

ഇന്ത്യൻ ജീവനക്കാരിൽ 53% പേർ ആത്മാർത്ഥമായി ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നുവരാണ് എന്ന് പുതിയ പഠനം. അതേസമയം, കഴിഞ്ഞ വർഷം 30% ൽ അധികം ജീവനക്കാർ തങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി ജോലി ഉപേക്ഷിച്ചതായും പഠനം പറയുന്നു. ആഗോള തൊഴിൽ നിയമന പ്ലാറ്റ് ഫോമായ ഇൻഡീഡ് സർവേ ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സന്തുഷ്ടരായ സഹപ്രവർത്തകർ, മികച്ച ഇടപെടൽ, ശമ്പളവും സ്ഥിരതയും പോലെ ലക്ഷ്യവും അതിലെ പൂർത്തീകരണവും പ്രധാനമാണെന്ന തിരിച്ചറിവ് എന്നിവയാണ് പുതിയ തലമുറയുടെ (ജെൻ സി)ജോലി സംതൃപ്തിയെ പ്രധാനമായും സ്വാധീനിക്കുന്നത്.
ഇന്ത്യയിലെ ജീവനക്കാരിൽ 30ശതമാനത്തിലധികം പേർ മാനസികാരോഗ്യ സംരക്ഷണത്തിനായി കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചെങ്കിലും സർവേയിൽ പങ്കെടുത്ത കമ്പനികളിൽ മൂന്നിലൊന്ന് പേർ മാത്രമേ ജീവനക്കാർക്ക് മാനസികാരോഗ്യ പിന്തുണ വാഗ്ദാനം ചെയ്യുന്നുള്ളൂ.
വിവിധ തലമുറയിലെ ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വഴക്കമുള്ളതും വിദൂരവുമായ (ഫ്ലെക്സിബിൾ ആൻഡ് റിമോട്ട്) ജോലിയും സമഗ്രമായ ക്ഷേമ സംരംഭങ്ങളും പ്രധാനമാണ് എന്ന് പഠനം നിരീക്ഷിക്കുന്നു.
ജീവനക്കാർക്ക് അവരുടെ ക്ഷേമത്തിന് പിന്തുണ ലഭിക്കുമെന്ന് തോന്നുമ്പോൾ, അവർ ആ കമ്പനിയിൽ ചേരാനും അതിൽ തുടരാനും കൂടുതൽ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ജോലിസ്ഥലത്തെ മാനസികാരോഗ്യ മുൻഗണനകളിൽ തലമുറകൾ തമ്മിലുള്ള വ്യക്തമായ വിഭജനം റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഏറ്റവും ലക്ഷ്യബോധമുള്ള തലമുറയായി ജെൻസി ( Gen Z) ഉയർന്നുവന്നു, സർവേയിൽ പങ്കെടുത്ത 71% പേർ തങ്ങളുടെ ജോലിയെ സ്നേഹിക്കുകയും വളരെയധികം വിലമതിക്കുന്നുവെന്നും പറഞ്ഞു.
ഇതിന്, മെന്റർഷിപ്പ്, കരിയർ വളർച്ച, ഫ്ലെക്സിബിലിറ്റി, അർത്ഥവത്തായ സ്വാധീനം എന്നിവ നിർണായകമാണ്, കൂടുതൽ തൊഴിൽപരമായ സംതൃപ്തിക്കായി പലരും കുറഞ്ഞ വേതനം സ്വീകരിക്കാനും തയ്യാറാണ്.
മില്ലേനിയൽ തലമുറയിൽ ഭൂരിപക്ഷവും ഇക്കാര്യത്തിൽ ജെൻസിയുടെ തൊട്ടുപുന്നിലുണ്ട്. മില്ലേനിയൽ തലമുറയിൽ 64% പേർ അർത്ഥവത്തായ ജോലിക്കും ഫ്ലെക്സിബിലിറ്റിക്കും പ്രാധാന്യം നൽകുന്നു.
ജെൻ എക്‌സ് തലമുറയിൽ, ഏകദേശം 50% പേർ തങ്ങളുടെ ജോലി ഇഷ്ടപ്പെട്ട് ചെയ്യുന്നത് പ്രധാനമാണെന്ന് കരുതുന്നു. എന്നാൽ, ഈ തലമുറ, ജോലിയെ പ്രാഥമികമായി ഒരു ഉത്തരവാദിത്തമായും കുടുംബത്തെ പോറ്റാനുള്ള ഒരു മാർഗമായുമാണ് കാണുന്നത്. അഭിനിവേശത്തേക്കാൾ തൊഴിൽ സുരക്ഷ, സ്ഥിരമായ വരുമാനം, സാമൂഹിക അംഗീകാരം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അവരുടെ താൽപ്പര്യം.
ബൂമർമാരുടെ തലമുറ ജോലിയോടുള്ള അഭിനിവേശത്തിന് ഏറ്റവും കുറഞ്ഞ പ്രാധാന്യം നൽകുന്നു, 27% പേർ മാത്രമാണ് അത് പ്രധാനമാണെന്ന് പറയുന്നത്. അവരെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക സ്ഥിരത, പ്രതിഫലം, സാമൂഹിക അംഗീകാരം എന്നിവയാണ് ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന് പ്രധാന സംഭാവന നൽകുന്നത്.
സർവേയിൽ പങ്കെടുത്തതിൽ 59% ൽ അധികം ജീവനക്കാർ ജോലിസ്ഥലത്ത് ഉയർന്നതോ അല്ലെങ്കിൽ അതിശക്തമായോ ആയ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ വർഷത്തേക്കാൾ ഈ പ്രവണത ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു.
സർവേയിൽ പങ്കെടുത്ത പകുതിയിലധികം ജീവനക്കാരും റിമോട്ട്, ഹൈബ്രിഡ് ജോലി ക്രമീകരണങ്ങൾ മാനസികാരോഗ്യത്തിന് അനുകൂലമായി കാണുന്നു. ഫ്ലെക്സിബിൾ ജോലി സാധ്യതകളും കുറഞ്ഞ യാത്രാ സമ്മർദ്ദവും മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയുമായും മൊത്തത്തിലുള്ള ക്ഷേമവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഇത് സൂചിപ്പിക്കുന്നത് പരമ്പരാഗത ഓഫീസ് ജോലികളേക്കാൾ ഈ പ്രവർത്തന ശൈലികൾ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ അനുകൂലമാണ് എന്നാണ്.
ജോലിസ്ഥലത്തെ സമ്മർദ്ദം അതുമൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന വൈകാരികവും ശാരീരികവും മാനസികവുമായ ക്ഷീണാവസ്ഥ, വേഗത്തിലുള്ള ജോലി മാറ്റം എന്നിവ തൊഴിൽ ശക്തിയുടെ ഗതിയെ കൂടുതലായി സ്വാധീനിക്കുന്നതിനാൽ, ജീവനക്കാരുടെ ക്ഷേമം 2025 ൽ ജോലിസ്ഥലത്തെ സ്ട്രാറ്റർജിയുടെ ഒരു ആണിക്കല്ലായി മാറിയിരിക്കുന്നു.
യുവതലമുറയിൽപ്പെട്ട ജീവനക്കാർ, ലക്ഷ്യവും ജോലി സംതൃപ്തിയും ഇല്ലാത്ത റോളുകൾ മാറ്റാനോ ജോലി ഉപേക്ഷിക്കാനോ പോലും സാധ്യത കൂടുതലാണ്, അതേസമയം പ്രായമായ ജീവനക്കാർ സ്ഥിരതയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകുന്നത്.
പേരിനുള്ള ക്ഷേമപദ്ധതികൾക്കപ്പുറം ആരോഗ്യകരമായ ജോലിസ്ഥലങ്ങളും നിർമ്മിക്കുന്നതിന് മെന്റർഷിപ്പ് പ്രോഗ്രാമുകൾ, സാമ്പത്തിക ക്ഷേമം, സമ്മർദ്ദ മാനേജ്മെന്റ് സംരംഭങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ ആരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകുന്നതിലേക്ക് പല സ്ഥാപനങ്ങളും നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലുടനീളമുള്ള 1,288 തൊഴിലുടമകളും 2,584 ജീവനക്കാരോ തൊഴിലന്വേഷകരോ ഉൾപ്പെടെ 3,872 ആളുകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.
കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ ജെൻസി തലമുറ തങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതായി അടുത്തിടെ കമ്മ്യൂണിക്കേഷൻ ഏജൻസിയായ ബർസൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ തലമുറയിലെ 67 ശതമാനം പേർ തങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നു, 63 ശതമാനം പേർ മാനിസിക ആരോഗ്യത്തിന് മുൻഗണന നൽകുന്നുവെന്ന് അതിൽ പറയുന്നു. മാത്രമല്ല, മുൻതലമുറകളെ അപേക്ഷിച്ച്, ശരീരവും മനസ്സും തമ്മിലുള്ള സന്തുലിതമായ ക്ഷേമത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് പുതുതലമുറ മുന്നോട്ട് വെക്കുന്നത്.
കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് (DEA) ജനുവരിയിൽ പുറത്തിറക്കിയ 2025 ലെ സാമ്പത്തിക സർവേയുമായി ഈ കണ്ടെത്തലുകൾ യോജിക്കുന്നു, മാനസിക ക്ഷേമം കേവലം ഒരു വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് ഒരു സാമ്പത്തിക പ്രശ്നമാണെന്ന് അതിൽ വ്യക്തമാക്കിയിരുന്നു.
ജോലി സംസ്കാരം, ദീർഘനേരം നീണ്ടു നിൽക്കുന്ന ജോലി, ജീവിതശൈലി എന്നിവ മാനസികാരോഗ്യത്തെയും അതോടൊപ്പം ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെയും വിശാലമായ സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നുവെന്നും ഇതിൽ നിരീക്ഷിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
