'നികുതി കുറയ്ക്കാന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല'; ഇന്ധന വിലയില്‍ കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 02:43 PM  |  

Last Updated: 27th April 2022 02:43 PM  |   A+A-   |  

modi2

ചിത്രം: എഎന്‍ഐ

 

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സംസ്ഥാനങ്ങള്‍ നികുതി കുറച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചേനെയെന്നും മോദി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. 

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വാറ്റ് നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. യൂറോപ്പ് അടക്കമുള്ള മറ്റു രാജ്യങ്ങളെ വെച്ചു നോക്കുമ്പോള്‍ രാജ്യത്തെ സ്ഥിതി ആശങ്കാജനകമല്ല. പക്ഷെ വെല്ലുവിളി അവസാനിച്ചു എന്നു കരുതേണ്ടതില്ല. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. അതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.


ഈ വാര്‍ത്ത കൂടി വായിക്കാം

വെല്ലുവിളി അവസാനിച്ചിട്ടില്ല; കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം: പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ