ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നര പതിറ്റാണ്ടത്തെ ചരിത്രം തിരുത്തിയാണ് ബിജെപി ഭരണത്തുടര്‍ച്ച നേടുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 270 ലേറെ സീറ്റുകളില്‍ ലീഡ് നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കുന്നത്. ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് മുന്നിട്ടു നില്‍ക്കുകയാണ്.
ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുന്നതോടെ, 1985 ന് ശേഷം യുപിയില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മാറുന്നു. 1985 ല്‍ കോണ്‍ഗ്രസാണ് യുപിയില്‍ അവസാനമായി തുടര്‍ഭരണം നേടിയത്. അന്ന് വീര്‍ബഹാദൂര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച നേടിയത്.
ഹാഥ് രസ്, ഉന്നാവ് പീഡനങ്ങള്‍, ഗൊരഖ്പൂര്‍ ശിശുമരണം, കര്‍ഷക കൂട്ടക്കൊല തുടങ്ങിയ അനിഷ്ടസംഭവങ്ങളൊന്നും യോഗി ആദിത്യനാഥിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വിലങ്ങുതടിയായില്ലെന്നാണ് ഇലക്ഷന്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകള്‍ കിട്ടിയില്ലെങ്കിലും, 250 ലേറെ സീറ്റുകളുമായി ബിജെപി അധികാരത്തില്‍ തുടരുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്.
1972 ജൂണ്‍ അഞ്ചിന് പൗരി ഗര്‍വാളിലാണ് യോഗി ആദിത്യനാഥിന്റെ ജനനം. യഥാര്‍ത്ഥ പേര് അജയ് മോഹന്‍ ബിഷ്ട് എന്നാണ്. ഉത്തരാഖണ്ഡിലെ എച്ച് എന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതത്തില്‍ ബിരുദം നേടി. പഠനശേഷം ആത്മീയപാതയിലേക്ക് തിരിഞ്ഞ അജയ് മോഹന്‍, ഗോരഖ്‌നാഥ് മഠത്തിലെ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി.
അവിടെ വച്ചാണ് യോഗി ആദിത്യനാഥ് എന്ന പേര് സ്വീകരിക്കുന്നത്. ഹിന്ദു മഹാസഭയില്‍ അംഗമായിരുന്ന അവൈദ്യനാഥ് 1991 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 1994 ല്‍ തന്റെ ശിഷ്യനായി യോഗി ആദിത്യനാഥിനെ മഹന്ദ് അവൈദ്യനാഥ് പ്രഖ്യാപിച്ചു. നാലുവര്‍ഷത്തിന് ശേഷം ഗുരുവിന്റെ പാത പിന്തുടര്‍ന്ന് ആദിത്യനാഥും ബിജെപിയിലെത്തി. 1998 ല്‍ 26-ാം വയസ്സില്‍ ലോക്‌സഭാംഗമായി.
1998, 1999, 2009, 2014 എന്നിങ്ങനെ അഞ്ചു തവണയാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്നും ലോക്‌സഭാംഗമാകുന്നത്. 2017 ല്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരകരില്‍ ഒരാളായിരുന്നു യോഗി. അന്ന് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നു. എന്നാല്‍ വന്‍ഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചപ്പോള്‍, യോഗി ആദിത്യനാഥിന് ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണച്ചുമതല നരേന്ദ്രമോദിയും ബിജെപിയും നല്‍കുകയായിരുന്നു.
2017 ല്‍ മോദി തരംഗത്തിലാണ് യുപി ബിജെപി പിടിച്ചതെങ്കില്‍ ഇത്തവണ യോഗിയാണ് മുന്നില്‍ നിന്ന് നയിച്ചത്. ജനുവരി മുതല്‍ 200 ഓളം റാലികളിലാണ് യോഗി പങ്കെടുത്തത്. ഇതാദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ തരംഗത്തില്‍ ബിജെപി ഭരണം പിടിക്കുന്നത്. യുപിയിലെ മിന്നും ജയത്തോടെ, മോദിയുടെ പിന്‍ഗാമിയായി ഇനി യോഗി ആദിത്യനാഥ് ഡല്‍ഹിയിലേക്ക് വരുമോയെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates