരിധി അഞ്ചില്‍നിന്ന് മൂന്നായി കുറച്ചു. ഇനി മൂന്നു പരാതികള്‍ ലഭിച്ചാല്‍ ടെലികോം കമ്പനികള്‍ക്ക് ആ നമ്പര്‍ വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാം.
ഉപയോക്താക്കളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും മറ്റും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രൂകോളര്‍ പോലുള്ള ആപ്പുകളുടെ പ്രവര്‍ത്തനത്തിനും പുതിയ നിബന്ധനകള്‍ ബാധകമാണ്. ഇതനുസരിച്ച് ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ക്ക് 140xx, 1600xx എന്നീ സീരീസുകളിലുള്ള വാണിജ്യ/സേവന നമ്പറുകളെ ഇനി സ്പാം ആയി ടാഗ് ചെയ്യാന്‍ അനുവാദമുണ്ടാകില്ലെന്ന് ട്രായ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലാഹോട്ടി പറഞ്ഞു.
സ്പാം പരാതികളിന്മേല്‍ ടെലികോം കമ്പനികള്‍ എടുത്ത നടപടിയില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ക്ക് ചോദ്യംചെയ്യാനായി ആദ്യമായി അപ്പീല്‍ സംവിധാനം ഏര്‍പ്പെടുത്തി. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമ്പറുകളുടെ കെവൈസി വിവരങ്ങള്‍ ടെലികോം കമ്പനികള്‍ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ചട്ടങ്ങളില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates