പ്രക്ഷോഭം രാജ്യമൊട്ടാകെ, തീവെപ്പ്, അക്രമം; വെടിവെപ്പില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് സമരക്കാര്‍ ആക്രമിച്ചു
ലഖിസരായിയില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടപ്പോള്‍/ പിടിഐ
ലഖിസരായിയില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടപ്പോള്‍/ പിടിഐ

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നു. ദക്ഷിണേന്ത്യയിലും പശ്ചിമബംഗാളിലും കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായി. തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചു. ട്രെയിനിന് തീയിടുകയും ചെയ്തു. 

പ്രക്ഷോഭകര്‍ക്ക് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത് ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സെക്കന്താബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സമരക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ത്തു. സമരക്കാര്‍ നടത്തിയ കല്ലേറില്‍ രണ്ട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും സമരക്കാര്‍ പിരിഞ്ഞുപോയില്ലെന്നും, ഇതേത്തുടര്‍ന്നാണ് വെടിവെയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ 15 റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സമരക്കാര്‍ രണ്ട് ട്രെയിനുകള്‍ക്ക് തീവെച്ചു. ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, അജന്ത എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ കോച്ചുകള്‍ക്കാണ് തീയിട്ടത്. 

40 യാത്രക്കാരുള്ള കോച്ചിലേക്ക് സമരക്കാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തലങ്കാന വഴിയുള്ള എല്ലാ ട്രെയിനുകളും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷന് പുറത്ത് തെലങ്കാന സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ ബസ് സര്‍വീസുകളും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പശ്ചിംബംഗാളിലെ ഹൗറയിലും അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായി. റെയില്‍വേ ട്രാക്കിന് തീയിട്ടു. 

ബിഹാറില്‍ പ്രക്ഷോഭം മൂന്നാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. മൂന്ന് ട്രെയിനുകളാണ് സമരക്കാര്‍ ഇന്ന് അഗ്നിക്കിരയാക്കിയത്. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. റെയില്‍വേ സ്റ്റേഷനുകളും തകര്‍ത്തു. ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് സമരക്കാര്‍ ആക്രമിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റം വെസ്റ്റ് ചമ്പാരണ്‍ എംപിയുമായ സഞ്ജയ് ബസ്വാളിന്റെ വീടും സമരക്കാര്‍ ആക്രമിച്ചു. 

പ്രതിഷേധത്തെത്തുടര്‍ന്ന് ബിഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.ഉത്തര്‍പ്രദേശിലും സമരം രൂക്ഷമാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും പ്രതിഷേധം ശക്തമാണ്. യുപിയിലെ മഥുരയില്‍ പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് പൊലീസ് വെടിവെച്ചു. യുപിയിലെ ബലിയയില്‍ സമരക്കാര്‍ ട്രെയിന് തീയിട്ടു.   

സമരക്കാര്‍ റെയില്‍-റോഡ് ഗതാഗതം തടഞ്ഞു.  മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com