പത്ത് വയസുകാരന്‍ 18 വയസുകാരിയെ വിവാഹം ചെയ്യുന്ന സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

പത്ത് വയസുകാരന്‍ 18 വയസുകാരിയെ വിവാഹം ചെയ്യുന്ന സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ആദ്യ എപ്പിസോഡ് മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പെഹ്‌രെദാര്‍ പിയാ കി എന്ന സീരിയല്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. പത്ത് വയസുകാരന്‍ പതിനെട്ട് വയസുകാരിയെ വിവാഹം ചെയ്യുന്ന പശ്ചാതലത്തില്‍ ഒരുക്കിയ സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടു. 

 
സോണി എന്റര്‍ട്‌റെയിന്‍മെന്റ് ടെലിവിഷനിലാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ഞങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്ന പെഹ്‌രെദാര്‍ പിയാ കി എന്ന സീരിയല്‍ ഓഗസ്റ്റ് 28 മുതല്‍ നിര്‍ത്തിവെക്കുന്നു എന്നു ചാനല്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. സീരിയലിന്റെ അണിയറപ്രവര്‍ത്തകരുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഫലം കാണാനാവാത്തതില്‍ തങ്ങള്‍ക്കു വിഷമമുണ്ടെന്നും വാര്‍ത്താ കുറിപ്പിലുണ്ട്.

സീരിയല്‍ കുട്ടികളില്‍ തെറ്റായ സന്ദേശം പരത്താന്‍ ഇടയാക്കുന്നു എന്ന് ആരോപിച്ച് പ്രേക്ഷകരില്‍ ചിലര്‍ പരാതി നല്‍കിയിരുന്നു. ബാല വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. പിന്നീട്, സീരിയല്‍ സംപ്രേഷണം പ്രൈം ടൈമില്‍ നിന്നും മാറ്റണമെന്നും ബാല വിവാഹത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും കാണിക്കണമെന്നും സീരിയല്‍ നിര്‍മാതാക്കളോട് വാര്‍ത്താ വിതരണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാത്രി 11 മണിക്കു സംപ്രേഷണം ചെയ്തിരുന്ന സീരിയല്‍ നിര്‍ത്തലാക്കാന്‍ സ്മൃതി ഇറാനി ഉത്തരവിടുകയായിരുന്നു.

ശശി മിത്തല്‍, സുമീത് മിത്തല്‍ എന്നിവരാണ് സീരിയലിന്റെ നിര്‍മ്മാതാക്കള്‍. മരണശയ്യയില്‍ കിടക്കുന്ന ബാലന്റെ അച്ഛന്, മകന്റെ രക്ഷിതാവാകാം എന്ന് പെണ്‍കുട്ടി വാക്ക് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിവാഹം നടക്കുകയും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് സീരിയലിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com