ഒന്നിനു പിറകെ ഒന്നായി ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

20 ദിവസത്തിനിടെയാണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുന്നത്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

ഗഡ്ചിരോളി: കൂടത്തായി മോഡല്‍ കൊലപാതക പരമ്പരയില്‍ മഹാരാഷ്ട്രയില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അടുത്തടുത്തായി അസാധാര സാഹചര്യങ്ങളില്‍ മരിച്ചതാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. 

കൊല്ലപ്പെട്ടവരുടെ കുടുംബവുമായി ബന്ധമുള്ള സംഘമിത്ര കുംഭാരെ, റോസ രാംതേകെ എന്നിവരാണ് അറസ്റ്റിലായത്. 20 ദിവസത്തിനിടെയാണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുന്നത്. ശങ്കര്‍ പിരു കുംഭാരെയും ബന്ധുക്കളുമാണ് പെട്ടെന്ന് ആരോഗ്യനില വഷളായി മരിക്കുന്നത്. 

2023 സെപ്റ്റംബര്‍ 20 നാണ് ശങ്കര്‍ കുംഭാരെയേയും ഭാര്യ വിജയ കുംഭാരെയേയും ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെപ്റ്റംബര്‍ 26 ന് ശങ്കര്‍ കുംഭാരെയും പിറ്റേന്ന് ഭാര്യയും മരിച്ചു. 

ഈ ദുഃഖത്തില്‍ നിന്നും കരകയറുന്നതിന് മുമ്പെയാണ് ശങ്കര്‍ കുംഭാരെയുടെ മകന്‍ റോഷന്‍ കുംഭാരെ, മകള്‍ കോമള്‍ ദഹാഗോക്കര്‍, മകന്റെ മകള്‍ വര്‍ഷ ഉറാദെ എന്നിവര്‍ ശാരീരികാവശതകളെത്തുടര്‍ന്ന് ആശുപത്രിയിലാകുന്നത്. രോഗം മൂര്‍ച്ഛിച്ച് ഒക്ടോബര്‍ എട്ടിന് കോമളും 14 ന് വര്‍ഷയും 15 ന് റോഷന്‍ കുംഭാരെയും മരിച്ചു. 

ദുരൂഹമരണം തുടര്‍ക്കഥയായതോടെ നടത്തിയ അന്വേഷണത്തില്‍, മരിച്ചവരുടെ ശരീരത്തില്‍ വിഷാംശം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തിയതായി ഗഡ്ചിരോളി എസ്പി പറഞ്ഞു. തുടര്‍ന്ന് നാലു പ്രത്യേക സംഘങ്ങളെ നിയോഗിച്ച് മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 

ഇതിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് സൂചന ലഭിക്കുന്നത്. കൊല്ലപ്പെട്ട ശങ്കര്‍ കുംഭാരെയുടെ മകന്റെ ഭാര്യയാണ് അറസ്റ്റിലായ സംഘമിത്ര. ശങ്കറിന്റെ അളിയന്റെ ഭാര്യയാണ് മറ്റൊരു പ്രതിയായ റോസ രാംതേകെ. ഒക്ടോബര്‍ 18 ന് കസ്റ്റഡിയിലെടുത്ത പ്രതികള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. കുടുംബസ്വത്ത് തട്ടിയെടുക്കുന്നതിനായിട്ടാണ് പ്രതികള്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഗഡ്ചിരോളി എസ്പി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com